Current Date

Search
Close this search box.
Search
Close this search box.

Economy

മിതവ്യയത്തിന്റെ മഹിത മാർഗം

ഭൂമിയിൽ വെച്ച് ദൈവത്തിന്റെ ശാപകോപങ്ങൾക്കിരയായി സമൂലം നശിപ്പിക്കപ്പെട്ട ഏതാനും ജനസമൂഹങ്ങളുടെ ചരിത്രമേ ഖുർആൻ വിശദീകരിക്കുന്നുള്ളു. അവയിൽ മൂന്നും സാമ്പത്തിക കുറ്റവാളികളായിരുന്നുവെന്നതാണ് ഏറെ ശ്രദ്ധേയം. അതിൽ തന്നെ രണ്ട് ജനസമുദായങ്ങൾ സമ്പത്ത് ചെലവഴിക്കുന്നതിലെ തിന്മ കാരണം തുടച്ചു നീക്കപ്പെട്ടവയാണ്.

അഹ്ഖാഫ് ദേശത്ത് ജീവിച്ചിരുന്ന ജനതയാണ് ആദ് സമൂഹം. റുബൂഉൽ ഖാലിയുടെ തെക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. റുബൂഉൽ ഖാലി ഹിജാസിന്റെയും യമന്റെയും യമാമയുടെയും മധ്യേയാണ്. ആദ് ജനതയുടെ ആവാസമേഖല യമന്റെ പടിഞ്ഞാറേക്കര മുതൽ ഇറാഖ് വരെ വ്യാപിച്ചിരുന്നു. 1992ൽ നിക്കോളസ് കോൽബ എന്ന പര്യവേക്ഷകൻ ആദ് ജനതയുടെ ചരിത്രാവശിഷ്ടങ്ങൾ കണ്ടെടുക്കുകയുണ്ടായി. ഒമാനിലെ സലാലയിൽ നിന്ന് 172 കിലോമീറ്റർ ദൂരെയുള്ള ഉബാറയിൽ നിന്നാണത് കണ്ടെടുത്തത്.

ആദ് ജനതയുടെ മുഖ്യ തിന്മകളിലൊന്ന് ധൂർത്തും ദുർവ്യയവുമായിരുന്നു. അവർ മലമുകളിൽ സ്മാരക സൗധങ്ങളുണ്ടാക്കി പൊങ്ങച്ചം നടിച്ചു. അതിനാൽ അവരിലേക്ക് നിയോഗിതനായ പ്രവാചകൻ ഹൂദ് അവരോട് പറഞ്ഞു: ”വെറുതെ പൊങ്ങച്ചം കാട്ടാനായി നിങ്ങൾ എല്ലാ കുന്നിൻ മുകളിലും സ്മാരക സൗധങ്ങൾ കെട്ടിപ്പൊക്കുകയാണോ? നിങ്ങൾക്ക് എക്കാലവും പാർക്കാനെന്ന പോലെ പടുകൂറ്റൻ കൊട്ടാരങ്ങൾ പടുത്തുയർത്തുകയാണോ? നിങ്ങൾ ആരെയെങ്കിലും പിടികൂടിയാൽ വളരെ ക്രൂരമായാണ് ബലപ്രയോഗം നടത്തുന്നത്. അതിനാൽ നിങ്ങൾ ദൈവത്തെ സൂക്ഷിച്ച് ജീവിക്കുക. എന്നെ അനുസരിക്കുക.” (26:128-131)

ആദ് ജനത ഹൂദ് നബിയെ അനുസരിച്ചില്ല. തങ്ങളുടെ പൊങ്ങച്ചം അവസാനിപ്പിച്ചില്ല. കടുത്ത ധിക്കാരം കാണിക്കുകയും ചെയ്തു. അങ്ങനെ അവർ ശിക്ഷാർഹരായി. സമൂലം നശിപ്പിക്കപ്പെട്ടു. അക്കാര്യം അല്ലാഹു ഇങ്ങനെ വിശദീകരിക്കുന്നു. ”ആദ് ജനത അത്യുഗ്രമായി ആഞ്ഞടിച്ച കൊടുങ്കാറ്റിനാൽ നാമാവശേഷമായി. ഏഴ് രാവും എട്ട് പകലും ഇടതടവില്ലാതെ ദൈവം അതിനെ അവരുടെ നേരെ തിരിച്ചു വിട്ടു. അപ്പോൾ നുരുമ്പിയ ഇൗത്തപ്പനത്തടികൾ പോലെ ആ കാറ്റിലവർ ഉയിരറ്റ് കിടക്കുന്നത് നിനക്ക് കാണാമായിരുന്നു.” (ഖുർആൻ.69:6,7)

”അവസാനം നാം ദുരിതം നിറഞ്ഞ നാളുകളിൽ അവരുടെ നേരെ അത്യുഗ്രമായ കൊടുങ്കാറ്റയച്ചു. ഐഹിക ജീവിതത്തിൽ തന്നെ അപമാനകരമായ ശിക്ഷ ആസ്വദിപ്പിക്കാനായിരുന്നു അത്. പരലോക ശിക്ഷ ഇതിനേക്കാൾ എത്രയോ കൂടുതൽ അപമാനകരമാണ്. അവർക്ക് എങ്ങു നിന്നും ഒരു സഹായവും ലഭിക്കുകയില്ല.” (41:16)

പൊങ്ങച്ചത്തിനായി സമ്പത്ത് ധൂർത്തടിച്ചതിന്റെ പേരിൽ നശിപ്പിക്കപ്പെട്ട മറ്റൊരു ജന വിഭാഗമാണ് സമൂദ് സമുദായം. അവരുടെ ആവാസകേന്ദ്രം ഹിജ്‌റ് ആയിരുന്നു. അറേബ്യയുടെ വടക്ക് പടിഞ്ഞാറാണിത് സ്ഥിതി ചെയ്യുന്നത്. അവിടമിന്നും അതേ പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. തബൂക്കിന്റെയും മദീനയുടെയും നടുവിലാണിത്. ഹിജാസ് റെയിൽവേ നിലനിന്നിരുന്ന കാലത്ത് ‘മദായിനു സ്വാലിഹ്’എന്ന പേരിൽ അവിടെ ഒരു സ്റ്റേഷനുണ്ടായിരുന്നു. അവിടമായിരുന്നു സമൂദ് ഗോത്രത്തിന്റെ കേന്ദ്രം.

അവരുടെ മുഖ്യ തിന്മകളിലൊന്ന് പൊങ്ങച്ചപ്പുരകളുണ്ടാക്കലായിരുന്നു. ആർഭാട പ്രിയരായി മലഞ്ചെരുവുകളിൽ പാറകൾ തുരന്ന് വീടുകളുണ്ടാക്കിക്കൊണ്ടിരുന്നു. അതിനാൽ അവരിലേക്ക് നിയോഗിതനായ സ്വാലിഹ് നബി അതിനറുതിവരുത്താൻ അവരോടാവശ്യപ്പെട്ടു. അവരതംഗീകരിച്ചില്ല. സ്വാലിഹ് നബിയെ ധിക്കരിക്കുകയും ചെയ്തു. അങ്ങനെ അവർ ശിക്ഷാർഹരായി. അക്കാര്യം ഇങ്ങനെ വിശദീകരിക്കുന്നു. ”താഴ്‌വരകളിൽ പാറ വെട്ടിപൊളിച്ച് പാർപ്പിടങ്ങളുണ്ടാക്കിയ സമൂദ് ഗോത്രത്തെ നിന്റെ നാഥൻ എന്ത് ചെയ്തുവെന്ന് നീ കണ്ടില്ലേ?…. നിന്റെ നാഥൻ അവർക്കുമേൽ ശിക്ഷയുടെ ചാട്ടവാർ വർഷിച്ചു.” (89: 9,13)

ധൂർത്തും ദുർവ്യയവും എത്ര വലിയ കുറ്റമാണെന്ന് ഈ രണ്ട് ജനസമൂഹങ്ങളുടെ അനുഭവം നമ്മെ പഠിപ്പിക്കുന്നു. അന്നപാനീയങ്ങൾ ജീവൻ നിലനിർത്താൻ അനിവാര്യമാണ്. അവയുടെ ഉപയോഗത്തിൽ പോലും പരിധി പാലിക്കണമെന്ന് ഇസ്‌ലാം കണിശമായി അനുശാസിക്കുന്നു. വിശുദ്ധ ഖുർആനിലിങ്ങനെ കാണാം. ”നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക. പക്ഷേ പരിധി ലംഘിക്കരുത്. അതിര് ലംഘിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.” (7:31)

നമസ്‌കാരത്തിന് അംഗശുദ്ധി വരുത്തൽ നിർബന്ധമാണ്. അത് നിർവഹിക്കുമ്പോൾ പോലും ആവശ്യത്തിലധികം വെള്ളം ഉപയോഗിക്കരുത്. ധൂർത്തും ദുർവ്യയവും അനാവശ്യവും ആർഭാടവും പൂർണമായും ഉപേക്ഷിക്കുന്ന ജീവിതരീതിയാണ് ഇസ്‌ലാം അനുശാസിക്കുന്നത്. അതിനാലാണ് ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയിൽനിന്ന് അംഗശുദ്ധി വരുത്തുമ്പോൾ പോലും വെള്ളം പാഴാക്കരുതെന്ന് പ്രവാചകൻ പഠിപ്പിച്ചത്. സഅദ് അംഗശുദ്ധി (വുദു) വരുത്തിക്കൊണ്ടിരിക്കെ അതുവഴി ചെന്ന പ്രവാചകൻ ചോദിച്ചു: ”ഇതെന്ത് ദുർവ്യയമാണ് സഅദേ?”

”വുദുവിലും അമിതവ്യയമുണ്ടോ?” അദ്ദേഹം അന്വേഷിച്ചു.

”ഉണ്ട്. ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയിൽ നിന്നായാലും!” പ്രവാചകൻ പ്രതിവചിച്ചു.

ധൂർത്ത് സംഭവിച്ചേക്കാവുന്ന എല്ലാറ്റിനെയും പ്രവാചകൻ ശക്തമായി വിലക്കി.

പ്രവാചകശിഷ്യൻ ഹുദൈഫ അറിയിക്കുന്നു: ”സ്വർണത്തിന്റെയും വെള്ളിയുടെയും പാത്രത്തിൽ നിന്ന് തിന്നുന്നതും കുടിക്കുന്നതും പട്ട് ധരിക്കുന്നതും അതിന്മേൽ ഇരിക്കുന്നതും പ്രവാചകൻ ഞങ്ങളോട് വിരോധിച്ചിരിക്കുന്നു.”

സമ്പത്ത് പാഴാക്കുന്നത് ദൈവത്തിന് വളരെയേറെ വെറുക്കപ്പെട്ട കാര്യമാണ്. പ്രവാചകൻ പറയുന്നു: ”നിങ്ങൾ കണ്ടതും കേട്ടതുമൊക്കെ പറയുന്നതും അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നതും ധനം പാഴാക്കുന്നതും ദൈവം വെറുക്കുന്നു.”

ഒരു തുള്ളി വെള്ളമോ ഒരു വറ്റോ ധാന്യമണിയോ പാഴാക്കുന്നത് പ്രവാചകൻ ശക്തമായി വിലക്കിയിരിക്കുന്നു. സമൂഹത്തെ പിശുക്കിനേക്കാളേറെ സ്വാധീനിക്കുക ധൂർത്തും ദുർവ്യയവുമാണ്. ജാതി, മത, സമുദായ ഭേദമില്ലാതെ വീട് നിർമാണത്തിലും വിവാഹാഘോഷങ്ങളിലും ആഭരണങ്ങളിലും വസ്ത്രങ്ങളിലും ധൂർത്തും ദുർവ്യയവും ആർഭാടവും അനാവശ്യവും ഏറെ പ്രകടമാണ്. സമൂഹത്തെ അഗാധമായി സ്വാധീനിക്കാൻ സാധ്യതയുള്ളതിനാലാണ് ഈ തിന്മയെ ഖുർആൻ വളരെ ശക്തമായി വിലക്കിയത്. അല്ലാഹു പറയുന്നു: ”നീ ധൂർത്തും ദുർവ്യയവും കാണിക്കരുത്. ധൂർത്തന്മാർ പിശാചുക്കളുടെ സഹോദരന്മാരാണ്. പിശാച് തന്റെ രക്ഷിതാവിനോട് തീരെ നന്ദി കാണിക്കാത്തവനും.” (ഖുർആൻ.17:26,27)

പിശുക്ക്
മനുഷ്യ മനസ്സിന്റെ ഏറ്റവും മ്ലേഛമായ വികാരങ്ങളിലൊന്നാണ് പിശുക്ക്. പണക്കാർ മാത്രമല്ല, പാവപ്പെട്ടവരും പലപ്പോഴും അതിനടിപ്പെടാറുണ്ട്. പിശുക്ക് ആർക്കും ഒരു ഗുണവും ചെയ്യുകയില്ല. ദോഷം മാത്രമേ വരുത്തുകയുള്ളൂ. സമ്പത്ത് ഒട്ടും ഉപയോഗിക്കാത്തവനാണ് പിശുക്കൻ. സ്വന്തത്തിനു പോലും ഗുണം ചെയ്യാത്ത വിധം അപകടകാരിയാണ് പിശുക്ക്. അതിനാലാണ് ഖുർആൻ അക്കാര്യം പ്രത്യേകം ഉണർത്തുന്നത്.

”ദൈവം തന്റെ അനുഗ്രഹമായി നൽകിയ സമ്പത്തിൽ പിശുക്ക് കാണിക്കുന്നവർ തങ്ങൾക്കത് ഗുണകരമാണെന്ന് ഒരിക്കലും കരുതരുത്. അതവർക്ക് ഹാനികരമാണ്. ഉയിർത്തെഴുന്നേൽപ് നാളിൽ അവർ പിശുക്ക് കാണിച്ചു ഉണ്ടാക്കിയ ധനത്താൽ അവരുടെ കണ്ഠങ്ങളിൽ വളയമണിയിക്കപ്പെടും.” (3:180)

”പിശുക്ക് കാണിക്കുകയും പിശുക്കിന് ആളുകളെ പ്രേരിപ്പിക്കുകയും തങ്ങൾക്ക് ദൈവം നൽകിയ ഔദാര്യം മറച്ചുപിടിക്കുകയും ചെയ്യുന്നവരാണവർ. നന്ദികെട്ടവർക്ക് അപമാനകരമായ ശിക്ഷയാണ് നാം ഒരുക്കി വെച്ചിരിക്കുന്നത്” (4:37)

പണത്തോടുള്ള പ്രതിപത്തി മനുഷ്യസഹജമാണ്. അത് നേടാൻ പാടുപെടാത്തവർ വളരെ വിരളമായിരിക്കും. മനുഷ്യന്റെ ധനതൃഷ്ണയെ തൃപ്തിപ്പെടുത്താൻ സമ്പത്തിന്റെ വമ്പിച്ച കൂമ്പാരങ്ങൾ പോലും സാധ്യമല്ല. പണം കൈവിട്ടു പോകുമോയെന്ന പേടി പിടികൂടാത്തവർ നന്നെ കുറവായിരിക്കും. അതു കൊണ്ടുതന്നെ പിശുക്കിന്റെ പിടിയിൽ നിന്ന് മോചനം നേടാൻ ഏറെ പേർക്കും സാധ്യമല്ല. മനുഷ്യന്റെ ഈ പൊതു പ്രകൃതത്തെ ഖുർആൻ ഇങ്ങനെ പ്രകാശിപ്പിക്കുന്നു. ”പറയുക: എന്റെ നാഥന്റെ അനുഗ്രഹങ്ങളുടെ ഭണ്ഡാരം നിങ്ങളാണ് നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതെങ്കിൽ ചെലവായിത്തീരുമെന്ന ഭയം കാരണം അത് നിങ്ങൾ തടഞ്ഞുവെക്കുമായിരുന്നു. മനുഷ്യൻ വളരെ പിശുക്കൻ തന്നെ!” (17:100)

പിശുക്കൻ സ്വന്തം ആവശ്യങ്ങൾക്ക് പോലും ചെലവഴിക്കാൻ മടികാണിക്കുന്നു. അതിനാൽ സമ്പത്തുണ്ടായിട്ടും പ്രയാസകരമായ ജീവിതം നയിക്കുന്നു. അവസാന വിശകലനത്തിൽ പിശുക്കിന്റെ ഏറ്റവും പ്രയാസമനുഭവിക്കുന്ന ഇര അയാൾ തന്നെയായിരിക്കും. പുഴയുടെ നടുവിലായിരുന്നിട്ടും വെള്ളം കിട്ടാതെ മരിക്കുന്ന നിർഭാഗ്യവാനെപ്പോലെയാണയാൾ.

ദൈവത്തിന്റെ സൃഷ്ടികൾക്കുള്ള സഹായം ദൈവത്തിനുള്ള ദാനമായി പരിചയപ്പെടുത്തുന്ന വിശുദ്ധ ഖുർആൻ ഈ വസ്തുത ഇങ്ങനെ വ്യക്തമാക്കുന്നു. ”മനുഷ്യരേ, ദൈവമാർഗത്തിൽ ചെലവഴിക്കാൻ ക്ഷണിക്കുമ്പോൾ പിശുക്ക് കാണിക്കുന്നവർ നിങ്ങളിലുണ്ട്. എന്നാൽ ആർ പിശുക്ക് കാണിക്കുന്നുവോ യഥാർഥത്തിൽ തന്നോട് തന്നെയാണവൻ പിശുക്ക് കാണിക്കുന്നത്. ദൈവം ആരുടെയും ആശ്രയം ആവശ്യമില്ലാത്തവനാണ്; നിങ്ങൾ പരാശ്രിതരും.നിങ്ങൾ പിന്തിരിഞ്ഞു പോകുന്നുവെങ്കിൽ പകരം മറ്റൊരു സമുദായത്തെ അവൻ പ്രതിഷ്ഠിക്കും. പിന്നീട് അവർ നിങ്ങളെപ്പോലെയാവുകയില്ല.” (47:38)

പിശുക്ക് മനുഷ്യമനസ്സിലെ സകല നന്മകളെയും നശിപ്പിക്കുന്നു. കാരുണ്യത്തെ കെടുത്തുന്നു. സ്‌നേഹവാത്സല്യ വികാരങ്ങളെ ഇല്ലാതാക്കുന്നു. സൗഹൃദങ്ങൾക്കും കൂട്ടായ്മകൾക്കും വിഘാതം വരുത്തുന്നു. തന്റെ ആവശ്യം കഴിച്ച് ബാക്കി വരുന്നത് പോലും തടഞ്ഞു വെക്കുന്നു. നശിച്ചുപോകുന്ന വസ്തുക്കൾ പോലും മറ്റുള്ളവർക്ക് നൽകാൻ വിസമ്മതിക്കുന്നു. ഈ ക്രൂരത മരണാനന്തരജീവിതത്തിൽ കൊടിയ ശിക്ഷക്ക് കാരണമാകും. പ്രവാചകൻ പറയുന്നു: ”ആരെങ്കിലും ബാക്കിവരുന്ന തന്റെ വെള്ളവും പുല്ലും തടഞ്ഞു വെച്ചാൽ പുനരുത്ഥാന നാളിൽ ദൈവം തന്റെ അനുഗ്രഹം അവന് നിഷേധിക്കും.”

എന്നാൽ പിശുക്കന്മാർക്ക് തങ്ങളുടെ ആ തിന്മ ഒരു ഹരമായാണ് അനുഭവപ്പെടുക. അവരതിൽ അഭിരമിച്ചു കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ പിശുക്കിൽ നിന്ന് പിന്തിരിയുന്നതിനു പകരം അതിലൂടെ മുന്നേറിക്കൊണ്ടിരിക്കും, അനിവാര്യമായ പതനത്തെ അഭിമുഖീകരിക്കും വരെ. ഇക്കാര്യം ഖുർആൻ ഇങ്ങനെ വ്യക്തമാക്കുന്നു. ”ആർ പിശുക്ക് കാണിക്കുകയും സ്വയംപര്യാപ്തത നടിക്കുകയും ഉൽകൃഷ്ട നടപടികളെ നിഷേധിക്കുകയും ചെയ്യുന്നുവോ അവന് ഏറ്റവും പ്രയാസകരമായ പാതയിൽ പ്രവേശിക്കാൻ നാം വേഗം സൗകര്യം ചെയ്തു കൊടുക്കും. അവൻ നാശമടയുമ്പോൾ അവന്റെ സമ്പത്ത് അവനൊട്ടും ഉപകരിക്കുകയില്ല.” (92:8-11)

കുടുംബ ശൈഥില്യത്തിനും സമൂഹത്തിൽ കുഴപ്പവും കലാപവുമുണ്ടാകാനും പിശുക്ക് കാരണമായേക്കാം. പ്രവാചകൻ പറയുന്നു: ”നിങ്ങൾ അക്രമം സൂക്ഷിക്കുക. തീർച്ചയായും അക്രമം അന്ത്യദിനത്തിൽ അന്ധകാരമായിരിക്കും. പിശുക്കിനെ നിങ്ങൾ സൂക്ഷിക്കുക. നിങ്ങളുടെ മുൻഗാമികളെ നശിപ്പിച്ചത് അതാണ്. രക്തം ചിന്താനും കുടുംബബന്ധങ്ങൾ മുറിക്കാനും അവരെ പ്രേരിപ്പിച്ചതും അതുതന്നെ.”
സത്യവിശ്വാസവും പിശുക്കും ഒരിക്കലും ഒത്തു പോവുകയില്ല. പ്രവാചകൻ പറയുന്നു: ”രണ്ടു കാര്യങ്ങൾ സത്യവിശ്വാസിയിൽ ഉണ്ടാവുകയില്ല. പിശുക്കും ദുസ്വഭാവവും.”

”ഒരാളുടെ മനസ്സിലും സത്യവിശ്വാസവും പിശുക്കും ഒരിക്കലും ഒത്തുകൂടുകയില്ല.”

അതിനാൽ പിശുക്കിൽ നിന്ന് പൂർണമായും മോചനം നേടണമെന്ന് ഇസ്‌ലാം നിഷ്‌കർഷിക്കുന്നു. ജീവിതവിജയത്തിന് അതനിവാര്യമാണെന്ന് പഠിപ്പിക്കുന്നു.അല്ലാഹു അറിയിക്കുന്നു: ”അതിനാൽ ആവുന്നത്ര നിങ്ങൾ ദൈവത്തോട് ഭക്തിയുള്ളവരാവുക. കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. ധനം ചെലവ് ചെയ്യുക. അത് നിങ്ങൾക്ക് തന്നെ ഗുണകരമായിരിക്കും. മനസ്സിന്റെ പിശുക്കിൽ നിന്ന് വിടുതി നേടുന്നവരാരോ അവരാകുന്നു വിജയികൾ.” (64:16)

മിതവ്യയം
ഇസ്‌ലാം എല്ലാറ്റിലും മധ്യമ മാർഗമവലംബിക്കാനാണ് ആവശ്യപ്പെടുന്നത്. അതിനാൽ സാമ്പത്തിക രംഗത്ത് മിതവ്യയം നിർദേശിക്കുന്നു. പിശുക്കും ധൂർത്തും വർജ്യമാണ്. രണ്ടിന്റെയും മധ്യേയാണ് ഇസ്‌ലാം നിർദേശിക്കുന്ന രാജമാർഗം.

അല്ലാഹു അനുശാസിക്കുന്നു. ”നിന്റെ കൈ നീ പിരടിയിൽ കെട്ടിവെക്കരുത്. അതിനെ മുഴുവനായി നിവർത്തിയിടുകയുമരുത്. അങ്ങനെ ചെയ്താൽ നീ നിന്ദിതനും ദുഃഖിതനുമായിത്തീരും.” (17:29)

ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ട തന്റെ ദാസന്മാരെക്കുറിച്ച് അവൻ പറയുന്നു. ”ചെലവഴിക്കുമ്പോൾ അവർ പരിധി വിടുകയില്ല.പിശുക്ക് കാട്ടുകയുമില്ല. രണ്ടിനുമിടക്ക് മിതമാർഗം സ്വീകരിക്കുന്നവരാണവർ.” (25:67)

എന്നും എവിടെയും മഹിതമായ ഈ മിതമാർഗം സ്വീകരിച്ച സമൂഹങ്ങളാണ് വിജയം വരിച്ചത്. യഥാർഥ സാമൂഹ്യനീതി സ്ഥാപിതമായതും അത്തരം സമൂഹങ്ങളിൽ തന്നെ. ഇന്നോളമുള്ള മനുഷ്യചരിത്രം ഇത് സാക്ഷ്യപ്പെടുത്തുന്നു. ( തുടരും )

Related Articles