Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിന്റെ സാമൂഹിക- സാമ്പത്തിക കാഴ്ചപ്പാടുകൾ

ഇസ്‌ലാമിന്റെ മഹത്തായ കാഴ്ചപ്പാടുകളിൽ പ്രധാനമായ സാമ്പത്തികവും സാമൂഹികവുമായ വീക്ഷണങ്ങളെക്കുറിച്ചാണ് ഈ കുറിപ്പ് ചർച്ച ചെയ്യുന്നത്. സാമ്പത്തിക അഭിവൃദ്ധിയെന്നത് ഇസ്‌ലാമിക സാമ്പത്തികശാസ്ത്രത്തിന്റെ പരമലക്ഷ്യങ്ങളിലൊന്നായി ഗണിക്കപ്പെടുന്നതാണ്. സുഗമമായ ജീവിതമെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഭൂമിയെ കൃഷികൾ കൊണ്ടും മറ്റും സജീവമാക്കി നിർത്തലും പുഷ്ടിപ്പെടുത്തലും മതപരമായ ബാധ്യതയുമാണ്. അതുകൊണ്ടുതന്നെയാണ് ആവശ്യങ്ങൾക്കനുസൃതമായ സ്രോതസ്സുകൾ കണ്ടെത്തുക, സമൂഹത്തിന്റെ വരുമാനസ്രോതസ്സുകൾ കഴിവതും വർധിപ്പിക്കുക, വ്യത്യസ്ത പ്രദേശങ്ങളിലെ സാമ്പത്തിക വളർച്ചയുടെ ഏകീകരണം ഉറപ്പുവരുത്തുക, പ്രതിഭാധനരായ ഒരു തൊഴിലാളിസംഘത്തെ വാർത്തെടുക്കുക, സ്വയംപര്യാപ്തത കൈവരിക്കുക എന്നതൊക്കെ ഇസ്‌ലാമിന്റെ ഇവ്വിഷയകരമായ കാഴ്ചപ്പാടുകളെ സ്വാധീനിച്ചത്. അപ്രകാരം സാമ്പത്തിക ഉന്നമനമെന്ന ഈ ലക്ഷ്യത്തിനുവേണ്ടി ഇസ്‌ലാമിക മുൻഗണനാക്രമമായ അത്യാവശ്യങ്ങൾ(ദറൂറിയ്യാത്ത്), ആവശ്യങ്ങൾ(ഹാജിയ്യാത്ത്), ഫലപ്രദമായത്(തഹ്‌സീനാത്ത്) എന്നിവ ഉൽപാദനത്തിന്റെയും വിതരണത്തിന്റെയും വിഷയത്തിൽ ഇസ്‌ലാം പരിഗണിക്കുന്നുണ്ട്.

ഒന്നാമതായി അത്യാവശ്യകാര്യങ്ങളാണ്. സ്വശരീരം, ബുദ്ധി, ദീൻ, അഭിമാനം, സമ്പത്ത് എന്നിവയുടെ നന്മക്കാവശ്യമായ കാര്യങ്ങൾ. മനുഷ്യജീവന്റെ നിലനിൽപിന് ഇക്കാര്യങ്ങൾ നിലനിൽക്കൽ അനിവാര്യമാണ്. അത്യാവശ്യകാര്യങ്ങളുടെ കൂട്ടത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതാണ് ജനങ്ങളുടെ ജീവിതസുരക്ഷ ഉറപ്പുവരുത്തുന്ന, അവരുടെ മുൻഗണനാക്രമങ്ങൾ പരിഹരിക്കുന്ന പദ്ധതികൾക്കായി സമ്പത്തു ചെലവഴിക്കുകയെന്നത്. ഭക്ഷണം, പാനീയം, വസ്ത്രം, സുരക്ഷിതത്വം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ഇതിന്റെ ഭാഗമാണ്. സ്വാഭാവികമായും ജനങ്ങളുടെ ഈ മുൻഗണനാക്രമങ്ങളുടെ പൂർത്തീകരണത്തിന്റെ ഭാഗമായുള്ള സാമ്പത്തിക നയനിലപാടുകളും വളരെ അനിവാര്യമായ ഒന്നായി വരുന്നു. ‘ഈ വിശുദ്ധഗേഹത്തിന്റെ നാഥനെ അവർ ആരാധിക്കട്ടെ. അവർക്ക് ഭക്ഷണം നൽകുകയും ഭയത്തിൽ നിന്ന് സുരക്ഷിതത്വം നൽകുകയും ചെയ്ത നാഥൻ'(ഖുറൈശ്) എന്ന സൂക്തമാണ് ഇതിന്റെ അടിസ്ഥാനം. ഇബ്‌നു മാജ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ നബി തങ്ങൾ പറയുന്നു:’നിങ്ങളിൽ വല്ലവരും സമ്പൂർണ ആരോഗ്യവാനായി, സ്വന്തം വീട്ടിൽ സുരക്ഷിതനായി നേരം പുലരുകയും അന്നത്തെ ദിവസത്തെ ഭക്ഷണം കയ്യിലുണ്ടാവുകയും ചെയ്താൽ ഈ ലോകം മുഴുവൻ അവൻ സ്വന്തമാക്കിയതിനു തുല്യമാണ്’. ഇക്കാര്യം സാധ്യമാക്കാനാവശ്യമായ മാർഗങ്ങൾ ഫർള് കിഫയായാണ്(പൊതുബാധ്യത) എണ്ണപ്പെടുന്നത്. അതുവഴി ഭൂമികൾ സജീവമാവുകയും ജനജീവിതം സുരക്ഷിതമാവുകയും ചെയ്യണം. അതിനോട് അവഗണന കാണിക്കുന്നതും അതിൽ വല്ലവീഴ്ചയും വരുത്തുന്നതും അല്ലാഹുവിന്റെ ആജ്ഞയോടുള്ള ധിക്കാരവുമാണ്.

രണ്ടാമതായാണ് ആവശ്യകാര്യങ്ങൾ. ജനജീവിതം കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കുന്ന കാര്യങ്ങളാണവ. അവയുടെ അസാന്നിധ്യത്തിലും ജീവിതം സാധ്യമാണെങ്കിലും അത്യധികം പ്രയാസങ്ങളോടെ മാത്രമാവും. ജീവിതത്തിലെ കഷ്ടപ്പാടുകളും ഇടുക്കും ഇല്ലാതാക്കാൻ ഇത് സഹായിക്കുമെന്നതുകൊണ്ടുതന്നെ സുന്നത്തായ കാര്യങ്ങളുടെ കൂട്ടത്തിലാണ് ഇത് ഗണിക്കപ്പെടുന്നത്.

മൂന്നാമതാണ് ഫലപ്രദമായത്, അല്ലെങ്കിൽ പരിപൂർണത കൈവരിക്കാൻ സഹായിക്കുന്നത്. മനുഷ്യജീവിതത്തെ കൂടുതൽ സമ്പുഷ്ടവും സുഖകരവുമാക്കുന്ന കാര്യങ്ങളാണത്. ഒട്ടും ധൂർത്തോ പാഴാക്കലോ ആഡംബരമോ അതിലുണ്ടാകുമയുമരുത്. ആവശ്യമുള്ള കാര്യങ്ങളല്ലെങ്കിലും പൊതുവെ നല്ല കാര്യങ്ങളായി ഗണിക്കപ്പെടുന്നവ. നല്ല ഭക്ഷണവും പാനീയവും, നല്ല വസ്ത്രം, വാഹനം തുടങ്ങി ജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്തുന്ന ഘടകങ്ങൾ ഇതിൽപ്പെടും. ‘നല്ലൊരു അയൽവാസിയും നല്ല വാഹനവും വിശാലമായൊരു പാർപ്പിടവും ഒരു മനുഷ്യന് ഏറ്റവും ആശ്വാസം പകർന്നുനൽകുന്ന ഘടകങ്ങളാണ്'(അഹ് മദ്) എന്ന റസൂലിന്റെ ഹദീസ് വെളിച്ചം വീശുന്നതും ഇതിലേക്കാണ്.

ഈ മുൻഗണനാക്രമമനുസരിച്ചാവണം നമ്മുടെ ഉദ്പാതനവും വിതരണവും ഉപഭോഗവുമൊക്കെ. അത്യാവശ്യ ഘടകങ്ങൾക്കും ആവശ്യഘടകങ്ങൾക്കും നൽകുന്ന പരിഗണന പരിപൂർണതക്കുതകുന്ന ഘടകങ്ങളായ മൂന്നാം വിഭാഗത്തിന് നൽകേണ്ടതില്ല. ഉൽപാദനത്തെപ്പോലെ ഉപഭോഗത്തിനും നൽകേണ്ടതില്ല. അങ്ങനെ ചെയ്യുന്ന പക്ഷം സമൂഹത്തിൽ വലിയ നഷ്ടങ്ങളാണ് വന്നുചേരുക.

സാമൂഹിക ഉന്നമനത്തിന്റെ ലക്ഷ്യം
സാമൂഹിക ഉന്നമനവും സാമ്പത്തിക അഭിവൃദ്ധിയും ഒരുനാണയത്തിന്റെ രണ്ടുവശങ്ങളാണ്. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിലെ അകൽച്ച ഇല്ലാതാക്കലും പ്രശ്‌നങ്ങൾ പരിഹരിക്കലും തൊഴിലവസരങ്ങൾ നൽകലും പാവങ്ങൾക്ക് ജീവിതോപാധി നൽകലും സ്വസുരക്ഷ ഉറപ്പുവരുത്തലും ആരോഗ്യവും വിദ്യാഭ്യാസവും എല്ലാവർക്കും ഉറപ്പുവരുത്തലും ലക്ഷ്യമിടുന്ന ഇസ്‌ലാമിക സാമ്പത്തികശാസ്ത്രത്തിന്റെ പൊതുലക്ഷ്യങ്ങളിൽ പെട്ടതാണ് അവരണ്ടും.

ഇസ്‌ലാമിക സാമ്പത്തികശാസ്ത്രത്തെ സവിശേഷമാക്കുന്നൊരു ഘടകം സാമൂഹികമായ ഉത്തരവാദിത്വത്തെ അതു സമീപിക്കുന്ന രീതിയാണ്. ഇസ്‌ലാമിന്റെ സമുന്നതമായ സന്ദേശം ഉയർത്തിപ്പിടിക്കുന്നതും സമൂഹത്തിന്റെ ആവശ്യങ്ങൾ തൊട്ടറിയുക, അവ പൂർത്തീകരിക്കുക, സമൂഹത്തിന് ഉപകാരപ്രദമായ കാര്യങ്ങളെ പരിഗണിക്കുകയും ഉപദ്രവകരമായതിനെ അകറ്റിനിറുത്തുകയും ചെയ്യുകയെന്ന കാര്യമാണ്. ഉപദ്രവം ചെയ്യലും ഉപദ്രവത്തിന് പ്രതികാരം ചെയ്യലും ഇസ്‌ലാമിലില്ലെന്ന നബി തങ്ങളുടെ ഹദീസിന്റെ താത്പര്യവും അതുതന്നെയാണ്.

വലിയൊരു ശതമാനം ആവശ്യക്കാർക്കും പാവങ്ങൾക്കും ഉപകാരംചെയ്യുന്ന തരത്തിലുള്ള സാമ്പത്തികപദ്ധതികൾക്ക് ഇസ് ലാം വ്യക്തമായ പിന്തുണയാണ് നൽകുന്നത്. ദരിദ്രർ തങ്ങളുടെ വരുമാനത്തിന്റെ മിക്കഭാഗവും ചെലവഴിക്കുന്ന അത്യാവശ്യവും ആവശ്യവുമായ സാമഗ്രികൾക്ക് പ്രാധാന്യം നൽകുന്ന നിക്ഷേപദ്ധതികൾക്ക് മുൻഗണന നൽകൽ ഇതിന്റെ ഭാഗമാണ്. ഇത് അവയുടെ വില കുറയ്ക്കുന്നതിനും അപരർക്കുമുന്നിൽ യാചിക്കുന്നതിൽ നിന്ന് അവരെ സംരക്ഷിക്കാനും സഹായിക്കും.

ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയുടെ സമുന്നതമായ ലക്ഷ്യങ്ങൾ ഒരു വ്യക്തിയെ സാമൂഹികനന്മ ആഗ്രഹിക്കുന്നവനും സമൂഹത്തെ വ്യക്തികളോടു ബഹുമാനമുള്ളതുമാക്കിത്തീർക്കുന്നു എന്നതാണ്. സാമൂഹികമുന്നേറ്റത്തിനായി പരസ്പരം ശക്തിപ്പെടുത്തുന്ന വലിയൊരു കണ്ണിയും അവിടെ രൂപപ്പെടുന്നു. അത് ഈമാനുമായി ഏറിയും കുറഞ്ഞും ബന്ധപ്പെട്ടു കിടക്കുകയും ചെയ്യുന്നു. ഏറ്റവുമാദ്യമായി വിശ്വാസത്തിന്റെ തോതനുസരിച്ചാണ് അത് അതിന്റെ ഫലങ്ങൾ കാണിക്കുന്നത്. സമൂഹത്തിൽ ഈമാനിക സാന്നിധ്യം കുറയുമ്പോഴൊക്കെ ഇതിന്റെ സ്വാധീനവും കുറഞ്ഞുവരും. ഇസ്‌ലാമിക തർബിയത്തിന്റെ ഫലമതാണ്. സകാത്തും സ്വദഖയും വഖ്ഫും കടവും ഭാര്യസന്താനങ്ങൾക്കുള്ള നിർബന്ധചെലവും ഉദ്ഹിയ്യത്തും വായ്പയുമൊക്കെ ഇതിന്റെ ഉപകരണങ്ങളിൽ പ്രധാനമാണ്.

ജീവിതോപാധിയുടെ വിഷയത്തിൽ സമൂഹത്തിലെ ഓരോ വ്യക്തികൾക്കിടയിലും സന്തുലിതത്വം ഉറപ്പുവരുത്താൻ ഇസ്‌ലാമിക രാഷ്ട്രസംവിധാനം സഹായം ഉറപ്പുനൽകുന്നുണ്ട്. ഭൂരിപക്ഷം വരുന്ന സമ്പത്തും സമൂഹത്തിലെ വളരെ ചെറിയ ന്യൂനപക്ഷത്തിന്റെ കയ്യിൽ മാത്രമാകുന്ന നിലവിലെ കാപിറ്റൽ സംവിധാനത്തെ അത് ശക്തമായി ചോദ്യംചെയ്യുന്നുമുണ്ട്. സകാത്ത്, അനന്തരാവകാശ നിയമങ്ങൾ എന്നിവ ഈ സാമൂഹിക സന്തുലിതാവസ്ഥത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുള്ള ഇസ് ലാമിന്റെ നടപടിക്രമങ്ങളാണ്.

മദീന ഹിജ്‌റക്ക് ശേഷം പ്രവാചകൻ (സ്വ) സാധ്യമാക്കിയ സാമൂഹിക സന്തുലിതത്വ നടപടികൾ ചരിത്രത്തിൽ അതുല്യമാണ്. തങ്ങളുടെ വിശ്വാസത്തിന്റെ സംരക്ഷണത്തിനായി സ്വന്തം സമ്പാദ്യങ്ങൾ മുഴുവൻ മക്കയിൽ വിട്ടേച്ച് മദീനത്തേക്കു വന്ന മുഹാജിറുകൾക്കും മദീനാ നിവാസികളും സമ്പന്നരുമായ അൻസാറുകൾക്കുമിടയിൽ പകുത്തുകൊടുക്കലിന്റെ പാഠങ്ങൾ പഠിപ്പിച്ചാണ് നബി തങ്ങൾ ഈ വിപ്ലവം സാധ്യമാക്കിയത്. ഇക്കാര്യം വിശുദ്ധ ഖുർആൻ കൃത്യമായി വിശദീകരിക്കുന്നുണ്ട്. ‘നേരത്തെ തന്നെ വീടും വിശ്വാസവും സജ്ജീകരിച്ച അൻസ്വാറുകളാവട്ടെ, സ്വദേശം പരിത്യജിച്ചെത്തുന്ന മുഹാജിറുകളെ സ്‌നേഹിക്കുന്നവരും അവർക്ക് കിട്ടിയ സമ്പത്ത് സംബന്ധിച്ച് തങ്ങളുടെ മനസ്സിൽ ഒരാഗ്രഹവും ഇല്ലാതിരിക്കുന്നവരുമാകുന്നു. തങ്ങൾക്ക് ദാരിദ്ര്യമുണ്ടെങ്കിൽ പോലും മുഹാജിറുകൾക്കാണവർ മുൻഗണന കൊടുക്കുക.’ (സൂറത്തുൽ ഹശ്‌റ്- 9).

ബനുന്നളീർ യുദ്ധത്തിനു ശേഷവും നബി തങ്ങൾ സമാനമായി സാമൂഹിക സമത്വം ഉറപ്പുവരുത്താനുള്ള നടപടികൾ ചെയ്തിട്ടുണ്ട്. അന്ന് അൻസ്വാറുകളിലെ പാവങ്ങളായ രണ്ടു മനുഷ്യരെ മാറ്റിനിറുത്തിയാൽ യുദ്ധമുതലിന്റെ മിക്ക വിഹിതവും മുഹാജിറുകൾക്കായിരുന്നു നബി തങ്ങൾ നൽകിയത്. അല്ലാഹുവിൽ നിന്നുള്ള കൃത്യമായ നിർദേശവും ഇതിനു പിറകിലുണ്ടായിരുന്നു. ‘വിവിധ നാടുകളിൽ നിന്ന് അല്ലാഹു ദൂതന് നേടിക്കൊടുത്ത സമ്പത്ത് അല്ലാഹുവിനും റസൂലിനും അടുത്ത ബന്ധുക്കൾകക്കും അനാഥക്കുട്ടികൾക്കും അഗതികൾക്കും യാത്രക്കാർക്കുമുള്ളതാണ്. നിങ്ങളിലെ സമ്പന്നർക്കിടയിൽ മാത്രം അത് വിനിമയം ചെയ്യപ്പെടാതിരിക്കാനാണിത്.'(സൂറത്തുൽ ഹശ്‌റ്-7).

സാമൂഹികസമത്വം സാധ്യമാക്കുന്നതിന്റെ ഭാഗമായി ഓരോ പ്രദേശങ്ങൾക്കുമിടയിലും സമത്വം ഉറപ്പുവരുത്താൻ ഇസ് ലാം ആഹ്വാനം ചെയ്യുന്നുണ്ട്. അതിലേറെ പ്രാധാന്യം രണ്ടു തലമുറകൾക്കിടയിൽ ആവശ്യമായ സമത്വത്തിന് ഇസ്‌ലാം നൽകുന്നുണ്ട്. കാരണം, വരുംതലമുറക്ക് ഇന്നത്തെ തലമുറയുടെ സമ്പത്തിൽ പങ്കുണ്ടെന്നതു തന്നെ. ഇസ് ലാം പിതാക്കളോട് തങ്ങളുടെ മക്കളെ സമ്പന്നരാക്കി വിട്ടേച്ചുപോവാനാണ് ആഹ്വാനം ചെയ്യുന്നത്, ദരിദ്രരായല്ല. ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത’നീ നിന്റെ അനന്തരാവകാശികളെ ജനങ്ങളോട് യാചിച്ചു നടക്കുന്നവരാക്കി വിട്ടേച്ചുപോവുന്നതിലും ഭേദം അവരെ സമ്പന്നരാക്കി വിേേട്ടച്ചുപോവലാണ്’ എന്ന് നബി തങ്ങൾ സഅദ് ബിൻ അബീ വഖാസി(റ)ന് നൽകിയ വസ്വിയ്യത്ത് ഹദീസ് ഇതിന് അടിവരയിടുന്നു.

ഖലീഫ ഉമർ(റ) മുസ്‌ലിംകൾ കീഴടക്കിയ ഭൂമികൾ വീതംവെക്കുന്ന വിഷയത്തിൽ തലമുറകൾക്കിയിൽ സമത്വം ഉറപ്പുവരുത്തിയവരാണ്. ഇതിന്റെയൊക്കെ പിറകിൽ വ്യക്തിയും സമൂഹവും ഈലോകത്തും പരലോകത്തും വിജയിക്കുകയെന്നതാണ് ഇസ്‌ലാം അടിസ്ഥാനമായി ലക്ഷ്യമിടുന്ന കാര്യം.

വിവ. മുഹമ്മദ് ശാക്കിർ മണിയറ

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles