Current Date

Search
Close this search box.
Search
Close this search box.

Economy

കച്ചവട ചരക്കിലെ സകാത്ത്

വ്യാപാരികളായ ആളുകൾ അവരുടെ കച്ചവടത്തിന് സകാത്ത് നൽകുന്നുണ്ടെങ്കിലും അവരിൽ പലരും സകാത്ത് പണമായി നൽകാൻ വിസമ്മതിക്കുന്നവരാണ്. അവരുടെ കച്ചവടത്തിന്റെ സുഗമമായ മാർഗത്തിന് അതാണ് ഉചിതമെന്ന് അവർ കരുതുന്നതാണ് കാരണം. പണം നൽകുകയെന്നത് അവരിൽ പലർക്കും ഭാരിച്ച കാര്യമാണ്. എന്നാൽ ചരക്ക് സാധനങ്ങൾ നൽകാൻ അവർ സന്നദ്ധരുമാണ്. അവരുടെ കാഴ്ചപ്പാടിൽ പണം നൽകുന്നതിനേക്കാൾ ആയാസം കച്ചവട ചരക്ക് സകാത്തായി നൽകുന്നതാണ്.

ഇതിന്റെ ഇസ്ലാമിക വീക്ഷണം വ്യക്തമാക്കുന്നതിന് മുമ്പ് മറ്റു ചില കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്:

1- ചരക്കിന് വില ഈടാക്കുന്നത് വ്യാപാരികളാണ്. അക്കാരണത്താൽ തന്നെ വലിയ വിലയുള്ള ചരക്കുകൾ നൽകാൻ അവർ വിസമ്മതിക്കും. ശരീഅത്ത് പ്രകാരം അത് തെറ്റാണ്. കാരണം, വ്യാപാരി ചരക്കിന് മൊത്ത വിലയ്ക്ക് അനുസരിച്ചാണ് വില ഈടാക്കേണ്ടത്, വിൽക്കുന്ന വിലക്കനുസരിച്ചല്ല. ഹനഫി മദ്ഹബ് പ്രകാരം ദരിദ്രരെ പരിഗണിച്ചുകൊണ്ടാണ് ഓരോ ചരക്കിന് വില കെട്ടേണ്ടത്. അൽ-ഹിദായ ഫീ ശർഹി ബിദായതിൽ മുബ്തദി എന്ന ഗ്രന്ഥത്തിൽ മഹാനായ അബുൽ ഹസൻ ബുർഹാനുദ്ധീൻ പറയുന്നു: ദരിദ്രർക്ക് താങ്ങാവുന്ന രീതിയിലാണ് ചരക്കിന് വില കെട്ടേണ്ടത്. അതവരുടെ അവകാശങ്ങളെ മാനിക്കാൻ വേണ്ടിയാണ്. ഇമാം അബൂ ഹനീഫയെത്തൊട്ടും അങ്ങനെയാണ് ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്(1/103).

2- സകാത്ത് കമ്മിറ്റികൾ എല്ലാവരിൽ നിന്നും സകാത്ത് സ്വീകരിച്ച് പൊതു ലേലത്തിൽ വിൽക്കുന്നു. അത് പലപ്പോഴും ഉപഭോക്താക്കളുടെ അടുക്കൽ അധികം മൂല്യമില്ലാത്തതായിരിക്കും. അങ്ങനെയാകുമ്പോൾ ധനികനായ ഒരാൾ പണം നൽകുന്നതിനേക്കാൾ താരതമ്യേനെ വളരെ കുറവ് മൂല്യമായിരിക്കും അവൻ നൽകുന്ന ചരക്കിന് ഉണ്ടാവുക.

3- കച്ചവടത്തിലെ സകാത്തെന്നോണം നൽകപ്പെടുന്ന പല ചരക്കുകളും ദരിദ്രർക്ക് ആവശ്യമില്ലാത്തവയായിരിക്കും. ഉദാഹരണത്തിന്, ഒരു വ്യാപാരി വിലകൂടിയ സ്ത്രീകളുടെ വസ്ത്രങ്ങളാണ് കച്ചവടം നടത്തുന്നതെങ്കിൽ ദരിദ്രനായ ഒരാൾക്ക് അതെങ്ങനെ ധരിക്കാനാകും. അവനെ സംബന്ധിച്ചെടുത്തോളം അതവനോട് ഒട്ടും യോജിക്കുന്നതല്ല. പ്രത്യേകിച്ചും അവ അത്തരം രീതിയിലുള്ള വസ്ത്രം മാത്രം ധരിക്കുന്ന സ്ത്രീകൾക്കുള്ളതായിരിക്കും. അല്ലെങ്കിൽ പല വ്യാപാരികളുടെയും വ്യാപാരങ്ങൾ ദരിദ്രന്റെ മൂല്യങ്ങൾക്കോ ശീലങ്ങൾക്കോ യോചിക്കുന്നതായിരിക്കില്ല. അക്കാരണത്താൽ തന്നെ ദരിദ്രരുടെ അടുത്ത് അതിന് ഒട്ടും മൂല്യവുമുണ്ടാകില്ല.

കച്ചവടച്ചരക്കിലെ സകാത്തിന് ശരീഅത്തിന്റെ നിർദ്ദേശങ്ങൾ

ഒരു ഹിജ്റ വർഷം പൂർത്തിയാവുകയും കണക്കെത്തുകയും ചെയ്യുന്ന പക്ഷം കച്ചവടത്തിന്റെ പത്തിലൊന്നിന്റെ നാലിലൊന്ന് സകാത്ത് കൊടുക്കൽ നിർബന്ധമാകും. സമുറത്ത് ബ്നു ജുൻദുബിനെത്തൊട്ട് ഇമാം അബൂ ദാവൂദ് ഉദ്ധരിക്കുന്ന ഹദീസാണ് അതിന് തെളിവ്. സമുറത്ത്(റ) പറയുന്നു: വിൽപനക്ക് തയ്യാറാക്കി വെച്ച ചരക്കിൽ നിന്ന് സകാത്ത് കൊടുക്കാൻ അല്ലാഹുവിന്റെ റസൂൽ ഞങ്ങളോട് കൽപിക്കുമായിരുന്നു. ഇമാം ഹാകിം തന്റെ മുസ്തദ്റകിൽ പ്രവാചകന്റെ ഒരു വചനം ഉദ്ധരിക്കുന്നുണ്ട്; “ധാന്യത്തിൽ സകാത്തുണ്ട്’. സകാത്ത് കണക്കാക്കേണ്ട രീതിയെക്കുറിച്ച് മയ്മൂൻ ബ്നു മഹ്റാൻ(റ) പറയുന്നു: സകാത്ത് നിർബന്ധമായിക്കഴിഞ്ഞാൽ നിന്റെ മൊത്തം സമ്പാദ്യം നോക്കുക. അതിൽ നിന്ന് നിന്റെ നിർബന്ധ ചെലവിന് ആവശ്യമായത് കുറച്ച് ശേഷിക്കുന്നവ സകാത്ത് കൊടുക്കുക.

കച്ചവടചരക്കിലെ സകാത്ത് വെള്ളിയോ സ്വർണമോ അല്ലെങ്കിൽ കടലാസ് പണമോ ആയിത്തന്നെ കൊടുക്കണമെന്നതിൽ പണ്ഡിത ഏകോപനമുണ്ട്. മഹാനായ ഇബ്നു ഖുദാമ പറയുന്നു: ചരക്കിൽ നിന്നല്ല, ചരക്കിന്റെ മൂല്യത്തിൽ നിന്നാണ് സകാത്ത് നൽകേണ്ടത്(മുഗ്നി, മക്തബതുൽ ഖാഹിറ, 3/59). ഇമാം നവവി പറയുന്നു: ഇമാം ശാഫിഈയും അസ്വ് ഹാബും പറയുന്നു: കച്ചവടച്ചരക്കിലെ സകാത്ത് അതിന്റെ പത്തിലൊന്നിന്റെ നാലിലൊന്നാണെന്നതിൽ അഭിപ്രായ ഭിന്നതയില്ല. അതുകൊടുക്കേണ്ട രീതി വിശദീകരിച്ചിടത്ത് മൂന്ന് അഭിപ്രായമുണ്ട്. അതിൽ ശാഫിഈ ഇമാമിന്റെ അസ്വ് ഹാബുകളുടെ അടുക്ക് പ്രബലമായത് ഇമാം തന്റെ ഉമ്മിൽ ഖണ്ഡിതമായി പറഞ്ഞ വാക്കാണ്, അതനുസരിച്ചാണ് പ്രവർത്തിക്കേണ്ടതും. അഥവാ, അതിന്റെ മൂല്യത്തിന്റെ പത്തിലൊന്നിന്റെ നാലിലൊന്ന്(മജ്മൂഅ്, 6/68). ഇമാം ഇബ്നു റുഷ്ദ് പറയുന്നു: ഇമാം ശാഫിഈ, അബൂ ഹനീഫ, അഹ്മദ്, സൗരി, അവ്സാഈ തുടങ്ങി ബഹുഭൂരിപക്ഷം പണ്ഡിതന്മാരും പറയുന്നു: കാര്യസ്ഥന്മാരുടെയും അല്ലാത്തവരുടെയും ഒക്കെ വിധി ഒന്നുതന്നെയാണ്. ആരെങ്കിലും ഒരാൾ കച്ചവടത്തിന് ചരക്ക് വാങ്ങുകയും ഒരുവർഷം തികയുകയും ചെയ്താൽ അതിന് വിലകെട്ടി സകാത്ത് കൊടുക്കേണ്ടതാണ്. മറ്റൊരു കൂട്ടർ പറയുന്നു: മൂല്യം നോക്കി നൽകേണ്ടതില്ല. മറിച്ച്, അവൻ വിറ്റ വില നോക്കി സകാത്ത് നൽകിയാൽ മതി.

കച്ചവടച്ചരക്ക് ചരക്കായി തന്നെ സകാത്ത് നൽകുന്നതിലെ വിധി

കച്ചവടച്ചരക്കിൽ നിന്ന് സകാത്ത് നൽകുന്നത് ശരിയാകുമോ എന്നതിൽ കർമ്മശാസ്ത്ര പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്:
1- ചരക്കുകൾ തന്നെ ആയി സകാത്ത് നൽകൽ അനുവദനീയമല്ല. പകരം അത് പണമായി നൽകണം. ഇതാണ് ബഹുഭൂരിപക്ഷം കർമ്മശാസ്ത്ര പണ്ഡിതന്മാരുടെയും അഭിപ്രായം. അതിന് അവർ അവലംബിക്കുന്ന തെളിവുകൾ:

(1) ഉമർ(റ) പറഞ്ഞു: ചരക്കിന് ആദ്യം വിലകെട്ടുകയും പിന്നീട് സകാത്ത് നൽകുകയും ചെയ്യുക.
(2) കച്ചവടത്തിലെ സകാത്തിന്റെ അളവിൽ വിലയും മൂല്യവുമാണ് പരിഗണിക്കാറുള്ളത്. അതിനാൽ തന്നെ സകാത്ത് മൂല്യത്തിൽ നിന്നാകണം. മറിച്ച്, കച്ചവടം നടത്തുന്ന ചരക്കിൽ നിന്ന് സകാത്ത് നൽകൽ അനുവദനീയമല്ല. മൂല്യത്തിലാണ് സകാത്ത് നിർബന്ധമാവുക.
(3) കച്ചവട ചരക്കുകളെന്നത് സ്ഥിരതയില്ലാത്തതാണ്. അപ്പോൾ പിന്നെ അതിൽ നിന്ന് പുറപ്പെടീക്കുന്നതാണ് പരിഗണിക്കുക. അത് അതിന്റെ മൂല്യമാണ്.
(4) ചരക്ക് സാധനങ്ങളല്ല സകാത്ത് നിർബന്ധമാക്കുന്നത്. അപ്പോൾ പിന്നെ അതിൽ നിന്നല്ല സകാത്ത് നൽകേണ്ടതും.
(5) മൂല്യത്തിൽ നിന്നും പണത്തിൽ നിന്നും സകാത്ത് നൽകുന്നതാണ് ദരിദ്രർക്ക് കൂടുതൽ ഗുണം ചെയ്യുക. കാരണം, അവരിൽ പലർക്കും ചരക്ക് ആവശ്യമായി വരുന്നവരാകില്ല. ചരക്ക് നൽകിയാൽ അവർക്കത് ചിലപ്പോൾ കുറഞ്ഞ വിലക്ക് വിൽക്കേണ്ടി വന്നേക്കാം. അവരെ സംബന്ധിച്ചെടുത്തോളം അത് ബുദ്ധിമുട്ടുമാണ്.

2- ചരക്കാണോ മൂല്യമാണോ നൽകേണ്ടതെന്നതിൽ കച്ചവടക്കാരന് തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യമുണ്ട്. അവനേത് നൽകിയാലും അതവന്റെ സകാത്തായി പരിഗണിക്കപ്പെടുന്നതാണ്. ഹനഫി മദ്ഹബും ഖദീമായ ശാഫിഈ മദ്ഹബും ഈ അഭിപ്രായമുള്ളവരാണ്. യമനികളോട് മുആദ്(റ) പറഞ്ഞതാണ് അവരതിന് തെളിവായി പിടിക്കുന്നത്; വസ്ത്രമോ നാണയമോ കൊണ്ടുവരൂ. ഞാനത് സകാത്തായി സ്വീകരിക്കാം. അതാണ് നിങ്ങൾക്കേറ്റവും ആയാസകരമായത്. മദീനയിലെ മഹാജിറുകൾക്കും അതാണ് ഉത്തമം(ബുഖാരി, ബയ്ഹഖി). ഇബ്നു തൈമിയ പറയുന്നു: കച്ചവടച്ചരക്കിലെ സകാത്ത് ചരക്കായി തന്നെ നൽകാവുന്നതാണ്(അൽ-ഇഖ്തിയാറാത്ത്, പേ.101).

3- ചരക്കാണ് സകാത്തായി നൽകേണ്ടത്, വിലയല്ല. വില നൽകിയാൽ അത് ശരിയാവുകയുമില്ല. കാരണം, ചരക്ക് കാരണമാണ് സകാത്ത് നിർബന്ധമാകുന്നത്. ഇമാം ശൗകാനി പറയുന്നു: ഒരു വസ്തുവിന്റെ തടിയിലാണ് സകാത്ത് നിർബന്ധമാവുകയെന്നതാണ് ശരി. ആയതിനാൽ തടിയിൽ നിന്നൊരിക്കലും അകാരണമായി മൂല്യത്തിലേക്ക് മാറാൻ പാടില്ല.

4- ഭക്ഷണം പോലെ ദരിദ്രർക്ക് ഉപകാരപ്പെടുന്ന ചരക്കാണെങ്കിൽ അങ്ങനെത്തന്നെ നൽകാവുന്നതാണ്. ഇനിയത് ഭൂമിയോ മൃഗമോ ഒക്കെ ആണെങ്കിൽ അതിന്റെ മൂല്യം നോക്കി പണമാണ് നൽകേണ്ടത്. ശാഫി പണ്ഡിതന്മാർക്ക് അങ്ങനെയൊരു അഭിപ്രായവുമുണ്ടെന്ന് മഹാനായ സ്വയ്മിരി ഉദ്ധരിക്കുന്നുണ്ട്.

പ്രബലമായവ:
മൂല്യനിർണ്ണയത്തിന് ശേഷം പണമായി സകാത്ത് നൽകണമെന്നതാണ് അടിസ്ഥാന തത്ത്വം. ചില നിബന്ധനകളോടെ ചരക്കായി സകാത്ത് നൽകാം:

1- നാണയമായി നൽകുന്നതിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് ചരക്കായി നൽകുന്നതെന്ന ഉദ്ദേശം ഉണ്ടാകരുത്.
2- പാവപ്പെട്ടവരും ദരിദ്രരുമായ ആളുകൾക്ക് അത് ബുദ്ധിമുട്ടായി മാറരുത്.
3- ചരക്കായി നൽകുന്നതിൽ എന്തെങ്കിലും നന്മയുണ്ടായിരിക്കണം. ദരിദ്രർക്ക് അതിൽ നിന്നും ഉപകാരമെടുക്കാം, ചരക്കായി നൽകലാണ് അവർക്കേറ്റവും ഉപകാരപ്രദം, നാണയമായി നൽകാൻ സാധ്യമാകാതെ വരുന്നത് പോലെ കച്ചവടക്കാരെത്തൊട്ട് പ്രയാസം ഒഴിവാക്കുക തുടങ്ങിയ സന്ദർഭങ്ങളിലെല്ലാം അങ്ങനെ ചെയ്യാവുന്നതാണ്.
4- തന്റെ കച്ചവടത്തിൽ മൂല്യനിർണ്ണയം നടത്തുന്നതിൽ കച്ചവടക്കാരൻ ശരീഅത്തിന്റെ വ്യവസ്ഥകൾ പാലിച്ചിരിക്കണം.

മൊത്തക്കച്ചവടക്കാരനാണെങ്കിൽ സകാത്ത് നൽകുന്ന ദിവസം മൊത്ത വില നോക്കിയും ചെറുകിട, ചില്ലറ കച്ചവടക്കാരനാണെങ്കിൽ അങ്ങനെയും ചെയ്യമെന്നതാണ്. സകാത്തിന്റെ സമാകലിക പ്രശ്നങ്ങളെക്കുറിച്ചുള്ള സെമിനാറുകളുടെയും ഇസ്ലാമിക് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനുകളുടെ ഓഡിറ്റിംഗ് കമ്മീഷന്റെയും തീരുമാനം അത് തന്നെയാണ്. അങ്ങനെയല്ലാ എങ്കിൽ പിന്നെ, മൂല്യനിർണ്ണയം നടത്തി നാണയമായി തന്നെ ജനങ്ങൾക്ക് നൽകേണ്ടതാണ്.

വിവ: മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles