Current Date

Search
Close this search box.
Search
Close this search box.

ദാനം –  നിർബന്ധവും ഐച്ഛികവും

ഇസ്‌ലാം വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സാമ്പത്തിക സുസ്ഥിതിക്കും സുരക്ഷിതത്വത്തിനും വളരെയേറെ ഊന്നൽ നൽകുന്നു. ദാരിദ്ര്യ നിർമാർജനം ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാന ലക്ഷ്യങ്ങളിൽ പെടുന്നു. പ്രാഥമികാവശ്യങ്ങൾ പൂർത്തീകരിക്കപ്പെടാത്ത ആരും സൂഹത്തിൽ ഉണ്ടാവാതിരിക്കാനാവശ്യമായ സമീപനമാണ് അത് സ്വീകരിച്ചത്. സകാത്ത് അതിന്റെ ഭാഗമാണ്.

ഇസ്‌ലാമിലെ നാല് നിർബന്ധ ആരാധനാകർമങ്ങളിൽ രണ്ടാമത്തേതാണ് സകാത്ത്. സാമ്പത്തികശേഷിയുള്ള വിശ്വാസികൾ നിർബന്ധമായും നൽകേണ്ട ദാനമാണിത്. നമസ്‌കാരത്തെപ്പോലെ തന്നെ പ്രാധാന്യമുള്ള ആരാധന. ഇരുപത്തിഎട്ടിടങ്ങളിൽ ഖുർആൻ നമസ്‌കാരത്തോട് ചേർത്താണ് സകാത്ത് പറഞ്ഞിട്ടുള്ളത്.

പൊതുവേ പറഞ്ഞാൽ മനുഷ്യർ അധ്വാനിച്ചുണ്ടാക്കുന്ന വരുമാനത്തിന് രണ്ടര ശതമാനവും മൂലധനം ഉല്പാദിപ്പിക്കുന്നവക്ക് പത്ത് ശതമാനവും രണ്ടും ചേർന്നാകുമ്പോൾ അഞ്ച് ശതമാനവുമാണ് സകാത്ത് നൽകേണ്ടത്. മനുഷ്യാധ്വാനവും മൂലധനവുമില്ലാതെ ലഭിക്കുന്ന പാറക്കല്ല്, ഖനിജങ്ങൾ, അവാർഡ്, പാരിതോഷികങ്ങൾ പോലുള്ളവയ്ക്ക് ഇരുപത് ശതമാനമാണ് സകാത്ത്.

കൃഷി, കച്ചവടം, കന്നുകാലി വളർത്തൽ, ശമ്പളം, വാടക തുടങ്ങിയ വിവിധ ഇനങ്ങൾക്ക് സകാത്ത് നിർബന്ധമാകുന്ന പരിധി വ്യത്യസ്തമാണ്. സാമ്പത്തിക ശേഷിയുള്ളവർ എന്നതാണ് പൊതുവേ അടിസ്ഥാനം. സൂക്ഷിച്ചുവെക്കുന്ന സ്വർണത്തിനും പണത്തിനും മറ്റും സകാത്ത് നിർബന്ധമാണ്. സമ്പത്ത് പ്രത്യുൽപാദന രംഗത്ത് പ്രയോജനപ്പെടുത്തപ്പെടാതെ കെട്ടിപ്പൂട്ടി വെക്കാതിരിക്കാൻ ഇത് വഴിയൊരുക്കുന്നു. ഓരോ വർഷവും സകാത്ത് കൊടുക്കേണ്ടി വരുന്നതിനാൽ സമ്പത്തിൽ കുറവ് വന്നു കൊണ്ടേയിരിക്കും. അങ്ങനെ സംഭവിക്കാതിരിക്കാൻ അത് പ്രയോജനപ്പെടുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. അഥവാ എല്ലാവരും പണമുണ്ടാക്കാൻ പണിയെടുക്കുകയും അത് കെട്ടിക്കിടക്കാതിരിക്കാൻ ജാഗ്രത പുലർത്തുകയും വേണം. അഥവാ സമ്പത്ത് സദാ ഒഴുകിക്കൊണ്ടിരിക്കണം. അതിന് കൂടി വഴിയൊരുക്കുന്ന ആരാധനാ കർമമാണ് സകാത്ത്.

സകാത്ത് സംഘടിതമായി ശേഖരിച്ച് വിതരണം നടത്തുകയാണ് വേണ്ടത്. അതിനാൽ അത് ലഭിക്കുന്നവർക്ക് ആരോടും പ്രത്യേകം വിധേയത്വമുണ്ടാവുന്നില്ല. ഔദാര്യമായി നൽകേണ്ട ഒന്നല്ല സകാത്ത്. വാങ്ങുന്നവന് ന്യായമായും ലഭിക്കേണ്ട അവകാശമാണ്, കൊടുക്കുന്നവൻ നിർബന്ധമായി നൽകേണ്ടതും. ഇത് ദൈവത്തിനുള്ള ആരാധനയാണ്. ഗുണഭോക്താവോ പാവപ്പെട്ട മനുഷ്യരും. ആരൊക്കെയാണ് സകാത്ത് സ്വീകരിക്കാൻ അർഹരെന്ന് ഖുർആൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. (9:60)

സംസ്‌കരണം
ആത്മ സംസ്‌കരണം, ഉദാരത വളർത്തൽ, ദാരിദ്ര്യ നിർമാർജനം, സമ്പന്നനും ദരിദ്രനും തമ്മിലുള്ള സഹകരണം, വിടവ് നികത്തൽ, സമ്പത്തിന്റെയും ജീവിതത്തിന്റെയും സംസ്‌കരണം തുടങ്ങിയ നിരവധി ലക്ഷ്യങ്ങൾ സകാത്തിനുണ്ട്.

എന്നാൽ സ്വത്ത് തന്റേതാണെന്ന ബോധത്തെ തിരുത്തുന്നുവെന്നതാണ് പരമപ്രധാനം. ആർത്തിയുടെയും സ്വാർഥതയുടെയും പിശുക്കിന്റെയുമൊക്കെ അടിസ്ഥാനം അതാണല്ലോ. അതുകൊണ്ടുതന്നെ സാമ്പത്തിക രംഗത്ത് ഇസ്‌ലാം ഏറ്റവും കൂടുതൽ സംബോധന ചെയ്യുന്നത് ഇതിനെയാണ്.

സ്വത്തിന്റെ ഉടമാവകാശം ദൈവത്തിനാണെന്ന ചിന്ത ഊട്ടിയുറപ്പിക്കാനായി ഖുർആനിലുടനീളം ‘നാം നിങ്ങൾക്ക് നൽകിയതെ’ന്ന് ഊന്നിയൂന്നിപ്പറയുന്നു. അതുകൊണ്ടും മതിയാക്കാതെ ഒരിടത്ത് ‘ദൈവം നിങ്ങൾക്ക് നൽകിയ ദൈവത്തിന്റെ ധനത്തിൽനിന്ന്’ (24:33) എന്നുതന്നെ പറഞ്ഞിരിക്കുന്നു.

ധനം തന്റേതാണെന്ന നിലപാട് സ്വീകരിച്ച പല കുറ്റവാളികളെക്കുറിച്ചും അവരുടെ ആ നിലപാട് വരുത്തിവെച്ച വിനയെക്കുറിച്ചും വിശുദ്ധ ഖുർആൻ വിശദീകരിക്കുന്നുണ്ട്. അതിൽ ഏറെ ശ്രദ്ധേയമാണ് മൂസാ നബിയുടെ കാലത്തെ അദ്ദേഹത്തിന്റെ ജനതയിൽ പെട്ട ഖാറൂൻ മുതലാളിയുടെ കഥ. കണക്കാക്കാനാവാത്തയത്ര സ്വത്തുണ്ടായിരുന്ന അയാൾ അതൊക്കെയും തന്റെ ജ്ഞാന മൂലധനമുപയോഗിച്ച് നേടിയതാണെന്ന് അവകാശപ്പെടുകയും അതിനനുസൃതമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. അഹന്ത നടിക്കുകയും പൊങ്ങച്ചം കാണിക്കുകയും ചെയ്തു. തദ്ഫലമായി എല്ലാം നശിച്ചൊടുങ്ങി. (28:76-82)

പതിനെട്ടാം അദ്ധ്യായത്തിൽ സുഹൃത്തുമായുള്ള സംഭാഷണങ്ങളിൽ സ്വത്ത് തന്റേതാണെന്ന അവകാശവാദമുയർത്തിയ ഒരു തോട്ടക്കാരന്റെ പതനകഥയും ഖുർആൻ വിശദീകരിക്കുന്നുണ്ട് (18:32-43)

കൂടാതെ തന്റെ സ്വത്തെന്ന ഭാഷയിൽ സംസാരിച്ചയാളോട് ദൈവം ഗൗരവപൂർവമായ ചില ചോദ്യങ്ങളുന്നയിക്കുന്നു. ”അവൻ കരുതുന്നുവോ; അവനെ ആരും കാണുന്നില്ലെന്ന്. അവന് നാം കണ്ണിണകൾ നൽകിയില്ലേ? നാവും ചുണ്ടിണകളും? തെളിഞ്ഞ രണ്ടു വഴികൾ നാമവന് കാണിച്ചു കൊടുത്തില്ലേ?” (90:7-10)

അത്യുദാരതയുടെ കവാടം
ധനം തന്നതും തിരിച്ചെടുക്കുന്നതും ദൈവമാണെന്നും അതിനാൽ തനിക്ക് അതിനുമേൽ ഉടമാവകാശമില്ലെന്നും തിരിച്ചറിയുന്നവർ അത്യുദാരരായിരിക്കും. ദൈവത്തിന്റെ സൃഷ്ടികൾക്ക് വേണ്ടി ചെലവഴിക്കുന്നതൊക്കെയും ദൈവമാർഗത്തിലാണെന്ന് പഠിപ്പിക്കുന്ന ഇസ്‌ലാം അതിന് അതിരുകളില്ലാത്ത പ്രതിഫലം വാഗ്ദാനം ചെയ്യുന്നു. ഖുർആൻ പറയുന്നു: ”ദൈവ മാർഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉപമയിതാ: ഒരു ധാന്യമണി; അത് ഏഴ് കതിരുകളെ മുളപ്പിച്ചു. ഓരോ കതിരിലും നൂറു മണികൾ! ദൈവം അവനിച്ഛിക്കുന്നവർക്ക് ഇരട്ടിയിരട്ടി കൂട്ടിക്കൊടുക്കുന്നു. ദൈവമേറെ വിശാലതയുള്ളവനും സർവജ്ഞനുമാണ്.”(2:261)

നന്മയെന്നാൽ എന്തെന്ന് വിശദീകരിക്കുന്ന ഖുർആൻ വിശ്വാസത്തിന്റെയും ആരാധനകളുടെയുമിടയിലാണ് ദാനധർമങ്ങൾക്കിടം നൽകിയത്.
”നിങ്ങൾ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ മുഖം തിരിക്കുന്നതിലല്ല പുണ്യം. പിന്നെയോ, ദൈവത്തിലും അന്ത്യദിനത്തിലും മാലാഖമാരിലും വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുക, സമ്പത്തിനോട് ഏറെ പ്രിയമുണ്ടായിരിക്കെ അത് അടുത്ത ബന്ധുക്കൾക്കും അനാഥകൾക്കും അഗതികൾക്കും വഴിയാത്രക്കാർക്കും ചോദിച്ചെത്തുന്നവർക്കും അടിയാളരുടെ മോചനത്തിനും ചെലവഴിക്കുക, നമസ്‌കാരം നിഷ്ഠയോടെ നിർവഹിക്കുക, സകാത്ത് നൽകുക, കരാറിലേർപ്പെട്ടാൽ അത് പാലിക്കുക, ഇങ്ങനെ ചെയ്യുന്നവരാണ് പുണ്യവാന്മാർ. അവരാണ് സത്യം പാലിച്ചവർ. അവർ തന്നെയാണ് യഥാർഥ ഭക്തന്മാർ.” (2:177)

ഇപ്രകാരം തന്നെ ഏറെ പുണ്യകരവും സത്യശുദ്ധവുമായ ദുർഘടമാർഗം ധനവ്യയമാണെന്ന് ഖുർആൻ ഊന്നിപ്പറയുന്നു: ”എന്നിട്ടും അവൻ മലമ്പാത താണ്ടിക്കടന്നില്ല, മലമ്പാത ഏന്തെന്ന് നിനക്കെന്തറിയാം? അത് അടിയാളന്റെ മോചനമാണ്. അല്ലെങ്കിൽ കൊടും വറുതി നാളിലെ അന്നദാനം. അടുത്ത ബന്ധുവായ അനാഥക്ക്. അല്ലെങ്കിൽ പട്ടിണിക്കാരനായ മണ്ണ് പുരണ്ട അഗതിക്ക്. പിന്നെ സത്യവിശ്വാസം സ്വീകരിക്കുകയും ക്ഷമയും കാരുണ്യവും പരസ്പരം ഉപദേശിക്കുകയും ചെയ്തവരിൽ ഉൾപ്പെടലുമാണ്.” (90:11-17)

സത്യവിശ്വാസികൾ മറ്റുള്ളവരുടെ ദുഃഖങ്ങളും വേദനകളും നെഞ്ചേറ്റുന്നു. വ്യക്തിജീവിതത്തിൽ ലാളിത്യം പുലർത്തുന്നു. സ്വന്തത്തിനു വേണ്ടി അത്യാവശ്യമുള്ളത് ചെലവഴിക്കുന്നു. സമൂഹത്തോട് ഉദാരമായ സമീപനം സ്വീകരിക്കുന്നു. തനിക്ക് ദൈവം നൽകിയ ധനത്തിൽ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുന്നു. അതിലൂടെ ദൈവപ്രീതി പ്രതീക്ഷിക്കുന്നു. അത്തരക്കാരെക്കുറിച്ച് ദൈവം പറയുന്നു:
”രാവിലും പകലിലും രഹസ്യമായും പരസ്യമായും ധനം ചെലവഴിക്കുന്നവർക്ക് തങ്ങളുടെ രക്ഷിതാവിങ്കൽ അർഹമായ പ്രതിഫലമുണ്ട്. അവർക്ക് ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ടി വരില്ല.” (2: 274)

ഏറ്റവും പ്രിയപ്പെട്ടത് ചെലവഴിക്കുന്നവർക്കാണ് ഏറെ പുണ്യം. ദൈവം അറിയിക്കുന്നു: ”നിങ്ങൾക്ക് പ്രിയങ്കരമായതിൽനിന്ന് ചെലവഴിക്കുന്നത് വരെ നിങ്ങൾ പുണ്യം നേടുകയില്ല. നിങ്ങൾ എന്തു ചെലവഴിച്ചാലും അതേക്കുറിച്ച് ദൈവം നന്നായി അറിയുന്നു.” (3: 92)

നമ്മുടെ സമ്പത്ത് നമ്മൾ മരണമടയുന്നത് വരെയാണ്. മരണത്തോടെ അത് അനന്തരാവകാശിയുടേതായിത്തീരുന്നു. അതുകൊണ്ടുതന്നെ ആസന്നമരണനായവന്റെ ധനവ്യയം സ്വീകരിക്കപ്പെടുകയില്ല.

ദൈവം പറയുന്നു: ”സത്യവിശ്വാസികളായ എന്റെ ദാസന്മാരോട് കൽപിക്കുക; അവർ നമസ്‌കാരം നിഷ്ഠയോടെ നിർവഹിക്കട്ടെ. മൈത്രീ ബന്ധങ്ങളോ ക്രയവിക്രയങ്ങളോ ഒന്നും നടക്കാത്ത നാൾ വരും മുമ്പേ നാമവർക്ക് നൽകിയതിൽ നിന്ന് ചെലവഴിക്കുകയും ചെയ്യട്ടെ.” (14:31)

പ്രതിഫലേച്ഛ കൂടാതെയാണ് ധനം ചെലവഴിക്കേണ്ടത്. ഖുർആൻ പറയുന്നു: ”നിങ്ങൾ ധനം ചെലവഴിക്കുന്നുവെങ്കിൽ അത് നിങ്ങളുടെ നൻമയ്ക്ക് വേണ്ടി തന്നെയാണ്. ദൈവത്തിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ച് മാത്രമാണ് നിങ്ങൾ സമ്പത്ത് ചെലവഴിക്കേണ്ടത്. നിങ്ങൾ നല്ലതെന്ത് ചെലവഴിച്ചാലും അതിനുള്ള പ്രതിഫലം നിങ്ങൾക്ക് പൂർണമായി ലഭിക്കും. നിങ്ങളൊട്ടും അനീതിക്കിരയാവില്ല.” (2:272 )

”ദൈവത്തിന്റെ മാർഗത്തിൽ അവർ തങ്ങളുടെ ധനം ചെലവഴിക്കുന്നു. എന്നിട്ട് ചെലവഴിച്ചത് എടുത്ത് പറയുന്നില്ല. ദാനം സ്വീകരിച്ചവരെ ശല്യം ചെയ്യുന്നുമില്ല. അത്തരക്കാർക്ക് അവരുടെ നാഥന്റെയടുക്കൽ അർഹമായ പ്രതിഫലമുണ്ട്. അവർക്ക് പേടിക്കേണ്ടി വരില്ല. ദുഃഖിക്കേണ്ടിയും വരില്ല.” (2:262)

ധനം ദാനം നൽകുന്നവർക്ക് അവരൂഹിക്കാത്ത വഴിയിലൂടെ സമ്പത്ത് വന്നെത്തും. ‘മനുഷ്യാ, നീ ചെലവഴിക്കുക. എങ്കിൽ നിനക്ക് വേണ്ടിയും ചെലവഴിക്കപ്പെടുമെന്ന്’ദൈവം തന്നെ അറിയിച്ചതായി പ്രവാചകൻ പറയുന്നു.

മുഹമ്മദ് നബി അരുൾ ചെയ്യുന്നു:
”മനുഷ്യാ, മിച്ചമുള്ളത് ചെലവഴിക്കുന്നത് നിനക്ക് നന്മയാണ് വരുത്തുക. ചെലവഴിക്കാതിരിക്കുന്നത് ദോഷവും. അത്യാവശ്യത്തിന് കരുതി വെക്കുന്നത് ആക്ഷേപാർഹമല്ല. ദാനം അടുത്ത ബന്ധുക്കളിൽ നിന്ന് തുടങ്ങുക. താഴ്ന്നു നിൽക്കുന്ന കയ്യിനേക്കാൾ ഉത്തമം ഉയർന്നുനിൽക്കുന്ന കയ്യാണ്.”
”ദാനം ധനത്തിലൊരു കുറവും വരുത്തുകയില്ല.”

”മനുഷ്യരിൽ ഏറ്റവും ശ്രേഷ്ഠൻ കൈ നന്നായി തുറന്നു വെക്കുന്നവനാണ്.”
ഉദാരമതികൾ ദൈവത്തിനും മനുഷ്യർക്കും ഒരേപോലെ പ്രിയപ്പെട്ടവരായിരിക്കും; പരലോക വിജയം വരിക്കുന്നവരും. പ്രവാചകൻ പറയുന്നു: ”ഉദാരമതിയുടെ വീഴ്ചകൾ നിങ്ങൾ വിട്ടുകൊടുക്കുക. കാരണം അയാൾ തെന്നി വീഴുമ്പോൾ ദൈവം കൈ പിടിച്ചു നിർത്തും. ഉദാരമതി ദൈവവുമായി അടുത്തവനാണ്. ജനങ്ങളോട് അടുത്തവനും. സ്വർഗത്തിന് സമീപസ്ഥനും. പിശുക്കനായ പണ്ഡിതനേക്കാൾ ദൈവത്തിനിഷ്ടം ഉദാരനായ പാമരനെയാണ്.”

പിശുക്കന്മാർ പണംകൊണ്ട് സന്തോഷിക്കുന്നതിന് പകരം പണമുണ്ടാക്കുന്നത് കൊണ്ട് സന്തോഷിക്കുന്നു. അതുകൊണ്ടുതന്നെ അവരുടെ പണം അവർക്കോ മറ്റുള്ളവർക്കോ ഒട്ടും ഉപകരിക്കുകയില്ല. അവർ കോടിപതികളായിരിക്കും. മരണംവരെ അത് കെട്ടിപ്പൂട്ടി വെക്കും. മരണത്തോടെ അവർ ആരുമല്ലാതാകുന്നു. ജീവിതകാലത്തുതന്നെ അത്തരക്കാരെ ആരും പരിഗണിക്കുകയില്ല. മരണശേഷം പറയുകയും വേണ്ട. ചരിത്രത്തിൽ എന്നും എവിടെയും ഇടംനേടുക ഉദാരമതികളാണ്.

ഒരാളുടെ യഥാർഥ ധനം ഏതെന്ന ചോദ്യം ഏറെ പ്രധാനമാണ്. അതിന് പ്രവാചകൻ നൽകുന്ന മറുപടി വളരെയേറെ പ്രസക്തവും.
മുഹമ്മദ് നബി അരുൾ ചെയ്യുന്നു: ”മനുഷ്യൻ എന്റെ സ്വത്ത്, എന്റെ സ്വത്ത്, എന്ന് പറയുന്നു. യഥാർഥത്തിൽ മൂന്നെണ്ണം മാത്രമാണ് അയാളുടെ സ്വത്ത്. തിന്നു തീർത്തത്, ധരിച്ച് നുരുമ്പിയത്, ദാനം നൽകി സുരക്ഷിതമാക്കിയത്. അതല്ലാത്തതെല്ലാം മറ്റുള്ളവർക്കായി വിട്ടേച്ച് അയാൾ വിടപറയും.”’

പ്രവാചകൻ ചോദിച്ചു: ”സ്വന്തം സ്വത്തിനേക്കാൾ അനന്തരാവകാശിയുടെ സ്വത്ത് ഇഷ്ടപ്പെടുന്നവൻ ആരാണ്?” അനുചരന്മാർ പറഞ്ഞു: ”ദൈവദൂതരേ, സ്വന്തം സ്വത്തിൽ കൂടുതൽ ഇഷ്ടമില്ലാത്ത ആരും ഞങ്ങളിലില്ല.” അപ്പോൾ അവിടുന്ന് അറിയിച്ചു: ”നിങ്ങൾ ഉപയോഗിച്ച് തീർത്തതാണ് നിങ്ങളുടെ സ്വത്ത്. നിങ്ങൾ വിട്ടേച്ചു പോകുന്നത് അനന്തരാവകാശികളുടേതും.”
പ്രവാചക പത്‌നി ആയിശ പറയുന്നു: ”അവർ ഒരാടിനെ അറുത്ത് ദാനം ചെയ്തു. അപ്പോൾ പ്രവാചകൻ ചോദിച്ചു: ‘ബാക്കി എന്തുണ്ട്?”
ആയിശ പറഞ്ഞു: ”അതിന്റെ ചുമലല്ലാതെ ഒന്നുമില്ല.”
അപ്പോൾ അവിടുന്ന് അരുൾ ചെയ്തു: ”ചുമലല്ലാത്തതെല്ലാം ബാക്കിയായിരിക്കുന്നു.”

കഷ്ടപ്പെടുന്നവരെ കാണുമ്പോൾ പ്രവാചകൻ ഏറെ പ്രയാസപ്പെടുമായിരുന്നു. അവരുടെ ദുരിതമകറ്റാൻ ആവുന്നതൊക്കെ ചെയ്യുമായിരുന്നു. ജാബിർ പറയുന്നു: ”ഞങ്ങൾ മധ്യാഹ്ന സമയത്ത് നബിതിരുമേനിയുടെ കൂടെയായിരുന്നു. അപ്പോൾ നഗ്‌നപാദരും കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ചവരുമായ ഒരു സംഘം അവിടെയെത്തി. അവർ മുദർ ഗോത്രക്കാരായിരുന്നു. അവരുടെ കഷ്ടപ്പാട് കണ്ടപ്പോൾ പ്രവാചകന്റെ മുഖം വിവർണമായി. അവിടെ ദുഃഖം പ്രകടമായി. അവിടെയുള്ളവരോടൊന്നിച്ച് നമസ്‌കാരം നിർവഹിച്ച ശേഷം പ്രവാചകൻ ദാനധർമങ്ങളുടെ പ്രാധാന്യം എടുത്തു പറഞ്ഞു. പിന്നീട് എല്ലാവരോടും പണവും ഗോതമ്പും വസ്ത്രവും ഈത്തപ്പഴവും ദാനം ചെയ്യാൻ ആവശ്യപ്പെട്ടു. അവസാനം ഇത്രത്തോളം പറഞ്ഞു: ”കാരക്കയുടെ ഒരു ചീളെങ്കിലും.” ഇതുകേട്ട് ഒരാൾ തനിക്ക് വഹിക്കാവുന്നതിധികം വലിയ ചുമടുമായി വന്നു. തുടർന്ന് മറ്റുള്ളവരും അതാവർത്തിച്ചു. അതോടെ പ്രവാചകൻ അത്യധികം സന്തുഷ്ടനായി.

പ്രവാചകൻ പറയുന്നു: ”അയൽക്കാരൻ അടുത്ത് പട്ടിണി കിടക്കുകയും അതേക്കുറിച്ച് അറിയുകയും ചെയ്തിട്ടും വയറു നിറയ്ക്കുന്നവൻ എന്നിൽ വിശ്വസിക്കുന്നവനല്ല.”

സമൂഹത്തിൽ പ്രാഥമികാവശ്യങ്ങൾ പൂർത്തീകരിക്കാൻ കഴിയാതെ പ്രയാസപ്പെടുന്നവരുണ്ടാവുമ്പോൾ നിർബന്ധ ദാനമായ സകാത്ത് നൽകിയതു കൊണ്ടുമാത്രം സമ്പന്നരുടെ ബാധ്യത പൂർത്തീകരിക്കപ്പെടുകയില്ല. അപ്പോൾ ദരിദ്രരും അഗതികളും അവരുടെ സ്വത്തിൽ അവകാശികളായി ത്തീരുമെന്ന കാര്യം നേരത്തെ വിശദീകരിക്കപ്പെട്ടതാണല്ലോ.

മഹിത മാതൃകകൾ
വിശുദ്ധ ഖുർആന്റെയും പ്രവാചകചര്യയുടെയും ആഹ്വാനം വിശ്വാസി സമൂഹത്തെ അത്യുദാരമാക്കിയതിന്റെ ആയിരക്കണക്കിന് മഹിതമായ മാതൃകകൾ കൊണ്ട് ധന്യമാണ് ഇസ്‌ലാമിക ചരിത്രം. പ്രവാചകകാലം തൊട്ടിന്നോളമുള്ള ചരിത്രം ഇതിന് സാക്ഷിയാണ്. രണ്ട് സംഭവങ്ങൾ മാത്രം ഇവിടെ കുറിക്കുന്നു.

രണ്ടാം ഹലീഫാ ഉമറുൽ ഫാറൂഖിന്റെ ഭരണകാലത്ത് നാട്ടിൽ വരൾച്ച കാരണം കടുത്ത ക്ഷാമം ബാധിച്ചു. ഭക്ഷ്യവസ്തുക്കൾ വില കൊടുത്താലും കിട്ടാത്ത സ്ഥിതി വന്നു. അപ്പോഴാണ് സിറിയയിൽ നിന്ന് ധാരാളം ചരക്കുകളുമായി ഒരു കച്ചവടസംഘം മദീനയിലെത്തിയത്. അതോടെ വ്യാപാരികളെല്ലാം ഒത്തുകൂടി. അവർ സാധനങ്ങൾക്ക് വില പറഞ്ഞു. മൂന്നിരട്ടിവരെ ലാഭം നൽകാൻ അവർ സന്നദ്ധരായി. പക്ഷേ ചരക്കുകളുടെ ഉടമയായ ഉസ്മാനുബ്‌നു അഫ്ഫാൻ അത് വിൽക്കാൻ സന്നദ്ധനായില്ല. അതോടെ എല്ലാവരും വില കൂട്ടിപ്പറഞ്ഞു. അങ്ങനെ അതിന് വമ്പിച്ച ലാഭം വാഗ്ദാനം ചെയ്യപ്പെട്ടു. അപ്പോൾ ഉസ്മാൻ പറഞ്ഞു: ”എനിക്ക് അതിന്റെ എത്രയോ ഇരട്ടി ലാഭം ലഭിച്ചുകഴിഞ്ഞു.” അതവിടെ ഒരുമിച്ചു കൂടിയ കച്ചവടക്കാരെയൊക്കെ അത്ഭുത സ്തബ്ധരാക്കി. അവർ ചോദിച്ചു: ”ഈ സാധനങ്ങൾക്ക് ഞങ്ങളേക്കാൾ വില നൽകാൻ തയ്യാറായത് ആരാണ്?” ”അല്ലാഹു! നിങ്ങൾ തരാമെന്ന് പറഞ്ഞതിന്റെ എത്രയോ ഇരട്ടി ലാഭമാണ് അവൻ വാഗ്ദാനം ചെയ്തത്. അതിനേക്കാൾ കൂടുതൽ നൽകാൻ ആർക്കാണ് കഴിയുക?” ഉസ്മാന്റെ മറുപടി കേട്ട് കച്ചവടക്കാർ പിരിഞ്ഞുപോയി. അദ്ദേഹം അത് പാവപ്പെട്ടവർക്കിടയിൽ വിതരണം ചെയ്തു.

മറ്റൊരു സംഭവം. പ്രവാചക പുത്രി ഫാത്വിമ ഗർഭിണിയായിരുന്നു. അവർക്ക് മധുരമുള്ള ഈത്തപ്പഴം കഴിക്കാൻ അതിയായ ആഗ്രഹമുണ്ടായി. ഭർത്താവ് അലി പരമ ദരിദ്രനായിരുന്നു. അതിനാൽ വളരെ പ്രയാസപ്പെട്ടാണ് തന്റെ ആഗ്രഹമറിയിച്ചത്. അലി അങ്ങാടിയിൽ പോയി ഈത്തപ്പഴം കടംവാങ്ങി കൊണ്ടു വരികയായിരുന്നു. വഴിയിൽ വെച്ച് പിന്നിൽ നിന്ന് ഒരാൾ വിളിച്ചു: ”അലീ. നിൽക്കൂ. വിശന്നിട്ടു വയ്യ. വല്ലതും തരണമേ.”തിരിഞ്ഞുനോക്കിയപ്പോൾ പരമ ദരിദ്രനായ ഒരാളായിരുന്നു. അതോടെ അലി തന്റെ വശമുള്ള ഈത്തപ്പഴപ്പൊതി അയാൾക്ക് നൽകി. വെറുംകയ്യോടെ വീട്ടിലേക്ക് മടങ്ങി. സംഭവം വിവരിച്ചു കേട്ടപ്പോൾ പ്രിയപത്‌നി ഫാത്വിമാബീവി പറഞ്ഞു: ”ആ ഈത്തപ്പഴം തിന്നിരുന്നുവെങ്കിൽ ഏതാനും സമയത്തെ സന്തോഷമല്ലേ ലഭിക്കുമായിരുന്നുള്ളു. ഇപ്പോൾ അങ്ങ് ചെയ്തത് ജീവിതാന്ത്യം വരെയും മരണശേഷവും നമുക്ക് സന്തോഷിക്കാൻ വക നൽകുന്ന കാര്യമാണല്ലോ. അങ്ങയെപ്പോലുള്ള ഒരു ഭർത്താവിനെ എനിക്ക് നൽകിയ ദൈവത്തിനാണ് സർവ സ്തുതിയും.”

ഇത്തരം നൂറുകണക്കിന് സംഭവങ്ങൾ പ്രവാചകന്റെ അനുയായികളുടെ ജീവിതകാലത്തുതന്നെ നടക്കുകയുണ്ടായി. അന്നുതൊട്ടിന്നോളം അവയ്ക്ക് അവിരാമമായ ആവർത്തനങ്ങളുമുണ്ടായി. സമകാലീന സമൂഹത്തിലും അത്തരം മഹിതമായ മാതൃകകൾക്ക് ലോകം സാക്ഷ്യം വഹിച്ചു കൊണ്ടേയിരിക്കുന്നു. ( അവസാനിച്ചു)