Current Date

Search
Close this search box.
Search
Close this search box.

സാധ്യതയുടെ കളികൾ

പൈശാചികവൃത്തികളില്‍പെട്ട മാലിന്യങ്ങളാണ് എന്ന് ചൂണ്ടിക്കാട്ടി ചൂതാട്ടം നിരോധിച്ചതിന് പിന്നിൽ ന്യായമായ കാരണങ്ങളുണ്ട്. ദേശീയ സമ്പത്തിന്റെ നീതിയുക്തമായ വിതരണത്തിന്റെ അഭാവമാണ് മിക്ക സാമൂഹിക തിന്മകളുടെയും ഹേതു. ചില വ്യക്തികളിൽ സമ്പത്ത് മുഴുവൻ കുമിഞ്ഞ് കൂടുകയും മറ്റുള്ളവർ ദരിദ്രരായി മാറുകയും ചെയ്യുന്നു. തൽഫലമായി അവർ സമ്പന്നരുടെ ചൂഷണത്തിന് ഇരയാകുന്നു. ചൂതാട്ടവും ലോട്ടറിയും വേഗത്തിൽ അനായാസം നേട്ടങ്ങൾ കൈവരിക്കാനുള്ള പ്രലോഭനങ്ങളാണ്. ഇത്തരം നേട്ടങ്ങൾ പലപ്പോഴും സമൂഹത്തിന് ദോഷകരമായി ഭവിക്കുന്നു.

കുതിരപ്പന്തയം, ലോട്ടറി തുടങ്ങിയ ചൂതാട്ടങ്ങളിൽ ഒരു രാജ്യത്തെ ജനങ്ങൾ ഓരോ ആഴ്ചയും 3 ദശലക്ഷം പൗണ്ട് ചിലവഴിക്കുന്നുവെന്നു കരുതുക. ചില രാജ്യങ്ങളിലിങ്ങനെ സംഭവിക്കുന്നുണ്ട്. അങ്ങനെ പത്തു വർഷത്തിനുള്ളിൽ, ധാരാളം വ്യക്തികളിൽ നിന്നായി 1,560 ദശലക്ഷം പൗണ്ട് ശേഖരിക്കുന്നു. ഇത് പുനർവിതരണം ചെയ്യുന്നത് വളരെ ചെറിയൊരു വിഭാഗത്തിനിടയിൽ മാത്രമാണ്. ബാക്കിവരുന്ന 99 ശതമാനത്തിന്റെ ചെലവിൽ കേവലം ഒരു ശതമാനത്തിൽ താഴെ ആളുകൾ തഴച്ചുവളരുന്നു. മറ്റൊരർഥത്തിൽ 1 ശതമാനത്തെ സമ്പന്നരാക്കുന്നതിനായി 99 ശതമാനവും ദരിദ്രരാക്കപ്പെടുന്നു. അതായത്, ഈ ഒരു ശതമാനം കോടീശ്വരന്മാർ സൃഷ്ടിക്കപ്പെടുന്നത് തന്ത്ര പൂർവ്വം 99 ശതമാനത്തെ നശിപ്പിച്ചാണ്. ലോട്ടറി ഉൾപ്പെടെയുള്ള ‘സാധ്യതയുടെ കളികൾ’ സമ്പത്ത് ബഹുഭൂരിപക്ഷത്തിന്റെ കൈയ്യിൽ നിന്ന് ചുരുക്കം ചിലരുടെ കൈകളിലേക്ക് കുന്നുകൂട്ടുകയാണ്. അതിനാൽ ഇസ്‌ലാമിൽ ചൂതാട്ടവും ചീട്ടുകളിയും സമ്പൂർണമായി നിരോധിച്ചിരിക്കുന്നു.

പലിശയിടപാടുകൾ
ഒരുപക്ഷേ, പലിശ നിരോധിച്ച ഏക ആശയധാര ഇസ്‌ലാമായിരിക്കും. ഇസ്‌ലാം ഇത്തരത്തിലുള്ള സമ്പാദ്യങ്ങൾ നിരോധിക്കുകയും മനുഷ്യ സമൂഹത്തിൽ ഈ അശുഭകരമായ സംവിധാനത്തിലേക്ക് എത്തിച്ചേരുന്ന മുഴുവൻ വഴികളും അടക്കുകയും ചെയ്തു.

കടം വാങ്ങുന്ന വിലക്ക് സ്വമേധയാ പലിശ നൽകാൻ ആരും ആഗ്രഹിക്കുന്നില്ല. പണം ആവശ്യമായി വരുന്ന ഘട്ടത്തിലാണ് ഒരാൾ കടം വാങ്ങുന്നത്. പലിശയില്ലാതെ കടം ലഭിക്കാത്ത സാഹചര്യത്തിൽ അവൻ അതിന് നിർബന്ധിതനാവുകയാണ്.

കച്ചവടത്തിലൂടെയുള്ള ലാഭവും പലിശയിടപാടും തമ്മിൽ വ്യത്യാസമുണ്ടെന്ന് ഇസ്‌ലാം സുതരാം വ്യക്തമാക്കിയിട്ടുണ്ട്. ഖുർആൻ പറയുന്നു: “അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ വിരോധിക്കുകയും ചെയ്തിരിക്കുന്നു.” (2/275) നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അറിയുക: നിങ്ങള്‍ക്കെതിരെ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും യുദ്ധപ്രഖ്യാപനമുണ്ട്. (2/279)

പലിശ നിരോധനത്തിന് ഏകപക്ഷീയമായ നഷ്‌ടം കൂടി ഹേതുവാകുന്നുണ്ട്. ലാഭം നേടുന്നതിനായി ഒരാൾ ഒരു നിശ്ചിത തുക കടം വാങ്ങുന്നു, അയാൾക്ക് പ്രത്യേക സാഹചര്യത്തിൽ നേരത്തെ വാഗ്ദാനം ചെയ്ത പലിശ അടയ്ക്കാൻ മാത്രം സമ്പാദിക്കാൻ കഴിയാതെ വന്നേക്കാം.
, കടം കൊടുക്കുന്നയാൾ ചൂഷണത്തിന്റെ അപകടസാധ്യതകളിൽ പങ്കാളിയാകില്ല.

സൗജന്യമായി പലിശയില്ലാതെ മറ്റുള്ളവർക്ക് പണം കടം കൊടുത്ത് ഒരു വ്യക്തിയുടെ സമ്പത്ത് നഷ്ടപ്പെടുത്താൻ നിർബന്ധിക്കാനാവില്ല. കടബാധ്യതയുള്ളവരെ സഹായിക്കാൻ സകാത്തിൽ നിന്ന് ഒരു വിഹിതം, പൊതു ഖജനാവിൽ നിന്ന് പലിശ രഹിത വായ്പ, ഉദാരമതികളുടെ സംഭാവനകൾ ആവശ്യക്കാർക്ക് സഹായത്തിനെത്തും.

വാണിജ്യ വായ്പകളുടെ കാര്യത്തിൽ, ഒരാൾ പണം കടം കൊടുക്കുകയും ലാഭത്തിലും നഷ്ടത്തിലും തുല്യമായി പങ്കാളികളാവുകയും ചെയ്യുന്ന മുളാറബ എന്ന സമ്പ്രദായവുമുണ്ട്. ഉദാഹരണത്തിന്, രണ്ട് വ്യക്തികൾ ഒരു കമ്പനി രൂപീകരിക്കുന്നു. മൂലധനത്തിലും അധ്വാനത്തിലും ഓരോരുത്തരുടെയും പങ്ക് തുല്യമാണ് എങ്കിൽ ലാഭത്തിന്റെ വിതരണം എളുപ്പമാണ്. അതേസമയം, മൂലധനം ഒരു കക്ഷിയിൽ നിന്നും അദ്ധ്വാനം മറ്റൊരു കക്ഷിയിൽ നിന്നുമാകാം. രണ്ടുപേരും മൂലധനം നൽകി അവരിൽ ഒരാൾ മാത്രം അധ്വാനിക്കുന്ന രൂപമാകാം. പങ്കാളികളുടെ വിഹിതത്തിന്റെ അനുപാതം തുല്യമല്ലാതെ വരും. അത്തരം സന്ദർഭങ്ങളിൽ ലാഭം ഓഹരി വെക്കും മുമ്പ് നേരത്തേ സമ്മതിച്ച വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ തൊഴിലാളികൾക്ക് ന്യായമായ പ്രതിഫലം നൽകുന്നു. ലാഭ നഷ്ടങ്ങളിൽ കരാറുകാരായ കക്ഷികൾ ആനുപാതികമായി പങ്കാളികളാകണമെന്നാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്.

ബാങ്കുകളുടെ പ്രവർത്തനങ്ങൾ പ്രധാനമായും മൂന്ന് തരത്തിലാണ്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പണമയക്കുക, ഇടപാടുകാരുടെ നിക്ഷേപത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുക, മറ്റുള്ളവർക്ക് ലാഭത്തിൽ പണം കടം കൊടുക്കുക എന്നിവയാണത്. ബാങ്കുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നവരിലൂടെയാണ് പ്രവർത്തന ചെലവ് കണ്ടെത്തുന്നത്. വാണിജ്യം, വ്യവസായം, ഇതര വ്യാപാര ലക്ഷ്യങ്ങൾക്കുള്ള വായ്പകൾ ലാഭനഷ്ടത്തിൽ പങ്കാളികളാകണമെന്ന ഉപാധിയോടെ അനുവദിക്കുന്നു.
ചുരുക്കത്തിൽ, ലാഭത്തിലും അപകടസാധ്യതകളിലും പരസ്പര പങ്കാളിത്തം എന്ന തത്വം എല്ലാ വാണിജ്യകാര്യങ്ങളിലും പാലിക്കേണ്ടതാണ്.

സ്ഥിതിവിവരക്കണക്കുകൾ
ആസൂത്രണ ഘട്ടത്തിൽ ലഭ്യമായ വിഭവങ്ങളെക്കുറിച്ചുള്ള ഒരു വിവരം ഉണ്ടാകണം. പ്രവാചകൻ മുസ്‌ലിം ജനസംഖ്യയുടെ സെൻസസ് സംഘടിപ്പിച്ചുവെന്ന് അൽ-ബുഖാരി” സൂചിപ്പിക്കുന്നുണ്ട്. ഖലീഫ ഉമറിന്റെ ഭരണകാലത്ത് മൃഗങ്ങളുടെയും ഫലവൃക്ഷങ്ങളുടെയും മറ്റ് വസ്തുക്കളുടെയും സെൻസസ് സംഘടിപ്പിച്ചു; പുതുതായി ഏറ്റെടുത്ത ഭൂപ്രദേശങ്ങളിൽ കൃഷിയോഗ്യമായ ഭൂമി അളന്നു. നികുതി പിരിവ് കഴിഞ്ഞാൽ വിവിധ പ്രവിശ്യകളിലെ ജനപ്രതിനിധികളെ ക്ഷണിച്ചു വരുത്തി കഴിഞ്ഞ വർഷം ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിൽ എന്തെങ്കിലും പരാതിയുണ്ടോ എന്ന് അന്വേഷിക്കുന്ന പതിവ് ഖലീഫ ഉമറിനുണ്ടായിരുന്നു.

ദൈനംദിന ജീവിതം
ഒരു മുസ്ലീമിന്റെ നിത്യജീവിതത്തിൽ വർജ്ജിക്കേണ്ട രണ്ടു കാര്യങ്ങൾ കൂടി പരാമർശിക്കേണ്ടതുണ്ട്; ചൃതാട്ടവും മദ്യപാനവും. ഒരാൾ ചിലപ്പോഴൊക്കെ വർഷം മുഴുവൻ യാതൊരു വിധ നേട്ടവുമില്ലാതെ ഈ വക കാര്യങ്ങൾക്ക് ചെലവഴിക്കുന്നു. സാമ്പത്തികമായി ദുർബലരായവർക്ക് വലിയ നഷ്ടം!
ചെറിയൊരളവിൽ മദ്യം കഴിക്കുന്നത് തന്നെ ഒരാളെ ആസക്തി വർധിപ്പിക്കുകയും ഇനി മദ്യപിക്കാതിരിക്കാനുള്ള അവന്റെ തീരുമാനത്തെ ദുർബലമാക്കുകയും ചെയ്യുന്നു എന്നതാണ് മദ്യത്തിന്റെ പ്രത്യേകത. ഒരാൾ മദ്യപിക്കുന്നതോടു കൂടി അവന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു. ശ്രദ്ധയില്ലാതെ പണം വലിച്ചറിയുന്നു. കൂടാതെ അടുത്ത തലമുറ അവനിൽ നിന്ന് ഈ ദുസ്വഭാവം പകർത്തുന്നു. “നിന്നോടവര്‍ മദ്യത്തെയും ചൂതിനെയും സംബന്ധിച്ച് ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ കുറ്റമുണ്ട്. മനുഷ്യര്‍ക്ക് ചില ഉപകാരങ്ങളുമുണ്ട്. എന്നാല്‍ അവയിലെ പാപമാണ് പ്രയോജനത്തെക്കാള്‍ ഏറെ വലുത്”

മദ്യത്തിന്റെ ഉപയോഗത്തിൽ ചില നേട്ടങ്ങൾ ഉണ്ടെന്ന കാര്യം ഖുർആൻ നിഷേധിക്കുന്നില്ല. എങ്കിലും അത് നിയമനിർമ്മാതാവിനെതിരായ പാപമായി പ്രഖ്യാപിക്കുന്നു. മറ്റൊരിടത്ത് (5/90) അത് അതിനെ വിഗ്രഹാരാധനയുടെ അതേ തലത്തിലേക്ക് താഴ്ത്തുകയും അത് പിശാചിന്റെ കൈവേലയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു; “വിശ്വസിച്ചവരേ, മദ്യവും ചൂതും പ്രതിഷ്ഠകളും ഭാഗ്യപരീക്ഷണത്തിനുള്ള അമ്പുകളും പൈശാചികവൃത്തികളില്‍പെട്ട മാലിന്യങ്ങളാണ്. അതിനാല്‍ നിങ്ങള്‍ അവയൊക്കെ ഒഴിവാക്കുക. നിങ്ങള്‍ വിജയിച്ചേക്കാം”. ( അവസാനിച്ചു )

മൊഴിമാറ്റം: മുജ്തബ മുഹമ്മദ്‌

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles