Current Date

Search
Close this search box.
Search
Close this search box.

പലിശ; നിരോധനവും നിലപാടും

കാലത്തിനൊപ്പം സഞ്ചരിക്കുന്നതിനായി നിരന്തരം മത്സരിക്കുകയാണ് ആധുനിക ലോകം. നവ സമൂഹത്തിന്റെ മാറാ വിപത്തായി മാറിയിരിക്കുകയാണല്ലോ പലിശ. ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ഇസ്ലാം നിഷിദ്ധമാക്കിയ പലിശ ഇടപാടുകളിൽ നിന്നും അകന്നു നിൽക്കാൻ നാം സഗൗരവം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ്വിഷയത്തിൽ ആധുനികപണ്ഡിതരായ യൂസുഫുൽ ഖറദാവി, ഗസ്സാലി, ശഅറാവി എന്നിവർ മുന്നോട്ടുവെക്കുന്ന നിലപാടുകളെ ചർച്ചചെയ്യുകയാണിവിടെ.

ഡോ:ശൈഖ് യൂസുഫുൽ ഖറദാവിയുടെ നിലപാട്

അദ്ദേഹം പറയുന്നു; നിബന്ധനയോടെ മൂലധനത്തേക്കാൾ അധികം വരുന്ന എല്ലാ സമ്പത്തും പലിശയാണ്. കച്ചവടമായോ മറ്റോ പ്രതിഫലമായി ലഭിക്കുന്ന തുകയൊഴിച്ച് മറ്റെല്ലാവിധത്തിലുള്ളതും ഈ ഗണത്തിൽ പെടും. അല്ലാഹു പറയുന്നു : സത്യവിശ്വാസികളേ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുന്ന സാക്ഷാൽ മുഅ്മിനുകളാണെങ്കിൽ കിട്ടാനുള്ള പലിശ വിട്ടുകളയുക, അങ്ങനെ അനുവർത്തിക്കുന്നില്ലെങ്കിൽ അല്ലാഹുവിങ്കൽ നിന്നുള്ള യുദ്ധത്തെപ്പറ്റി അറിയുക. പശ്ചാത്തപിക്കുന്നുവെങ്കിൽ മൂലധനം നിങ്ങൾക്കുണ്ടാകും നിങ്ങൾ അക്രമികളോട് അക്രമ വിധേയരാകരുത്. ഇവിടെ പശ്ചാതാപം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് മനുഷ്യൻ തന്റെ മൂലധനത്തെ അതേപടി ബാക്കി വെക്കുന്നതിനെയാണ് അഥവാ മൂലധനത്തെക്കാൾ അധികം വരുന്നതെല്ലാം പലിശയാണ് എന്നർത്ഥം. അപ്പോൾ അധികമായി കിട്ടുന്ന ധനം കൊണ്ടുള്ള എല്ലാ ഉപകാരങ്ങളും അത് മനപ്പൂർവമായാലും അറിയാതെയായാലും തീർത്തും നിശിദ്ധമാണെന്ന് സാരം.

ശൈഖ് ശൽത്തൂത്ത് പറയുന്നു: ഇസ്ലാം പലിശ ഉപയോഗിക്കുന്നതിന് ഒരുനിലക്കും അനുവദിക്കുന്നില്ല ഏതുവിധേനയും പലിശയിൽ പങ്കാളിയാകുന്നതിനെ അതിനിശിതമായി മതം എതിർക്കുന്നുണ്ട്. കച്ചവടത്തിൽ പങ്കാളിയാകുന്ന ഒരാൾ ലാഭം ആയാലും നഷ്ടം ആയാലും അതിന്റെ അവകാശിയാണ്. കുറഞ്ഞ ലാഭം മാത്രമാണുള്ളത് എങ്കിൽ അവൻ അതിൽ പങ്കാളിയായിരിക്കണം ഇനി അധികമായി ലാഭം ഉണ്ടെങ്കിൽ അതിലും അവൻ പങ്കാളിയാണ്. നഷ്ടം സംഭവിച്ചാൽ അതും പങ്കാളി എന്ന സ്ഥിതിക്ക് അവന്റെ കൂടി ഭാഗമാണെന്ന് അർത്ഥം. ഇതാണ് പങ്കാളിത്തത്തിന്റെ ഉത്തരവാദിത്വം. വ്യക്തിപരമായോ സാമൂഹികപരമായോ എന്തെങ്കിലും അത്യാവശ്യ സാഹചര്യങ്ങളിൽ ഒരാൾക്ക് പലിശ കൊണ്ട് ഉപകാരം എടുക്കൽ അനുവദനീയമായി വരും. എന്നാൽ വിവിധ പണ്ഡിതർ അത്യാവശ്യഘട്ടങ്ങളെ കൂടുതൽ വിശാലമായ കാഴ്ചപ്പാട് വെച്ച്പുലർത്തുന്നതിനോട് എതിരഭിപ്രായമാണുള്ളത്.

ബാങ്കിൽ നിന്നും പലിശ അനുവദിക്കുന്ന വിധി

നിരുപാധികമായി പലിശ ഉപയോഗം അനുവദനീയമല്ല. അതിൽ നിന്ന് എടുക്കലോ കൊടുക്കലോ വാങ്ങലോ മതം പ്രോത്സാഹിപ്പിക്കുന്നില്ല. അതിനാൽ പലിശയിൽ നിന്നെടുക്കുന്ന ഉപകാരങ്ങൾ ഒക്കെയും നിഷിദ്ധമാണെന്ന് വരാം. സക്കാത്ത് കൊണ്ട് ഈ ധനം ശുദ്ധീകരിക്കപ്പെടുകയും ഇല്ല. ആ ധനം പൂർണ്ണമായും തന്നിൽ നിന്നും ഒഴിവാക്കിയാൽ അല്ലാതെ പലിശയിൽ നിന്നും ഒരാൾ മുക്തനാവുകയില്ല. ദാനധർമ്മങ്ങൾ ചെയ്യാൻ പോലും അത് ഉപയോഗിക്കരുതെന്നാണ് സൂക്ഷ്മ ജ്ഞാനികളുടെ പക്ഷം. അവരത് ഉപേക്ഷിക്കുകയോ കടലിലെറിയുകയോ ചെയ്യണമെന്നും മ്ലേച്ഛമായവയല്ല ദാനധർമ്മങ്ങൾ ചെയ്യേണ്ടതെന്നും രേഖപ്പെടുത്തുന്നു. എന്നാൽ ഇത് ധനം പാഴാക്കുന്നതിനും ഉപയോഗശൂന്യമായി അതിന് ഒഴിച്ച് ഇടുന്നതും ശറഇന് വിരുദ്ധമാണ്. ഒരു ഇടപാടുകാരൻ അധികം വരുന്ന തുകയുടെ യഥാർത്ഥ ഉടമസ്ഥൻ അല്ലെങ്കിൽ പോലും അവൻ അത് എടുക്കലും പാവപ്പെട്ട ജനങ്ങൾക്ക് ദാനധർമ്മം ചെയ്യലും അനുവദനീയമാണ്, അല്ലെങ്കിൽ പൊതു നന്മക്കുവേണ്ടി എങ്കിലും അതിന് ഉപയോഗിക്കേണ്ടതുണ്ട്.

പലിശ നിഷിദ്ധമായ അതുകൊണ്ട് മുസ്ലിം അതിനെ ഉപേക്ഷിക്കേണ്ടത് ഉണ്ടോ ഇല്ല, കാരണം പലിശ ഉപേക്ഷിക്കുന്നത് പലിശയുമായി ഇടപാട് നടത്തുന്ന ബാങ്കുകൾ കൂടുതൽ ശക്തിയാർജിക്കാനുള്ള കാരണമാകും. പലിശ അവൻ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടുള്ളതല്ല എങ്കിലും പൊതു നന്മക്കുവേണ്ടി അവനത് ഉപയോഗിക്കാം.

ശൈഖ് മുഹമ്മദ് ഗസാലിയുടെ വീക്ഷണം

എല്ലാ മതങ്ങളിലും പലിശ നിഷിദ്ധമായിരുന്നു. അതിരുകവിഞ്ഞ അഹംഭാവത്തിന്റെ ബാക്കിപത്രമെന്നോണം യഹൂദർ മാത്രമാണ് ആദിമകാലങ്ങളിൽ തങ്ങളുടെ ഇടപാടുകളിൽ പലിശ അനുവദിച്ചിട്ടുള്ളത്. ക്രിസ്തുവിഭാഗത്തിന്റെ ചരിത്രമെടുത്തു നോക്കിയാൽ, ആദി മധ്യകാല ഘട്ടങ്ങളിൽ ഒന്നും പലിശയുമായി അവരൊന്നും ഇടപാട് നടത്തിയതായി കാണാൻ കഴിയില്ല. നവോത്ഥാനകാലഘട്ടത്തിലെ ആവിർഭാവത്തിൽ വിവിധ മതനിയമങ്ങളുടെ ചങ്ങലകളിൽ നിന്ന് യൂറോപ്പ് സ്വയം മോചിതമാവുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തുതുടങ്ങി. പുതിയതായി രൂപപ്പെട്ട ജീവിത ശൈലിയിലേക്ക് പതിയെ പലിശ കടന്നു വന്നു തുടങ്ങി. തുടർന്നുള്ള ലോകത്തിന്റെ ഭാഗങ്ങളിൽ മുഴുവനും കിഴക്കും പടിഞ്ഞാറും വ്യത്യാസമില്ലാതെ ജനങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും പലിശക്ക് കൃത്യമായ പങ്കാളിത്തം ഉണ്ടായി. പതിയെ മുസ്ലീങ്ങളും പലിശ ഇടപാടുകളുടെ അംഗീകരിച്ച് തുടങ്ങി കഴിഞ്ഞ നൂറ്റാണ്ടിലെ ഇസ്ലാമിന്റെ ഉണർവോടെ ഇസ്ലാമിക് ബാങ്കുകൾ സ്ഥാപിച്ചും മറ്റും പലിശയെ ജനകീയവൽകരിക്കാൻ യൂറോപ്പിന് കഴിഞ്ഞു.

പലിശ മാത്രമല്ല എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങളൊന്നൊന്നായി മുസ്ലിം ലോകത്തിന് മുന്നിൽ ഉണ്ട്. യൂറോപ്പ് മദ്യവും വ്യഭിചാരവും ചീട്ടു കളി തുടങ്ങി ഇസ്ലാം തടഞ്ഞ ഒട്ടനവധി കാര്യങ്ങൾ തികച്ചും സ്വതന്ത്രമായി ചെയ്യാനുള്ള അവസരങ്ങളാണ് മനുഷ്യർക്കു ചുറ്റും ഒരുക്കി വെക്കുന്നത്.

ബാങ്കുകളെ സംബന്ധിച്ച് അനുവദനീയം എന്ന് ഉറപ്പിച്ചു പറയാവുന്ന തരത്തിലുള്ളതും വിലക്കപ്പെട്ടതെന്ന് മാറ്റി നിർത്താവുന്നതും രണ്ടും ഇടകലർന്നതും ഉണ്ട്. ആഗോള ബാങ്കുകളുടെ പലിശ നിരക്ക് പരിശോധിക്കുകയാണെങ്കിൽ അവ പ്രതിവർഷം ഇരട്ടി ഇരട്ടിയായി അധികരിച്ചു വരികയാണ്. ഇവ പാവപ്പെട്ടവനെ വലക്കുകയും സമ്പന്നരെ കൊഴുപ്പിക്കുകയും ആണ് ചെയ്യുന്നത്. ഇസ്ലാം നിർദ്ദേശിച്ച മാർഗങ്ങളിൽ പണമിടപാടുകൾ നടത്തുന്നത് ഓരോ മുസ്ലിമും കൃത്യമായി നിഷ്കർഷത പാലിക്കണമെന്നാണ് ആദ്യമായി ഉണർത്താൻ ഉള്ളത്. ബാങ്ക് ഇടപാടുകളുടെ വശത്തെ കുറിച്ച് ചിന്തിക്കുമ്പോൾ അതിലെ അനുവദിക്കപ്പെട്ട മാർഗങ്ങൾ സ്വീകരിക്കുകയും വിലക്കിയതിനെ തീർത്തും മാറ്റി നിർത്താനും നമുക്കാവണം. അനുവദിക്കപ്പെട്ടത് എന്നോ നിഷിദ്ധമാക്കിയത് എന്നോ തീർച്ചപ്പെടുത്താൻ ആവാത്ത വിധം കലർപ്പ് ഉണ്ടെന്ന് സംശയിക്കപ്പെടുന്ന അതിനെയും പാടെ ഒഴിവാക്കാൻ ഓരോരുത്തരും ബദ്ധശ്രദ്ധരായിരിക്കണം.

പലിശ; നിരോധനവും നിലപാടും

അദ്ധേഹം പറയുന്നു; അല്പജ്ഞാനികൾ ആണ് ഈ കാലത്തിന്റെ ഏറ്റവും വലിയ വിപത്ത്. നാഥൻ നിഷിദ്ധമാക്കിയ പലതും അവർ ലാഘവത്തോടെ അനുവദനീയമാക്കുന്നു. പലിശ അനുവദനീയമാണെന്ന് ഉറക്കെ വിളിച്ചു പറയുന്ന അൽപജ്ഞാനികളുടെ ഇടയിലും ബഹുഭൂരിഭാഗം മതപണ്ഡിതരും ഇസ്ലാം അതിനെ വിലക്കിയിട്ടുണ്ട് എന്ന് സദാ ഓർമ്മപ്പെടുത്തുന്നുണ്ട്. ഇനി നിഷിദ്ധമായതാണോ അനുവദിക്കപ്പെട്ടതാണോ എന്ന് തീർച്ചപ്പെടുത്താൻ ആവാത്ത വിധം സംശയത്തിലാക്കുന്ന കാര്യങ്ങളെയും ഒഴിവാക്കണമെന്നാണ് ഇസ്ലാം കൽപിച്ചിട്ടുള്ളത്. കൂടാതെ, പലിശ ഇഷ്യൂ ചെയ്ത രാജ്യങ്ങൾ ഇപ്പോൾ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം മാനിച്ചു പലിശയുടെ നിരക്ക് പൂജ്യത്തിലേക്ക് കുറക്കാൻ ശ്രമിക്കുന്നു എന്നതും അതിശയകരമായ വസ്തുതയാണ്.

ചുരുക്കത്തിൽ, ഇസ്ലാം വളരെ വ്യക്തമായി വിശദീകരിച്ച പലിശയെ കുറിച്ചുള്ള നിലപാടുകളെ വക്രീകരിക്കാനുള്ള ശ്രമങ്ങളെ കുറിച്ച് ഓരോരുത്തരും ബോധവാന്മാരായിരിക്കണം. തന്നിഷ്ടപ്രകാരം മതനിയമങ്ങളെ മാറ്റിമറിക്കുകയും വികലമാക്കുകയും അല്ല, മറിച്ച് മതം അനുവദിച്ച മാർഗ്ഗങ്ങളിലൂടെ ജീവിതോപാധികൾ കണ്ടെത്തുകയാണ് വേണ്ടത്.

( അവലംബം-islamonline.net)

Related Articles