Current Date

Search
Close this search box.
Search
Close this search box.

ആർത്തിക്ക് അറുതി

തലചായ്ക്കാൻ ഇടമില്ലാത്തവൻ ആഗ്രഹിക്കുക ഒരു കൊച്ചുകൂര കിട്ടണമെന്നാണ്. അത് ലഭ്യമാകുന്നതോടെ ആഗ്രഹം ഓടിട്ട വീടിന് വേണ്ടിയായിത്തീരുന്നു. അത് സാധ്യമാകുമ്പോൾ സുന്ദരമായ സിമന്റ് സൗധം സ്വപ്‌നം കാണുന്നു. അത് സാക്ഷാത്കരിക്കപ്പെടുന്നതോടെ കൂടുതൽ മെച്ചപ്പെട്ട മറ്റൊന്നാഗ്രഹിക്കുന്നു. അതും പൂർത്തീകരിക്കപ്പെടുന്നതോടെ പ്രധാന പട്ടണങ്ങളിലൊക്കെയും വീടുണ്ടാവണമെന്ന് കൊതിക്കുന്നു. പൊതുവേ മനുഷ്യപ്രകൃതം ഇതാണ്. എത്ര കിട്ടിയാലും മതിവരില്ല. കൊതി തീരില്ല. ഓരോ മോഹവും പൂർത്തീകരിക്കപ്പെടുന്നതോടെ പുതിയവ പിറവിയെടുക്കുന്നു. അങ്ങനെ മനുഷ്യൻ അറ്റമില്ലാത്ത ആഗ്രഹങ്ങളുടെയും ഒടുങ്ങാത്ത മോഹങ്ങളുടെയും സാക്ഷാത്കരിക്കാനാവാത്ത സങ്കല്പങ്ങളുടെയും പിന്നാലെ പരക്കം പായുന്നു. ഇല്ലായ്മയുടെ വല്ലായ്മകളും വേവലാതികളും വിഹ്വലതകളുമായി കഴിഞ്ഞുകൂടുന്നു. മനുഷ്യന്റെ ധനതൃഷ്ണയെ തൃപ്തിപ്പെടുത്താൻ സമ്പത്തിന്റെ വമ്പിച്ച കൂമ്പാരങ്ങൾക്ക് പോലും കഴിയില്ല. മഹാഭൂരിപക്ഷം മനുഷ്യരും ജീവിക്കാനായി സ്വത്ത് സമ്പാദിക്കുന്നവരല്ല. സ്വത്ത് സമ്പാദിക്കാനായി ജീവിക്കുന്നവരാണ്. മനുഷ്യന്റെ ഈ പണക്കൊതിയെ ഖുർആൻ ഇങ്ങനെ നിരീക്ഷിക്കുന്നു. ”ധനത്തെ നിങ്ങൾ അതിരറ്റ് സ്‌നേഹിക്കുന്നു.” (89:20)

”ഭാര്യമാർ, മക്കൾ, സ്വർണത്തിന്റെയും വെള്ളിയുടെയും കൂമ്പാരങ്ങൾ, മേത്തരം കുതിരകൾ, കന്നുകാലികൾ, കൃഷിയിടങ്ങൾ എന്നീ ഇഷ്ട വിഭവങ്ങളോടുള്ള മോഹം മനുഷ്യർക്ക് ചേതോഹരമായി തോന്നുന്നു. അതൊക്കെയും ഐഹികജീവിതത്തിലെ സുഖഭോഗങ്ങളാണ്. എന്നാൽ ഏറ്റവും ഉത്തമമായ സങ്കേതം ദൈവത്തിങ്കലാകുന്നു.”(3:14)

ആർത്തിക്കടിപ്പെട്ടവർ പരമപ്രാധാന്യം കല്പിക്കുക പണത്തിനാണ്. അത്തരക്കാരുടെ യഥാർഥ ദൈവം ധനമാണ്. പൂജാവസ്തു പണവും. അവരുടെ മതം വ്യാപാരമാണ്; ആരാധനാലയം കമ്പോളവും. അനുവദനീയത ലാഭവും നിഷിദ്ധത നഷ്ടവുമാണ്. അതിനാൽ അവരെല്ലാറ്റിനെയും നോക്കിക്കാണുക സാമ്പത്തിക മാനദണ്ഡമനുസരിച്ചാണ്. കൂട്ടിക്കിഴിച്ച് ലാഭച്ഛേദങ്ങളും നഷ്ട ശിഷ്ടങ്ങളും വരവുചെലവുകളും നോക്കിയാണ് കാര്യങ്ങൾ തീരുമാനിക്കുക. മനുഷ്യബന്ധങ്ങൾ പോലും അതിനതീതമാവില്ല. സ്വന്തം മക്കൾ പോലും വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവർ വരവാണോ ചെലവാണോ വരുത്തുക എന്ന് പരിശോധിച്ചായിരിക്കും. പണവും പണ്ടവും കൊണ്ടുപോകുന്ന പെൺകുട്ടിയാണെങ്കിൽ അവളെ വേണ്ടെന്ന് തീരുമാനിച്ച് ഗർഭാശയത്തിൽ വെച്ചുതന്നെ അവളുടെ കഥ കഴിക്കുന്നു. ജീവിച്ചിരിക്കുന്ന മക്കളോടുള്ള സമീപനം പോലും അവരുടെ സാമ്പത്തികാവസ്ഥ പരിഗണിച്ചായിരിക്കും.കൂലിപ്പണിയിലൂടെ ന്യായമായ നിലയിൽ വരുമാനമുണ്ടാക്കി ലളിതജീവിതം നയിക്കുന്ന മകനും കൈക്കൂലി വാങ്ങി പടുകൂറ്റൻ കൊട്ടാരമുണ്ടാക്കി ആർഭാടജീവിതം നയിക്കുന്ന മകനുമുള്ള മാതാപിതാക്കൾ ആരെയാണ് കൂടുതൽ ഇഷ്ടപ്പെടുകയെന്നും ആരുടെ കൂടെയാണ് താമസിക്കുകയെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ. പണത്തിനു വേണ്ടി പിതാക്കന്മാരെ തള്ളിപ്പറയുന്ന മക്കൾക്കും സ്വത്തിനുവേണ്ടി സഹധർമിണിയെയും സന്താനങ്ങളെയും ഉപേക്ഷിക്കുന്ന പുരുഷന്മാർക്കും നമ്മുടെ സമൂഹത്തിൽ ഒട്ടും പഞ്ഞമില്ല. എല്ലാറ്റിനും കാരണം സ്വാർഥവും ആർത്തിയും തന്നെ.

ആർത്തിക്കടിപ്പെട്ടവർക്ക് മതം പോലും കച്ചവടമാണ്. ആരാധനകളും അർച്ചനകളും ഭൗതികനേട്ടങ്ങൾക്കുള്ള ഉപാധിയും. പലരുടെയും ആരാധ്യ വസ്തുക്കൾ കരിഞ്ചന്തക്കും കള്ളക്കടത്തിനും തട്ടിപ്പിനും വെട്ടിപ്പിനും കൊള്ളയ്ക്കും കൊലയ്ക്കുമൊക്കെ കൂട്ടുനിൽക്കുന്നവരാണ്. കൊടിയ കുറ്റവാളികൾ പിടികൂടപ്പെടാതിരിക്കാൻ പണം നിക്ഷേപിക്കുന്നത് അത്തരക്കാരുടെ പേരിലുള്ള ഭണ്ഡാരക്കുറ്റികളിലാകുന്നത് അതിനാലാണല്ലോ.

ആർത്തിക്ക് അടിപ്പെടുന്നതോടെ മനുഷ്യന്റെ എല്ലാ നന്മകളും മൂല്യങ്ങളും മണ്ണടിയുന്നു. പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത അവസ്ഥയുണ്ടാകുന്നു. ഒട്ടും മന:പ്രയാസമില്ലാതെ കളവും ചതിയും തട്ടിപ്പും വെട്ടിപ്പും വഞ്ചനയും ചൂഷണവും കൊള്ളയും കൊലയും നടത്തുന്നു. മരുന്നുകളിൽ പോലും മായം ചേർക്കുന്നു. ഭക്ഷ്യവസ്തുക്കളിൽ വിഷം കലർത്തുന്നു.

ഇന്ന് ലോകത്ത് നിലനിൽക്കുന്ന ദാരിദ്ര്യത്തിന് പോലും കാരണം ആർത്തിയാണ്. ഗാന്ധിജി പറഞ്ഞ പോലെ മുഴുവൻ മനുഷ്യർക്കും ആവശ്യമായ വിഭവങ്ങൾ ലോകത്തുണ്ട്. എന്നാൽ ഒരാളുടെ പോലും ആർത്തി തീർക്കാൻ അത് മതിയാവുകയില്ല. സമ്പത്തിന്റെ സന്തുലിതമായ വിതരണം സംഭവിച്ചിരുന്നുവെങ്കിൽ ഭൂമുഖത്തെ ദാരിദ്ര്യം അപ്രത്യക്ഷമായേനെ.

എന്നാൽ ആർത്തി മൂർത്തികൾ കാണുന്നതൊക്കെ കിട്ടണമെന്ന് കൊതിക്കുന്നു. എങ്ങനെയെങ്കിലും എല്ലാം തട്ടിയെടുക്കുന്നു. കിട്ടിയതൊക്കെ കെട്ടിപ്പൂട്ടി വെക്കുന്നു. അതിനാലാണ് ലോകത്ത് ഉണ്ണാനും ഉടുക്കാനും കിടക്കാനും ചികിത്സിക്കാനും വകയില്ലാതെ ജനകോടികൾ കഷ്ടപ്പെടുന്നത്.

ആസന്ന മരണനും ആർത്തി
ആസന്നമരണർ പോലും ആർത്തിക്കടിപ്പെട്ടവരായിരിക്കും. കിഴക്കേ ആഫ്രിക്കയിലെ പുരാതന നഗരമാണ് മൊമ്പാസ. പറങ്കികൾ അവിടെ കയ്യേറി ആധിപത്യമുറപ്പിച്ചു. ഇന്ത്യയിലെ ക്ഷേത്രങ്ങൾ കൊള്ളയടിച്ചശേഷമാണ് പറങ്കിപ്പട അവിടം കീഴ്‌പ്പെടുത്തിയത്. അതിനാൽ അവരുടെ വശം ധാരാളം രത്‌നങ്ങളും പവിഴങ്ങളും ഉണ്ടായിരുന്നു. ഒമാനികൾ മൊമ്പാസ ഉപരോധിച്ചു. പറങ്കിപ്പട പട്ടിണി കൊണ്ട് പൊറുതിമുട്ടി. ഒടുവിൽ വിശപ്പും ദാഹവും കാരണം പലരും മരിച്ചുവീണു. ആഹാരത്തിനുവേണ്ടി അവർ അന്യോന്യം കലഹിച്ചു. കരുത്തന്മാർ ദുർബലരെ കൊള്ളയടിച്ചു. മരിക്കാതെ ബാക്കിയായവരും കടുത്ത ക്ഷീണം കാരണം വേച്ച് വേച്ചാണ് നടന്നിരുന്നത്.അപ്പോഴും പറങ്കിപ്പട പരസ്പരം പോരടിച്ചിരുന്നത് രത്‌നങ്ങൾ കൈവശപ്പെടുത്താൻ വേണ്ടിയായിരുന്നു.ഓരോരുത്തരും മരിച്ചുവീഴുമ്പോൾ ബാക്കിയുള്ളവർ അയാളുടെ വശമുള്ള രത്‌നങ്ങൾ സ്വന്തമാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. നടക്കാനാവാതെ ഇഴഞ്ഞുനീങ്ങിയവർ പോലും രത്‌നക്കട്ടികൾ കൈവിടാതിരിക്കാൻ കഴിവതും ശ്രമിച്ചു.

ആർത്തിയും അശാന്തിയും
പലരും പ്രശാന്തി പരതാറുള്ളത് സമ്പത്തിലാണ്. ഫലത്തിൽ പണം വർധിക്കുമ്പോൾ പ്രശ്‌നങ്ങൾ പെരുകുകയാണ് ചെയ്യുക. തങ്ങളുടെ വരുതിയിൽ വന്നെത്തിയ സ്വത്ത് വർധിപ്പിക്കുന്നതിനെക്കുറിച്ച ചിന്തയും അത് കൈവിട്ടുപോകുമോയെന്ന കടുത്ത ആശങ്കയും അവരെ സദാ അലട്ടിക്കൊണ്ടിരിക്കും. അതിനാൽ സാധാരണക്കാർ അനുഭവിക്കുന്ന മന:ശാന്തിയുടെയും സ്വസ്ഥതയുടെയും നേരിയ അംശം പോലും കോടിപതികൾക്ക് ലഭിക്കുകയില്ല. കിട്ടിയതുകൊണ്ട് തൃപ്തിപ്പെടുന്നവൻ സദാ സംതൃപ്തനായിരിക്കും. ആർത്തിക്കടിപ്പെട്ടവൻ എപ്പോഴും അസംതൃപ്തനും.

ആഴ്ചയിലൊരിക്കൽ ഒരു ബാർബർ ഹാറൂൺ റഷീദിന്റെ കൊട്ടാരത്തിൽ വന്ന് തന്റെ ജോലി നിർവഹിച്ച് തിരിച്ചു പോകുമായിരുന്നു. ഒരു നാണയമാണ് പ്രതിഫലമായി നൽകിയിരുന്നത്. ആ ക്ഷുരകൻ അതും വാങ്ങി വളരെ സന്തോഷത്തോടെ മടങ്ങിപ്പോകും. അത് ശ്രദ്ധിച്ചു കൊണ്ടിരുന്ന ഹാറൂൺ റഷീദ് തന്റെ മന്ത്രിയോട് ചോദിച്ചു: ”ഇതെന്താണ് ഇങ്ങനെ? ധാരാളം സമ്പത്തും അധികാരവുമുണ്ടായിരുന്നിട്ടും നമുക്ക് വേണ്ടത്ര സമാധാനമോ സന്തോഷമോ കിട്ടുന്നില്ല. ആ ബാർബറോ നാം നൽകുന്ന ഒരു നാണയവും വാങ്ങി വളരെ സന്തോഷത്തോടെ തിരിച്ചു പോവുന്നു.” ഇതുകേട്ട മന്ത്രി പറഞ്ഞു: ”അദ്ദേഹത്തിന്റെ സന്തോഷം ഞാൻ പെട്ടെന്ന് തന്നെ കെടുത്തിക്കളയുന്നത് കാണിച്ചുതരാം.” അങ്ങനെ അടുത്താഴ്ച വന്ന് തിരിച്ചു പോയപ്പോൾ മന്ത്രി ആ ബാർബറുടെ വശം തൊണ്ണൂറ്റൊമ്പത് നാണയങ്ങളുള്ള ഒരു സഞ്ചി കൊടുത്തു. വീട്ടിലെത്തിയ അയാൾ നാണയ സഞ്ചി തുറന്ന് അതെണ്ണി നോക്കി. തൊണ്ണൂറ്റി ഒമ്പതേയുള്ളൂ. നൂറെണ്ണമുണ്ടാകുമെന്ന പ്രതീക്ഷയിൽ പല തവണ എണ്ണി. അവസാനം തൊണ്ണൂറ്റി ഒമ്പതേ ഉള്ളൂ എന്ന് മനസ്സിലാക്കി അത് നൂറ് തികക്കാൻ തീരുമാനിച്ചു. ആ ആഴ്ച മുഴുവനും അതിനായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അങ്ങനെ അടുത്താഴ്ച കൊട്ടാരത്തിലെത്തിയ അയാൾ ദുഃഖിതനായി കാണപ്പെട്ടു. അപ്പോൾ മന്ത്രി ഹാറൂൺ റഷീദിനോട് ചോദിച്ചു. ”ഞാൻ അയാളുടെ സന്തോഷം കെടുത്തിയില്ലേ!” തുടർന്ന് അദ്ദേഹം ഹാറൂൺ റഷീദിന് അതിന്റെ പിന്നിലെ രഹസ്യം വിവരിച്ചു കൊടുക്കുകയും ചെയ്തു.

ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവർ സദാ സ്വസ്ഥരും സന്തുഷ്ടരുമായിരിക്കും. അതിനു സാധിക്കാത്തവർ അസംതൃപ്തരും ദുഃഖിതരും. എന്നുമെന്ന പോലെ ഇന്നും എങ്ങും കാണപ്പെടുന്ന അസംതൃപ്തിക്ക് കാരണം ഉള്ളതുകൊണ്ട് തൃപ്തിയടയാൻ കഴിയാത്തതാണ്. കൂടുതൽ കിട്ടണമെന്ന മോഹം. വളരെ പെട്ടെന്നു തന്നെ അത്യാഗ്രഹമായി മാറുന്നു. അതോടെ അതിരുകളില്ലാത്ത അസ്വസ്ഥതക്ക് അടിപ്പെടുന്നു.

അതിനാലാണ് ഉള്ളത് കൊണ്ട് തൃപ്തിപ്പെടുന്നവനാണ് ഐശ്വര്യവാനെന്ന് പ്രവാചകൻ പറഞ്ഞത്.ആർത്തി സർവനാശത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞതും അത് കൊണ്ടുതന്നെ. ഉള്ളതു കൊണ്ട് തൃപ്തിപ്പെടുന്ന ദരിദ്രനായിരിക്കും ആർത്തിക്ക് അടിപ്പെട്ട കോടിപതിയേക്കാൾ ഐശ്വര്യവാൻ.

യമൻ നിവാസികളായ നജീബ് ഗോത്രത്തിലെ പതിമൂന്ന് പേർ പ്രവാചക സന്നിധിയിലെത്തി. അദ്ദേഹം അവരെ ആദരപൂർവം സ്വീകരിക്കുകയും സ്‌നേഹ പുരസ്സരം സൽക്കരിക്കുകയും ചെയ്തു. അവർക്ക് താമസിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തു. അങ്ങനെ ഏതാനും ദിവസം അവർ മദീനയിൽ കഴിഞ്ഞു. അതിനിടെ പ്രവാചകനിൽ നിന്ന് പലതും പഠിച്ചു. പിന്നീട് അവർ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. തങ്ങൾ പഠിച്ച കാര്യങ്ങൾ സ്വന്തം ജനതയെ പഠിപ്പിക്കാനുള്ള തിടുക്കത്തിലായിരുന്നു അവർ. യാത്ര ചോദിക്കാനായി അവർ പ്രവാചകനെ സമീപിച്ചു. അവിടുന്ന് അവർക്ക് പല പാരിതോഷികങ്ങളും നൽകി. വിട പറയാനൊരുങ്ങവേ പ്രവാചകൻ ചോദിച്ചു: ”വല്ലവരും ബാക്കിയുണ്ടോ?” ”ഉണ്ട്. യാത്രാ വാഹനങ്ങൾക്ക് കാവലിരിക്കുന്ന കുട്ടി.” അവർ അറിയിച്ചു. പ്രവാചകൻ ആ കുട്ടിയെ തന്റെ അടുത്തേക്ക്അ യക്കാനാവശ്യപ്പെട്ടു.അവർ ചെന്ന് അവനോടിങ്ങനെ പറഞ്ഞു. ”നബിയുടെ അടുത്ത് ചെന്ന് നിന്റെ ആവശ്യങ്ങൾ ഉന്നയിക്കുക. ഞങ്ങൾക്ക് വേണ്ടതൊക്കെ കിട്ടിയിരിക്കുന്നു. ഞങ്ങൾ യാത്ര ചോദിച്ചു വിട പറയുകയും ചെയ്തിരിക്കുന്നു.” ആ കുട്ടി പ്രവാചക സന്നിധിയിൽ ചെന്ന് സ്വയം പരിചയപ്പെടുത്തി. അവിടുന്ന് ആ കുട്ടിയോട് ചോദിച്ചു: ”എന്തൊക്കെയാണ് നിനക്ക് വേണ്ടത്?” ”എന്റെ ആവശ്യങ്ങൾ എന്റെ കൂട്ടുകാരുടേതുപോലുള്ളവയല്ല. നാട്ടിൽ നിന്ന് ഞാനിവിടം വരെ വന്നത്, എനിക്ക് പൊറുത്തു തരാനും എന്നിൽ കാരുണ്യം ചൊരിയാനും എന്റെ ഐശ്വര്യം എന്റെ മനസ്സിൽ നിക്ഷേപിച്ചു തരാനും അങ്ങ് അല്ലാഹുവിനോട് പ്രാർഥിക്കണമെന്ന് ആവശ്യപ്പെടാനാണ്.” ആ കുട്ടി അറിയിച്ചു.

അപ്പോൾ പ്രവാചകൻ ആ കുട്ടിയെ തന്റെ അരികിലേക്ക് ചേർത്തുനിർത്തി. അവിടുന്ന് ഇങ്ങനെ പ്രാർഥിച്ചു. ”ഈ കുട്ടിക്ക് നീ പൊറുത്തുകൊടുക്കേണമേ. അവനിൽ നീ അനുഗ്രഹം ചൊരിയേണമേ. അവന്റെ ഐശ്വര്യം അവന്റെ മനസ്സിൽ തന്നെ കുടിയിരുത്തുകയും ചെയ്യണമേ.” അവസാനം സംഘത്തിലെ മറ്റ് അംഗങ്ങൾക്ക് നൽകിയതു പോലുള്ള പാരിതോഷികം അവനും കൊടുത്തു. അങ്ങനെ അവർ തിരിച്ചു പോയി.

പിന്നീട് കൊല്ലങ്ങൾക്കുശേഷം ഹജ്ജ് വേളയിൽ നബിതിരുമേനി ആ സംഘത്തിലെ ചിലരുമായി സന്ധിച്ചു. കുശലാന്വേഷണങ്ങൾക്ക് ശേഷം അവിടുന്ന് ആ കുട്ടിയെക്കുറിച്ച് ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു: ”അവനെപ്പോലെ മറ്റൊരാളെ ഞങ്ങൾ കണ്ടിട്ടില്ല. അല്ലാഹു നൽകിയതിൽ അവനെപ്പോലെ സംതൃപ്തമായി കഴിയുന്ന ആരെക്കുറിച്ചും ഞങ്ങൾ കേട്ടിട്ടില്ല. ജനങ്ങളെല്ലാം കൂടി ഈ ലോകം ഓഹരി വെക്കുകയാണെങ്കിൽ പോലും അവനങ്ങോട്ട് തിരിഞ്ഞുനോക്കുകയില്ല.” ”സ്തുതിയൊക്കെയും ദൈവത്തിനാണ്. അവൻ ഒന്നായി മരിക്കട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു.” പ്രവാചകൻ പ്രതിവചിച്ചു.

”മനുഷ്യൻ മരിക്കുമ്പോൾ ഒന്നായിത്തന്നെയല്ലേ മരിക്കുക?” ഒരാൾ ചോദിച്ചു.”അല്ല. ചിന്നിച്ചിതറി മരിക്കുന്നവരുണ്ട്. അവരുടെ മോഹങ്ങളും അഭിലാഷങ്ങളും താഴ്‌വരകളിൽ ചിതറിത്തെറിച്ച് കിടക്കും. അത്തരം ഏതെങ്കിലും ഒരു താഴ്‌വരയിൽ വെച്ചായിരിക്കും മരണം അവനെ പിടികൂടുക.” പ്രവാചകൻ പ്രതിവചിച്ചു.

ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവൻ സദാ സംതൃപ്തനായിരിക്കും. അവരുടെ ആഗ്രഹങ്ങൾ പരിമിതമായിരിക്കും; മോഹങ്ങൾ നിയന്ത്രിതങ്ങളും. അതിനാൽ ഒരുവിധ അസംതൃപ്തിയോ അസ്വസ്ഥതയോ അത്തരക്കാരെ ബാധിക്കുകയില്ല. അതിനാലാണ് പ്രമുഖ പണ്ഡിതനായ ഇമാം ശാഫിഈ ഇങ്ങനെ പാടിയത്: ”ജീവിക്കുകയാണെങ്കിൽ എനിക്ക് ആഹാരം കിട്ടാതിരിക്കില്ല. മരിച്ചാൽ ആറടി മണ്ണും കിട്ടും. അതിനാൽ എന്റെ ധൈര്യം രാജാക്കന്മാർക്ക് പോലും അന്യം; മനസ്സ്വാതന്ത്ര്യവും.”

എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായ സമീപനം സ്വീകരിക്കുന്നവരെ സംബന്ധിച്ച് പ്രവാചകൻ പറഞ്ഞു: ”നാല് അവസ്ഥകൾ അവനെ ബാധിക്കും. അറ്റമില്ലാത്ത ദുഃഖം, അവസാനിക്കാത്ത ജോലിത്തിരക്ക്, വിരാമമില്ലാത്ത വറുതി, അറുതിയില്ലാത്ത ആർത്തി.” ഉള്ളത് കൊണ്ട് തൃപ്തിപ്പെടുകയെന്നതിന്റെ നേർവിപരീതമാണ് ആർത്തി.

നാശത്തിലേക്ക് നയിക്കുന്നു
ആർത്തി അവസാന വിഷയത്തിൽ അവനവനെത്തന്നെയാണ് നശിപ്പിക്കുക. യേശുവും ശിഷ്യനുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. ഇരുവരും ഒരു യാത്രയിലായിരുന്നു. വഴിയിൽ വിശ്രമിക്കാൻ ഒരുങ്ങിയപ്പോൾ യേശു ഏതാനും നാണയം ശിഷ്യന്റെ വശം കൊടുത്ത് മൂന്ന് റൊട്ടി വാങ്ങിക്കൊണ്ടു വരാനാവശ്യപ്പെട്ടു. അതുമായി വരുമ്പോൾ ശിഷ്യൻ ആലോചിച്ചു; ആർക്കായിരിക്കും മൂന്ന് റൊട്ടി. ഒന്നു ഗുരുവിന്, ഒന്നെനിക്ക്. അതിനാൽ മൂന്നാമത്തേത് അയാൾ തിന്നു. രണ്ടു റൊട്ടിയുമായി യേശുവെ സമീപിച്ചപ്പോൾ മൂന്നാമത്തേത് എവിടെയെന്ന് ചോദിച്ചു. രണ്ടെണ്ണം വാങ്ങാനേ പൈസ ഉണ്ടായിരുന്നുള്ളുവെന്ന് ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞു. അങ്ങനെ അവരത് കഴിച്ച് യാത്ര തുടർന്നു. ഒരു മണൽപ്പരപ്പിലെത്തിയപ്പോൾ യേശു ചെറിയ മൂന്നു മണൽ കൂനകളുണ്ടാക്കി. അവ സ്വർണക്കട്ടികളാകാൻ ദൈവത്തോട് പ്രാർഥിച്ചു. അങ്ങനെ അവ സ്വർണക്കട്ടികളായപ്പോൾ യേശു പറഞ്ഞു: ”ഒന്ന് എനിക്ക്, ഒന്ന് നിനക്ക്, ഒന്ന് റൊട്ടി തിന്നയാൾക്ക്.” അപ്പോൾ ശിഷ്യൻ ചിന്തിച്ചു. സത്യം പറഞ്ഞാൽ ഒരു സ്വർണക്കട്ടി കിട്ടുമല്ലോ. അങ്ങനെ അയാൾ പറഞ്ഞു.: ”ഗുരോ, ക്ഷമിക്കണം. ഞാനാണ് ആ റൊട്ടി തിന്നത്.” അപ്പോൾ യേശു മൂന്ന് സ്വർണക്കട്ടികളും ശിഷ്യന് നൽകി യാത്ര പറഞ്ഞു പിരിഞ്ഞു. അല്പം കഴിഞ്ഞപ്പോൾ മൂന്ന് കൊള്ളക്കാർ വന്ന് അയാളെ കൊന്ന് സ്വർണക്കട്ടികളെടുത്തു. അവരിലൊരാളെ ഭക്ഷണമുണ്ടാക്കാൻ ഏൽപിച്ച് രണ്ടു പേർ സ്വർണം വിൽക്കാൻ അങ്ങാടിയിലേക്ക് പോയി. ഭക്ഷണം ഉണ്ടാക്കുന്നയാൾ ആലോചിച്ചു; അതിലല്പം വിഷം കലർത്തിയാൽ രണ്ടുപേരെയും കൊല്ലാം; മുഴുവൻ പൈസയും തനിക്കെടുക്കാം. അങ്ങനെ അയാൾ ഭക്ഷണത്തിൽ വിഷം കലർത്തി. സ്വർണം വിറ്റു വരുന്നവർ ആലോചിച്ചത് ഭക്ഷണമുണ്ടാക്കുന്നവനെ കൊന്നാൽ മുഴുവൻ പണവും തങ്ങൾക്കിരുവർക്കുമെടുക്കാമല്ലോയെന്ന്. അങ്ങനെ അവർ ഭക്ഷണമൊരുക്കിയയാളെ കൊന്ന് ആഹാരമെടുത്ത് കഴിച്ചു. പിന്നെ സംഭവിച്ചത് എന്തെന്ന് പറയേണ്ടതില്ലല്ലോ.ആർത്തിയുടെ അനിവാര്യമായ ദുരന്തം!

ലിയോ ടോൾസ്റ്റോയിയുടെ വിഖ്യാത കഥയാണല്ലോ ‘ഒരു മനുഷ്യന് എത്ര ഭൂമി വേണ’മെന്നത്. (ഒീം ാമി്യ ഹമിറ റീല െമ ാമി ിലലറ) അതിലെ പ്രധാനകഥാപാത്രം പഹാമാണ്. ഒരു ദിവസം ഓടിത്തീർക്കുന്ന ഭൂമിയെല്ലാം ലഭിക്കുമെന്ന വിജ്ഞാപനം കേട്ട് വിശപ്പും ദാഹവും ക്ഷീണവും പരിഗണിക്കാതെ ഓടിയോടി തളർന്ന് വീണ് മരിച്ച പഹാം. അയാൾക്കും കിട്ടി ആറടിമണ്ണ്!

തോട്ടക്കാരുടെ കഥ
ആർത്തിക്ക് അടിപ്പെട്ട് ധനം കുന്ന് കൂട്ടി വെക്കുകയും എന്നിട്ടത് എണ്ണിക്കണക്കാക്കുകയും അത് തന്നെ അനശ്വരനാക്കുമെന്ന് വിചാരിക്കുകയും ചെയ്യുന്നവരെ ഖുർആൻ കഠിനമായ ശിക്ഷയെക്കുറിച്ച് ശക്തമായി താക്കീത് ചെയ്യുന്നു.(104:1-9)

ആർത്തിക്കടിപ്പെട്ടവരുടെ പ്രകൃതവും പരിണതിയും പ്രവാചകൻ വിശദീകരിക്കുന്നു. ”മനുഷ്യന് സ്വർണത്തിന്റെ ഒരു താഴ്‌വര തന്നെ കിട്ടിയാലും രണ്ടാമതൊന്നവൻ കൊതിക്കും. രണ്ടെണ്ണം ലഭിച്ചാൽ മൂന്നാമത്തേത് മോഹിക്കും. മനുഷ്യന്റെ വയറ് നിറക്കാൻ മണ്ണിനല്ലാതെ കഴിയില്ല. എന്നാൽ പശ്ചാത്തപിക്കുന്നവന് ദൈവം പൊറുത്തു കൊടുക്കുന്നു.”

ആർത്തിക്കടിപ്പെട്ട് ദരിദ്രരെയും അഗതികളെയും അവഗണിച്ച് അവർക്കൊന്നും നൽകില്ലെന്ന് തീരുമാനിച്ച് വിളവെടുപ്പിന് തോട്ടത്തിലെത്തിയപ്പോൾ എല്ലാം നശിച്ചതായി കണ്ട് നിരാശരായ തോട്ടക്കാരുടെ കഥ ഖുർആൻ സാമാന്യം വിശദമായിത്തന്നെ വിവരിക്കുന്നുണ്ട്.

”ഇവരെ നാം പരീക്ഷണ വിധേയരാക്കിയിരിക്കുന്നു. തോട്ടക്കാരെ പരീക്ഷിച്ചപോലെ. തോട്ടത്തിലെ പഴങ്ങൾ പ്രഭാതത്തിൽ തന്നെ പറിച്ചെടുക്കുമെന്ന് അവർ ശപഥം ചെയ്ത സന്ദർഭം! അവർ ഒന്നും ഒഴിവാക്കിപ്പറഞ്ഞില്ല. അങ്ങനെ അവർ ഉറങ്ങവേ നിന്റെ നാഥനിൽ നിന്നുള്ള വിപത്ത് ആ തോട്ടത്തെ ബാധിച്ചു. അത് വിളവെടുപ്പ് കഴിഞ്ഞ വയൽ പോലെയായി. പ്രഭാതവേളയിൽ അവരന്യോന്യം വിളിച്ച് പറഞ്ഞു: ‘നിങ്ങൾ വിളവെടുക്കുന്നുവെങ്കിൽ നിങ്ങളുടെ കൃഷിയിടത്തേക്ക് നേരത്തെ തന്നെ പുറപ്പെട്ടു കൊള്ളുക.’ അന്യോന്യം സ്വകാര്യം പറഞ്ഞുകൊണ്ട് അവർ പുറപ്പെട്ടു: ‘ദരിദ്രവാസികളാരും ഇന്നവിടെ കടന്നുവരാൻ ഇട വരരുത്.’ അവരെ തടയാൻ തങ്ങൾ കഴിവുറ്റവരെന്നവണ്ണം അവരവിടെയെത്തി. എന്നാൽ തോട്ടം കണ്ടപ്പോൾ അവർ വിലപിക്കാൻ തുടങ്ങി: ‘അല്ല; നാം എല്ലാം നഷ്ടപ്പെട്ടവരായിരിക്കുന്നു.’ (68:17-27)

മരണാനന്തര ജീവിതത്തെക്കുറിച്ച ബോധം വളർത്തി ഇസ്‌ലാം ആർത്തിക്ക് അറുതി വരുത്തുന്നു. വിശ്വാസവും ആർത്തിയും ഒത്തുപോവുകയില്ലെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. ( തുടരും )

Related Articles