Current Date

Search
Close this search box.
Search
Close this search box.

കൈവശം വെക്കാനുള്ള അവകാശം

സ്വന്തമാക്കുക എന്നത് മനുഷ്യസഹജമായ വികാരമാണ്. മനോഹരമായ ഏതു വസ്തു കണ്ടാലും കൊച്ചുകുട്ടി പറയും അത് തന്റേതാണെന്ന്. ഇക്കാര്യത്തിൽ മുതലാളിത്ത നാടുകളിലെയും സോഷ്യലിസ്റ്റ് സമൂഹങ്ങളിലെയും കുട്ടികൾക്കിടയിൽ ഒരന്തരവുമില്ല. സ്വന്തമാക്കാനുള്ള മക്കളുടെ ആഗ്രഹം പൂർത്തീകരിച്ചു കൊടുക്കാൻ മാതാപിതാക്കൾ പരമാവധി ശ്രമിക്കുകയും ചെയ്യും.

വ്യക്തികളുടെയും കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും രാഷ്ട്രങ്ങളുടെയും സാമ്പത്തികമായ വളർച്ചക്കും വികാസത്തിനും പുരോഗതിക്കും സമ്പാദിക്കാനും സ്വന്തമാക്കാനുമുള്ള ചോദനയെ പ്രയോജനപ്പെടുത്താതെ സാധ്യമല്ല. അതുകൊണ്ടുതന്നെ സമ്പാദ്യത്തെ വളരെയേറെ പ്രോത്സാഹിപ്പിച്ച ഇസ്‌ലാം സ്വത്ത് കൈവശം വെക്കാനും സംരക്ഷിക്കാനും അനുവാദം നൽകിയിരിക്കുന്നു. ഓരോരുത്തരും വിഹിതവും അനുവദനീയമായ മാർഗത്തിലൂടെ സമ്പാദിക്കുന്ന സ്വത്തിന്റെയും അനന്തരമായി ലഭിക്കുന്ന സമ്പത്തിന്റെയും ക്രയവിക്രയാവകാശവും കൈവശാവകാശവും അയാൾക്കു തന്നെയാണ്. അത് മറ്റാർക്കും അന്യായമായി കൈവശപ്പെടുത്താൻ അധികാരമില്ല. അത് അപഹരിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്.

ഖുർആൻ പറയുന്നു: ”പുരുഷന്മാർക്ക് അവർ സമ്പാദിച്ചതിനനുസരിച്ച വിഹിതമുണ്ട്. സ്ത്രീകൾക്ക് അവർ സമ്പാദിച്ചതനുസരിച്ചുള്ള വിഹിതവും.”(4:32)

”മാതാപിതാക്കളും ബന്ധുക്കളും വിട്ടേച്ചു പോയതിൽ പുരുഷൻമാർക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും ബന്ധുക്കളും വിട്ടേച്ചു പോയതിൽ ഓഹരി സ്ത്രീകൾക്കുമുണ്ട്.”(4:7)

ഇങ്ങനെ സ്വകാര്യ ഉടമാവകാശത്തെ അംഗീകരിക്കുന്ന ഇസ്‌ലാം അതിനെ സാമൂഹ്യ താൽപര്യങ്ങളാൽ നിയന്ത്രിക്കുന്നു. അതിനാൽ ഭക്ഷണം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം, ചികിത്സ, വെള്ളം, വെളിച്ചം തുടങ്ങിയ പ്രാഥമികാവശ്യങ്ങൾ പൂർത്തീകരിക്കാൻ കഴിയാത്തവരും ചോദിച്ചു വരാൻ നിർബന്ധിതരാകുന്നവരും സമൂഹത്തിലുണ്ടാവുമ്പോൾ വ്യക്തികൾക്ക് തങ്ങളുടെ സ്വത്തിന്റെ മേലുള്ള അവകാശം നഷ്ടപ്പെടുന്നു. അത് അത്തരം ദരിദ്രരിലേക്കും അഗതികളിലേക്കും നീങ്ങുന്നു. ഇസ്‌ലാമിക സാമ്പത്തിക നിർദേശങ്ങൾ പാലിക്കുന്ന വിശ്വാസികളെക്കുറിച്ച് ഖുർആൻ പറയുന്നു: ”അവരുടെ സമ്പാദ്യങ്ങളിൽ ചോദിക്കുന്നവനും നിരാലംബനും അവകാശമുണ്ട്.” (51:19)

”അവരുടെ ധനത്തിൽ ചോദിച്ചെത്തുന്നവർക്കും പ്രാഥമികാവശ്യങ്ങൾക്ക് വകയില്ലാത്തവർക്കും നിർണിതമായ അവകാശമുണ്ട്.” (70:24,25)

”അടുത്ത ബന്ധുവിന് അയാളുടെ അവകാശം നൽകുക. ദരിദ്രനും വഴിയാത്രക്കാരനും അവരുടെ അവകാശങ്ങളും.”(17:26)

സമ്പന്നരുടെ സ്വത്തിൽ അടുത്ത ബന്ധുക്കൾക്കും പ്രാഥമികാവശ്യങ്ങൾ പൂർത്തീകരിക്കാനാവാത്തവർക്കും ചോദിച്ചെത്തുന്നവർക്കും വഴിയാത്രക്കാർക്കും അഗതികൾക്കും അവകാശമുണ്ടെന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. അതവർക്ക് നൽകാത്തവരും നൽകാൻ പ്രേരിപ്പിക്കാത്തവരും പാപികളും മതനിഷേധികളും പരലോകത്ത് ശിക്ഷാർഹരുമാണെന്ന് ഖുർആൻ ഖണ്ഡിതമായി പ്രഖ്യാപിക്കുന്നു.

”മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടോ? അത് അനാഥയെ ആട്ടിയകറ്റുന്നവനാണ്. അഗതിയുടെ അന്നം കൊടുക്കാൻ പ്രേരിപ്പിക്കാത്തവനും”
(107:1-3)

”അതിനാൽ അനാഥയോട് നീ കാഠിന്യം കാട്ടരുത്. ചോദിച്ചു വരുന്നവനെ വിരട്ടിയോട്ടരുത്.”(93:9,10)

”നിങ്ങൾ അനാഥയെ പരിഗണിക്കുന്നില്ല.അഗതിക്ക് അയാളുടെ അന്നം നൽകാൻ പ്രേരിപ്പിക്കുന്നുമില്ല.”(89:17,18)

മരണശേഷം വിചാരണയ്ക്ക് വിധേയമായി കുറ്റവാളിയാണെന്ന് വിധിക്കപ്പെടുകയും നരകപ്രവേശം ഉറപ്പാകുകയും ചെയ്യുമ്പോൾ അയാളുടെ തെറ്റുകുറ്റങ്ങൾ രണ്ടായി സംഗ്രഹിച്ചാൽ ഒന്ന് ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്നതാണെങ്കിൽ, രണ്ടാമത്തേത് അഗതിക്ക് അന്നം നൽകാൻ പ്രേരിപ്പിക്കുന്നില്ല എന്നതാണ്. (69:33,34)

ഇപ്രകാരം തന്നെ നരകാവകാശിയോട് അതിന് കാരണം ചോദിക്കുമ്പോൾ പറയുന്ന കാരണങ്ങളിലും അഗതിക്ക് അന്നം നൽകിയില്ലെന്നതാണ്. (74:42-44)

സമ്പത്ത് കൈവശം വെക്കുന്നവർ ദൈവശാസനകൾ പാലിച്ച് അവയുടെ അവകാശികൾക്ക് നൽകുമ്പോൾ മാത്രമേ ഖുർആൻ നിർദേശിച്ച സമ്പത്തിന്റെ വികേന്ദ്രീകരണം സാധ്യമാവുകയുള്ളൂ. ഖുർആൻ പറയുന്നു: ”സമ്പത്ത് നിങ്ങൾക്കിടയിലുള്ള ധനിക വിഭാഗത്തിനിടയിൽ മാത്രം കറങ്ങിക്കൊണ്ടിരിക്കുന്ന ഒന്നാവാതിരിക്കാൻ വേണ്ടിയാണിത്.” (59:7)

സമ്പത്ത് അതിന്റെ യഥാർഥ അവകാശികൾക്ക് നൽകാതെ ശേഖരിച്ചു വെക്കുന്നവർ ശിക്ഷാർഹരായ കുറ്റവാളികളാണെന്ന് ദൈവം പ്രഖ്യാപിക്കുന്നു:. ”സ്വർണവും വെള്ളിയും ശേഖരിച്ചു വെയ്ക്കുകയും അവ ദൈവ മാർഗത്തിൽ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ നോവേറിയ ശിക്ഷയെ സംബന്ധിച്ച് ‘സുവാർത്ത’ അറിയിക്കുക. നരകത്തീയിലിട്ട് ചുട്ടു പഴുപ്പിച്ച് അവകൊണ്ട് അവരുടെ നെറ്റികളും പാർശ്വഭാഗങ്ങളും മുതുകുകളും ചൂടുവെക്കും ദിനം. അന്ന് അവരോട് പറയും: ഇതാണ് നിങ്ങൾ നിങ്ങൾക്കായി സമ്പാദിച്ചു വെച്ചത്. അതിനാൽ നിങ്ങൾ സമ്പാദിച്ചു വെച്ചതിന്റെ രുചി ആസ്വദിച്ചു കൊള്ളുക.”(9:35)

ഇങ്ങനെ ഇസ്‌ലാം വ്യക്തിയുടെ ഉടമാവകാശത്തെ സമൂഹത്തിന്റെ സാമ്പത്തിക ഘടനയുമായി ബന്ധിപ്പിക്കുന്നു. സമൂഹം ദാരിദ്ര്യം അനുഭവിക്കുമ്പോൾ വ്യക്തിയുടെ വശമുള്ള സമ്പത്ത് അയാളുടേതല്ലാതായിത്തീരുന്നു. അതിന്റെ അവകാശം സമൂഹത്തിന് ലഭിക്കുന്നു. ഇത്തരം ഘട്ടങ്ങളിൽ അവശതയനുഭവിക്കുന്നവർക്ക് ധനം വ്യയം ചെയ്യുന്നത് ധനിക വിഭാഗത്തിന്റെ ഔദാര്യമല്ല; ബാധ്യതാ നിർവഹണം മാത്രമാണെന്ന് ഉപര്യുക്ത ഖുർആൻ സൂക്തങ്ങൾ വ്യക്തമാക്കുന്നു.

പ്രമുഖ പണ്ഡിതനായ ഇമാം ഇബ്‌നു ഹസം പറയുന്നു: ”ഓരോ നാട്ടിലെയും സമ്പന്നർ അവിടത്തെ ദരിദ്രരെ രക്ഷിക്കേണ്ടതാണ്. മുസ്‌ലിംകളുടെ സകാത്തും മറ്റു വിഭവങ്ങളും മതിയാകാതെ വന്നാൽ അതിനപ്പുറം നൽകാൻ സർക്കാർ അവരെ നിർബന്ധിക്കേണ്ടതാണ്. ഭക്ഷണവും ശൈത്യകാലത്തിനും ചൂടുകാലത്തിനുമുള്ള വസ്ത്രവും മഴ,വെയിൽ, തണുപ്പ്, വഴിയാത്രക്കാരുടെ ഉപദ്രവം എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്ന വീടുമാണ് ദരിദ്രരുടെ അവകാശം.” (അൽ മുഹല്ല: ഭാഗം: 6.പുറം: 156)

ഇതുസംബന്ധമായി പ്രവാചകൻ പറഞ്ഞു: ”ആവശ്യത്തിൽ കൂടുതൽ വാഹനമുള്ളവർ ഇല്ലാത്തവന് നൽകട്ടെ. ഭക്ഷണം ബാക്കിയുള്ളവർ അതില്ലാത്തവർക്കും.”

മറ്റൊരിക്കൽ അദ്ദേഹം അരുൾ ചെയ്തു. ”ആരുടെയെങ്കിലുമടുക്കൽ രണ്ടാളുടെ ഭക്ഷണമുണ്ടെങ്കിൽ മൂന്നാമനെ അതിൽ പങ്കാളിയാക്കട്ടെ.നാലാളുടെ ആഹാരമുണ്ടെങ്കിൽ അഞ്ചാമനെയോ ആറാമനെയോ കൂടെ കൂട്ടട്ടെ.” ഇപ്രകാരം തന്നെ കൃഷിക്കുപയുക്തമായ ഭൂമി ഉപയോഗിക്കാതെ തരിശാക്കിയിടാൻ പാടില്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ തരിശായ നിലം ഭരണകൂടം പിടിച്ചെടുത്ത് കർഷകർക്ക് നൽകേണ്ടതാണ്.

ഉപയോഗിക്കാതെ കിടക്കുന്ന തരിശുനിലം ആരെങ്കിലും കൃഷിക്കുപയുക്തമാക്കിയാൽ അതയാൾക്കുള്ളതാണെന്നും പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. സമ്പന്നർ പാവങ്ങളോടുള്ള ബാധ്യത നിർവഹിക്കുന്നില്ലെങ്കിൽ ഭരണകൂടം ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. അതിനായി അനിവാര്യമായി വന്നാൽ സർക്കാരിന് ബലപ്രയോഗവും നടത്താവുന്നതാണ്. സർക്കാർ അതിനു സന്നദ്ധമാകുന്നില്ലെങ്കിൽ നീതിന്യായ കോടതികൾ ഭരണകൂടത്തെ അതിന് നിർബന്ധിക്കണം. ഇബ്‌നുൽ ആബിദൈനി പറയുന്നു. ”ദുർബലനായ ദരിദ്രന് ചെലവിന് നൽകാൻ ഭരണാധികാരിയെ ന്യായാധിപൻ വിധിയിലൂടെ നിർബന്ധിക്കേണ്ടതാണ്.”(അൽ മുസ്‌ലിമൂൻ. പുസ്തകം 5. ലക്കം:1 പുറം:40)

ഇങ്ങനെ സമ്പാദ്യത്തെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇസ്‌ലാം സ്വകാര്യ ഉടമാവകാശത്തെ അംഗീകരിക്കുകയും കൈവശം വെക്കാൻ അനുവാദം നൽകുകയും ചെയ്യുന്നതോടൊപ്പം സാമൂഹിക താൽപര്യങ്ങളാൽ അതിനെ ശക്തമായി നിയന്ത്രിക്കുന്നു. അതോടൊപ്പം സമൂഹത്തിനുവേണ്ടി ചെലവഴിക്കുന്ന ഓരോ നാണയത്തുട്ടിനും ധാന്യമണിക്കും മരണശേഷമുള്ള ശാശ്വതമായ പരലോക ജീവിതത്തിൽ അതിരുകളില്ലാത്ത മഹത്തായ പ്രതിഫലം ഉറപ്പ് നൽകുകയും ചെയ്യുന്നു. ( തുടരും )

Related Articles