Current Date

Search
Close this search box.
Search
Close this search box.

ധനസമ്പാദനവും പരിപോഷണവും

ധനം സമ്പാദിച്ചു സ്വരുക്കൂട്ടി വെക്കുകയും ലാഭം കണക്കാക്കിയും അവ കൃത്യമായി രേഖപ്പെടുത്തിയും അതിനെ അഭിവൃദ്ധിപ്പെടുത്തുന്നതും ശരീഅത്തിന്റെ താല്പര്യങ്ങളിൽ പെട്ടതാണ്. ശരീഅത്ത് പരിഗണിച്ച അഞ്ചു സുപ്രധാന ലക്ഷ്യങ്ങളിൽ(മതം, ശരീരം, ബുദ്ധി, കുടുംബം, ധനം എന്നിവയുടെ സംരക്ഷണം) ഒന്ന് സമ്പാദ്യ സംരക്ഷണമാണ്.

സമ്പാദ്യ സംരക്ഷണത്തെ സംബന്ധിച്ചിടത്തോളം, മറ്റു ലക്ഷ്യങ്ങളെ സാക്ഷാത്കരിക്കുന്നതിലും അവയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലും ഇത് പരമ പ്രധാനമാണ്. മതത്തെക്കുറിച്ച് അവബോധം സൃഷ്ടിച്ച് മതത്തെ സംരക്ഷിക്കുന്നതിൽ സമ്പാദ്യം വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇസ്ലാമിന്റെ മൗലിക കർമ്മങ്ങൾ നിർവഹിക്കാനും അത് ആവശ്യമാണ്. ഉദാഹരണത്തിന്, നമസ്‌കാരം സ്വീകാര്യമാകാനുള്ള നിബന്ധനയായ ഔറത്ത് മറക്കുന്നതിന് വസ്ത്രം അനിവാര്യമായി വരുന്നു. നമസ്‌കരിക്കാൻ പള്ളികളും ആവശ്യമായി വരുന്നു. ഈ ആവശ്യങ്ങളെയെല്ലാം പൂർത്തീകരിക്കുന്നത് ധനമാണ്. സകാത്തിന്റെ നിലനിൽപ് തന്നെ ധനത്തിന്മേലാണ്. സകാത്തിൽ പുതു മസ്ലിംകൾക്ക് നൽകുന്ന വിഹിതം അവരെ ഇസ്ലാമിലേക്ക് കൂടുതൽ അടുപ്പിക്കാൻ സഹായകമാകുന്നു. നോമ്പിന് അത്താഴവും നോമ്പ് തുറ വിഭവങ്ങളും ഒരുക്കാൻ ധനം ആവശ്യമാണ്. ഹജ്ജ് നിർബന്ധമാകുവാനുള്ള പ്രധാന നിബന്ധനകളിൽ ഒന്ന് അതിനുള്ള സാമ്പത്തിക ശേഷിയുണ്ടാവുക എന്നതാണല്ലോ.

സത്യനിഷേധത്തിലേക്കും ആത്മഹത്യയിലേക്കും കൊണ്ടെത്തിക്കുന്നതിൽ നിന്നും മനുഷ്യന് സുരക്ഷാ കവചമൊരുക്കുന്നത് സമ്പത്താണ്. അതുകൊണ്ടാണ് ”സത്യനിഷേധത്തിൽ നിന്നും അതിലേക്ക് എത്തിക്കുന്ന ദാരിദ്ര്യത്തിൽ നിന്നും അല്ലാഹുവേ നിന്നോട് ഞാൻ കാവൽ ചോദിക്കുന്നു” എന്ന് തിരുനബി(സ്വ) പ്രാർത്ഥിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ നിക്ഷേപമിറക്കി മനസ്സിനെ ശാന്തമാക്കാനും സമ്പാദ്യത്തിലൂടെ സാധ്യമാകും. അതോടൊപ്പം തന്നെ വിവാഹം കഴിച്ചു ഒരു ഉത്തമ കുടുംബം നിർമ്മിച്ചെടുക്കുന്നതിലും ഉചിതമായ രീതിയിൽ സന്താന പരിപാലനം നടത്തുന്നതിലും ധനം മുഖ്യ പങ്ക് വഹിക്കുന്നുണ്ട്.

സമ്പാദ്യ സംരക്ഷണത്തിനുള്ള വഴികൾ

ശൈഖ് മുഹമ്മദ് ത്വാഹിർ ബ്‌നു ആശൂർ പറയുന്നു: സമ്പാദ്യ സംരക്ഷണത്തിന്റെ അടിസ്ഥാനമായി വർത്തിക്കുന്നത് വിശുദ്ധ ഖുർആനിലെ സൂക്തവും ചില തിരുമൊഴികളുമാണ്; ”സത്യവിശ്വാസികളേ, പരസ്പര സംതൃപ്തിയോടെ നടത്തുന്ന കച്ചവടത്തിലൂടെയല്ലാതെ, സ്വത്തുകൾ അന്യായമായി നിങ്ങൾ തിന്നരുത്”(നിസാഅ്: 29).

അദ്ദേഹം തുടരുന്നു: ‘സാമ്പത്തികമായ അഭിവൃദ്ധിക്ക് ആവശ്യമായ ഘടനയും സമ്പ്രദായവുമാണ് വിൽപന, വാടക പോലെയുള്ള ആവശ്യങ്ങളുടെ സുപ്രധാന ഭാഗം. ഉമ്മത്തിന്റെ സമ്പാദ്യം സംരക്ഷിക്കുകയും അത് ഉമ്മത്തിനായിത്തന്നെ വിനിയോഗിക്കുകയും ചെയ്യുകയെന്നതാണ് അതിന്റെ പ്രധാന താൽപര്യം. ഒരു സമൂഹത്തിന്റെ അല്ലെങ്കിൽ ഒരു രാജ്യത്തിന്റെ സമ്പാദ്യം സംരക്ഷിക്കുന്നതിന് പൊതുവായ മാനേജിംഗ് സിസ്റ്റവും സ്വകാര്യ സമ്പാദ്യ സംരക്ഷണ രൂപങ്ങളും രീതികളും നിയന്ത്രണവിധേയമാക്കൽ അനിവാര്യമാണ്. മൊത്തം സമ്പാദ്യ സംരക്ഷണം ഓരോരുത്തരുടെയും സംരക്ഷത്തെ ആശ്രയിച്ചാണിരിക്കുന്നത്. സമ്പത്തുമായി ബന്ധപ്പെട്ട ശരീഅത്തിന്റെ നിയമനിർമ്മാണങ്ങളെല്ലാം തന്നെ വ്യക്തികളുടെയും സമൂഹത്തിന്റെയും സമ്പാദ്യ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. കാരണം, പ്രത്യേകമായ സമ്പാദ്യങ്ങളിൽ നിന്നും നേടിയെടുക്കുന്ന ലാഭത്തിന്റെ വിഹിതം സമൂഹത്തിന്റെ മൊത്തം സമ്പാദ്യത്തിന്റെ ഉപകാരത്തിലേക്കും ചെന്നെത്തുന്നുണ്ട്. വ്യക്തികളുടെ നിരന്തരം കൈമാറ്റം ചെയ്യപ്പെടുന്ന സമ്പാദ്യം അതിന്റെ ഉടമസ്ഥർക്കും അതുപോലെ സമൂഹത്തിന്റെ സാമ്പത്തിക ഭദ്രതക്കും നേട്ടമുണ്ടാക്കിക്കൊടുക്കുന്നു. കാരണം, നേട്ടമായി ലഭിക്കുന്ന ആനുകൂല്യങ്ങൾ പണത്തിന്റെ ഗുണഭോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുന്നതല്ല. അതിലേക്കാണ് അല്ലാഹു നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്: ‘നിങ്ങളുടെ നിലനിൽപിന്നനിവാര്യമായി അല്ലാഹു നിശ്ചയിച്ച സമ്പത്തുകൾ മൂഢന്മാർക്ക് വിട്ടുകൊടുക്കരുത്'(നിസാഅ്: 5).

ഉമ്മത്തിനോടും ഉമ്മത്തിന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന നേതാക്കന്മാരോടുമുള്ള അഭിസംബോധനയാണിത്. ‘നിലനിൽപിന്നനിവാര്യമായി അല്ലാഹു നിശ്ചയിച്ച സമ്പത്തുകൾ’ എന്നത് അതിന്റെ ഉടമസ്ഥരാരാണെന്നും അതിന്റെ ലക്ഷ്യമെന്താണെന്നും വ്യക്തമാക്കുന്നുണ്ട്. ഉമ്മത്തിന്റെ നിലനിൽപിന്റെ അനിവാര്യ ഘടകമായാണ് അല്ലാഹു സമ്പത്തിനെ നിർണയിച്ചിരിക്കുന്നത്’. നിയമവിരുദ്ധമായ മാർഗങ്ങളിൽ പണം ഇടപാട് നടത്തരുതെന്നത് ഇസ്ലാം മുന്നോട്ടുവെക്കുന്ന സാമ്പത്തിക നയങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. അനാഥരായ മക്കളിലേക്ക് അവരുടെ സമ്പാദ്യം ഏൽപിക്കുന്നത് വരെ അത് സംരക്ഷിക്കണമെന്നും അവരുടെ രക്ഷാകർത്താക്കൾ അതിൽ നിന്നും ഭക്ഷിക്കുകയോ അമിതവ്യയം നടത്തുകയോ ചെയ്യരുതെന്നും ശരീഅത്ത് ശാസിക്കുന്നു. സമ്പന്നരായ ആളുകളോട് സമ്പത്തിൽ സൂക്ഷ്മത കാണിക്കണമെന്നും ദരിദ്രരോട് അനുവദനീയമായ സമ്പാദ്യത്തിൽ നിന്ന് മാത്രം ഭക്ഷിക്കണമെന്നും കൽപിച്ചു. അല്ലാഹു പറയുന്നു: ‘വിവാഹപ്രായം വരെ അനാഥക്കുട്ടികളെ നിരീക്ഷണവിധേയരാക്കുകയും എന്നിട്ട് നിങ്ങൾക്കവരുടെ കാര്യശേഷി മനസ്സിലായാൽ തങ്ങളുടെ സ്വത്തവർക്കു വിട്ടുകൊടുക്കുകയും ചെയ്യുക. അവർ വലുതാകുമെന്നു കണ്ട് നിങ്ങളത് ധൃതികൂട്ടി ധൂർത്തടിച്ച് തിന്നൊടുക്കരുത്. സംരക്ഷകൻ സമ്പന്നനാണെങ്കിൽ പങ്കുപറ്റാതെ മാന്യത പുലർത്തണം; ദരിദ്രനാണെങ്കിൽ മര്യാദപ്രകാരം തിന്നാം. സ്വത്തുകളവർക്ക് ഏൽപിക്കുമ്പോൾ നിങ്ങളതിനു സാക്ഷിനിറുത്തണം. സൂക്ഷ്മ വിചാരണക്ക് അല്ലാഹു മതി'(നിസാഅ്: 6).

സമ്പാദ്യ സംരക്ഷണത്തിന് വേണ്ടി ഇസ്ലാം ചില നിയമങ്ങളും ചട്ടങ്ങളും രൂപപ്പെടുത്തി. കൊള്ളയും മോഷണവും പിടിച്ചുപറിയും നിഷിദ്ധമാക്കുകയും അതിനെല്ലാം ശിക്ഷ നിർണയിക്കുകയും ചെയ്തു. സാമ്പത്തിക ഇടപാടുകളെ നന്നായി പ്രോത്സാഹിപ്പിച്ചു. ഇടപാടുകളെത്തന്നെ വ്യത്യസ്ത രീതികളായി തരംതിരിച്ചു. വിശുദ്ധ ഖുർആൻ അവ ഓരോന്നും വ്യക്തമായി പറയുന്നുണ്ട്: ‘സത്യവിശ്വാസികളെ, ഒരവധിവെച്ച് വല്ല കടമിടപാടും നിങ്ങൾ പരസ്പരം ചെയ്യുന്നുവെങ്കിൽ അത് രേഖപ്പെടുത്തണം’, ‘ഇടപാട് വലുതോ ചെറുതോ ആവട്ടെ, അവധിവരെ അതുല്ലേഖനം ചെയ്തുവെക്കാൻ യാതൊരലസതയുമുണ്ടാകരുത്’, ‘ക്രയവിക്രയങ്ങളിൽ നിങ്ങൾ സാക്ഷികളെ നിറുത്തണം'(ബഖറ: 282), ‘നിങ്ങൾ യാത്രയിലാവുകയും ഇടപാട് രേഖപ്പെടുത്താൻ എഴുത്തുകാരനെ കിട്ടാതെ വരികയും ചെയ്താൽ പണയം വാങ്ങുക’ (ബഖറ: 283), ‘അതുകൊണ്ട് ഞാൻ ജാമ്യം നിൽക്കാം'(യൂസുഫ്: 72).

മേൽപറഞ്ഞതെല്ലാം ‘അതാണ് റബ്ബിങ്കൽ ഏറ്റവും നീതിപൂർവകവും സാക്ഷ്യത്തിന് കൂടുതൽ ബലദായകവും നിങ്ങൾക്ക് സംശയമുണ്ടാകാതിരിക്കാൻ ഏറെ അനുയോജ്യവുമെന്ന'(ബഖറ: 282) സൂക്തത്തിന്റെ പൂർത്തീകരണവും സാക്ഷാൽകാരവുമാണ് തേടുന്നത്. ഇടപാട് നടത്തുക, അത് രേഖപ്പെടുത്തുക, അതിനുമേൽ സാക്ഷിനിൽക്കുക, നശിച്ചാൽ ഉത്തരവാദിത്തമേറ്റെടുക്കുക എന്നിവയെല്ലാം സമ്പാദ്യ സംരക്ഷണത്തിന് അനിവാര്യമായ കാര്യങ്ങളാണ്. ഇടപാടുകളിൽ വ്യക്തത വരുത്തുക, അവകാശങ്ങൾ പൂർത്തീകരിച്ചു കൊടുക്കുക, വ്യക്തികൾക്കിടയിൽ തർക്കത്തിന് ഇടം കൊടുക്കാതിരിക്കുക എന്നിവയും അത്യാവശ്യമാണ്. ഇടപാടുകളിൽ ചില ഇടങ്ങളിൽ ശരീഅത്ത് വിട്ടുവീഴ്ച ചെയ്യുന്നുമുണ്ട്; ‘എന്നാൽ നിങ്ങൾ അന്യോന്യം റൊക്കമായി നടത്തുന്ന ഇടപാട് ഇങ്ങനെയല്ല; അവ രേഖപ്പെടുത്താതിരിക്കുന്നതിൽ കുറ്റമൊന്നുമില്ല'(ബഖറ: 282).

ഇമാം സർഖസി പറയുന്നു: ‘രേഖാമൂലം ഇടപാടുകൾ നടത്തണമെന്ന് നിബന്ധന വെച്ചതിൽ ഒരുപാട് പൊരുളുകളുണ്ട്. സമ്പാദ്യ സംരക്ഷണം, ഇടപാടുകാർക്കിടയിൽ തർക്കമില്ലാതെ സൂക്ഷിക്കുക, സ്വീകാര്യയോഗ്യമല്ലാത്ത ഇടപാടുകളെത്തൊട്ട് സൂക്ഷിക്കുക, സംശയങ്ങൾ ഇല്ലായ്മ ചെയ്യുക, അവകാശങ്ങൾ ഓർമ്മപ്പെടുത്തുക തുടങ്ങിയവ അതിൽ ചിലതാണ്’.

സാമ്പത്തിക അഭിവൃദ്ധി

ഭൂമി ഫലഭൂയിഷ്ടമായി കൊണ്ടുനടക്കണമെന്നത് പോലെത്തന്നെ സമ്പാദ്യവും അഭിവൃദ്ധിപ്പെടുത്തണമെന്ന് ജനപഥത്തോട് ശരീഅത്ത് നിർദ്ദേശിക്കുന്നുണ്ട്. അതിന് പ്രേരണ നൽകുന്ന നിരവധി സൂക്തങ്ങളുമുണ്ട്: ‘ഭൂമി നിങ്ങൾക്ക് അധീനപ്പെടുത്തിത്തന്നത് അവനാണ്. അതുകൊണ്ട് അതിന്റെ ഉപരിതലങ്ങളിൽ നിങ്ങൾ സഞ്ചരിക്കുകയും അവന്റെ ഉപജീവന മാർഗങ്ങളിൽ നിന്ന് ആഹരിക്കുകയും ചെയ്തുകൊള്ളുക. അവങ്കലേക്ക് തന്നെയാണ് പുനരുത്ഥാനം'(മുൽക്: 15), ‘അല്ലാഹുവിന്റെ ഔദാര്യം തേടുന്ന യാത്രക്കാർ'(മുസമ്മിൽ: 20). തിരുനബി(സ്വ)യിൽ നിന്ന് അനസ്(റ) നിവേദനം ചെയ്യുന്നു; അവിടുന്ന് അരുൾ ചെയ്തു: ‘ഒരാൾ കൃഷി നടത്തുകയും വൃക്ഷങ്ങൾ നടുകയും അതിൽ നിന്നും പക്ഷികളും മനുഷ്യനും മൃഗങ്ങളും ഭക്ഷിക്കുകയും ചെയ്താൽ അതിനവന് പ്രതിഫലം നൽകപ്പെടുന്നതാണ്'(ബുഖാരി).

വൈയക്തികമായ സാമ്പത്തിക ഉടമസ്ഥതയെ സാമ്പത്തിക അഭിവൃദ്ധിയുമായി ഇസ്ലാമിക സമ്പദ്‌വ്യവസ്ഥ ബന്ധിപ്പിക്കുന്നതായി കാണാം. ഇടപാടുകളിലൂടെ ഒരാൾക്ക് സമ്പത്ത് ഉടമപ്പെടുത്താവുന്നതാണ്. സമൂഹത്തിനും വ്യക്തിക്കും ഉപകാരപ്രദമാകുന്ന രീതിയിൽ നിയമാധിഷ്ഠിതമായി സമ്പത്തിനെ അഭിവൃദ്ധിപ്പെടുത്താം. ആത്മ സംതൃപ്തി ലഭ്യമാകത്തക്ക രൂപത്തിൽ ഒരു വ്യക്തി ലാഭം നേടുന്നതിനെയും ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു. ‘ഉദാത്തനായ മനുഷ്യന്റെ കയ്യിലുള്ള ഉദാത്തമായ സമ്പാദ്യമാണ് ഉത്തമം’ എന്ന പ്രവാചകമൊഴി ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.

ഉപയോഗശൂന്യമായി ഉപേക്ഷിച്ചിടാതെ ഉപകാരപ്രദമായ നിക്ഷേപങ്ങൾ നടത്തി ലാഭം നേടുന്നതിനെയും സമ്പാദ്യത്തിൽ അഭിവൃദ്ധി നേടുന്നതിനെയും ഇസ്ലാമിക സാമ്പത്തികശാസ്ത്രം നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. മുവത്വ എന്ന തന്റെ ഗ്രന്ഥത്തിൽ ഇമാം മാലിക് നിവേദനം ചെയ്യുന്നു; ഉമർ(റ) പറയുമായിരുന്നു: അനാഥരുടെ സമ്പാദ്യം കൊണ്ട് നിങ്ങൾ കച്ചവടം നടത്തുക. അതിൽ സകാത്ത് വരികയില്ല. അല്ലാഹു പറയുന്നത് നോക്കൂ: ‘നിങ്ങളുടെ നിലനിൽപിന്നനിവാര്യമായി അല്ലാഹു നിശ്ചയിച്ച സമ്പത്തുകൾ മൂഢന്മാർക്ക് വിട്ടുകൊടുക്കരുത്. നിങ്ങളവർക്ക് അതിൽ നിന്നും ഭക്ഷണവും വസ്ത്രവും നൽകുകയും നന്മയുപദേശിക്കുകയും ചെയ്യുക'(നിസാഅ്: 5). സാമ്പത്തിക അഭിവൃദ്ധിക്കുള്ള വ്യക്തമായ പിന്തുണയാണിത്.

ലാഭമാണ് നഷ്ടത്തിൽ നിന്നും മൂലധനത്തെ സംരക്ഷിക്കുന്നത്. നിക്ഷേപങ്ങളുടെ ചെലവ് വഹിക്കുന്നതിനും തൃപ്തികരമായ നേട്ടം കൊയ്യുന്നതിനും ലാഭം അനിവാര്യമാണ്. ലാഭമില്ലാതെയും നിക്ഷേപങ്ങൾകൊണ്ട് തന്നെ അതിന്റെ ചെലവുകൾ വഹിക്കാമെങ്കിലും ഇത് തുടർന്നാൽ ക്രമേണയത് മൂലധനത്തെ ബാധിക്കും. അത് നിക്ഷേപത്തെ നിഷ്ടത്തിലാക്കും. ലാഭം, അപകടാവസ്ഥ എന്നിവ കണക്കാക്കിയാണ് ഇസ്ലാമിക സമ്പദ്‌വ്യവസ്ഥയിലെ നിക്ഷേപം. സമ്പത്തിനെ സംരക്ഷിക്കാൻ ആവശ്യമായതും മൂലധനം നഷ്ടപ്പെടാതെ നിലനിർത്തുന്നതുമായ എല്ലാ മാർഗങ്ങളും ഇസ്ലാമിക സമ്പദ്‌വ്യവസ്ഥ പരിഗണിക്കും. ഇമാം സമഖ്ശരി പറയുന്നു: ‘കച്ചവടക്കാർ അവരുടെ ഇടപാടുകളിലൂടെ രണ്ട് കാര്യമാണ് തേടുന്നത്; ലാഭവും മൂലധനത്തിന്റെയും സുരക്ഷിതത്വവുമാണത്. കച്ചവടത്തിൽ ലാഭവും നഷ്ടവും സംഭവിച്ചേക്കാം. മൂലധനം സുസ്ഥിരമല്ലാത്തവന് ലാഭവും നേടാനാവുകയില്ല’. വിശ്വാസപരവും ധാർമ്മികവുമായ പരിഗണനകൾ മുഖവിലക്കെടുക്കാതെയുള്ള സാമ്പത്തിക നേട്ടവും ലാഭവും അഭിവൃദ്ധിയും ഇസ്ലാമിക സമ്പദ്‌വ്യവസ്ഥയിൽ സ്വീകാര്യയോഗ്യമല്ല. ഇടപാടുകളുടെ അടിസ്ഥാനം ലാഭമുണ്ടാവുകയെന്നതാണ്. പക്ഷെ, ഇസ്ലാമിക സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായ അമിതവ്യയത്തെ തടുക്കുകയെന്നതും അതിന്റെ ലക്ഷ്യമാണ്. പലിശ, കൈക്കൂലി, വഞ്ചന, ചതി, പൂഴ്ത്തിവെപ്പ്, അമിതവ്യയം തുടങ്ങിയ മോശമായ കാര്യങ്ങളെല്ലാം തടയലുമാണ് ശരീഅത്തിന്റെ താൽപര്യം.

വിവ: മുഹമ്മദ് അഹ്‌സൻ പുല്ലൂർ

Related Articles