Current Date

Search
Close this search box.
Search
Close this search box.

നോട്ട് നിരോധനം കൊണ്ടെന്തുണ്ടായി ?

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുകയാണ് രാജ്യനിവാസികള്‍. ഇതിന്റെ മൂലകാരണങ്ങള്‍ തേടിപ്പോയാല്‍ ഒരുപാട് കണ്ടെത്തലുകളിലെത്തിച്ചേരും. എന്നാല്‍ ഇത്ര രൂക്ഷമായ രീതിയില്‍ ഇത് ആരംഭിച്ചത് എന്നാണ് എന്ന ചോദ്യം നമ്മെ ആറ് വര്‍ഷം പിന്നോട്ട് നയിക്കും. കൃത്യമായി പറഞ്ഞാല്‍ 2016 നവംബര്‍ 8 രാത്രി 8 മണിക്ക് വന്ന ഒരു പ്രഖ്യാപനം. നോട്ട് നിരോധനം ലക്ഷ്യം വെച്ച് പ്രധാനമന്ത്രി പറഞ്ഞത് 1. കള്ളപ്പണം തടയുക 2. കള്ളനോട്ട് ഇല്ലാതാക്കുക, 3. ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ്സ് തടയുക, 4. ഡിജിറ്റല്‍ കറന്‍സിയിലേക്ക് ജനങ്ങളെ മാറ്റുക എന്നിവയാണ്.

ഈ ലക്ഷ്യങ്ങള്‍ നേടിയോ എന്ന് ഇനി നമുക്ക് പരിശോധിക്കാം

1.കള്ളപ്പണം തടയുക:

15.44 ലക്ഷം കോടി രൂപ മൂല്യമുള്ള കറന്‍സികളാണ് നിരോധനം വഴി പിന്‍വലിച്ചത്. 15.28 ലക്ഷം കോടി രൂപയും ബാങ്കുകളില്‍ തിരികെയെത്തി. അപ്പോള്‍ കള്ളപ്പണം എവിടെപ്പോയി ? രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ പണം നിക്ഷേപിക്കപ്പെട്ട അക്കൗണ്ടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞു എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇതില്‍ എത്ര അക്കൗണ്ടുകള്‍ കള്ളപ്പണക്കാരുടേതാണ് ? അവരില്‍ നിന്ന് എത്ര പണം പിടിച്ചെടുത്തു, അവരെക്കൊണ്ട് എത്ര നികുതി അടപ്പിക്കാനായി എന്നു കൂടി പറയണം. ഇതിനൊന്നും യാതൊരു കണക്കും ഇല്ല.

2. കള്ളനോട്ട് തടയുക

1000, 500 നോട്ട് നിരോധിച്ച് പിന്നീട് ഇറക്കിയതാകട്ടെ 2000ന്റെ നോട്ടുകള്‍ അത് കള്ളനോട്ട് അടിക്കുന്നവര്‍ക്ക് ജോലി കൂടുതല്‍ എളുപ്പമാക്കി. 2015 – 2016 സാമ്പത്തിക വര്‍ഷത്തില്‍ പിടിച്ചതിനേക്കാള്‍ കള്ളനോട്ട് 2016 – 2017 സാമ്പത്തിക വര്‍ഷത്തില്‍ പിടിച്ചു. അത് പിന്നീടുയം കൂടിയിട്ടേ ഉള്ളൂ ..എന്നാണ് കണക്കുകള്‍ സൂചിപ്പികുന്നത്. കൂടുതലും പിടിച്ചിരിക്കുന്നത് ബിജെപി ഭരിക്കുന്ന കര്‍ണാടക, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. അതിലും കൗതുകകരം അതില്‍ കൂടുതലും ബിജെപി പ്രവര്‍ത്തകരാണ് പ്രതികള്‍ എന്നതാണ്. വ്യാപകമായ ഇത്തരം കള്ളനോട്ടടി കാരണം പതിയെ പതിയെ 2000ന്റെ നോട്ടുകള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കുയാണുണ്ടായത്.

3. തീവ്രവാദപ്രവര്‍ത്തനങ്ങളും മയക്കുമരുന്ന് കച്ചവടങ്ങളും അവസാനിപ്പിക്കും എന്നതായിരുന്നു മറ്റൊരു പ്രഖ്യാപനം.
ഇവ നടന്നില്ലെന്നുമാത്രമല്ല, ആഗോള തീവ്രവാദ സൂചിക 2020 പ്രകാരം ഇന്ത്യയുടെ റാങ്ക് മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. ആക്രമണങ്ങളില്‍ 20 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ലോകത്ത് ഏറ്റവും കൂടുതല്‍ തീവ്രവാദബാധിത പ്രദേശങ്ങളില്‍ ആദ്യ പത്തില്‍ ഇന്ത്യയും ഉണ്ട്. മയക്കുമരുന്ന് ഉപഭോഗവും വിതരണവും ഇന്നും വലിയ മാറ്റമില്ലാതെ തുടരുന്നു.

4.ഡിജിറ്റല്‍ വിപ്ലവമെന്ന വാചകമടി

ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചെന്നു പറയുന്നത് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്(യുപിഐ), ഭീം ആപ്പില്‍ ഇടപാടുകള്‍ കൂടിയെന്നു പറഞ്ഞാണ്. രാജ്യത്തു മൊത്തം നടക്കുന്ന ഇലക്ട്രോണിക് ഇടപാടുകളുടെ ഒരു ചെറിയ ഘടകം മാത്രമാണ് ഈ ആപ്പുകള്‍. 2017 ഓഗസ്റ്റിലെ കണക്കു പ്രകാരം ആകെ റീട്ടെയില്‍ ഇലക്ട്രോണിക് ഇടപാടുകള്‍ എന്നു പറയുന്നത് 13.98 ലക്ഷം കോടി രൂപയാണ്. ഇതില്‍ യുപിഐ ഇടപാട് വെറും 4157 കോടി രൂപ. ചുരുക്കത്തില്‍ പ്രഖ്യാപിച്ച ഒരു ലക്ഷ്യവും നേടാനായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

എന്നാല്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയായിരുന്നു?

നമ്മള്‍ അനുഭവിച്ചത്-കൈയ്യില്‍ അത്യാവശ്യത്തിനു പോലും പണമില്ലാതെ നമ്മള്‍ ബാങ്കിനും എ.ടി.എമ്മിനും മുന്നില്‍ നീണ്ട ക്യൂ നിന്നു. അടിയന്തരമായ ആശുപത്രി ചികിത്സക്കു പോലും പണമില്ലാതെ ജനങ്ങള്‍ മരിച്ചു വീഴുന്ന കാഴ്ച്ചകള്‍ പോലും നമ്മള്‍ കണ്ടു.

വന്‍കിട മേഖലയില്‍ സംഭവിച്ചത് ?

മാര്‍ക്കറ്റിലിറക്കാന്‍ പണം പെട്ടന്ന് ഇല്ലാതായതോടെ റിയല്‍ എസ്റ്റേറ്റ് മേഖലയും നിര്‍മാണ മേഖലയും സ്തംഭിച്ചു. നിര്‍മാണ മേഖല സ്തംഭിച്ചതോടെ ലക്ഷക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടമായി. നിര്‍മാണങ്ങള്‍ നിര്‍ത്തിയതോടെ രാജ്യത്തിന്റെ ഉത്പാദനം കുറയുന്ന അവസ്ഥ വന്നു.

ചെറുകിട-ഇടത്തരം മേഖലക്ക് സംഭവിച്ചത് ?

രാജ്യത്തിന്റെ മൊത്തം ജി.ഡി.പിയുടെ 30% കൈയാളുന്ന ചെറുകിട ഇടത്തരം മേഖലക്ക് ദൈനംദിന കൊടുക്കല്‍ വാങ്ങലുകള്‍ക്ക് പോലും പണമില്ലാതെ വിപണിയും വ്യാവസായങ്ങളും തകര്‍ന്നടിഞ്ഞു. ഗ്രാമീണ സമ്പദ് വ്യവസ്ഥ വലിയ പ്രതിസന്ധിയിലേക്ക് തള്ളപ്പെട്ടു.

50 ദിവസം കൊണ്ട് എല്ലാം ശരിയാക്കും എന്ന് പറഞ്ഞ മോദി , വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ തകരുന്ന കാഴ്ച്ചയാണ് കാട്ടിതരുന്നത്. 2016 നവംബര്‍ വരെ ചെറുതായിട്ടെങ്കിലും വളര്‍ന്നു കൊണ്ടിരുന്ന ഇന്ത്യയുടെ ജി.ഡി.പി പിന്നീട് ഇതുവരെ തകര്‍ച്ചയില്‍ നിന്നും കരകയറിയിട്ടില്ല. അത് വീണ്ടും താഴേക്ക് പോയി കൊണ്ടിരിക്കുന്നു. ഇന്നത് രൂപയുടെ മൂല്യം ഇടിയുന്നത് മുതല്‍ പൊള്ളുന്ന വിലക്കയറ്റം വരെയായി നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു.

നോട്ട് നിരോധനം കൊണ്ട് ആര്‍ക്കാണ് ഗുണം ഉണ്ടായത് ?

ബിജെപി എന്ന രാഷ്ട്രീയ സംഘടനയെ സാമ്പത്തികമായ ശക്തമാക്കുക എന്ന ഗൂഢലക്ഷ്യമായിരുന്നു ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ എന്ന് ഈ തെളിവുകള്‍ ചുണ്ടിക്കാണിക്കുന്നു. നോട്ടുനിരോധത്തിന് മുമ്പും പിമ്പും ബിജെപിയുടെ ഉന്നത നേതാക്കള്‍ നേതൃത്വം നല്‍കുന്ന സഹകരണ സംഘങ്ങളിലൂടെ വന്‍തുകുകള്‍ മാറ്റിയെടുത്തതാണ് ഒന്ന്. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലെ സഹകരണ സംഘങ്ങളിലൂടെ 850 കോടിയോളം രൂപ വെളുപ്പിച്ച് എടുത്ത വിവാദം പിന്നീട് പുറത്തു വന്നിരുന്നു.

ആ സമയങ്ങളില്‍ സാധാരണക്കാരായ ജനങ്ങളെ നിര്‍ബന്ധിപ്പിച്ചു തുടങ്ങിപ്പിച്ച സീറോ ബാലന്‍സ് അക്കൗണ്ടുകളിലൂടെ വന്‍ തുകകള്‍ മാറ്റിയെടുത്തതും സമഗ്ര അന്വേഷണത്തിന് വിധേയമാക്കാന്‍ വിസമ്മതിച്ച കേന്ദ്രനയം ആണ് മറ്റൊന്ന്.

നോട്ട് നിരോധനത്തിന് തൊട്ടു പിന്നാലെ വന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് കാര്യമായ പണമില്ലാതെ മറ്റു പാര്‍ട്ടിക്കാര്‍ വലഞ്ഞപ്പോള്‍ വന്‍ തുക മുടക്കി വലിയ പ്രചരണം അഴിച്ചുവിട്ട ബി.ജെ.പി യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതും ഇത്തരം ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്നു. തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്റെ കാലാവധി നീട്ടി കൊടുക്കാതെ ഊര്‍ജിത് പട്ടേലിനെ കളിപ്പാവ എന്നോണം ഗവര്‍ണര്‍ പദവിയിലിരുത്തിയിട്ടാണ് നോട്ടുനിരോധനം അടക്കമുള്ള കാര്യങ്ങള്‍ ബിജെപി സര്‍ക്കാര്‍ ചെയ്തുകൂട്ടിയത്. യഥാര്‍ത്ഥത്തില്‍ ബി.ജെ.പി നമ്മളെ പറ്റിച്ചു. ആ ചതി ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

രാജ്യത്തെ വിഭവങ്ങളെ എല്ലാം സ്വകാര്യവത്ക്കരിച്ചു മുതലാളിമാര്‍ക്ക് വിറ്റുകൊണ്ടിരിക്കുന്നു. അംബാനിയും അദാനിയുമൊക്കെ ലോകത്തിലെ കോടീശ്വരന്മാരുടെ പട്ടികയില്‍ മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ രാജ്യം പട്ടിണി സൂചികയില്‍ താഴേക്ക് പോയിക്കൊണ്ടിരിക്കുന്നു. അതേസമയം വര്‍ഗീയതയും വംശീയതയും പ്രചരിപ്പിച്ചുകൊണ്ട് ജനങ്ങളുടെ ശ്രദ്ധ വഴിതിരിച്ചു വിട്ട് സുഖലോലുപതയിലാണ് കേന്ദ്ര സര്‍ക്കാരും സംഘ്പരിവാര്‍ നേതൃത്വവും.

Related Articles