Current Date

Search
Close this search box.
Search
Close this search box.

സൂറതുൽ ഫാതിഹയിലെ സാമ്പത്തിക വീക്ഷണങ്ങൾ (1 – 3)

മനുഷ്യന്റെ ദൈനംദിന ജീവിതത്തിൽ നിന്ന് ഒഴിച്ച് കൂടാനാവാത്ത വിധം ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ് സമ്പത്ത്. ജീവിതോപാധിയുടെ ഏറ്റവും അടിസ്ഥാനമായ ഒന്നുകൂടിയാണത്. ഇഹത്തിലും പരത്തിലും ഒരു വിശ്വാസി കൈകൊള്ളേണ്ട സകലകാര്യങ്ങളിലും ഖുർആൻ ഇടപെടുന്നുണ്ട്. സാമ്പത്തിക ശാസ്ത്രത്തിന്റെ സുപ്രധാന ഘടകങ്ങളായ ഉൽപാദനം, ഉപയോഗം, വിതരണം എന്നിങ്ങനെ തുടങ്ങി സർവ മേഖലകളെ കുറിച്ചും ഖുർആൻ വിശ്വാസികളെ ഉൽബോധിപ്പിക്കുന്നുണ്ട്.

ഖുർആനിന്റെ മാതൃസ്ഥാനമലങ്കരിക്കുന്ന അദ്ധ്യായമാണ് അൽ ഫാതിഹ. 114 അധ്യായങ്ങളിലായി പരന്ന്കിടക്കുന്ന വിശുദ്ധ ഗ്രന്ഥത്തിലെ തുടക്കം മുതൽ ഒടുക്കം വരെയുള്ള പ്രതിപാദ്യങ്ങളുടെ അടിസ്ഥാനമാണ് അൽ ഫാതിഹ. മക്കയിൽ അവതരിച്ച ഏഴ് സൂക്തങ്ങളടങ്ങിയ ഖുർആനിന്റെ പ്രഥമഅദ്ധ്യായമാണിത്. ദിനേന രാവിലും പകലിലുമായി ഓരോ മുസ്ലിമും 17 പ്രാവശ്യം ഇത് പാരായണം ചെയ്യുന്നു; അതിനാലാണ് ‘സബ്ഉൽ മസാനി’ എന്ന് ഈ സൂക്തം അറിയപ്പെട്ടത്; “ആവർത്തിതപാരായണം ചെയ്യപ്പെടുന്ന സപ്ത സൂക്തങ്ങളും മഹോന്നതമായ ഖുർആനും തങ്കൾക്ക് നാം കനിഞ്ഞേകിയിരിക്കുന്നു” എന്ന് ഖുർആൻ പറയുന്നുണ്ടല്ലോ.

ബിസ്മി കൊണ്ടാണ് ഫാത്തിഹ തുടങ്ങുന്നത്. ബിസ്മി ഫാത്തിഹയിലെ ഒരു ആയത്തായി തന്നെ പരിഗണിക്കുന്നു. മറ്റു സൂക്തങ്ങളിൽ അതിന്റെ തുടക്കത്തെ വേർതിരിക്കാനെന്നോണം ബിസ്മി ചൊല്ലൽ സുന്നത്താണ്. വിശ്വാസിക്ക് നാഥൻ അധീനപ്പെടുത്തി തന്ന സാമ്പത്തിക മാർഗ്ഗങ്ങളിലൊക്കെയും കൂടെ കൂട്ടേണ്ട ഒന്നുകൂടിയാണ് ബിസ്മി. അങ്ങനെ ചെയ്യുമ്പോൾ മുസ്ലിം എല്ലാ കാര്യങ്ങളും തന്റെ രക്ഷിതാവിങ്കലേക്ക് ചേർത്തുവെക്കുന്നു. തന്റെ എല്ലാ ഉദ്യമങ്ങളെയും അഖില ലോക സൃഷ്ടാവിനെ ഏൽപ്പിക്കുന്നതോടെ അടിമയുടെ സർവ്വ പ്രവർത്തനങ്ങളും രക്ഷിതാവിന്റെ കരുണയാൽ പൊതിയുന്നു. അപ്പോഴാണ് ഓരോ മുസ്ലിമും ജീവിതത്തിൽ സംതൃപ്തി കൈവരിക്കുന്നത്. മൃഗങ്ങൾ മുതൽ ചെടികൾ, മാലാഖമാരിൽ നിന്ന് തുടങ്ങി മനുഷ്യർ, വിശ്വാസി നിഷേധിയെന്ന് ഭേദമില്ലാതെ സൃഷ്ടികൾക്കുള്ള വിഭവങ്ങൾ എന്നിവയല്ലാമൊരുക്കിയ സർവ ശക്തനോട് കണ്ണുനിറച്ച് സ്തുതികളർപ്പിക്കുന്നത്.

അബൂ ഹുറൈറ ( റ) റിപ്പോർട്ട്‌ ചെയ്തതായി ഇമാം നവവി റിപ്പോർട്ട്‌ ചെയ്ത ഹദീസിൽ കാണാം; പ്രവാചകൻ (സ്വ ) പറയന്നു: “ബിസ്മി കൊണ്ട് തുടങ്ങാത്ത ഏതൊരു കാര്യത്തിന്റെയും ഫലം ബറക്കത്ത് കുറവായിരിക്കും”. അഥവാ മുസ്ലിമും ഏതൊരു കർമ്മവും ബിസ്മി കൊണ്ടാണ് തുടങ്ങേണ്ടത്. ഖുർആൻ അതിന്റെ അവതരണം ആരംഭിച്ചത് തന്നെ ‘നിന്നെ സൃഷ്ടിച്ച നാഥന്റെ നാമത്തിൽ വായിക്കുക’ എന്ന വചനം കൊണ്ടായിരുന്നല്ലോ.

ജീവിതോപാധികളുടെ സകല മാർഗങ്ങളും അതുവഴി എളുപ്പമാകും. അന്നപാനീയങ്ങളും വാഹനവും മറ്റു ചരക്കുകളും എന്നിങ്ങനെ തുടങ്ങി മനുഷ്യന്റെ എല്ലാ സാമ്പത്തിക മേഖലകളിലും സൃഷ്ടാവ് നേരായ വഴി തുറന്നു തരും. അല്ലാഹു പറയുന്നു: “അതുകൊണ്ട് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുന്നവർ ആണെങ്കിൽ, അവന്റെ പേര് പറഞ്ഞു അറക്കപ്പെട്ടതിൽ നിങ്ങൾ ഭക്ഷിച്ചുകൊള്ളുക”, ” അദ്ദേഹം കൽപ്പിച്ചു: കപ്പലിൽ കയറിക്കൊള്ളുക അതിന്റെ സഞ്ചാരവും നങ്കൂരമിടലും അല്ലാഹുവിന്റെ പേരിലാകുന്നു”.

മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം; പ്രവാചകൻ ഒരിക്കൽ പറഞ്ഞു: നീ ബിസ്മില്ല എന്ന് പറയുക, അടുത്തുള്ളത് തെരഞ്ഞെടുക്കുകയും വലതു കൈകൊണ്ട് ഭക്ഷിക്കുകയും ചെയ്യുക”. ബിസ്മി ചൊല്ലാത്ത ഭക്ഷണത്തിൽ ശൈത്താൻ ആധിപത്യം സ്ഥാപിക്കും എന്നും പ്രവാചകൻ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ബുഖാരി റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദീസിലൂടെ പ്രവാചകൻ പറയുന്നു: ” കതകടക്കുമ്പോൾ നീ ബിസ്മി ചൊല്ലുക, വിളക്കണക്കുമ്പോൾ നീ നാഥന്റെ നാമം ഉച്ചരിക്കുക, പാനപാത്രവും തളികകളും അടച്ചു വെക്കുമ്പോഴും നീ നാഥനെ സ്മരിക്കുക. ”

വിശ്വാസി തന്റെ നാഥന്റെ നാമം കൊണ്ട് തുടങ്ങിവെച്ച ജീവിതോപാധികളെല്ലാം അവന് വിജയത്തിന്റെ വഴികളായി തീരും. നബി ( സ ) പറയുന്നു: “ഭക്ഷിക്കുമ്പോൾ തന്നെ സ്മരിച്ച അടിമയെ നാഥൻ തൃപ്തിപ്പെടും” പ്രവാചകൻ മറ്റൊരു അവസരത്തിൽ പഠിപ്പിക്കുന്നു: “ഒരുത്തൻ ഭക്ഷണം കഴിക്കുകയും ശേഷം തന്നെ ഭക്ഷിപ്പിക്കുകയും തന്റേതായ ഒരു കഴിവും കൂടാതെ ജീവിത വിഭവങ്ങൾ ഒരുക്കി തരികയും ചെയ്ത അല്ലാഹുവിനെ ഞാൻ സ്തുതിക്കുന്നു എന്ന് പറയുകയും ചെയ്താൽ അവന്റെ കഴിഞ്ഞതും വരാനിരിക്കുന്നതുമായ എല്ലാ പാപങ്ങളെയും അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്. ഒരു അടിമ വസ്ത്രം ധരിച്ചാൽ ഈ വസ്ത്രം ധരിപ്പിക്കുകയും ജീവിത വിഭവങ്ങൾ കനിഞ്ഞ് നൽകുകയും ചെയ്ത അല്ലാഹുവിനെ ഞാൻ സ്തുതിക്കുന്നുവെന്ന് പറഞ്ഞാൽ അവന്റെ മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ എല്ലാ പാപങ്ങളെയും രക്ഷിതാവ് പൊറുത്ത് നൽകും”.

ഹംദിനും റഹ്മത്തിനുമിടക്ക്
ഹംദിന്റെ ഫലം പാപമോക്ഷമാണ് എന്നിരിക്കെ സാമ്പത്തിക മാർഗ്ഗങ്ങളിലെല്ലാം കരുണാവാരിധിയുടെ കരുണ നിറഞ്ഞു നിൽക്കും. റബ്ബ് ചെയ്തുതന്ന അനുഗ്രഹത്തിന് ഒരു അടിമ നന്ദി ചെയ്താൽ അവന് നൽകപ്പെട്ടതിനേക്കാൾ ശ്രേഷ്ഠമായതുകൊണ്ട് നാഥൻ അവനെ അനുഗ്രഹിക്കുന്നതായിരിക്കും എന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്.

തന്റെ ജീവിതവഴിയിലെ സന്തോഷ വേളകളിലും സന്താപളങ്ങളിലും തന്റെ രക്ഷിതാവിനോട് സ്തുതിയർപ്പിക്കൽ ഓരോ മുസ്ലിമിന്റെയും കടമയാണ്. ഐശ്വര്യത്തിലും ദാരിദ്ര്യത്തിലും ലാഭത്തിലും നഷ്ടത്തിലും ഔദാര്യവാനായ നാഥനെ വിശ്വാസി മറന്നുകൂടാ. കാര്യങ്ങളെ നിയന്ത്രിക്കുകയും ഏറ്റവും ഔദാര്യം ചെയ്യുന്നവനും അവനാണ്. വിധിയേതായാലും റബ്ബിലേക്ക് ഭരമേൽപ്പിക്കുക എന്നതാണ് വിശ്വാസിയുടെ ധർമ്മം.

ഒരു കച്ചവടക്കാരൻ കച്ചവടത്തിൽ ലാഭം കൈവരിക്കുമ്പോൾ നാഥൻ തനിക്ക് കനിഞ്ഞു നൽകിയ അനുഗ്രഹത്തിന് അവൻ നന്ദിയുള്ളവനായിരിക്കണം. അതേസമയം നഷ്ടങ്ങൾ ഉണ്ടാകുമ്പോൾ അല്ലാഹുവിലേക്ക് ഭരമേൽപ്പിച്ചു ക്ഷമ കൈക്കൊള്ളണം. ആയിഷ ( റ ) പറയുന്നു : റസൂൽ (സ്വ) അദ്ദേഹം ഇഷ്ടപ്പെടുന്ന കാര്യങ്ങളെ കണ്ടാൽ ഉടനെ എല്ലാ നന്മകളെയും പൂർത്തീകരിച്ചു തരുന്ന നാഥനാണ് സർവ്വസ്തുതിയും എന്പറയുമായിരുന്നു, അതേസമയം എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ കണ്ടാൽ എല്ലാ സമയത്തും നാഥാ നിനക്ക് തന്നെയാണ് സർവ്വസ്തുതിയും എന്നും പറയുമായിരുന്നു.

ജീവിത വിഭവങ്ങൾ വിശാലമായി കനിഞ്ഞു നൽകപ്പെടുമ്പോഴും കുടുസ്സാകുമ്പോഴും ശാന്തനായിരിക്കാൻ ഇത് വിശ്വാസിയെ പ്രേരിപ്പിക്കുന്നു.
ഈ പ്രപഞ്ചം മുഴുവൻ നിയന്ത്രിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു രക്ഷിതാവ് തനിക്കുണ്ടെന്ന ബോധം അവനെ ഞെട്ടറ്റു വീഴാതെ കാക്കും. നാഥന്റെ ഔന്നിത്യത്തെയും ഈ വിശാലമായ ലോകത്ത് തന്റെ സ്ഥാനവും സൃഷ്ടാവിന്റെ ശക്തിയും ഓരോ പ്രതിസന്ധികളും മനുഷ്യനെ ബോധ്യപ്പെടുത്തും. അത് തിരിച്ചറിയാതെ പോകുന്നിടത്താണ് മനുഷ്യൻ പരാജയപ്പെടുന്നത്. “ഭുവന വാദങ്ങൾ പടച്ചുണ്ടാക്കുന്നത് തന്നെയാണ് മനുഷ്യനെ സൃഷ്ടിക്കുന്നതിനേക്കാൾ വലിയത്. പക്ഷേ അവരിൽ മിക്കവരും വസ്തുതകൾ ഗ്രഹിക്കുന്നില്ല” എന്ന് ഖുർആൻ മനുഷ്യരെ നിരന്തരം ഓർമ്മപ്പെടുത്തുന്നുണ്ട്. തനിക്ക് ചുറ്റും ചക്രവാളങ്ങൾക്കിടയിലും ഉള്ള സകലതും അല്ലാഹുവിന്റെ മാത്രം കഴിവാണെന്ന് വിവിധ സൂക്തങ്ങളിലൂടെ ഖുർആൻ പലയിടങ്ങളിലായി മനുഷ്യനെ ഉൽബോധിപ്പിക്കുന്നതിൽ ഒന്നു മാത്രമാണ് മേൽ ഉദ്ധരിച്ച സൂക്തം.

വഴിത്തിരിവ്
സമ്പൂർണ്ണ ദൈവികത്വം ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥക്കും മനുഷ്യനിർമ്മിത സാമ്പത്തിക വ്യവസ്ഥക്കും ഇടയിലുള്ള ഒരു വഴിത്തിരിവാണ്. നാഥൻ ലോകർക്ക് കീഴ്പെടുത്തി നൽകിയതിന്മേലെല്ലാം അവന്റെ നിയന്ത്രണവും സംരക്ഷണവുമുണ്ട്. എന്നാൽ പിന്നീട് കടന്നുവന്ന മുതലാളിത്തം ധാർമ്മികതയെ നിർവീര്യമാക്കി, പ്രപഞ്ചത്തെ ദൈവം ചലിപ്പിച്ച ഒരു യന്ത്രമാക്കി ചിത്രീകരിയും തെറ്റായധാരണകൾക്ക് പിന്നിൽ അടിവെച്ച മാനവസമൂഹം ഭൂമിയിലെ തന്നെ ദൈവമായി സ്വയം സങ്കൽപിക്കുകയുമുണ്ടായി. സ്വതന്ത്രമായ മത്സര സമ്പ്രദായം വികസിക്കുകയും ഉത്പാദനം, നേട്ടം, സംതൃപ്തി, ആനന്ദം എന്നിവ മനുഷ്യന്റെ ആത്യന്തിക ലക്ഷ്യമായി കണക്കാക്കുകയും ചെയ്തു. പലിശ സാർവത്രികവും അനുവദനിയവുമായ സ്ഥിതിഗതികളിലേക്ക് സമൂഹമെത്തി ചേർന്നു. തുടർന്നുള്ള ജീവിതത്തിൽ ദാരിദ്ര്യവും വർഗവിവേചനവും ചൂഷണങ്ങളും നിയന്ത്രണങ്ങളില്ലാതെ പടർന്നു. യുദ്ധങ്ങളും കുടിയൊഴിപ്പിക്കലും പ്രതിസന്ധികളും ഒന്നൊന്നായി കെട്ടിയിറങ്ങി.

മറുവശത്ത്, സോഷ്യലിസം ദൈവീകസന്ദേശങ്ങളെയും അദൃശ്യമായ വിശ്വാസങ്ങളെയും നിരസിക്കുകയും പദാർത്ഥങ്ങൾക്ക് ദൈവിക ഗുണങ്ങളെ നൽകുകയും മതത്തെ ജനതയുടെ കറുപ്പ് എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അതിലൂടെ ജനങ്ങളുടെ അന്തസ്സിനെ കൊല്ലുകയും ദാരിദ്ര്യത്തിന്റെ വക്താക്കളാക്കി മാറ്റുകയും ചെയ്തു, പരസ്പരം വറുപ്പും വിദ്വേഷവും നിസ്സംഗതയും മാത്രം കുത്തിനിറച്ച സമൂഹമായി മാറി. ( തുടരും)

വിവ- ഫഹ്മിദ സഹ്റാവിയ്യ

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles