Current Date

Search
Close this search box.
Search
Close this search box.

Economy

സൂറതുൽ ഫാതിഹയിലെ സാമ്പത്തിക വീക്ഷണങ്ങൾ (3- 3)

ഫാത്തിഹയുടെ അഞ്ചാം സൂക്തത്തിലാണ് കഴിഞ്ഞ കുറിപ്പ് നാം അവസാനിപ്പിച്ചത്. അല്ലാഹുവിനോട് മാത്രമാണ് ആരാധനയെന്നും അതിനാൽ തന്നെ ദൈവികത്വം എന്നത് പരിശുദ്ധമായ നാഥനിലേക്ക് മാത്രം കേന്ദ്രീകരിച്ചിരിക്കുകയും വിശ്വാസി തന്റെ റബ്ബിനോടല്ലാതെ മറ്റൊരാളോടും സഹായം തേടുകയുമില്ലെന്നുമാണ് അവസാനമായി പറഞ്ഞ് വെച്ചത്.

സഹായത്തിന്റെ തേട്ടം ആരാധനയുമായി ബന്ധിക്കപ്പെട്ടതാണ്. സ്രഷ്ടാവിനോട് സൃഷ്ടി താങ്ങ് തേടുമ്പോഴൊക്കെയും അത് അനുസരണയുടെ വഴിയാണ് തുറക്കുന്നത്. അതുവഴി മനുഷ്യനോട് തന്നെ അനുസരിക്കുവാൻ കൽപ്പിക്കുകയാണ് നാഥൻ.

യഥാർത്ഥത്തിൽ, മനുഷ്യന്റെ ദൈനംദിന ജീവിതത്തെ സംബന്ധിച്ചിടത്തോളം, അല്ലാഹുവിനോടുള്ള തേട്ടം എന്നത് അടിസ്ഥാനപരമായ സാമ്പത്തിക പ്രശ്നങ്ങളുടെ പരിഹാരം തേടലും അത് വഴി ആവശ്യങ്ങൾ നിറവേറ്റപ്പെടുക എന്നത് കൂടിയാണ്.

അതുകൊണ്ടുതന്നെ, മനുഷ്യൻ ഇടപെടുന്ന സകല സാമ്പത്തിക മേഖലകളുടെ വിജയവും ലാഭവുമെല്ലാം ഓരോരുത്തരുടെയും തേട്ടത്തിനും സമർപ്പണത്തിനും അനുസരിച്ചിരിക്കും. അതിനാൽ ഓരോ വിശ്വാസിയും ആത്യന്തികമായി നാഥനെ അനുസരിക്കുകയും തന്റെ കഴിവും പ്രാപ്തിയും ഉപയോഗിച്ച് പരിശ്രമിക്കുകയും അതിന്റെ പ്രതിഫലത്തിനായി പ്രതീക്ഷിച്ചുകൊണ്ട് സർവ്വശക്തനിലേക്ക് സ്വയം സമർപിക്കുകയുമാണ് വേണ്ടത്. പൂർണ്ണമായും നാഥനെ ആശ്രയിച്ചുകൊണ്ട് തന്റെ പ്രവർത്തനങ്ങളുടെ പരിപൂർണ്ണതയ്ക്കും പ്രതിഫലത്തിന്റെ പൂർത്തീകരണത്തിനും വേണ്ടി നാഥനിലേക്ക് കരങ്ങൾ നീട്ടുകയാണ് വിശ്വാസി ചെയ്യേണ്ടുന്ന സുപ്രദാന ധർമ്മം.

അതേസമയം, റബ്ബിന് ഭരമേൽപ്പിക്കുകയും നിഷ്ക്രിയനായി ജീവിക്കുകയും ചെയ്യുന്ന അടിയങ്ങളോടുള്ള താക്കീതു കൂടിയാണ് ഈ സൂക്തം. നാഥനോട് സഹായം തേടുന്നത് ഒഴിച്ച് യാതൊരുവിധത്തിലുള്ള പ്രയത്നവും ചെയ്യാതെ പ്രതിഫലം കാംക്ഷിക്കുന്നവരുടെ ജീവിതം തന്നെ വൃഥാവിലാണ്. അത് മതം നിർദേശിക്കുന്ന മാർഗത്തിൽ നിന്ന് അതിവിദൂരവുമാണ്.

ഒരിക്കൽ ഉമർ (റ) ഒരു കൂട്ടം ആളുകൾക്കരികിലൂടെ നടന്നു പോയി. അവർ തല താഴ്ത്തിയിരുന്ന് ഖുർആൻ പാരായണം ചെയ്യുകയായിരുന്നു. ഉമർ(റ) ചോദിച്ചു: “ഇതാരാണ്?” അപ്പോൾ അവിടെ നിന്ന് അവർ ഭരമേല്പിക്കുന്നവരാണ് എന്ന് മറുപടി ലഭിച്ചു. അത് കേട്ട് ഉമർ പറഞ്ഞു: “ഇവർ ഭരമേൽപ്പിക്കുന്നവരല്ല മറിച്ച് ജനങ്ങളുടെ ധനം ഭക്ഷിക്കുന്നവരാണെ്, ആരാണ് ഭരമേല്പിക്കുന്നവർ എന്ന് നിങ്ങളെ അറിയിച്ചു തന്നിട്ടില്ലേ, നിങ്ങൾ തല ഉയർത്തുകയും തനിക്ക് വേണ്ടി അധ്വാനിക്കുകയും ചെയ്യുക” എന്ന് അദ്ദേഹം അവിടെ കൂടിയിരുന്ന ജനങ്ങളോട് കൽപിച്ചു.

അതേസമയം, പിഴച്ച മാർഗത്തിലായി സഞ്ചരിക്കുകയും സൃഷ്ടാവിനെ ധിക്കരിച്ചു കൊണ്ട് അവൻ കനിഞ്ഞു തന്ന അനുഗ്രഹങ്ങളെ നിന്ദിക്കുകയും തനിക്ക് നൽകപ്പെട്ട കഴിവും പ്രാപ്തിയും നിഷിദ്ധമായ മാർഗത്തിൽ വിനിയോഗിക്കുകയും ചെയ്യുന്ന വഞ്ചകരോടുള്ള മുന്നറിയിപ്പായും സൂക്തം നിലനിൽക്കുന്നുണ്ട്. അവരുടെ കർമ്മങ്ങളുടെ തിക്തഫലം ഖാറൂനിന് സമാനമായിരിക്കും.

നേരായ വഴി (ഇഹ്ദിനാ സ്വിറാത്വൽ മുസ്തഖീം) നേരായ മാർഗത്തിൽ ഞങ്ങളെ നീ നയിക്കേണമേ, അടുത്ത ആറാം സൂക്തത്തിലൂടെ അടിമ റബ്ബിനോട് നേരായ മാർഗത്തെ തേടുകയാണ്. ചൊവ്വായ കർമ്മവും ബോധവും ഉൾക്കൊള്ളുന്ന വളവില്ലാത്ത വഴിയാണത്. അഥവാ ഇരുലോകത്തും മനുഷ്യന് എത്തിച്ചേരേണ്ട വിജയത്തിന്റെ വഴി; ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിൽ ഇത്തരം ഒരു വീക്ഷണമാണ് നിലനിൽക്കുന്നത്.

വിശ്വാസി തന്റെ സാമ്പത്തിക മാർഗത്തിൽ നേരിന്റെ മാർഗം തെളിഞ്ഞു കിട്ടാൻ നിരന്തരം നാഥനോട് തേടണം. നിഷിദ്ധമായതിൽ നിന്നും അനുവദിക്കപ്പെട്ടതിനെ വേർതിരിച്ചു തിരിച്ചറിയാനും വളഞ്ഞ വഴികളെ പിന്തള്ളി നേരിന്റെ വെളിച്ചം മാത്രം വഴി കാണിക്കാനും പ്രാർത്ഥനയുണ്ടാവണം. നിർമ്മാണത്തിലും കൃഷിയിലും കച്ചവടത്തിലും മറ്റു സകല സാമ്പത്തിക ഇടപാടുകളിലും ഒരു മുസ്ലിം സ്വീകരിച്ചിരിക്കേണ്ട മാർഗ്ഗം ഇതാണ്. അപ്പോഴാണ് ആരാധനയുടെ അകത്തളങ്ങൾ ധന്യമാകുന്നത്. തുടർന്നുള്ള സൂക്തത്തിലൂടെ നേരായ വഴിയെ ഖുർആൻ തന്നെ വിശദമാക്കുകയാണ്.

‘നീ അനുഗ്രഹം ചെയ്തവരുടെ മാർഗത്തിൽ കോപിച്ചവരുടെ മാർഗത്തിലല്ല’. അനുഗ്രഹം ചൊരിയുന്നവൻ അല്ലാഹുവാണ്. അവരുടെ കരങ്ങൾ സദാ ഉയർന്നിരിക്കും, അനുഗ്രം സിദ്ധിച്ചവർ സ്വന്തം ഇച്ഛകളെ അന്ധമായി പിന്തുടർന്ന് നിഷ്ക്രിയനായിരിക്കുന്നവൻ ആയിരിക്കില്ല. കർമ്മഫലമായി സാമ്പത്തിക ഭദ്രത കൈവരിക്കാൻ അവന് സാധിക്കുകയും ചെയ്യും.

ഈ ആയത്തിലൂടെ ഖുർആൻ അനുഗ്രഹം ചെയ്ത വിഭാഗത്തെ പരിചയപ്പെടുത്തുമ്പോൾ മറുഭാഗത്തുള്ള വിഭാഗത്തെ കൂടി അവതരിപ്പിക്കുന്നുണ്ട്. കോപിക്കപ്പെട്ടവരും വഴിപിഴച്ചവരുമാണവർ. മതം വിട്ടുനിൽക്കാൻ കൽപ്പിച്ചതൊക്കെയും നമുക്കാവഴിയിൽ കാണാനാകും. അവർ കുതന്ത്രങ്ങളിലൂടെ അവർ നിരോധിക്കപ്പെട്ടതിന് അനുവദനീയമാക്കുകയും അന്യായമായ മുതൽ ഭക്ഷിക്കുകയും ചെയ്യുന്നവർ ആയിരിക്കും. വിശ്വാസിയെ സംബന്ധിച്ചിടത്തോളം കോപിക്കപ്പെട്ടവന്റെ വഴി അവന് അപരിചിതമായിരിക്കും. അവന്റെ ലക്ഷ്യത്തിൽ നിന്ന് പൂർണ്ണമായും വ്യതിചലിച്ച മാർഗമാണത്.

പ്രാർത്ഥനയിലൂടെ അവന്റെ സാമ്പത്തിക മാർഗങ്ങൾ എങ്ങനെയായിരിക്കണം എന്ന് വിശ്വാസിയെ ഖുർആൻ പഠിപ്പിക്കുകയാണ് ഖുർആൻ. മുതലാളിത്തത്തിന്റെ സങ്കീർണ്ണമായ സാമ്പത്തിക മാർഗങ്ങളെ തൊട്ട് തിരിഞ്ഞു നിൽക്കാനും ഇസ്ലാം നിർദ്ദേശിക്കുന്ന സുതാര്യമായ സാമ്പത്തിക മാർഗങ്ങളെ സ്വീകരിക്കാനുമാണ് ഖുർആൻ ആവശ്യപ്പെടുന്നത്. മുതലാളിത്ത മാർഗങ്ങളാണ് മനുഷ്യന്റെ മാനസികാരോഗ്യത്തെയും കുടുംബത്തിന്റെ ഐശ്വര്യത്തെയും തകർത്തു കളഞ്ഞത്. അതിനാൽ ഇസ്ലാം ചിട്ടപ്പെടുത്തിയ മാർഗങ്ങളെ അനുസരിക്കുകയാണ് സമാധാനത്തിനുള്ള ഏക പരിഹാരം.

ജീവിതത്തിൽ ഉടനീളം ഓരോ ചവിട്ടടിയിലും അനുവദനീയമായതിനെ സ്വീകരിക്കുകയും നിഷിദ്ധമാക്കപ്പെട്ടതിനെ വർജിക്കുകയും ചെയ്യാനാണ് ഇസ്ലാമിന്റെ കല്പന.

ഇന്ന് നാം കാണുന്ന സകല മേഖലകളിലും അന്ധമായ അത്യാഗ്രഹവും വഞ്ചനയും മുഴച്ചുനിൽക്കുന്നു. അതിനാൽ ആധുനികലോകം അവതരിപ്പിക്കുന്ന നൂതനമായ സാമ്പത്തിക മാർഗങ്ങളും മറ്റും തിന്മയുടെ കലർപ്പില്ലാത്തതാണെന്ന് നിരന്തരം ഉറപ്പുവരുത്തേണ്ടതുണ്ട്. മാത്രമല്ല, കൽപന പോലെ ഓരോ ആവർത്തിയും സക്കാത്ത് നൽകി സമ്പത്തിന് ശുദ്ധീകരിക്കാൻ ഓരോരുത്തരും ബാധ്യസ്ഥരുമാണ്. ഇസ്ലാം ചിട്ടപ്പെടുത്തിയ വ്യവസ്ഥകളിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങൾ ഓരോന്നും നാഥനെയല്ല മറിച്ച് നമ്മെ തന്നെയാണ് പ്രതികൂലമായി ബാധിക്കുന്നത് എന്ന ബോധ്യമാണ് അടിസ്ഥാനപരമായി ഓരോ വിശ്വാസിഹൃദയത്തിലും ഉണ്ടാവേണ്ടത്. ( അവസാനിച്ചു)

വിവ: ഫഹ്മിദ സഹ്റാവിയ്യ

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles