Current Date

Search
Close this search box.
Search
Close this search box.

Economy

നാണയപ്പെരുപ്പം നേരിടാനുള്ള വഴികള്‍

നമ്മുടെ ജീവിതം സങ്കീര്‍ണ്ണമാക്കുന്ന അനേകം പ്രതിഭാസങ്ങളില്‍ ഒന്നാണ് നാണയപെരുപ്പവും വിലക്കയറ്റവും. സാധാരണക്കാരന്‍റെയും ഇടത്തരക്കാരന്‍റെയും നടുവൊടിക്കുന്ന വിലക്കയറ്റം അവരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നു. വരുമാനവും ജീവിത ചെലവും തമ്മില്‍ പൊരുത്തപ്പെടാതെ സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍ ദിനേന നേരിടുന്ന പ്രയാസങ്ങള്‍ വിവരണാതീതമാണ്. റഷ്യ യുക്രൈയിന്‍ യുദ്ധത്തിന്‍റെ പാശ്ചാതലത്തില്‍, ഇന്ത്യയില്‍ മാത്രമല്ല അയല്‍ രാജ്യങ്ങളിലും ലോകത്ത് പൊതുവെയും, സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാവുകയാണ്.

അവശ്യ സാധനങ്ങളുടെ ഉല്‍പാദനത്തിലുള്ള കുറവ്,അസംസ്കൃത സാധനങ്ങളുടെ വിലവര്‍ധനവ്,അപ്രതീക്ഷിതവും വര്‍ധിത തോതിലുള്ളതുമായ നികുതി വര്‍ധനവ്,ഗള്‍ഫില്‍ നിന്നും വന്നിരുന്ന വരുമാനത്തിലുള്ള ഗണ്യമായ കുറവ്, വെള്ളപ്പൊക്കം,വരള്‍ച്ച,ചോതനവും വിതരണവും തമ്മിലുള്ള അസുന്തുലിതത്വം (demand and supply),തുടര്‍ന്ന് സൃഷ്ടിക്കപ്പെടുന്ന കരിഞ്ചന്തയും പൂഴ്തിവെപ്പും,ജനസംഖ്യാ വര്‍ധനവ് തുടങ്ങിയ നിരവധി കാരണങ്ങളാലാണ് നാണയപെരുപ്പവും വിലക്കയറ്റവും സംഭവിക്കുന്നത്.

ഇന്നത്തെ· നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രകൃതി വിഭവമാണല്ലോ ക്രൂഡ് ഓയില്‍. നമ്മുടെ കാലഘട്ടത്തിലെ സുപ്രധാന ഊര്‍ജ്ജ സ്രോതസ്സ് എന്ന നിലയില്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരേയുള്ള എല്ലാ വസ്തുക്കളിലും ക്രൂഡ് ഓയിലും അനുബന്ധ ഉല്‍പന്നങ്ങളും ഏതെങ്കിലും തരത്തില്‍ നമ്മുടെ വിവിധാവിശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് അനിവാര്യ ഘടകമാണ്. കാര്‍ഷിക രംഗത്തും വ്യവസായ രംഗത്തും അത് ഒഴിച്ച് നിര്‍ത്തുക സാധ്യമല്ല. ക്രൂഡ് ഓയിലിനുണ്ടാവുന്ന അനിയന്ത്രിതമായ വിലവര്‍ധനവാണ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന്‍റെ മറ്റൊരു കാരണം.

പണപ്പെരുപ്പം എന്നാല്‍
സാധന വിലകളുടെ പൊതുനിലവാരത്തിലുണ്ടാകുന്ന ക്രമാതീതമായ വര്‍ധനയാണ് പണപ്പെരുപ്പം കൊണ്ട് ഉദ്ദേശിക്കുന്നത്. നാം ഉപയോഗിക്കുന്ന സാധനങ്ങളുടെ വില അനിയന്ത്രിതമായി വര്‍ധിക്കുമ്പോള്‍ വിപണിയില്‍ എത്തുന്ന പണത്തിന്‍റെ തോത് വര്‍ധിക്കുമെങ്കിലും വസ്തുക്കളുടെ വില്‍പന കുറയും. ഇത് പണത്തിന്‍റെ മൂല്യതകര്‍ച്ചക്കും കച്ചവട മാന്ദ്യത്തിനും ഇടയാക്കും. നാണയപ്പെരുപ്പം കൂടുന്നതിനനുസരിച്ച് ജീവിതച്ചെലവും കൂടുമെന്നതിനാല്‍ സാധാരണക്കാര്‍ക്കും ഇത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ലോകം കണ്ട ഏറ്റവും വലിയ വിലക്കയറ്റം ഉണ്ടായത് 1932 ലായിരുന്നു.

നേരിടാനുള്ള വഴികള്‍
വിലക്കയറ്റവും പണപ്പെരുപ്പവും ആഗോള പ്രതിഭാസമാണെന്നും ഇത് പരിഹരിക്കാന്‍ സര്‍ക്കാറിന്‍റെ കൈയില്‍ മാന്ത്രിക വിദ്യയൊന്നുമില്ലെന്ന് പറഞ്ഞ് നമ്മുടെ ഭരണാധികാരികള്‍ കൈയൊഴിയുന്നു. വിലക്കയറ്റം നേരിടാനുള്ള വഴികള്‍ വീട്ടില്‍ നിന്നാണ് ആരംഭിക്കേണ്ടതെന്ന ഉപദേശം നാം ശ്രദ്ധിക്കേണ്ടത് തന്നെ. ഉപഭോഗ സംസ്കാരത്തെ· നിയന്ത്രിക്കുകയും കടിഞ്ഞാണടുകയും ചെയ്യുന്നതില്‍ വീട്ടമ്മമാര്‍ എത്രമാത്രം വിജയം കൈവരിക്കുന്നുവൊ അതിലൂടെ മാത്രമേ സന്തുലിതത്വം പാലിക്കാന്‍ കഴിയൂ.

സര്‍ക്കാര്‍ സഹായധനമായി ഒരു തുക നീക്കിവെക്കുന്നതും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതും താല്‍കാലികമായ മുട്ടുശാന്തി മാത്രമാണ്. 15-20 ശതമാനം നാണയപെരുപ്പം ഉണ്ടാവുമ്പോള്‍ ഒരു ന്യൂനാല്‍ ന്യൂനപക്ഷത്തിന്‍റെ ശമ്പളത്തില്‍ കേവലം 10 ശതമാനത്തില്‍ താഴെ വര്‍ധനവ് ഉണ്ടായാല്‍ എന്ത് പ്രയോജനമാണുണ്ടാവുക? മരണാസന്നനായ രോഗിക്ക് ഓക്സിജന്‍ സിലിണ്ടറിലൂടെ ശ്വാസോച്ചാസം നല്‍കുന്നത് പോലുള്ള താല്‍കാലികാശ്വാസം മാത്രമാണത്.

വിലക്കയറ്റയത്തെ· സ്വയം പ്രതിരോധിച്ചില്ലെങ്കില്‍, ജീവിതം താളം തെറ്റുകയും കടക്കെണിയിലകപ്പെടുകയും ചെയ്യും. മിതവ്യയം ശീലിക്കുകയാണ് അതില്‍ ഏറ്റവും പ്രധാനം. അതത് സമയത്തെ· നമ്മുടെ ആവശത്തിന് മതിയായത് മാത്രം വാങ്ങുന്ന ശീലം പതിവാക്കുക. വരുമാനം വര്‍ധിപ്പിക്കുന്നതില്‍, വീട്ടമ്മമാര്‍ക്ക് എങ്ങനെ സഹായിക്കാന്‍ കഴിയും എന്നതിനെ കുറിച്ച് അവര്‍ ആലോചിക്കുന്നത് നന്നായിരിക്കും.

അത്യാവശ്യത്തിന് മാത്രമേ നഗരങ്ങളിലേക്കും സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും പോവുകയുള്ളൂ എന്ന് നിശ്ചയിക്കുകയാണ് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനുള്ള മറ്റൊരു മാര്‍ഗ്ഗം. നേരത്തെ· തയ്യാറാക്കിയ ലിസ്റ്റ് അനുസരിച്ച് ആവശ്യ വസ്തുക്കള്‍ മാത്രം വാങ്ങുകയാണ് ഏറ്റവും ഉത്തമം. പരസ്യങ്ങള്‍ക്ക് ഒരിക്കലും സ്വധീനിക്കപ്പെടാതിരിക്കുകയാണ് ചെലവ് ചുരുക്കാനുള്ള മറ്റൊരു വഴി. ഇതില്‍ സ്ത്രീകളും കുട്ടികളുമാണ് പലപ്പോഴും പെട്ട്പോവുന്നത്. പ്രത്യേകിച്ചും പ്രേക്ഷകരെ സ്വാധീനിക്കാനുള്ള ഇലക്ട്രോണിക്ക് മാധ്യമങ്ങളുടെ കഴിവ് അപാരമാണ്.

വില വര്‍ധിച്ച് കൊണ്ടിരിക്കുന്ന സാധനങ്ങള്‍ മല്‍സര ബുദ്ധ്യാ വാങ്ങികൂട്ടുന്നതിന് പകരം തല്‍കാലം അതിന്‍റെ ഉപഭോഗം പാടെ വര്‍ജ്ജിക്കുകയൊ ചുരുക്കുകയൊ ചെയ്യേണ്ടത് അനിവാര്യമാണ്. ഉദാഹരണമായി കോഴിമുട്ടക്ക് അനിയന്ത്രിതമായ വിലക്കയറ്റം ഉണ്ടാവുമ്പോള്‍ അതിനെ നമുക്ക് പാടെ വര്‍ജ്ജിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതിന്‍റെ ഉപഭോഗം പകുതിയായിട്ടെങ്കിലും ചുരുക്കാന്‍ തയ്യാറാവണം. കോഴിയെ വീട്ടില്‍ വളര്‍ത്തുന്നത് കൊണ്ട് വീടിന്‍റെ അലങ്കാരത്തിന് ഒരു കോട്ടവും സംഭവിക്കുന്നില്ല എന്ന് മാത്രമല്ല നമ്മള്‍ വലിച്ചെറിയുന്ന ഭക്ഷ്യ സാധനങ്ങള്‍ ഉപയോഗിച്ച് അവ വളര്‍ന്ന് കൊള്ളുകയും ചെയ്യും.

വരുമാനം വര്‍ധിക്കല്‍ പ്രധാനം
പഴയ കാര്‍ഷിക വ്യവസ്ഥ നിലനിന്നിരുന്ന ഘട്ടത്തില്‍ അവര്‍ പലതരം ജോലിയിലും വ്യാപൃതരായിരുന്നു. നമ്മുടെ സമൂഹത്തിലെ സ്ത്രീ ശക്തിയെ നാം പത്ത് ശതമാനം പോലും ഉപയോഗപെടുത്താത്ത സാഹചര്യമാണ് നിലനില്‍കുന്നത്. കേവലമായ ഉപഭേക്തൃ സമൂഹത്തില്‍ നിന്ന് നേരിയ അളവിലെങ്കിലും ഉല്‍പാദക സമൂഹമായി വളരാന്‍ നാം ശ്രമിച്ചേ പറ്റൂ. പഠിച്ച സ്ത്രീകള്‍ പോലും തൊഴില്‍ രംഗത്തേക്ക് പ്രവേശിക്കുന്നില്ല. ഇത് നമുക്ക് ദേശീയ പാഴ്ചിലവും സൃഷ്ടിക്കുകയാണ്.

ചൈനീസ് മോഡല്‍ കുടില്‍ വ്യവസായ വികസനരീതി നമുക്ക് നല്ലൊരു മാതൃകയാണ്. ചൈനയുടെ ഹൈടെക് ടെക്നോളജിയൊന്നും നമ്മുടെ കൈവശമില്ലെങ്കിലും, നിത്യോപയോക സാധനങ്ങളായ കുട മുതല്‍ നമസ്കാരകുപ്പായം വരേ നമ്മുടെ വീടുകളില്‍ നിന്ന് എന്ത്കൊണ്ട് നിര്‍മ്മിച്ച് കൂടാ? നമ്മുടെ പ്രദേശത്തെ സാമൂഹ്യ രാഷ്ട്രീയ സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍, മാര്‍ഗ്ഗനിര്‍ദേശം നല്‍കാന്‍ സാധിക്കേണ്ടതാണ്. കുടുംബ ശ്രീ ആ നിലക്ക് നല്ലൊരു മാതൃക തന്നെയാണ്.

കേരള സമ്പത് വ്യവസ്ഥയെ നിയന്ത്രിക്കുന്ന സുപ്രധാന ഘടകം ഗള്‍ഫ് വരുമാനമാണല്ലോ? ആ വരുമാനത്തിന്‍റെ സുഭിക്ഷതയില്‍ നമ്മുടെ പട്ടിണി ഇല്ലാതായി എന്ന് മാത്രമല്ല,ഒരു ആധുനിക സമൂഹത്തിന്‍റെ എല്ലാവിധ ആര്‍ഭാടങ്ങളും സ്വയത്തമാക്കാനും നമുക്ക് ഒരു പരിധിവരെ സാധിക്കുകയുണ്ടായി. ഈ അവസ്ഥക്ക് മാറ്റം വരുത്തി നിത്യാവിശ്യത്തിനുള്ള പണം വീടുകളില്‍ നിന്ന് തന്നെ കണ്ടത്തൊന്‍ ശ്രമിക്കുന്നത് വിലക്കയറ്റത്തെ· ഒരു പരിധി വരെ പ്രതിരോധിക്കാന്‍ കഴിയും.

ചികില്‍സ, വിദ്യാഭ്യാസം,പൊതുഗതാഗം തുടങ്ങിയ സേവനങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ സംവിധാനം തന്നെ പരമാവധി ഉപയോഗപ്പെടുത്താന്‍ സന്നദ്ധരാവേണ്ടതുണ്ട്. സ്വയം ഉല്‍പാദിപ്പിക്കാനൊ കൃഷിചെയ്യാനൊ പറ്റുന്ന സാധനങ്ങള്‍ കടകളില്‍ നിന്ന് പണം ചിലവഴിച്ച് വാങ്ങുന്ന ശീലം ഉപേക്ഷിക്കുകയാണ് പണപ്പെരുപ്പത്തിന്‍റെയും വിലക്കയറ്റത്തിന്‍റെയും രൂക്ഷ കെടുതിയില്‍ നിന്ന് രക്ഷപ്പെടാനുള്ള മറ്റൊരു മാര്‍ഗ്ഗം. ചുരുക്കത്തില്‍ വിലകയറ്റത്തെ ഭരണകൂടങ്ങള്‍ നിയന്ത്രിക്കുമെന്നുള്ള മിഥ്യധാരണയില്‍ അകപ്പെടാതെ സ്വയം തന്നെ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ തീര്‍ക്കുകയാണ് ഏറ്റവും കരണീയം. അല്ലാത്ത പക്ഷം നമ്മെ കാത്തിരിക്കുന്നത് ഭയാനകനാളുകളായിരിക്കും.

Related Articles