Current Date

Search
Close this search box.
Search
Close this search box.

വിൽപ്പത്രം(ഒസ്യത്ത്)

കടക്കാരും അവകാശികളും ഒഴികെയുള്ള വ്യക്തികൾക്ക് അനുകൂലമായി നടത്തുന്ന നിയമപരമായ വസ്വിയ്യത്ത് അവകാശം സാധുവാകുന്നത് സ്വത്തിന്റെ മൂന്നിലൊന്നിൽ മാത്രമാണ് എന്ന് നേരത്തെ പരാമർശിച്ചിരുന്നു. ഈ നിയമത്തിന്റെ ലക്ഷ്യം രണ്ട് തലങ്ങളിലാണ്. അസാധാരണമായ സന്ദർഭങ്ങളെ സ്വന്തമായി കൈകാര്യം ചെയ്യാൻ ഒരു വ്യക്തിയെ അനുവദിക്കലാണ് പ്രാഥമിക തലം. ഒരു ന്യൂനപക്ഷത്തിന്റെ കൈകളിൽ സമ്പത്ത് കുമിഞ്ഞുകൂടുന്നത് തടയുക എന്നതാണ് പ്രസ്തുത നിയമത്തിന്റെ മറ്റൊരു ലക്ഷ്യം. ഒരാൾക്ക് തന്റെ സ്വത്ത് മുഴുവനും ഒരാൾക്ക് ഒസ്യത്തായി നൽകാനനുവദിച്ചാൽ ഈയൊരു വിപത്ത് വന്നുഭവിച്ചേക്കാം. കുടുംബത്തിന്റെ താൽപ്പര്യങ്ങൾ കണക്കിലെടുക്കുന്നതോടൊപ്പം പരമാവധി ആളുകൾക്കിടയിൽ സാമ്പത്തിക വ്യവഹാരങ്ങൾ സാധ്യമാക്കണമെന്നാണ് ഇസ്ലാം ആഗ്രഹിക്കുന്നത്.

പൊതു മുതൽ
നിങ്ങൾ താമസിക്കുന്ന സമൂഹം, അല്ലെങ്കിൽ സംസ്ഥാനം എന്ന വലിയൊരു കുടുംബത്തിലെ അംഗമെന്ന നിലയിൽ ഒരാൾക്ക് ചില ബാധ്യതകളുണ്ട്. സാമ്പത്തിക മേഖലയിൽ ഒരാൾ നികുതി അടയ്ക്കുന്നു, സർക്കാർ അത് പൊതു താൽപ്പര്യങ്ങൾക്കായി പുനർവിതരണം ചെയ്യുന്നു. വരുമാന സ്രോതസ്സുകൾക്കനുസരിച്ച് നികുതി നിരക്കുകൾ വ്യത്യസ്തമാകുന്നു.

ഭരണകൂടത്തിന്റെ വരവു ചെലവുകളെ സംബന്ധിച്ച് കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയ ഖുർആൻ സ്റ്റേറ്റിന്റെ വരുമാന മാർഗ്ഗവുമായി ബന്ധപ്പെട്ട നിയമങ്ങളോ നിരക്കുകളോ വ്യക്തമാക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പ്രവാചകരുടെയും അദ്ദേഹത്തിന്റെ അടുത്ത പിൻഗാമികളുടെയും നടത്തിയ നടപടികളെ സസൂക്ഷ്മം നിരീക്ഷിച്ചാൽ, ജനങ്ങളുടെ താൽപ്പര്യങ്ങൾക്കും സാഹചര്യങ്ങൾക്കുമനുസരിച്ച് വരുമാന നിയമങ്ങളിൽ മാറ്റം വരുത്താൻ ഭരണകൂടത്തിന് അവകാശം നൽകുന്നതായി ഖുർആനിന്റെ ഈ മൗനത്തെ വ്യാഖ്യാനിക്കാം.

പ്രവാചകന്റെ കാലത്ത് കാർഷിക നികുതി ഉണ്ടായിരുന്നു. കർഷകർ അവരുടെ വിളവ് നിശ്ചിത പരിധിയിലെത്തിയാൽ വിളവിന്റെ പത്തിലൊന്ന് നികുതിയിനത്തിൽ ഗവൺമെന്റിന് നൽകുമായിരുന്നു. മഴ പോലെ പ്രകൃതിദത്ത മാർഗങ്ങളിലൂടെയാണ് ജലസേചനം എങ്കിലാണീ നിരക്ക്. ജലസേചനത്തിനായി സംവിധാനങ്ങൾ പ്രത്യേകം സജ്ജമാക്കേണ്ടി വന്നാൽ നേർപകുതി നൽകിയാൽ മതി. ഖനികളുടെ 2.5% നികുതിയൊടുക്കണം.
വൈദേശികരായ ഒട്ടകസംഘങ്ങളുടെ മേൽ ഉണ്ടായിരുന്ന ഇറക്കുമതി തീരുവ ആശ്വാസകരമായിരുന്നു. നബിയുടെ കാലത്ത് കച്ചവടത്തിന് പത്തിലൊരു വിഹിതം നികുതിയുണ്ടായിരുന്നല്ലോ. ഖലീഫ ഉമർ (റ) മദീനയിൽ ഇറക്കുമതി ചെയ്യുന്ന ചില പ്രത്യേക ഭക്ഷണ സാധനങ്ങളുടെ കാര്യത്തിൽ ഈ നിരക്ക് നേർപകുതിയായി കുറച്ച സംഭവം അബൂ ഉബൈദ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവലംബ യോഗ്യരായ അനുചരന്മാരുടെ ഈ മാതൃക ഇസ്‌ലാമിന്റെ ധനനയത്തിന്റെ അടിസ്ഥാന തത്വങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്. പ്രവാചകന്റെ കാലത്ത് ആട്, മാട്, ഒട്ടകം എന്നിവയ്ക്ക് നികുതിയുണ്ടായിരുന്നു. ഒരു നിശ്ചിത പരിധിക്കു മുകളിൽ പൊതു സ്ഥലങ്ങളിൽ സ്വയം മേഞ്ഞു നടക്കുന്നവയ്ക്കാണിത്. ചുമടിനും ഉഴവിനും ജലസേചനത്തിനും ഉപയോഗിക്കുന്ന മൃഗങ്ങൾക്ക് ഇളവ് അനുവദിച്ചു.

മിച്ചം വരുന്ന സമ്പാദ്യത്തിലും സ്വർണ്ണത്തിലും വെള്ളിയിലും 2. 5% നികുതി ഉണ്ടായിരുന്നു. ഇത് ആളുകളെ പൂഴ്ത്തി വെക്കാതെ വിവിധ വ്യവഹാരങ്ങളിൽ ഏർപ്പെട്ട് തങ്ങളുടെ സമ്പത്ത് വർധിപ്പിക്കാൻ നിർബന്ധിതരാക്കി.

സ്റ്റേറ്റ് ചെലവ്
ഇസ്‌ലാമിൽ ഭരണകൂടം നിർവഹിക്കേണ്ട ചെലവുകളുടെ വ്യവസ്ഥകൾ, തത്വങ്ങൾ ഖുർആനിൽ (9:60) നിർദ്ദേശിച്ചിട്ടുണ്ട്:

“സകാത്ത് ദരിദ്രര്‍ക്കും അഗതികള്‍ക്കും അതിന്റെ ജോലിക്കാര്‍ക്കും മനസ്സിണങ്ങിയവര്‍ക്കും അടിമ മോചനത്തിനും കടംകൊണ്ട് വലഞ്ഞവര്‍ക്കും ദൈവമാര്‍ഗത്തില്‍ വിനിയോഗിക്കാനും വഴിപോക്കര്‍ക്കും മാത്രമുള്ളതാണ്. അല്ലാഹു നിര്‍ണയിച്ച കടമയാണിത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.”

ഒരു കൂട്ടായ്‌മ എന്ന നിലയിൽ വന്നേക്കാവുന്ന എല്ലാ ആവശ്യങ്ങളും പ്രായോഗികമായി ഉൾക്കൊള്ളുന്നതാണ് ഈ എട്ട് വിഭാഗങ്ങൾ. അവയിലുള്ള കൃത്യമായ ശ്രേണിയും പ്രയോഗവും മനസ്സിലാക്കാൻ കൂടുതൽ വിശദീകരണം ആവശ്യമാണ്.

ഇവിടെ സകാത്തിന്റെ പര്യായമായി പ്രയോഗിച്ച ‘സ്വദഖ’ യെ മുസ്‌ലിംകൾക്ക് മേൽ ഭരണകൂടം ചുമത്തുന്ന നികുതിയെന്ന് വിശദീകരിക്കാം. ഇത് കൃഷി, ഖനനം, വാണിജ്യം, വ്യവസായം, കന്നുകാലി വളർത്തൽ എന്നീ തൊഴിലുകളിൽ ഏർപ്പെടുന്ന മുസ്‌ലിംകൾ സാധാരണ ഗതിയിൽ അവരുടെ സർക്കാരിന് നൽകുന്ന നികുതിയെ സൂചിപ്പിക്കുന്നു. ചില പ്രത്യേക സാഹചര്യങ്ങളിൽ സമയങ്ങളിൽ ചുമത്തപ്പെട്ട താൽക്കാലിക നികുതികൾ, വിദേശികളും സ്വദേശികളുമായ അമുസ്‌ലിംകൾ എന്നിവരിൽ നിന്ന് ഈടാക്കുന്ന തുക, നിർബന്ധിതമല്ലാത്ത സംഭാവനകൾ എന്നിവ ഈ വകുപ്പിൽ വരുന്നില്ല. ആദ്യകാല ഇസ്‌ലാമിലെ കർമശാസ്ത്ര ഗ്രന്ഥങ്ങളിലും പ്രത്യേകിച്ച് പ്രവാചകന്റെ വചനങ്ങളിലും ‘സ്വദഖ’ എന്ന പദം ഈ അർത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതിൽ സംശയമില്ല. ഇത് ദാനത്തെ കുറിച്ചല്ല. അത് നിർബന്ധമല്ല, നൽകേണ്ട തുകയോ സമയമോ നിർണിതമല്ല. ദൈവിക മാർഗത്തിൽ ചെലവഴിക്കുന്നതും തഥൈവ.

ആദ്യത്തെ രണ്ട് വിഭാഗങ്ങൾ ഫുഖറാഅ്, മസാകിൻ എന്നിവ ഏതാണ്ട് പര്യായങ്ങളാണ്. ഇവ രണ്ടും നബി തങ്ങൾ വിശദീകരിച്ചിട്ടില്ല; ഇത് വിശദീകരിച്ച പണ്ഡിതർക്കിടയിൽ ഭിന്നാഭിപ്രായങ്ങളാണ്. ഇസ്ലാമിക രാജ്യത്ത്, മുസ്‌ലിങ്ങൾക്കിടയിൽ താമസിക്കുന്ന ദരിദ്രരെ ഫഖീർ എന്നും മുസ്‌ലിമേതര മതവിഭാഗങ്ങൾ താമസിക്കുന്ന ഭാഗത്തെ ദരിദ്രരെ മിസ്കീനെന്നും ഖലീഫ ഉമർ (റ) വിശദീകരിച്ചു. (അബൂയൂസുഫ് തന്റെ കിതാബ്-അൽ-ഖറാജിലും ഇബ്‌നു അബീ ഷൈബ തന്റെ മുസന്നഫിൽ രേഖപ്പെടുത്തിയത്). ജബിയയിലെ (സിറിയ) ക്രിസ്ത്യാനികൾക്ക് സകാത്ത് വിഹിതത്തിൽ നിന്ന് പെൻഷൻ അനുവദിച്ച ഖലീഫയുടെ മറ്റൊരു സംഭവം ബലാദുരി തന്റെ ഫുതുഹ് അൽ-ബുൽദാനിൽ ഉദ്ധരിക്കുന്നുണ്ട്. ഇമാം ശാഫീ ഈ പദങ്ങൾ പര്യായപദങ്ങളാണെന്ന അനുമാനത്തിലായിരുന്നു. ഈ പ്രമാണമനുസരിച്ച്, ഖുർആനിക സൂക്തത്തിലെ എട്ട് വിഭാഗങ്ങളിൽ ഓരോന്നിനും വരുമാനത്തിന്റെ എട്ടിലൊന്ന് ലഭിക്കണം. ദരിദ്രർക്ക് രണ്ട് വിഹിതം ലഭിക്കും. ഇസ്‌ലാമിക രാജ്യത്ത് താമസിക്കുന്നവർക്ക് ഉപജീവനമാർഗമായ ഭക്ഷണം, വസ്ത്രം, താമസം എന്നിവ ലഭ്യമാക്കുകയാണ് ഭരണകൂടത്തിന്റെ പ്രഥമ കർത്തവ്യമെന്ന് ഇതിലൂടെ വായിക്കാം.

അവശേഷിക്കുന്നതിൽ ഒരു വിഹിതം ചെലവഴിക്കേണ്ടത് കളക്ടർമാർ, അക്കൗണ്ടന്റുമാർ തുടങ്ങിയ ഉദ്യോഗസ്ഥരുടെ ശമ്പളത്തിനാണ്. ഈ വിഭാഗത്തിൽ ഭരണകൂടത്തിന്റെ സിവിൽ, സൈനിക, നയതന്ത്ര വിഭാഗങ്ങളും ഉൾപ്പെടുന്നു. “ഞങ്ങൾക്ക് (മദീനയിലേക്ക്) ഒരു വിദഗ്ദ്ധനായ ഗ്രീക്കുകാരനെ അയയ്‌ക്കൂ, ഞങ്ങളുടെ വരവു ചെലവു കണക്കുകൾ (حساب فرائضنا) കൈകാര്യം ക്രമപ്പെടുത്താം ചെയ്യാം” എന്ന് ഖലീഫ ഉമർ തന്റെ സിറിയൻ ഗവർണറോട് ആവശ്യപ്പെടുന്ന ഒരു രേഖ ചരിത്രകാരനായ അൽ-ബലദുരി അൽ-അൻസാബിൽ ഉദ്ധരിക്കുന്നുണ്ട്. മുസ്‌ലിം ഭരണകൂടത്തിന് കീഴിൽ അമുസ്‌ലിം ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് തെളിവായി ഇത് ധാരാളമാണ്. മുഅല്ലഫത്തുൽ ഖുലൂബ് ( ഹൃദയം അനുരഞ്ജിപ്പിക്കപ്പെടേണ്ടവർ ) എന്നു പരിചയപ്പെടുത്തപ്പെട്ട വിഭാഗത്തെ മനസിലാക്കാൻ “രഹസ്യ ഫണ്ടുകൾ” എന്ന ആധുനിക സംവിധാനം സഹായകമാകും.

നിയമജ്ഞനായ അബു-യലാ അൽ-ഫറ’ തന്റെ അൽ-അഹ്‌കാം അസ്-സുൽത്താനിയയിൽ പറയുന്നു: “ആരുടെയെങ്കിലും നാലു തരം ആളുകളുടെ ഹൃദയം കവരണം 1. മുസ്‌ലിംകളെ സഹായിക്കാൻ രംഗത്ത് വരുന്നവർ 2) മുസ്‌ലിംകളെ ദ്രോഹിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നവർ 3) ഇസ്‌ലാം സ്വീകരിക്കാൻ സാധ്യതയുള്ളവൻ 4) ഒരാൾക്ക് നൽകുന്നതിലൂടെ അവരുടെ ഗോത്രവും കുടുംബങ്ങളും ഇസ്‌ലാമിലേക്ക് ആകർഷിക്കുന്നവർ. അവസാന രണ്ട് വിഭാഗങ്ങൾക്കാണ് സകാത്ത് നൽകുന്നത്. ‘വഫിരിഖാബി’ എന്ന പരാമർശത്തിന് രണ്ട് സാധ്യതകളാണുള്ളത്. അടിമകളുടെ വിമോചനം, ശത്രുവിന്റെ കൈകളിലെ യുദ്ധത്തടവുകാരെ മോചിപ്പിക്കൽ. ഇസ്ലാമിക നിയമം (ഖുർആൻ 24/33) അനുസരിച്ച്, ഓരോ അടിമക്കും തന്റെ യജമാനന് തന്റെ മൂല്യം നൽകി അവന്റെ വിമോചനം നേടിയെടുക്കാൻ അവകാശമുണ്ട്. ആവശ്യമായ തുക സമ്പാദിക്കുന്നതിന്, അയാൾക്ക് ജോലി ചെയ്യാനുള്ള സൗകര്യങ്ങൾ നൽകാൻ യജമാനനോട് ആവശ്യപ്പെടാം. ഈ കാലയളവിൽ അവൻ തന്റെ യജമാനനെ സേവിക്കേണ്ടതില്ല. ഉമയ്യദ് ഖലീഫ ഉമർ ഇബ്നു അബ്ദുൽ അസീസിന്റെ കാലത്ത് ശത്രുക്കളാൽ തടവുകാരാക്കപ്പെട്ട അമുസ്ലിംകൾക്കു വരെ മുസ്ലീം ഗവൺമെന്റ് മോചനദ്രവ്യം നൽകിയ സംഭവം ഇബ്നു സഅദ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കടബാധ്യതയുള്ളവരാണ് മറ്റൊരു വിഭാഗം. പ്രാചീന കാലം മുതൽക്കേ ഇത്തരക്കാരെ പരിഗണിക്കുന്നുണ്ട്. വെള്ളപ്പൊക്കം, ഭൂകമ്പം മുതലായ ദുരന്തങ്ങളിലകപ്പെട്ട് ദുരിതമനുഭവിക്കുന്നവരെ ജനങ്ങൾ സഹായിച്ചിരുന്നു. ഇത് ഉപരിസൂചിത ദരിദ്ര വിഭാഗമല്ല. മെച്ചപ്പെട്ട സാമ്പത്തിക പശ്ചാത്തലമുളളവരും ഈ ഗണത്തിൽ പെടുന്നു. താത്കാലികമായ ആവശ്യങ്ങളുള്ളവർക്കും തിരിച്ചടവിന് ആവശ്യമായ ഗ്യാരന്റി നൽകുന്നവർക്കും പൊതു ഖജനാവിൽ നിന്ന് പലിശയില്ലാതെ പണം കടം നൽകുന്ന ഒരു പ്രത്യേക സംവിധാനം ഖലീഫ ഉമർ ആരംഭിച്ചിരുന്നു. ഖലീഫ തന്നെ തന്റെ ആവശ്യങ്ങൾക്ക് അതിനെ ആശ്രയിച്ചിരുന്നു. പലിശയില്ലാതെ കടം കൊടുക്കുന്ന രീതി കൊണ്ടുവരികയാണതിന്റെ താൽപര്യം. അദ്ദേഹം കച്ചവടക്കാർക്ക് നിശ്ചിത കാലയളവിലേക്ക് പൊതുപണം കടം കൊടുക്കാറുണ്ടായിരുന്നു. അവരുടെ ബിസിനസിന്റെ ലാഭത്തിലും നഷ്ടത്തിലും ആനുപാതികമായി നിശ്ചിത ശതമാനത്തിൽ ഖജനാവ് അവരോടൊപ്പം പങ്കുചേരുകയും ചെയ്തു.

ഈ സംസ്ഥാനത്തിനു വരുന്ന ചെലവിന്റെ മറ്റൊരു വഴി സോഷ്യൽ ഇൻഷുറൻസിനായിരുന്നു. ആരെങ്കിലും മനഃപൂർവമല്ലാത്ത നരഹത്യയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ആവശ്യപ്പെടുന്ന നഷ്ടപരിഹാരത്തുക അടയ്ക്കാൻ കഴിയാതെ വരികയും ചെയ്താൽ, ബജറ്റിൽ നിന്ന് ഒരു വിഹിതം നൽകി സർക്കാർ അദ്ദേഹത്തിന്റെ സഹായത്തിനെത്തി. നബി ചരിത്രത്തിൽ പലയിടത്തും ഇത്തരം സംഭവങ്ങൾ കാണാം.

ഇസ്‌ലാമിക പദാവലിയിലെ “ദൈവീക മാർഗം” എന്ന പ്രയോഗം സൈനിക പ്രതിരോധം, ഉദ്യോഗസ്ഥർ, ഉപകരണങ്ങൾ മുതലായവയ്ക്കുള്ള ചെലവുകളെ സൂചിപ്പിക്കുന്നു. വിദ്യാർത്ഥികൾക്കുള്ള ധനസഹായം തുടങ്ങി എല്ലാവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും ഈ പദത്തിന്റെ വിശാലർത്ഥത്തിൽ ഉൾപ്പെടുന്നു. മസ്ജിദുകളുടെ നിർമ്മാണം തുടങ്ങി മതപരമായ കാര്യങ്ങളിൽ അനുവദിക്കുന്ന ഗ്രാന്റുകളും സഹായങ്ങളും തഥൈവ.

അവസാന വിഭാഗം ആശയവിനിമയങ്ങളെയും, ടൂറിസം, ഗതാഗതം എന്നിവയെ ഉൾപ്പെടുത്തുന്നു. പാലങ്ങൾ, റോഡുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വഴിയിലെ സുരക്ഷ (പോലീസ് ഉൾപ്പെടെ) ശുചിത്വ ക്രമീകരണങ്ങൾ, യാത്രാ സൗകര്യം, പണം ഈടാക്കാതെയും ലഭ്യമായ മാർഗങ്ങൾക്ക് ആനുപാതികമായും അവർക്ക് ആതിഥ്യം നൽകുന്നതുൾപ്പെടെ വിദേശികൾക്ക് അവരുടെ യാത്രയ്ക്കിടെ നൽകുന്ന എല്ലാ സൗകര്യങ്ങളും ഇതിൽ പെടുന്നു. അതിഥികളെ മൂന്ന് ദിവസം സൽകരിക്കണമെന്ന കാര്യം കൂടി ചേർത്തു വായിക്കുക.

പതിനാലു നൂറ്റാണ്ടുകൾക്ക് മുമ്പേ പ്രഖ്യാപിക്കപ്പെട്ടതാണ് ഖുർആനിക നിലപാടുകൾ എന്ന് മനസിലാക്കുമ്പോൾ അതിന്റെ ബൗദ്ധിക നിലവാരം നമുക്ക് ബോധ്യപ്പെടും. ഇന്നത്തെ കാലത്തും പ്രജകളുടെ ക്ഷേമം ആഗ്രഹിക്കുന്ന ഒരു ഭരണകൂടത്തിന് അനുയോജ്യമാണീ സംവിധാനങ്ങൾ. ( തുടരും)

മൊഴിമാറ്റം:മുജ്തബ മുഹമ്മദ്‌

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles