Current Date

Search
Close this search box.
Search
Close this search box.

Economy

സൂറതുൽ ഫാതിഹയിലെ സാമ്പത്തിക വീക്ഷണങ്ങൾ (2 – 3)

ആദ്യ ഭാഗം ഫാത്തിഹയുടെ രണ്ടാം സൂക്തത്തിലാണ് അവസാനിപ്പിച്ചത്. നിരുപാധികമായ സമ്പൂർണ്ണ ദൈവികത്വം ഇസ്ലാമിക വ്യവസ്ഥക്കും മനുഷ്യനിർമ്മിത സാമ്പത്തിക വ്യവസ്ഥക്കും ഇടയിലുള്ള ഒരു വഴിത്തിരിവാണ് എന്നും സോഷ്യലിസം സമൂഹത്തിൽ കൊണ്ടുവന്ന സാരമായ മാറ്റങ്ങളെ കുറിച്ചും ദൈവികത ചോദ്യം ചെയ്യപ്പെട്ട സാഹചര്യങ്ങളെയും ലേഖനത്തിൽ സൂചിപ്പിക്കുകയുണ്ടായി.

രണ്ടാം സൂക്തത്തിലൂടെ അഖിലലോക രക്ഷിതാവായ അല്ലാഹുവിനോട് നിരുപാധികമായ കീഴ്വണക്കം സഥിരപ്പെടുത്തിക്കഴിഞ്ഞതിന് ശേഷം മൂന്നാം സൂക്തം (അറഹ്മാനി റഹീം) പരമദയാലുവും കരുണാവാരിധിയുമായവൻ എന്നതാണ്. ബിസ്മിയിൽ ഈ രണ്ട് വിശേഷമങ്ങളുമുണ്ട്. ദൈവികതയോട് കരുണയുടെ വിശേഷണങ്ങൾ ചേർന്നുനിൽക്കുന്നു എന്ന് കൂടുതൽ വ്യക്തമാവുകയാണിവിടെ. ‘അൽ റഹ്മാൻ’ എന്നത് മറ്റാർക്കും അർഹതയില്ലാത്ത വിശേഷണമാണ്, അല്ലാഹു മാത്രമാണതിന് അർഹൻ. ‘അൽ റഹീം’ എന്നത് റബ്ബ് തന്റെ അടിമകളോട് കാരുണ്യമുള്ളവനാണെന്നാണ് സൂചിപ്പിക്കുന്നത്.

അതിനാൽ ദൈവികത്വം എന്നത് അനുഗ്രഹങ്ങളിലൂടെയും സുകൃതങ്ങളിലൂടെയുമായി ഒരു മുസ്ലിമിന് കൈവരുന്ന കരുണയാണ്. പ്രപഞ്ചത്തിലെ സർവ്വതിനേയും വിശാലമാക്കിയ ആ കാരുണ്യത്തിന്റെ വെളിച്ചത്തിലാണ് ഓരോ അടിമയും ജീവിക്കുന്നത്. നാഥൻ തന്റെ അടിയങ്ങൾക്കിടയിൽ കാരുണ്യത്തെ പ്രകാശിപ്പിച്ചപ്പോഴാണ് മനുഷ്യർ തമ്മിൽ ദയയും സഹതാപവുമുണ്ടായത്. ധനത്തിലും ജീവിതവിഭവങ്ങളിലും അത് പ്രതിഫലിച്ചപ്പോഴാണ് ഉള്ളവൻ ഇല്ലാത്തവനിലേക്ക് സ്വദഖയുടെ കൈകൾ നീട്ടിയത്. കരുണയിൽ പൊതിഞ്ഞ വിട്ടുവീഴ്ചയുടെ വഴിയും തുറക്കപ്പെട്ടതങ്ങനെയാണ്. നബി തങ്ങൾ പറയുന്നു വിൽപന നടത്തുമ്പോഴും വാങ്ങുമ്പോഴും വിധി നിർണ്ണയിക്കുമ്പോഴുമെല്ലാം വിട്ടുവീഴ്ച ചെയ്യുന്നവനോട് അല്ലാഹു കരുണചെയ്യട്ടെ.

അതുകൊണ്ടുതന്നെ ഇസ്ലാമികമായ കച്ചവടം ഈമാനിന്റെ ഊർജ്ജം കൊണ്ടും ദൈവികമായ കരുണ കൊണ്ടും പരിശുദ്ധമായ ഒന്നായി തീരുന്നു. പൂഴ്ത്തിവെപ്പോ വഞ്ചനയോ ആൾമാറാട്ടമോ ഇല്ലാത്ത കലർപ്പില്ലാത്ത ഇടപാടുകളായിരിക്കും അത്. അന്യന്റെ ധനവും അനാഥരുടെ മുതലും വിശ്വാസിക്ക് നിഷിദ്ധമാണ് എന്നതുകൊണ്ടുതന്നെ വഴിപിഴച്ച മാത്സര്യ ബുദ്ധി മുസ്ലിമിന് അനുചിതമാണ്.

ഇബ്നുമാജ റിപ്പോർട്ട് ചെയ്ത ഹദീസിൽ നബി തങ്ങൾ പറയുന്നു: ” സർവ്വകാര്യങ്ങളിലും അല്ലാഹു നന്മയെ രേഖപ്പെടുത്തിയിരിക്കുന്നു; നിങ്ങൾ അറുക്കുമ്പോൾ അറവ് നന്നാക്കുക. നിങ്ങളിൽ അറുക്കുന്നവർ തങ്ങളുടെ ആയുധത്തിന്റെ അഗ്രം മൂർച്ച കൂട്ടി അറുക്കുന്ന ജീവിയോട് കരുണ കാണിക്കുക”.

വിതരണത്തിലെ ശരികേടുകൾ
സ്തുതി ദിവ്യതയോട് ചേർന്നുനിൽക്കുന്നത് പോലെ അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യുമ്പോഴാണ് കാരുണ്യം ഉണ്ടാകുന്നത്. ഉള്ളവർ ഇല്ലാത്തവർക്ക് നന്മ ചെയ്യലാണ് അത് നിലനിർത്താനുള്ള വഴി. നന്മ ചെയ്യാനും അത് അവർക്ക് ഉപകരിക്കാനുമാണ് ഈ ലോകത്തുള്ള സകലതിനെയും സൃഷ്ടിച്ചത്. നാഥൻ തന്റെ അനുഗ്രഹങ്ങളെ പരിധിയില്ലാതെ മനുഷ്യർക്ക് കോരിച്ചൊരിഞ്ഞു നൽകുകയും ചെയ്തിട്ടുണ്ട്.

എന്നിരിക്കെ തന്നെ, സാമ്പത്തികമായി മനുഷ്യൻ നേരിടുന്ന സുപ്രധാന പ്രശ്നമാണ് വിഭവങ്ങളുടെ അപര്യാപ്ത. എന്നാൽ നാഥൻ എല്ലാ മനുഷ്യർക്കും ആവശ്യത്തിനുള്ള വിഭവങ്ങൾ ഭൂമിലോകത്ത് ഒരുക്കി വെച്ചിട്ടുണ്ട്. അതിനാൽ അപര്യാപ്തത നേരിടുന്നത് പ്രവർത്തിഫലത്തെ ആശ്രയിച്ചാണെന്ന് വേണം മനസ്സിലാക്കാൻ. വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവൻ നടന്ന് കയറുന്ന വഴി ശുദ്ധമായിരിക്കണം. പരിശ്രമവും അദ്ധ്വാനവും ഉണ്ടാവണം. മൂല്യങ്ങളെ കളഞ്ഞ്കുളിച്ച് ആവശ്യങ്ങളേക്കാളധികം ദുരുപയോഗം ചെയ്താൽ നാശമായിരിക്കും ഫലം. നിങ്ങൾ കുടിക്കുകയും ഭക്ഷിക്കുകയും ധൂർത്തടിക്കാതിരിക്കുകയും ചെയ്യുകയെന്ന് ഖുർആൻ നമ്മെ പഠിപ്പിക്കുന്നുണ്ട്.

(മാലികി യൌമിദ്ദീൻ) പ്രതിഫല ദിനത്തിന്റെ അധിപൻ, ഫാത്തിഹയുടെ നാലാം സൂക്തമാണത്. ഇഹലോകവും പരലോകവും തമ്മിൽ ബന്ധിപ്പിക്കുകയാണ് പ്രസ്തുത സൂക്തം. അടിമയും ഉടമയും തമ്മിലുള്ള, ബുദ്ധിയും ദിവ്യസന്ദേശവും തമ്മിലുള്ള, പാലത്തെകൂടി ആയത്ത് സൂചിപ്പിക്കുന്നുണ്ട്. എന്നിരിക്കെ ഏതൊരു മുസ്ലിമിന്റെയും ശാരീരികമായും സാമ്പത്തികമായുമുള്ള കഴിവും പ്രാപ്തിയും രക്ഷിതാവിന്റെ ഉടമസ്ഥതതയിലേക്കാണ് നീങ്ങുന്നത്. മനുഷ്യനെ ഭൂമിയിലേക്ക് അയച്ച രക്ഷിതാവ് അധികാരം മനുഷ്യന് കൈമാറുകയല്ല, മറിച്ച് മനുഷ്യന് നിശ്ചിതകാലത്തേക്ക് അധീനപ്പെടുത്തുക മാത്രമാണ്. റബ്ബ് സൃഷ്ടിച്ച അഖിലലോകവും അവന് മാത്രം അധികാരമുള്ളയിടങ്ങളാണ് എന്നതാണ് വാസ്തവം. ജീവിതത്തിന്റെ പൊരുളറിയാതെ മുന്നോട്ട് പോകുന്ന മനുഷ്യരെല്ലാം താൻ കയ്യടക്കിയതെന്ന് നിനച്ച സർവ്വതും ഭൂമിയിൽ ഉപേക്ഷിച്ചാണ് മടങ്ങുന്നത്. മാത്രമല്ല, താനിടപെട്ട സകല മേഖലകളെ കുറിച്ചും ഒരോ മനുഷ്യനും ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.

ആഖിറത്തിലേക്കുള്ള കൃഷിയിടമാണ് ഇഹലോകം. മനുഷ്യന്റെ പണവും പ്രതാപവും പദവിയും അല്ലാഹുവിന്റെയടുക്കൽ കൊതുകിന്റെ ചിറകിന്റെ വിലമാത്രമാണുള്ളത്. അതിനാൽ ഒരോ വിശ്വാസിയും തന്റെ സാമ്പത്തികമാർഗങ്ങളിലെല്ലാം രക്ഷിതാവിന്റെ പ്രീതി മാത്രം കാംക്ഷിക്കുക എന്നതാണ് മോക്ഷത്തിനുള്ള വഴി. ഉയർച്ചയിലും താഴ്ച്ചയിലും അല്ലാഹുവിനെ മാത്രം കൂട്ടുപിടിക്കുക. പ്രവാചാകാധ്യപനത്തിന്റെ സാമ്പത്തികമാർഗങ്ങളെ പുൽകുകയും നന്മയിലേക്കടുത്തും തിന്മയിൽ നിന്നകന്നും അവന്റെ പ്രീതി നേടുക. തന്റെ ഉൽപാദനത്തിലും വിതരണത്തിലും ഉപഭോഗത്തിലുമെല്ലാം നേരായ വഴി മാത്രം സ്വീകരിക്കുന്നതിലൂടെ ഇരുലോകങ്ങളും തമ്മിലുള്ള വിശ്വാസിയുടെ ബന്ധം ദൃഢമുള്ളതായി മാറുന്നു.

തുർമുദി രേഖപ്പെടുത്തിയ ഹദീസിൽ കാണാം, പ്രവാചകൻ പറയുന്നു; “അന്ത്യനാളിൽ താൻ സമ്പാദിച്ചതിനെ കുറിച്ചും അതിനെ എങ്ങനെ വിനിയോഗിച്ചു എന്നതിനെ കുറിച്ചും ചോദിക്കപ്പെട്ടില്ലാതെ ഒരടിമക്കും തന്റെ കാൽപാദങ്ങളെ മുന്നോട്ട് വെക്കാനാവില്ല”. വിതരണം ലൌകികമായ തൊഴിൽ വിതരണത്തിൽ ചുരുങ്ങിനിൽക്കുന്നതല്ല, മറിച്ച് വരുമാനത്തിൽ നിന്നും പിന്നീട് കാരുണ്യപ്രവർത്തനങ്ങളിലേക്കെല്ലാം അത് പരന്ന് കിടക്കുന്നു. ദാനമായി നൽകുന്നതെന്തും പാരത്രികലോകത്തേക്ക് വലിയ മുതൽകൂട്ടായിരിക്കും. പണം കൊണ്ട് തിന്നും കുടിച്ചും ഉടുത്തും മനുഷ്യൻ വിനിയോഗിച്ച് തീർക്കുമ്പോൾ ദാനധർമ്മങ്ങൾ മാത്രമാണ് മനുഷ്യന് ശാശ്വതമായി നിൽക്കുക.

(ഇയ്യാക നഅ്ബുദു വ ഇയ്യാക നസ്തഈൻ) നിന്നെമാത്രം ഞങ്ങൾ ആരാധിക്കുകയും നിന്നോടുമാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു എന്നതാണ് ഫാത്തിഹയിലെ അഞ്ചാം സൂക്തം. അങ്ങേയറ്റത്തെ വിധേയത്വമാണ് ആരാധന. അല്ലാഹു തൃപ്തിപ്പെട്ട എല്ലാ കർമ്മങ്ങളെയും പൊതുവായി ആരാധനയെന്ന് വിളിക്കാം. വിലക്കപ്പെട്ടതൊഴിച്ച് തന്റെ രക്ഷിതാവിന് വേണ്ടി എന്ന് കരുതിവെക്കുന്ന സർവ്വ നന്മയും ആരാധനയുടെ ഗണത്തിൽ പെടും. അഥവാ, നിസ്കാരം, നോമ്പ്, സകാത്ത് എന്നിവയിൽ നിന്നും കടന്ന് സമ്പാദനമാർഗ്ഗങ്ങളടക്കമുള്ള വിശ്വാസിയുടെ സകലഇടപാടുകളിലും ആരാധനയുണ്ടാവേണ്ടതുണ്ട്. “പറയുക എന്റെ നമസ്കാരവും മറ്റാരാധനകളും ജീവിതവും മരണവുമൊക്കെ സർവ്വലോകസംരക്ഷകനായ അല്ലാഹുവിനുള്ളതാകുന്നു” എന്ന് ഖുർആൻ അൻആം അദ്ധ്യായത്തിലൂടെ ഉദ്ബോധിപ്പിക്കുന്നുണ്ട്. ( തുടരും)

വിവ: ഫഹ്മിദ സഹ്റാവിയ്യ

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles