Current Date

Search
Close this search box.
Search
Close this search box.

Economy

പ്രവാസികളും സമ്പാദ്യശീലവും

ജീവിത യോഥനത്തിനായി അന്യപ്രദേശങ്ങളിലേക്ക് കുടിയേറി പാർക്കുന്നവരാണല്ലോ പ്രവാസികൾ. ജീവിത നിലനിൽപിനും പുരോഗതിക്കും ആവിശ്യമായ സമ്പാദ്യമാണ് പ്രവാസികളുടെ ലക്ഷ്യം. സമ്പത്ത് ജീവിതത്തിൻറെ അത്താണിയാണെന്ന് മാത്രമല്ല, അതില്ലാതെ ജീവിക്കുക അസാധ്യമാണ്. നവലോക സമ്പദ് വ്യവസ്ഥിതിയിൽ ക്ഷേമ രാഷ്ട്രമെന്ന ലക്ഷ്യം ഭരണകൂടങ്ങൾ ഉപേക്ഷിച്ചിരിക്കെ, സർക്കാർ നൽകിയിരുന്ന പല ആനുകൂല്യങ്ങളും എടുത്തുകളഞ്ഞിരിക്കുന്നു. ഇത് പ്രവാസികളുടെ മാത്രമല്ല എല്ലാ പൗരന്മാരുടെയും സാമ്പത്തിക ഭാരം വർദ്ധിപ്പിച്ചിട്ടുണ്ട്.

പണമുള്ളവർ കുടുതൽ പണം സമ്പാദിക്കുമ്പോൾ, വരുമാനം കുറഞ്ഞവർ സാമ്പത്തികമായി കൂടുതൽ ദുരിതമനുഭവിക്കുകയാണ്. നിക്ഷേപിക്കാനുള്ള അവരുടെ മാനസികമായ ഔൽസുക്യവും കുറവാണ്. തങ്ങളുടെ തുച്ചമായ വരുമാനത്തിൽ നിന്ന് എന്ത് സമ്പാദ്യം, എന്ത് മിച്ചംവെക്കൽ എന്നാണ് അവരുടെ പൊതുവായ ചിന്ത. എന്നാൽ ഏത് മഹത്തായ സംരംഭവും ആരംഭിക്കുന്നത് ഒരു ചുവടുവെപ്പിൽനിന്നാണെന്നും അതാണ് വലിയ സംഭരംങ്ങളായി മാറുന്നതെന്നും ആരും പലപ്പോഴും ഓർക്കാറില്ല.

സമ്പാദ്യശീലം വളർത്താൻ

ജിവിതത്തിലെ ഏറ്റവും സുപ്രധാന കാലമാണ് ഓരോ പ്രവാസിയും മറുനാട്ടിൽ ചിലവഴിച്ച്കൊണ്ടിരിക്കുന്നത്. അതിന് ശേഷം വീണ്ടും അയാൾ സ്വന്തം തട്ടകത്തിലേക്ക് തന്നെ തിരിച്ച് ചെല്ലുമ്പോൾ ആ കാലത്തേിക്ക് എന്തെങ്കിലും കരുതിവെച്ചില്ലങ്കിൽ ജീവിതം വഴിയാധാരമായിപ്പോവും. പ്രവാസിയെ സംരക്ഷിക്കാൻ സർക്കാറുകളൊ സംഘടനകളൊ സ്വന്തം കുടംബം പോലും ഉണ്ടാവാറില്ല എന്നതാണ് അനുഭവം. അതിന് ആരേയും പഴിചാരീട്ട് കാര്യമില്ല.

ഒരു അഭ്രപാളിയിലെന്നപോലെ പരദേശത്ത് കാര്യങ്ങൾ നിമിശങ്ങൾക്കുള്ളിൽ മാറിയും മറിഞ്ഞ്കൊണ്ടിരിക്കും. രണ്ടുമാസം ശമ്പളം മുടങ്ങിയാൽ പിടിച്ചുനിൽക്കാൻ കഴിയാത്ത ദുർബലമായ സാമ്പത്തികാവസ്ഥയാണ് മിക്കപ്രവാസികൾക്കുമുള്ളതു എന്നതാണ് സത്യം. പണം പണമായി കൈയ്യിലുണ്ടായാൽ (Passive Income) മാത്രമെ രക്ഷയുള്ളൂ എന്ന കാര്യം വിസ്മരിക്കരുത്. പല രൂപത്തിലും നിക്ഷേപങ്ങൾ ഉണ്ടാവാം. എന്നാൽ പത്ത് മാസത്തെ വരുമാനം പണമായി കൈയ്യിലുണ്ടാവണമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന ഉപദേശം.

ചിലവ് പരമാവധി ചുരുക്കുകയാണ് സമ്പാദ്യ ശീലത്തിൻറെ ആദ്യപടി. ആഡംബരങ്ങളും അനാവശ്യചിലവുകളും ഒഴിവാക്കിയാൽ മാത്രമേ സമ്പാദ്യത്തിന് തുടക്കം കുറിക്കാൻ കഴിയുകയുള്ളൂ. എന്ത് സാധനങ്ങൾ വാങ്ങുമ്പോഴും അതിൻറെ ഉപയുക്തതയെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കേണ്ടതാണ്. കണ്ണഞ്ചിപ്പിക്കുന്ന വർണ്ണശബളമായ സൂപ്പർമാർക്കറ്റുകളടേയും ഹൈപർമാർക്കറ്റുകളുടേയും മോഹന വലയത്തിലാണ് ഇന്ന് ജീവിക്കുന്നത്.

ഉപഭോഗ്താവിനെ സ്വാധീനിക്കാൻ, നിരവധി സൂത്രങ്ങൾ പ്രയോഗിച്ച് പല വസ്തുക്കളും നമ്മെ ആഘർഷിക്കുന്നതിൽ ഇലക്ട്രോണിക് മാധ്യമങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. അതിനാൽ അത്തരം കെണിയിൽ പെടാതിരിക്കാൻ, ഷോപ്പിംഗിന് പോവുന്നതിന് മുമ്പായി അവശ്യ സാധനങ്ങളുടെ ഒരു ലിസ്ററ് തയ്യാറാക്കുന്നതും അത് സമഗ്രമായി വിലയിരുത്തി സാധനങ്ങൾ വാങ്ങുകയും ചെയ്യുന്നത് പാഴ്ചിലവുകൾ ഒഴിവാക്കാൻ സഹായകമാവും.

വരവിനെക്കാൾ കൂടുതലായി ചെലവഴിക്കരുത് എന്ന് മാത്രമല്ല, വരവിൽ നിന്നും നല്ലൊരു ഭാഗം ഭാവിയിലേക്ക് സമ്പാദ്യമായി കരുതിവെക്കുക. അതിന് ശേഷമുള്ള സംഖ്യയായിരിക്കണം നിത്യചിലവിനായി നീക്കിവെക്കേണ്ടത്. ബുദ്ധിപരമായ കണക്കുകൂട്ടലുകൾ ആവശ്യമാണ്. പലപ്പോഴും വരവിനെക്കാൾ കൂടതലായി ചെലവഴിക്കുന്ന പ്രവണത പ്രവാസികളിൽ കാണുന്നുണ്ട്. സമ്പാദ്യം മഹത്തായൊരു കലയും ശാസ്ത്രവുമാണ്. അത് അറിയാതെ ജീവിത വിജയം അപ്രാപ്യമാണ്. സമ്പാദ്യം മുൻഗണന ക്രമമനുസരിച്ച് അത്യാവശ്യം, ആവശ്യം, ആഡംബരം എന്നിവ മനസ്സിലാക്കി ചിലവഴിക്കുക.

യമൻ പൗരൻറെ കഥ

വർഷങ്ങൾക്ക് മുമ്പ് ഒരു യമൻ വംശജൻ ഉപജീവനാർത്ഥം തൊട്ടടുത്തുള്ള അയൽ രാജ്യത്തേക്ക് കുടിയേറിപാർത്തു. അദ്ദേഹത്തിൻറെ കൈവശം സമ്പാദ്യമായി കുറച്ചു പണം മാത്രമേ കൈവശമുണ്ടായിരുന്നുള്ളൂ. ഉള്ള പണമെല്ലാം സ്വരൂപിച്ചു അദ്ദേഹം അവിടെ ഒരു മണി എക്സ്ചേഞ്ച് ആരംഭിച്ചു. രാപകലുകൾ കഠിനാധ്വാനം ചെയ്തു ആ പ്രവാസി സംരംഭകൻ സ്ഥാപനത്തെ ഉന്നതിയിലേക്കത്തെിക്കുകയുണ്ടായി. സ്ഥാപനം വികസിക്കുന്നതിനനുസരിച്ച് കൂടുതൽ ജീവനക്കാരെ നിയമിച്ചു. അപ്പോൾ അദ്ദേഹം തൻറെ ജോലിക്കാരെ ഇങ്ങനെ ഓർമ്മിപ്പിക്കാറുണ്ടായിരുന്നു:

ഈ മണി എക്സ്ചേഞ്ചിൽ പണം ധാരാളമായി അങ്ങിങ്ങ് കൂടികിടക്കുന്നതായി കാണാം. എന്നാൽ അതിൽ ഒരു നാണയം പോലും നിങ്ങൾ നിസ്സാരമായി കാണരുത്. കാരണം പലതുള്ളികൾചേർന്നാണ് പെരുവെള്ളമുണ്ടാവുന്നത്. വർഷങ്ങൾക്ക് മുമ്പ് ആ യമനി പ്രവാസി വലിയ സമ്പാദ്യമില്ലാതെ തുടക്കം കുറിച്ച മണിഎക്സ്ചെയ്ഞ്ച് ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മാത്രമല്ല ലോകത്ത് തന്നെ മികച്ച ബാങ്കുകളിൽ ഒന്നായി മാറീട്ടുണ്ട് എന്ന കാര്യം വലിയ പാഠമാണ് നൽകുന്നത്.

പണം ചോർന്നുപോവുന്ന വഴികൾ

പ്രവാസികൾക്ക് മെച്ചപ്പെട്ട വരുമാനം ലഭിക്കാറുണ്ടെങ്കിലും സാമ്പദ്യം കുറവാണ്. ആർഭാടമായ രമ്യഹർമ്മങ്ങൾ നിർമ്മിക്കുന്നതിനും ആഡംബര വാഹനങ്ങൾക്കും വിവാഹ മാമാങ്കത്തിനും പണം ചിലവഴിക്കുന്നതിൽ പ്രവാസികൾ മുന്നിലാണ്. അന്ധമായ അനുകരണ ഭ്രമവും സമൂഹത്തിൽ വ്യാജഅന്തസ്സ് നിലനിർത്താനുള്ള വ്യാമോഹവുമണ് ഇതിന് അവരെ പ്രേരിപ്പിക്കുന്നത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്നതോടെ ഇതെല്ലാം ബാധ്യതയായി മാറുന്ന ദുരനുഭവം നമുക്കുണ്ട്.

പ്രവാസ ജീവിതത്തിലൂടെ വിലപ്പെട്ട സമയമാണ് ചിലവഴിച്ച് കൊണ്ടിരിക്കുന്നതെന്നും അതിലൂടെ ലഭിക്കുന്ന ഒരോ സമ്പാദ്യവും അമൂല്യമാണെന്നും ചിന്തിച്ചാൽ ഭാവിയിലേക്ക് കരുതിവെക്കാനുള്ള ജാഗ്രതയുണ്ടാവും. പാഴ്ചിലവുകൾ കണ്ടത്തെി നിയന്ത്രിക്കുക. പലതരം തട്ടിപ്പ് സംഘങ്ങൾ വലവീശികൊണ്ടിരിക്കുന്നു. അതിന് പ്രവാസികൾ ഇരയാവാതിരിക്കുക. മദ്യപാനം,പുകവലി മറ്റ് അസാന്മാർഗ്ഗിക പ്രവർത്തനങ്ങളെല്ലാം ശാരീരികമായി മാത്രമല്ല സാമ്പത്തികമായും തകർക്കാൻ മാത്രമാണു സഹായിക്കുക.

നിക്ഷേപ സാധ്യതകൾ

സാമ്പത്തിക ഭദ്രതക്ക് സമ്പാദ്യത്തോടൊപ്പം നിക്ഷേപവും അനിവാര്യമാണ്. അപ്പോൾ മാത്രമാണ് സാമ്പത്തികമായ അഭിവൃദ്ധിയുണ്ടാവുകയുള്ളൂ. പലതരം നിക്ഷേപങ്ങൾ നമ്മുടെ മുമ്പിലുണ്ട്. കച്ചവട വ്യവസായ സംരംഭങ്ങൾ മുതൽ ഷയർ മാർക്കറ്റ്, മ്യൂചൽ ഫണ്ട്വരേയും, കാർഷിമേഖല മുതൽ ക്ഷീരവ്യവസായം വരേയും നീണ്ട്കിടക്കുന്ന നിക്ഷേപ സാധ്യതകൾ നിരവധിയാണ്. പങ്കാളിത്ത കച്ചവടത്തെ കുറിച്ചും ആലോചിക്കാം.

ഓരോ നിക്ഷേപ സാധ്യതകളേയും അതിൻറെ വരുംവരായ്കകളെ കുറിച്ച് പഠിച്ചതിന് ശേഷം, അന്തിമമായി അവരവർ തന്നെയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. പലിശ ഉൾപ്പടെയുള്ള നിഷിദ്ധമായ കാര്യങ്ങളിൽ നിക്ഷേപിക്കുന്നത് ഭാവിയിൽ ഗുരുതരമായ വിനാശമാണ് ഉണ്ടാക്കുക. ചൂഷണവും അക്രമവുമാണ് അത്തരം നിക്ഷേപങ്ങളുടെ അടസ്ഥാനം എന്നതാണ് അതിന് കാരണം. അനുവദനീയമാത് മാത്രം ഭക്ഷിക്കുക എന്നത് വേദഗ്രന്ഥങ്ങളുടെ പൊതുവായ ഉദ്ബോധനമാണ്.

(ഉടൻ പ്രസിദ്ധീകരിക്കുന്ന പ്രവാസികളുടെ മാർഗ്ഗദർശി എന്ന കൃതിയിൽ നിന്നു)

Related Articles