Economy

മുസ്‌ലിം വീടുകളിലെ സാമ്പത്തിക രംഗം

അല്ലാഹു പറയുന്നു : സമ്പന്നന്‍ തന്റെ കഴിവിനനുസരിച്ചു ചെലവ് ചെയ്യണം. തന്റെ ഉപജീവനത്തിന് ഇടുക്കമനുഭവിക്കുന്നവന്‍ അല്ലാഹു അവന് നല്‍കിയതില്‍ നിന്ന് ചെലവിന് നല്‍കട്ടെ . അള്ളാഹു ആരെയും അയാള്‍ക്കേകിയ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല . പ്രയാസത്തിനു ശേഷം അല്ലാഹു എളുപ്പം ഉണ്ടാക്കിക്കൊടുക്കുന്നു. ( സൂറത്തു തലാഖ് : 7 ) മുസ്‌ലിം സമൂഹ നിര്‍മ്മിതിയുടെ അടിസ്ഥാന സ്തംഭമാണ് മുസ്‌ലിം ഭവനം. മുസ്‌ലിം ഭവനത്തിന്റെ സമ്പത്ത് വ്യവസ്ഥ, സമൂഹത്തിന്റെയും നാടിന്റെയും ക്ഷേമത്തില്‍ നേരിട്ട പങ്ക് വഹിക്കുന്നു. ഇസ്‌ലാം ഒരു സമഗ്ര ജീവിത വ്യവസ്ഥയാണ്. ഇസ്‌ലാമിക ശരീഅത്, മനുഷ്യന്റെ ഇഹപര വിജയം കരസ്ഥമാക്കുന്നതിനും മാന്യമായ ജീവിതം നയിക്കുന്നതിനുമുള്ള അടിസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. നമ്മുടെ കുടുംബ ജീവിതതില്‍, വിവാഹ ആലോചന മുതല്‍ സന്താനപരിപാലനം, അനന്തരാവകാശ വിഹിതം വീതിക്കല്‍ വരെ , ശരീഅത്തിന്റെ വിധികളെ ലംഘിക്കാതിരിക്കാനും ദൈവിക പാതയില്‍ അടിയുറച്ച നില്‍ക്കാനും ഉതകുന്ന ചില സുപ്രധാന നിര്ഡദേശങ്ങള്‍ ശരീഅത് നിഷ്‌കര്‍ഷിക്കുന്നുണ്ട് .

മുസ്‌ലിം ഭവനത്തിന്റെ സാമ്പത്തിക രംഗത്തെ കാലികമായി വായിക്കുന്ന കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. അതിലൊന്നാണ് ഡോക്ടര്‍ ഹുസ്സൈന്‍ ഷഹാതയുടെ ‘ മുസ്‌ലിം ഭവനത്തിന്റെ സാമ്പത്തിക രംഗം ഇസ്ലാമിക ശരീഅത്തിന്റെ വെളിച്ചത്തില്‍ ‘എന്ന പുസ്തകം. ‘മുസ്‌ലിം ഭവനത്തിന്റെ സന്തുലിതത്വം’ , ‘തൊഴിലിടത്തിലെ മുസ്‌ലിം സ്ത്രീ’ , ‘സാമ്പത്തിക അച്ചടക്കത്തിന് ഇന്റര്‍നെറ്റ് ഏല്‍പ്പിക്കുന്ന ആഘാതവും വെല്ലുവിളികളും’ തുടങ്ങിയ വിഷയങ്ങള്‍ ഗ്രന്ഥകാരന്‍ അതില്‍ കൈകാര്യം ചെയ്യുന്നുണ്ട്.

മുസ്‌ലിം ഭവനത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ പ്രത്യേകതകള്‍

മുസ്‌ലിം ഭവനത്തിന്റെ സാമ്പത്തിക രംഗത്തിന് മാത്രമാി ചില പ്രത്യേകതകളുണ്ട്. ഈമാനിക മൂല്യങ്ങള്‍, സ്വഭാവ മൂല്യങ്ങള്‍, ആവശ്യ ഘട്ടങ്ങളില്‍ പണം ചിലവഴിക്കുമ്പോള്‍ ഇസ്ലാമിന്റെ മുന്‍ഗണനാക്രമം മുറക്ക് പാലിക്കല്‍, സ്ത്രീകളില്‍ നിന്നും പുരുഷന്റെ സാമ്പത്തിക ബാധ്യത എങ്ങിനെ വേറിട്ടുനില്‍ക്കുന്നു തുടങ്ങിയവയാണവ. മുസ്‌ലിം ഭവനത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാനമായി നിര്‍വ്വചിക്കപ്പെടുന്നത്, ഇസ്ലാമിക ശരീഅത്തിന്റെ മഖ്സദുകളായ ദീന്‍, ശരീരം, അഭിമാനം, ബുദ്ധി, ധനം എന്നിവയുടെ സംരക്ഷണത്തിന്റെ സാക്ഷാത്ത്കാരത്തിനായി , ഇസ്ലാമിക ശരീഅത്തിന്റെ അടിസ്ഥാന സ്രോതസ്സുകളില്‍ നിന്ന് നിഷ്പന്നമായി വന്ന നിയമങ്ങളാണ് .

മനുഷ്യന്‍ അവന്റെ ധനം കുറച്ച് ചിലവഴിക്കുകയും കുറച്ച് നീക്കിവെക്കുകയും ചെയ്യാറുണ്ട്. അവന്റെ ഉടമസ്ഥതയിലേക്ക് വരുന്ന പണത്തെ അവന്‍ ചിലപ്പോള്‍ മൂലധനമാക്കി മാറ്റുകയോ, അല്ലെങ്കില്‍ ആ പണത്തിന് ഭൂമി വാങ്ങുകയോ അതുമല്ലെങ്കില്‍ മറ്റൊരു വരുമാന സ്രോതസിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുകയോ ചെയ്യുന്നു. ഇവിടെ സമ്പാദ്യത്തിനു രണ്ടു വഴികള്‍ കാണാം. ഒന്ന് ജോലി ചെയ്ത നേടിയതും മറ്റൊന്ന് ഉടമസ്ഥാവകാശത്തിലൂടെ നേടുന്നതും. അങ്ങിനെ സ്വന്തം ഉടമസ്ഥാവകാശത്തിലേക്ക് വരുന്ന ധനം തീര്‍ച്ചയായും മറ്റു തൊഴിലിനോ നല്ല സമ്പാദ്യം ഉണ്ടാക്കാന്‍ വേണ്ടിയോ ചിലവഴിക്കല്‍ അനിവാര്യമാണ്.

ഒരു മുസ്‌ലിം ഭവനത്തില്‍ , ജോലി ചെയ്ത് സമ്പാദിക്കുന്നതും ചെലവഴിക്കുന്നതും സൂക്ഷിച്ചു വെക്കുന്നതും നിക്ഷേപമാക്കി മാറ്റുന്നതുമായതെല്ലാം ബന്ധപ്പെട്ട ചില തത്വങ്ങള്‍ ഹുസ്സൈന്‍ ഷഹത്ത തന്റെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ചുരുക്കത്തില്‍, വീടിനു വേണ്ടി പുരുഷന്‍ തന്റെ ജോലിയിലും സമ്പാദ്യത്തിലും ചിലവഴിക്കലിലും കാണിക്കേണ്ട ഉത്തരവാദിത്തം ( പുരുഷന്മാര്‍ സ്ത്രീകളുടെ കൈകാര്യ കര്‍ത്താക്കളാണ് . അല്ലാഹു മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറ്റുള്ളവരെക്കാള്‍ കഴിവ് കൊടുത്തതിനാലും പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിക്കുന്നതിനാലുമാണിത് (സൂറത്തു നിസാഅ :34 ) ), തന്നാല്‍ തലാഖ് ചെയ്യപ്പെട്ട, ഗര്‍ഭിണിക്ക് നല്‍കേണ്ട ചിലവ് ( അവര്‍ ഗര്‍ഭിണികളാണെകില്‍ പ്രസവിക്കുന്നത് വരെ നിങ്ങളവര്‍ക്ക് ചെലവിന് കൊടുക്കുക ( സൂറത്തു തലാഖ് : 6 ) ), മാതാപിതാക്കള്‍ക്ക് വേണ്ടി ചെലവഴിക്കല്‍ ( മാതാ പിതാക്കള്‍ക്ക് നന്മ ചെയ്യുക ( സൂറത്തുല്‍ ഇസ്രാഅ : 23 )

ഇസ്ലാമിക ശരീഅത്തിന്റെ വെളിച്ചത്തില്‍ സ്ത്രീകള്‍ക്കും തൊഴില്‍ ചെയ്യാനും സമ്പാദിക്കാനും അവകാശമുണ്ട്. സ്ത്രീയുടെ ഉത്തരവാദിത്തത്തില്‍ പെട്ടതാണ് ഗൃഹ ഭരണവും വേണ്ട വിധം ചിലവുകള്‍ നിയന്ത്രിക്കലും. പ്രവാചകന്‍ പറയുന്നു : തന്റെ ഭര്‍ത്താവിന്റെ വീടിന്റെ പരിപാലകയാണ് സ്ത്രീ. ആ ഉത്തരവാദിത്തം ദൈവത്തിങ്കല്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ്.

സമ്പാദിക്കുന്നതോടൊപ്പം ഭര്‍ത്താവിനോടും മക്കളോടുമുള്ള ബാധ്യത സന്തുലിതമായി പൂര്‍ത്തീകരിക്കല്‍, സമ്പാദിക്കലിനും ചെലവഴിക്കലിനുമിടയില്‍ നിര്‍ബന്ധമായും സന്തുലിതത്വം പാലിക്കല്‍, നല്ല നിലയില്‍ മാത്രം സമ്പാദിക്കല്‍, ചിലവഴിക്കലില്‍ മിതത്വം പാലിക്കല്‍ , ഇസ്ലാമിക മുന്‍ഗണനാ ക്രമത്തില്‍ ചെലവഴിക്കല്‍, ശരീഅത് വിലക്കുന്ന ആഡംബരങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കാതിരിക്കല്‍ തുടങ്ങിയവ പാലിക്കാന്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകളും ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ തന്നെ ധനം നിക്ഷേപിക്കുന്നതിലും സൂക്ഷിച്ചു വെക്കുന്നതിലും ചില തത്വങ്ങള്‍ പാലിക്കേണ്ടതുണ്ട്. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ടി ചിലവഴിച്ച് മിച്ചം വരുന്നത് ഭാവിയിലെ അടിയന്തര സന്ദര്‍ഭങ്ങള്‍ക്കായി എടുത്തു വെക്കല്‍ അനിവാര്യമാണ്. കാരണം വരും തലമുറക്ക് ഇപ്പോഴുള്ള തലമുറയില്‍ നിന്ന് സാമ്പത്തിക അവകാശങ്ങളുണ്ട്. മിച്ചമുള്ള ധനം സൂക്ഷിച്ച് വെക്കാതെ നിക്ഷേപമാക്കി മാറ്റണം . നിക്ഷേപം നല്ല മാര്‍ഗത്തില്‍ മാത്രമായിരിക്കണം.

സമ്പത്ത് ഉടമപ്പെടുത്തലുമായി ബന്ധപ്പെട്ട വസ്തുതകള്‍

സമ്പത് നീങ്ങിപ്പോകുന്നതും താല്‍ക്കാലികവുമാണെന്ന് മനസിലാക്കുക. ഭാര്യയുടെ സമ്പാദ്യം ഭര്‍ത്താവിന്റേതില്‍ നിന്ന് വേര്‍തിരിക്കുക. ഇസ്ലാമിന്റെ ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ മക്കളുടെ സമ്പാദ്യം പിതാവിനും കൂടി അവകാശപ്പെട്ടതാണ്. ഉടമസ്ഥാഅവകാശത്തിന്റെ സ്രോതസ്സില്‍ പെട്ടതാണ് അനന്തര സ്വത്ത്. മിച്ചമുള്ള ധനം സൂക്ഷിച്ച് വെക്കാതെ നിക്ഷേപമാക്കി മാറ്റണം . നിക്ഷേപം നല്ല മാര്‍ഗത്തില്‍ മാത്രമായിരിക്കണം എന്നത് നാം നേരത്തെ വിശദീകരിച്ചു.

മുസ്‌ലിം ഭവനത്തിലെ ബജറ്റ്

ഒരു നിര്‍ണിത കാലയളവില്‍, സാമ്പത്തികമായി മിച്ചമാണോ കമ്മിയാണോ എന്നറിയാനും മിച്ചമുള്ളത് നിക്ഷേപമാക്കാനും കമ്മിയുള്ളത് നികത്തുവാനും അതുവഴി വരവ് ചിലവുകള്‍ ക്രമീകരിക്കാനുമുള്ള പദ്ധതിയാണല്ലോ ബജറ്റ്. അത് ഒരു ഭവനത്തെ സംബന്ധിച്ച് ഒരു പ്ലാനും , ഗൃഹനാഥന് വഴികാട്ടിയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അടിസ്ഥാനവുമാണ്.

മുസ്‌ലിം ഭവനത്തിന്റെ ബജറ്റ് മാതൃകയുടെ ഘടകങ്ങള്‍ :

വരുമാനം : നിശ്ചിത കാലയളവില്‍ ഉള്ള പ്രധാനപ്പെട്ട വരുമാനം കണക്കാക്കുക.
ചിലവുകള്‍ : മുന്‍ഗണന ക്രമം അനുസരിച്ച് ചിലവഴിക്കുക , ശേഷം മിച്ചമാണോ കമ്മിയാണോ എന്ന പരിശോധിക്കുക. ഇനി മിച്ച ബജറ്റാണ് വീട്ടിലെങ്കില്‍ : ഒന്നുകില്‍ ഇസ്‌ലാമിക ബാങ്കില്‍ നിക്ഷേപിക്കുക, അല്ലെങ്കില്‍ സത്യസന്ധനായ കച്ചവടക്കാരന്റെ കച്ചവടത്തില്‍ നിക്ഷേപിക്കുക, അതുമല്ലെങ്കില്‍ അതിനാവശ്യമായ വസ്തുക്കള്‍ വാങ്ങുക.
കമ്മി ബജറ്റാണ് വീട്ടിലെങ്കില്‍ : അത്യാവശ്യങ്ങള്‍ക്ക് പണം ചിലവഴിക്കുമ്പോഴല്ല , മറിച്ച് കൃത്യമായ പ്ലാനിങ് ഇല്ലാതെ ചിലവഴിക്കുമ്പോഴാണ് കമ്മി ബജറ്റ് ആവുന്നത് എന്ന തിരിച്ചറിയുക. ചിലപ്പോള്‍ അത്യാവശ്യമായ ചികിത്സ, പിഴ, നഷ്ടപരിഹാരം തുടങ്ങിയവയും കമ്മി ബജറ്റിലേക്ക് നയിക്കാം. വരുമാനം വര്‍ദ്ധിക്കാത്ത സന്ദര്‍ഭങ്ങളില്‍, പെട്ടെന്നുണ്ടാകുന്ന വിലക്കയറ്റവും ചിലപ്പോള്‍ ദരിദ്ര കുടുംബങ്ങളെ കമ്മി ബജറ്റിലേക്ക് നയിക്കാം. കരുതല്‍ പണം, അനുവദനീയമായ വായ്പകള്‍, ദരിദ്രകുടുംബങ്ങളുടെ സാമ്പത്തിക ചുമതലകള്‍ ബന്ധുക്കള്‍ ഏറ്റെടുക്കല്‍, ദരിദ്രരായ അയല്‍വാസിയെ സഹായിക്കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ കമ്മി നികത്താവുന്നതാണ്. ഒരു കാരണ വശാലും കമ്മി ബജറ്റ് നികത്താന്‍ പലിശയധിഷ്ഠിത വായ്പകള്‍ എടുക്കാതിരിക്കുക. കാരണം പലിശ അല്ലാഹു ഖുര്‍ആനിലൂടെ ശക്തമായി വിലക്കിയതാണല്ലോ. മുസ്‌ലിം ഭവനത്തിലെ ബജറ്റ് എന്നത് പുതിയ ഒരു ആശയം അല്ല. മറിച്ച് യൂസുഫ് നബിയുടെ ജീവിതതിലൂടെ അല്ലാഹു നമ്മെ പഠിപ്പിച്ച കാര്യമാണത്.

സ്ത്രീകളുടെ തൊഴിലും സമ്പാദ്യവും ഇസ്‌ലാമില്‍

അവശ്യ സന്ദഭങ്ങളില്‍ സ്ത്രീകള്‍ക്ക് തൊഴിലെടുക്കുന്നതിനായി പോകല്‍ അനുവദനീയമാണെന്ന് ആധുനിക പണ്ഡിതന്മാര്‍ പറഞ്ഞുവെക്കുന്നുണ്ട്. വീട്ടുചിലവിനാവശ്യമായ പണവും തികയാതെ വരുന്ന സാഹചര്യമാണതിലൊന്ന്. മറ്റൊന്ന് സ്ത്രീകള്‍ തന്നെ സേവനം ചെയ്യണം എന്ന് സമൂഹം ആഗ്രഹിക്കുന്ന തൊഴില്‍ മേഖലകള്‍. അധ്യാപനം, മെഡിക്കല്‍ രംഗം, സാമൂഹിക സേവനം തുടങ്ങിയ ഇടങ്ങള്‍. ഒരു ഉത്തമ സമൂഹത്തിന് അടിത്തറ പാകുന്നത് സ്ത്രീയാണ്. അതിനാല്‍ തന്നെ തൊഴിലിടങ്ങളിലും അത്തരം മനോഭാവത്തോടെ സമൂഹത്തിന്റെ സേവനത്തിനായി വര്‍ത്തിക്കാനും അവര്‍ ശ്രദ്ധിക്കണം. കുടുംബ വരുമാനത്തിനായി സ്ത്രീ തൊഴിലെടുക്കേണ്ട അനിവാര്യമായ സാഹചര്യം ഉണ്ടാവുമ്പോള്‍ , സ്ത്രീകള്‍ തൊഴില്‍ ഏര്‍പ്പെടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഗ്രന്ഥകാരന്‍ ഇസ്ലാമിന്റെ വെളിച്ചത്തില്‍ സൂചിപ്പിക്കുന്നു. സ്ത്രീയുടെ തൊഴില്‍ മേഖലകള്‍, സ്ത്രീകളുടെ തൊഴില്‍ എളുപ്പമാക്കുവാനുള്ള വഴികള്‍, തൊഴിലെടുക്കുന്ന സ്ത്രീകളുടെയും മക്കളുടെയും പരിപാലനത്തിനുള്ള മാര്‍ഗങ്ങള്‍ എന്നിവ ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

ഇന്റര്‍നെറ്റ് കാലത്തെ സാമ്പത്തിക വ്യവഹാരം

സോഷ്യല്‍ മീഡിയകള്‍ , വെബ്‌സൈറ്റുകള്‍, ആപ്ലികേഷനുകള്‍ തുടങ്ങിയവ നന്മയുടെയും വിജ്ഞാനത്തിന്റെയും മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്താനും സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും ഉപയോഗിക്കുന്നവയാണ്. എന്നാല്‍ ഇന്ന് ഇന്റര്‍നെറ്റ് വഴികളിലൂടെയുള്ള സാമ്പത്തിക മേഖലകളില്‍ ചില മോശം പ്രവണതകള്‍ കണ്ടുവരുന്നു.
അശ്ലീല പരസ്യങ്ങള്‍, ഇസ്‌ലാം വിലക്കിയ വസ്തുക്കളുടെ പരസ്യങ്ങള്‍ ഇവ കണ്ട് അത്തരം വസ്തുക്കള്‍ വാങ്ങാന്‍ രക്ഷിതാക്കള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന മക്കള്‍ വളര്‍ന്നു വരുന്ന കാലഘട്ടമാിത്. ഇത്തരം പരസ്യങ്ങളും ഓണ്‍ലൈന്‍ മാര്‍കെറ്റിംഗും നമ്മുടെ കുട്ടികളെ സാമ്പത്തിക വ്യതിയാനങ്ങളിലേക്കും ധൂര്‍ത്തിലേക്കും ദുര്‍വ്യയത്തിലേക്കും നയിക്കുവാന്‍ സാധ്യത ഉണ്ട്. ഇന്റര്‍നെറ്റ് സൈറ്റുകളുടെയും സാറ്റലൈറ്റ് ചാനലുകളുടെയും ഗുരുതരമായ പ്രത്യാഘാതങ്ങളില്‍ നിന്നും നമ്മുടെ മക്കളെ സംരക്ഷിക്കുന്നതിനായി ഒരു ഇസ്‌ലാമിക സാമ്പത്തിക വിദ്യാഭ്യാസ പദ്ധതി രൂപീകരിക്കാനും സാമ്പത്തിക അച്ചടക്കം പകര്‍ന്നു നല്‍കാനും ആവശ്യം ഏറി വരികയാണ്.

ചില മാതൃകകളും പ്രൊജെക്ടുകളും ഗ്രന്ഥകാരന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. മുസ്‌ലിം ഭവനത്തിന്റെ ബജറ്റിന്റെ ലളിത മാതൃക, നമ്മുടെ മക്കള്‍ക്കായി ഒരു ഇസ്ലാമിക സാമ്പത്തിക വിദ്യാഭ്യാസ പദ്ധതി, പ്രതിസന്ധി ഘട്ടങ്ങളില്‍ കുടുംബത്തിന്റെ സമ്പത്ത് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ഇസ്ലാമിക മാതൃക, ഓരോ മുസ്‌ലിം വ്യക്തിക്കും, ആവശ്യമായ സന്ദര്‍ഭത്തിനനുയോജ്യമായ സാമ്പത്തിക നിര്‍ദ്ദേശങ്ങള്‍ എന്നിവ അവതരിപ്പിച്ചാണ് പുസ്തകം അവസാനിപ്പിക്കുന്നത്. ചുരുക്കത്തില്‍ ഗ്രന്ഥകാരന്‍ ഡോ. ഹുസ്സൈന്‍ ഷഹാത്ത വ്യത്യസ്ത വിഷയങ്ങളെ ഒരു ചട്ടക്കൂടില്‍ അവതരിപ്പിച്ചിട്ടുണ്ട്. അവയെല്ലാം ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഊന്നിക്കൊണ്ട് മനോഹരമായി വിശകലനം ചെയ്തതായി കാണാവുന്നതാണ്.

അവലംബം: mugtama.com
വിവ : ഇസ്മായിൽ അഫാഫ്

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker