Current Date

Search
Close this search box.
Search
Close this search box.

Economy

കോവിഡ് 19: ആഗോള ഉപഭോക്തൃ സംസ്കാരത്തിനുള്ള മുന്നറിയിപ്പ്

പുതിയൊരു ലോകക്രമം ആഗതമാവുന്നതിനെ സൂചിപ്പിച്ചു കൊണ്ടുള്ള, ‘ക്ലോസ്ഡ്’ എന്ന ബാനർ തൂക്കിയ നിലയിലുള്ള ഭൂഗോളത്തിന്റെ ചിത്രമായിരുന്നു ലണ്ടനിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഇക്കണോമിസ്റ്റ് മാഗസിന്റെ മാർച്ച് മൂന്നാം വാരത്തിലെ കവർ ചിത്രം.

ആധുനിക ചരിത്രം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു നിശ്ചലാവസ്ഥയുടെ ഘട്ടത്തിലേക്ക് മനുഷ്യരാശി പ്രവേശിച്ചു കഴിഞ്ഞു: ഫാക്ടറികൾ പ്രവർത്തനം നിർത്തി; ഹൈവേകൾ ഗതാഗതക്കുരുക്കിൽ നിന്നും മുക്തമായി; വിമാനക്കൂട്ടങ്ങൾ പറക്കുന്നില്ല; സങ്കൽപ്പിക്കാൻ കഴിയാത്ത വിധം ആകാശം തെളിവുറ്റതായി; ഭ്രാന്തമായ നഗര ബഹളങ്ങൾ ഗ്രാമീണ ജീവിത സമാനമായ ശാന്തതയ്ക്കു വഴിമാറി.

കാലാവസ്ഥ വ്യതിയാനം തടയാനുള്ള ആഹ്വാന പ്രകാരമോ, പാരിസ്ഥിതിക നാശത്തെ തടയാനും കാർബൺ ഡൈഓക്സൈഡ് പ്രസരണം കുറയ്ക്കാനും അന്താരാഷ്ട്ര ഉടമ്പടികൾ ആവശ്യപ്പെട്ടതു കൊണ്ടോ അല്ല ഈ നിശ്ചലാവസ്ഥ സംജാതമായത്. മറിച്ച്, അങ്ങേയറ്റം വിനാശകരമായി മാറിയിരിക്കുന്ന അമിതമായ ഉപഭോക്തൃ ജീവിതശൈലി ഉപേക്ഷിക്കാൻ കൊറോണ വൈറസ് യുഗം മനുഷ്യരാശിയെ നിർബന്ധിതമാക്കുകയായിരുന്നു.

ഒരു പുതിയ അനുഭവതലത്തിലേക്കാണ് ആഗോള സമൂഹം പ്രവേശിക്കാൻ തുടങ്ങുന്നത്, അതു വരും തലമുറകളിൽ ആഴത്തിലുള്ള ധാർമികവും ദാർശനികവുമായ സ്വാധീനം ചെലുത്തും, പ്രത്യേകിച്ച് ശാന്തതയുടെയും വിചിന്തനത്തിന്റെയും ഈ കാലം അടുത്ത ഒരു മാസം കൂടി നീണ്ടുനിൽക്കുകയാണെങ്കിൽ.

Also read: പകർച്ചവ്യാധിക്കു മുന്നിൽ പകച്ചുനിൽക്കുന്ന യുദ്ധകൊതിയൻമാർ

ഉത്തരവാദിത്തബോധവും മനസാക്ഷിയുള്ളതുമായിരുന്നോ നമ്മുടെ മുൻകാല ജീവിതരീതി? നിയന്ത്രണമില്ലാത്ത ഉപഭോഗ സംസ്കാരവും അമിതമായ ഉത്പാദനവും യഥാർഥത്തിൽ ഉപയോഗപ്രദമായിരുന്നോ?

ഉൽപാദനത്തിന്റെയും ഉപഭോക്തൃ സംസ്കാരത്തിന്റെയും കാര്യത്തിൽ സമൂല പരിഷ്കരണങ്ങൾ ലോകത്തിനു ആവശ്യമാണ്. കൊറോണ വൈറസിനു വളരെ മുമ്പു തന്നെ വെളിവായിരുന്ന സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക പ്രതിസന്ധികളിലൂടെ അത് ഇതിനോടകം വ്യക്തമായിരുന്നു. പക്ഷേ ആഹ്വാനങ്ങളും അന്താരാഷ്ട്ര കരാറുകളും കാര്യമായ മാറ്റങ്ങൾക്കു കാരണമായില്ല.

2000-ൽ ഐക്യരാഷ്ട്രസഭ തുടക്കം കുറിച്ച ‘Millennium Development Goals’ന് അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനായില്ല, 2015-ലെ സമയപരിധി കഴിഞ്ഞപ്പോൾ അതിന്റെ പരാജയം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. 2019-ൽ, കാലാവസ്ഥ പ്രശ്നം പരിഹരിക്കുന്നതിലെ പോരായ്മകൾ അന്താരാഷ്ട്ര സമൂഹം തിരിച്ചറിഞ്ഞു. സാമ്പത്തിക താൽപര്യങ്ങൾ പരിഷ്കരണങ്ങൾക്കു തടസ്സമാവുകയും, നിലനിൽക്കുന്ന ഉപഭോക്തൃ സംസ്കാരം അങ്ങനെ തന്നെ തുടരുന്നതിലേക്ക് അതു നയിക്കുകയും ചെയ്തു.

തങ്ങളുടെ ഭൗതിക സമ്പത്ത് പ്രകടിപ്പിക്കാൻ വേണ്ടി ഉപയോഗിച്ചിരുന്ന വൻകിട ബ്രാൻഡുകളോടും അത്യാഢംബരങ്ങളോടും ആഢംബര ജീവിതശൈലികളോടും ഉണ്ടായിരുന്ന അഭിനിവേശം ഇന്ന് സമൂഹത്തിനു നഷ്ടമായിരിക്കുന്നു. ആഢംബര വസ്തുക്കളുടെ വിൽപ്പനശാലകൾ ആർക്കും വേണ്ടാതായി. ഭക്ഷ്യസാധനങ്ങൾക്കും മറ്റു അത്യാവശ്യവസ്തുക്കൾക്കും വേണ്ടി ജനങ്ങൾ തിക്കുംതിരക്കും കൂട്ടാൻ തുടങ്ങി, ഫലത്തിൽ ഉപയോഗശൂന്യമെന്ന് തെളിഞ്ഞ സാധനങ്ങൾ ചില്ലലമാറകളിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ കുന്നുകൂടി കിടന്നു. അത്യാഢംബര വസ്തുക്കൾ കൊണ്ട് ഇന്ന് ആർക്കാണ് പ്രയോജനം? “കൊറോണ യുഗം” എന്ന വിളിക്കപ്പെടുന്നതിനു മുമ്പുള്ള പരമ്പരാഗത ഉപഭോക്തൃ ജീവിതശൈലി ഭൂമിക്കും മനുഷ്യരാശിക്കും ഒരു ഭാരമായിരുന്നുവെന്ന് ഇതിലൂടെ വ്യക്തമാകേണ്ടിയിരിക്കുന്നു.

Also read: “സോഫിയുടെ ലോകം” തത്വചിന്തയിലേക്ക് വഴിതുറക്കുന്ന വാതായനം

വിപണികളിലും പരസ്യപ്പലകകളിലും ടെലിവിഷനിലും ഇന്റർനെറ്റ് ബാനറുകളിലും വളരെകാലം ആധിപത്യമുറപ്പിച്ചിരുന്ന അനേകമായിരം ബ്രാന്റുകൾ ഇല്ലെങ്കിലും ജീവിതം സാധ്യമാണ് എന്ന് ഉപഭോക്താക്കൾ വളരെ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ ബ്രാന്റുകൾ ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ആർക്കെങ്കിലും സങ്കൽപ്പിക്കാൻ കഴിഞ്ഞിരുന്നോ? പരസ്യനിർമാണത്തിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന ആളുകൾ തീർച്ചയായും അനുതാപവും സഹായവും പിന്തുണയും അർഹിക്കുന്നുണ്ട്, പക്ഷേ ഈ ബ്രാന്റുകളിൽ ഒരുപാടെണ്ണം ഉപഭോക്താക്കളുടെ കീശക്കും പരിസ്ഥിതിക്കും ഒരുപോലെ ഭാരമായിരുന്നുവെന്ന് മനസ്സിലേക്കേണ്ടതുണ്ട്.

“കൊറോണപൂർവ യുഗത്തിൽ”, ഉപയോഗയോഗ്യമായിരുന്നിട്ടു കൂടി, പഴയ വസ്തുക്കൾ ഉപേക്ഷിക്കാനും, കുറച്ചുകഴിഞ്ഞു ഉപേക്ഷിക്കാൻ വേണ്ടി മാത്രം പുതിയ വസ്തുക്കൾ വാങ്ങാനും വൻകിട ബ്രാൻഡുകൾ ഉപഭോക്താക്കളെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. അനാവശ്യ വസ്തുക്കൾക്കു വേണ്ടി കൂടുതൽ പണം ചെലവഴിക്കുംതോറും, പരിസ്ഥിതിക്കു മേലുള്ള ആഘാതം വർധിക്കുകയാണ് ചെയ്യുന്നത്.

ഇതുവരെ അനുവർത്തിച്ചു പോന്നിരുന്ന ശീലങ്ങളെ കുറിച്ച് പുനർവിചിന്തനം നടത്താനും, ആലോചിക്കാനും, ‘പഴയക്രമത്തെ’ മാറ്റാനുമുള്ള അഭൂതപൂർവവും അസാധാരണവുമായ അവസരമാണ് മാനവരാശിക്ക് ഇപ്പോൾ കൈവന്നിരിക്കുന്നത്. യാതൊരു ആവശ്യമില്ലാതെ ഭൂമിയിലെ വിഭവങ്ങൾ വറ്റിക്കുകയും പരിസ്ഥിതിക്കു ആഘാതമേൽപ്പിക്കുകയും ചെയ്യുന്ന അമിത ഉൽപ്പാദന സംസ്കാരത്തെ കുറിച്ച് പുനർവിചിന്തനം നടത്തേണ്ട സമയമാണിതെന്ന ഓർമപ്പെടുത്തലാണ് ഈ കൊറോണ യുഗം മുന്നോട്ടുവെക്കുന്ന ഏറ്റവും പ്രസക്തമായ കാര്യം.

വിവ. അബൂ ഈസ

Related Articles