Current Date

Search
Close this search box.
Search
Close this search box.

കൊറോണ കാലത്ത് വേഗത്തിലാക്കേണ്ട സകാത്ത്

കൊറോണ വൈറസെന്ന മഹാമാരിയുടെ പിടിയിലകപ്പെട്ട് ആഗോള സാമ്പത്തിക നില മുമ്പെങ്ങും കേട്ടുകേൾവി പോലുമില്ലാത്ത മാന്ദ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.  ഭക്ഷ്യവസ്തുക്കൾക്കോ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കോ വേണ്ടില്ലാതെ യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്ന് സർക്കാറുകൾ നിരന്തരം നിഷ്കർശിച്ച് കൊണ്ടിരിക്കുകയാണ്. ഇത് ജനങ്ങളെ അങ്കലാപ്പിലും ഒപ്പം കടുത്ത വിഷാദത്തിലുമാണ് ആക്കിയിട്ടുളളത്. സ്വകാര്യ മേഖലകളിലെയും പൊതു മേഖലകളിലെയും ജോലിക്കാരെയാണ് ഈ അരക്ഷിതാവസ്ഥ കാര്യമായി ബാധിച്ചിട്ടുളളത്. ജോലിയില്ലാത്തതിൻ്റെ പേരിൽ വേതനം ലഭിക്കാത്തവരും മറ്റു വരുമാന മാർഗമില്ലാത്തവരുമാണ് ഇക്കൂട്ടർ. കോൺട്രാക്ടർമാരിൽ നിന്നും കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന കൂലി പണിക്കാരുടേയും അവസ്ഥ വ്യത്യസ്തമല്ല. ഈയൊരു സ്ഥിതിവിശേഷമാണ് സമ്പത്തിലെ സകാത്ത് നേരത്തെ തന്നെ കൊടുത്തു വീട്ടുകയെന്ന ആശയത്തിലെത്തിച്ചത്.

പൊതുവേ നിശ്ചിത കാലയളവ് തികഞ്ഞ് മാത്രം കൊടുക്കുന്ന സകാത്ത് കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ അതിന്റെ അവകാശികൾക്ക് കൊടുത്തു വീട്ടുകയെന്നതാണ് സകാത്ത് നേരത്തെ കൊടുത്തു വീട്ടുക എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. ഉദാഹരണത്തിന് റമളാൻ മാസത്തിൽ സകാത്ത് കൊടുത്തു വീട്ടേണ്ട ഒരാൾ റജബിലോ ശഅബാനിലോ അത് നിർവ്വഹിക്കുക എന്ന പോലെ. ചില പ്രത്യേക വിധികളുടെ അടിസ്ഥാനത്തിൽ ആരാധന കർമ്മങ്ങൾ നിർണ്ണിത സമയത്തിന് നേരത്തെ തന്നെ നിർവ്വഹിക്കാമെന്നതിൽ പണ്ഡിതർ ഏകോപിച്ച് ഉറപ്പിച്ചതാണ്.

Also read: വ്രതം : സ്ഥൂലവും സൂക്ഷ്മവും

നിശ്ചിത സമയത്തിന് മുമ്പേ ആരാധന കർമ്മങ്ങൾ നിർവഹിക്കാനുളള പ്രത്യേക വിധികൾ

സമയ ബന്ധിതമായ ആരാധന കർമ്മങ്ങൾ അനുഷ്ഠിക്കാൻ അവയുടെ നിശ്ചിത സമയമാകൽ നിർബന്ധമാണ്. നമസ്കാരവും നോമ്പുമൊക്കെ ഈ ഗണത്തിൽ പെട്ട ആരാധന കർമ്മങ്ങളാണ്. നിശ്ചിത സമയത്തിന് മുമ്പ് ഇവ അനുഷ്ഠിക്കൽ നിഷിദ്ധമാണ്.
“സൂര്യോദയം മുതൽ രാത്രിയുടെ യാമങ്ങൾ വരെ നിങ്ങൾ നമസ്കരിക്കുകയെന്ന” ഇസ്റാഅ് സൂറത്തിലെ വാക്യം നമസ്കാരം സമയ നിശ്ചയമുളള ആരാധന കർമ്മമാണെന്ന് ചൂണ്ടി കാണിക്കുന്നു.

ഇനി ആരെങ്കിലും കൃത്യ സമയത്തല്ലാതെ നമസ്കരിച്ചാൽ അത് സ്വീകാര്യ യോഗ്യമല്ലെന്നും നിർബന്ധമായും മാറ്റി നമസ്കരിക്കണമെന്നും ഈ ആയത്തിൻറെ വെളിച്ചത്തിൽ വായിച്ചെടുക്കാം. “ആരെങ്കിലും റമളാൻ മാസത്തെ എത്തിച്ചാൽ അവൻ നോമ്പു നോറ്റു കൊളളട്ടെയെന്ന്” നോമ്പിനെ കുറിച്ച് അല്ലാഹു ഖുർആനിൽ നിഷ്കർശിക്കുന്നതായി കാണാം. ആരെങ്കിലും റമളാൻ മാസത്തിന് മുമ്പേ നോമ്പ് അനുഷ്ഠിച്ചാൽ അത് ബാത്വിലാകില്ല, മറിച്ച് റമളാനിൽ കൂടി നോമ്പെടുക്കണമെന്നുമാണ് കർമ്മശാസ്ത്ര പണ്ഡിതരുടെ നിലപാട്.
എന്നാൽ സകാത്ത്, സത്യം ചെയ്തത് പാലിക്കപ്പെടാതെ വരുമ്പോൾ പ്രായശ്ചിത്തമായി നൽകുന്ന പണം, ളിഹാറിന് പ്രാശ്ചത്യമായി നൽകുന്ന പണം എന്നിവ പോലോത്ത നിശ്ചിത സമയമില്ലാത്ത ആരാധന കർമ്മങ്ങൾ നേരത്തെ ചെയ്യുന്നതുമായി സംബന്ധിച്ച ചർച്ചകളിൽ കർമ്മ ശാസ്ത്ര പണ്ഡിതർ ഭിന്നാഭിപ്രായങ്ങൾ രേഖപ്പെടുത്തിയതായി കാണാം. പണത്തിൽ കൊടുക്കൽ നിർബന്ധമായ സകാത്ത് നിശ്ചിത കാലയളവിന് മുമ്പേ നൽകൽ അനുവദനീയമാണെന്നാണ് ഭൂരിഭാഗ പണ്ഡിതരുടേയും അഭിപ്രായം. എന്നാൽ മാലികി മദ്ഹബിൽ ഈ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ സകാത്തിന്റെ കാലയളവ് പൂർത്തിയാകാൻ ചുരുങ്ങിയ കാലം മാത്രം അവശേഷിക്കെ ഇത് അനുവദനീയമാണ് എന്നാണ് മാലികി മദ്ഹബിൻറെ പക്ഷം. എന്നാൽ നിശ്ചിത കണക്ക് പൂർത്തിയാകുകയെന്ന സകാത്തിന്റെ നിർബന്ധ ഘടകത്തിന് വിപരീതമായി പ്രവർത്തിക്കൽ ശരീഅത്തിന് വിരുദ്ധമാണെന്നാണ് പണ്ഡിതർ ഏകോപിച്ച് സ്ഥിരീകരിച്ചത്.

ഫിത്വർ സകാത്ത് നേരത്തെ കൊടുക്കുന്നത് സ്വീകാര്യമാണെന്നാണ് ശാഫി ഇമാമിന്റെയും ഹനഫി ഇമാമിന്റെയും നിലപാട്. എന്നാൽ ഒന്നോ രണ്ടോ ദിവസം മുമ്പല്ലാതെ ഫിത്വർ സകാത്ത് നേരത്തെ കൊടുക്കരുതെന്നാണ് ഹമ്പലി ഇമാമും മാലികി ഇമാമും അഭിപ്രായപ്പെടുന്നത്. ചെയ്ത സത്യത്തിൽ നിന്ന് പിന്മാറുന്നതിനു മുമ്പ് തന്നെ മോചന ദ്രവ്യം നേരത്തെ കൊടുക്കുന്നതിൽ തെറ്റില്ലെന്നാണ് അധിക പണ്ഡിതരും അഭിപ്രായപ്പെട്ടത് എന്നാൽ, നോമ്പിന്റെതെല്ലാത്ത കഫാറത്ത് മാത്രമേ ഈ ഗണത്തിൽ ഉൾപ്പെടൂ എന്നാണ് ശാഫി ഇമാം പറഞ്ഞത്. കഫാറത്ത് യാതൊരു കാരണവശാലും സത്യത്തിൽ നിന്ന് പിന്മാറുന്നതിനു മുമ്പേ ആകരുതെന്ന് ഹനഫി ഇമാം രേഖപ്പെടുത്തുന്നതായി കാണാം. സകാത്ത് നിർബന്ധമാകാൻ ആവശ്യമായ മറ്റൊരു നിബന്ധനയായ കണക്ക് പൂർത്തിയാകാതെ സകാത്ത് കൊടുക്കൽ അനുവദനീയമല്ല.

Also read: പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം, യുദ്ധം വീട്ടിലെത്തിയിരിക്കുന്നു

ആദ്യ മസ്അല:
പണത്തിന്റെ സകാത്ത് നിശ്ചിത കാലം പൂർത്തിയാക്കുന്നതിന് മുമ്പേ കൊടുത്തു വീട്ടൽ പണത്തിന്റെ സകാത്ത് നേരത്തെ കൊടുത്തു വീട്ടുന്നതിൽ മത പണ്ഡിതർ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയതായി കാണാം

ഒന്നാമത്തെ അഭിപ്രായം:
നിശ്ചിത കാലയളവ് പൂർത്തിയാകുന്നതിന് മുമ്പ് സകാത്ത് കൊടുത്തു വീട്ടൽ ശർഇൽ അനുവദനീയമല്ല. പ്രമുഖ സൂഫിവര്യനും പണ്ഡിതനുമായ ഹസനുൽ ബസ്വരിയുടേതാണീ അഭിപ്രായം. റബീഅത്തു റയ്യ്, ഇമാം മാലിക്, ദാവൂദ് ളാഹിരി എന്നിവരും ഈ അഭിപ്രായത്തെ പിന്തുണക്കുന്നു. ഇബ്നുൽ മുൻദിർ, ശാഫീ പണ്ഡിതനായ ഇബ്നു ഹുസൈമ, മാലികി പണ്ഡിതൻ അശ്ഹബ് എന്നിവർ സകാത്ത് നേരത്തെ കൊടുക്കുന്നതിനെ വിലക്കിയിട്ടുണ്ട്.

നിസ്കാരം കൃത്യ സമയത്തിന് മുമ്പ് നിർവഹിച്ചാൽ സ്വീകാര്യ യോഗ്യമല്ലാത്തത് പോലെ തന്നെയാണ് സകാത്തിന്റെ വിധിയുമെന്ന് ഇമാം അശ്ഹബ് പറഞ്ഞതായി കാണാം. ഇമാം ഇബ്നു വഹബിനെ തൊട്ടും ഇതേ അഭിപ്രായം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പണത്തിന്റെ സകാത്ത് വീട്ടാതിരിക്കലാണ് ശർഇനോട് ഏറ്റവും യോജിച്ചത് എന്നാണ് ഇബ്നു യുസുഫ് അഭിപ്രായപ്പെട്ടത്.

ദഖീറ എന്ന ഗ്രന്ഥത്തിന്‍റെ  കർത്താവ് ഇമാം ഖറാഫി ഇപ്രകാരം രേഖപ്പെടുത്തുന്നു: “തടിയിലും നാൽകാലികളിലുമുളള നിർബന്ധമായ സകാത്ത്, കാലയളവ് പൂർത്തിയാകാൻ ഹ്രസ്വ കാലം മാത്രം ഉണ്ടായിരിക്കെ നേരത്തെ കൊടുത്തു വീട്ടുന്നത് കൊണ്ട് പ്രശ്നമില്ല. ഇനി ആരെങ്കിലും നാൽകാലികളുടെ സകാത്ത് നിശ്ചിത കാലയളവിന് രണ്ട് വർഷം മുമ്പേ നൽകിയാൽ അത് സ്വീകാര്യ യോഗ്യമല്ല.
അൽപ കാലത്തിന് മുമ്പ് സകാത്ത് കൊടുത്തു വീട്ടാമെന്ന് പറഞ്ഞല്ലോ, ഇവിടെ പ്രസ്താവിക്കപ്പെട്ട അൽപ കാലം എന്ന വാക്കിന് വ്യത്യസ്ത വിവക്ഷകളാണ് നൽകപ്പെട്ടിരിക്കുന്നതെന്ന് ജവാഹിറിൽ കാണാം.

Also read: വ്രതം : സ്ഥൂലവും സൂക്ഷ്മവും

ഇബ്നു ഖാസിം ഒരു മാസമെന്നും ഇബ്നുൽ മഫാസ് രണ്ട് ദിവസമെന്നുമാണ് ഈ കാലയളവിനെ നിർവചിച്ചിരിക്കുന്നത്.
പ്രസ്തുത അഭിപ്രായ വ്യത്യസ്തകളത്രയും നാൽക്കാക്കാലികളുടേയും തടിയുള്ള വസ്തുക്കളുടേയും സകാത്തിൽ മാത്രമാണ്, കൃഷിയുടെ സകാത്ത് നിശ്ചിത കാലയളവിന് മുമ്പ് കൊടുത്തു വീട്ടൽ നിഷിദ്ധമാണ്.” എന്നാൽ സകാത്ത് നേരത്തെ കൊടുക്കുന്നതിൽ ഇമാമുമാർ അഭിപ്രായ ഭിന്നതകൾ പ്രകടിപ്പിക്കുന്നുണ്ട്. ഈ അഭിപ്രായ ഭിന്നതകളെ സംബന്ധിച്ച് ‘അഷ്റാഖ്’ എന്ന ഗ്രന്ഥത്തിൽ ചർച്ച ചെയ്യുന്ന അബ്ദുൽ വഹാബ് അൽ ഖാളി പറയുന്നത് ഇമാം ശാഫി, ഇമാം ഹനഫി എന്നിവർ സമയമാകുന്നതിന് മുമ്പേ സകാത്ത് കൊടുക്കുന്നതിനെ എതിർത്തിരുന്നുവെന്നാണ്.

കാലം പൂർത്തിയാകുന്നതിന് ഒന്നോ രണ്ടോ വർഷം മുമ്പേ സകാത്ത് കൊടുത്താൽ അത് സ്വഹീഹല്ലെന്നാണ് ഇമാം ലഹ് മി തന്റെ ‘തബ്സ്വിറ’ എന്ന ഗ്രന്ഥത്തിൽ പറഞ്ഞത്. എന്നാൽ സകാത്തിന്റെ കാലം പൂർത്തിയാകാൻ ചുരുങ്ങിയ സമയം മാത്രം ബാക്കിയായിരിക്കെ സകാത്ത് കൊടുക്കൽ അനുവദനീയമാണോ അല്ലയോ എന്ന കാര്യത്തിൽ പല പ്രമുഖ പണ്ഡിതരും ഭിന്നാഭിപ്രായരായിട്ടുണ്ട്. കാലാവധി അടുത്ത് വന്നാലും സകാത്ത് നേരത്തെ കൊടുക്കരുതെന്ന് ‘ഉതൈബ’ എന്ന ഗ്രന്ഥത്തിൽ ഇമാം മാലിക് രേഖപെടുത്തിയിട്ടുണ്ട്. ഫജ്റിന് മുമ്പ് സുബ്ഹിയോ സൂര്യൻ മധ്യത്തിൽ നിന്ന് നീങ്ങുന്നതിന് മുമ്പ് ളുഹ്റോ നമസ്കരിച്ചാൽ അവനത് മാറ്റി നമസ്കരിക്കണ്ടേ എന്നാണ് ഇമാം മാലികിന്റെ ന്യായം.

സകാത്ത് നിർണ്ണിത സമയത്തിന് അല്പം മുമ്പേ നൽകരുത് എന്ന വാദത്തിന് അവർ ഉദ്ധരിച്ച തെളിവുകൾ:

1. സമയം ആകുന്നത് വരെ പണത്തിന്റെ സകാത്ത് കൊടുക്കൽ നിർബന്ധമാകില്ലെന്ന് ഇബ്നു ഉമർ (റ) പറയുന്നതായി മുവത്വയിൽ രേഖപ്പെടുത്തിയിട്ടുണ്ട്

2. ആർക്കെങ്കിലും സമ്പത്ത് കൊണ്ട് നേട്ടമുണ്ടായാൽ കാലം തികയുന്നതു വരെ അതിന്റെ സകാത്ത് നിർബന്ധമാകില്ലെന്ന ഹദീസ് ഇമാം തുർമുദി രേഖപ്പെടുത്തിയിട്ടുണ്ട്.

3. പൂർണ്ണമായൊരു ഹിജ് രിയ്യ വർഷമാണ് സകാത്തിന്റെ കാലാവധി. ഇത് സകാത്തിന്റെ രണ്ട് ശർത്തുകളിൽ ഒന്നാണ്.കണക്ക് പൂർത്തിയാകുന്നതിനു മുമ്പ് സകാത്ത് നിർബന്ധമാകില്ലെന്നതിനോട് താരതമ്യപ്പെടുത്തിക്കൊണ്ട് തന്നെ കാലം പൂർത്തിയായില്ലെങ്കിലും സകാത്ത് ശരിയാകില്ല.

4: സകാത്തിന് നിശ്ചിത സമയമുണ്ട്. ആരാധന കർമ്മങ്ങളെ അവയുടെ സമയത്തിന് മുമ്പേ മുന്തിപ്പിക്കൽ ശർഇൽ അനുവദനീയമല്ല.

Also read: സ്ത്രീകളുടെ ഇമാമത്ത്

സകാത്ത് നേരത്തെ നൽകുന്ന മസ്അലയിലെ രണ്ടാമത്തെ അഭിപ്രായം:
പരിപൂർണ്ണമായ കണക്ക് പൂർത്തിയാകൽ സകാത്തിന്റെ നിർബന്ധ ഘടകമാണെന്നിരിക്കെ ഈ ശർത്വ് ഉണ്ടായാൽ സമയമാക്കുന്നതിന് മുമ്പ് സകാത്ത് നൽകൽ അനുവദനീയമാണെന്നാണ് അധിക കർമ്മശാസ്ത്ര പണ്ഡിതരുടേയും അഭിപ്രായം. ഹസനുൽ ബസ്വരി, സഅദ് ബ്നു ജുബൈർ, ഇമാം സുഹ്രി, ഇമാം ശാഫിഈ, ഇമാം ഹനഫി എന്നിവർ ഈ അഭിപ്രായത്തോട് യോജിച്ചവരായിരുന്നു. ‘ബദാഇഉസ്സാനി’ എന്ന ഗ്രന്ഥത്തിൽ കസാഈ ഇമാം ഇതിന്റെ വിശദീകരണം രേഖപ്പെടുത്തുന്നത് കാണുക:
” സകാത്ത് കൊടുക്കുന്നതിൽ കാലാവധി പൂർത്തിയാക്കുകയെന്നത് സകാത്തിന്റെ നിബന്ധനയെല്ലന്നാണ് പൊതുവേ അധിക പണ്ഡിതരും എടുത്ത നിലപാട്, എന്നാൽ ഇമാം മാലിക് ഇതിനോട് വിയോജിച്ചിരുന്നു. ഇക്കാരണത്താൽ തന്നെ ഇമാം മാലിക് അല്ലാത്ത മറ്റു അധിക പണ്ഡിതരും സകാത്ത് നേരത്തെ നൽക്കുന്നത് ജാഇസാണെന്ന് വിധിച്ചിട്ടുണ്ട്”. സകാത്തിന്റെ
കണക്ക് പൂർത്തിയായ പണം കൈവശമുളള ഒരാൾ രണ്ട് വർഷം മുമ്പേ സകാത്ത് നൽകിയാൽ അത് സ്വഹീഹാണെന്നാണ് ‘ദുറുൽ മുഖ്താർ’ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.
” കണക്ക് പൂർത്തിയായാൽ കാലാവധിക്ക് രണ്ട് കൊല്ലം മുമ്പ് സകാത്ത് കൊടുത്താൽ ശരിയാകുന്നതാണ്” എന്നതാണ് ‘മുൻതഹൽ ഇറാദ’യുടെ ഹാശിയയിൽ ഗ്രന്ഥകർത്താവ് ഹലൂത്തി സ്വീകരിച്ച നിലപാട്.

സകാത്തിന്റെ രണ്ട് ശർത്വുകളിൽ ഒന്നായ കണക്ക് പൂർത്തിയാകൽ ഒരാളുടെ പണത്തിന്റെ സകാത്തിൽ സംഭവിച്ചാൽ സകാത്ത് നേരത്തെ കൊടുക്കാമെന്നാണ് ‘ഹാവി കബീറിൽ’ ഇമാം മാറുദി രേഖപ്പെടുത്തിയത്.
അവധി പൂർത്തിയാകുന്നതിന് മുമ്പ് സകാത്ത് കൊടുക്കൽ ജാഇസാണെന്നാണ് ഗസാലി ഇമാം വസ്വീതിൽ പറയുന്നത്.
കണക്കും കാലവും പൂർത്തിയാകൽ കൊണ്ട് നിർബന്ധമാകുന്ന സകാത്തിൽ കണക്ക് പൂർത്തിയാകുന്നതിനു മുമ്പ് കൊടുത്ത് വീട്ടൽ, വില്പനയിൽ വാങ്ങുന്നതിനു മുമ്പ് വില കൊടുക്കുന്നതും കൊല ചെയ്യുന്നതിന് മുമ്പേ മോചന ദ്രവ്യം നൽകലും പോലെ തന്നെ അസ്വീകാര്യമാണ് എന്ന് ശീറാസി ഇമാം പറഞ്ഞതായി നവവി ഇമാം മജ്മൂഇൽ ഉദ്ധരിച്ചിട്ടുണ്ട്.

സകാത്ത് നേരത്തെ തന്നെ കൊടുക്കാമെന്ന വാദത്തിന് പണ്ഡിതർ അവലംബിച്ച തെളിവുകൾ:-

1. നന്മ ലക്ഷ്യം വെച്ച് കൊണ്ട് സകാത്ത് നേരത്തെ കൊടുത്തു വീട്ടാമോ എന്ന ചോദ്യമുന്നയിച്ച ഇബ്നു അബ്ബാസ് (റ) വിന് നബി (സ) സമ്മതം മൂളിയിട്ടുണ്ടെന്ന് അലി (റ) നിവേദനം ചെയ്തതായി തുർമുദി ഇമാം രേഖപ്പെടുത്തുന്നതായി കാണാം.
2) കാലാവധി പൂർത്തിയാകുന്നതിന് മുമ്പു തന്നെ പൊതു ജനങ്ങളുടെ ആവശ്യങ്ങൾക്കായി ഇബ്നു അബ്ബാസ് (റ)വിന്റെ സകാത്ത് ഞങ്ങൾ എടുത്തിരുന്നതായി ഉമർ (റ) പറയുന്നതായും തുർമുദി ഇമാം രേഖപ്പെടുത്തുന്നു.
3) നിശ്ചിത സമയം പൂർത്തിയാകുന്നതിന് മുമ്പേ സകാത്ത് കൊടുക്കൽ നിർബന്ധമായ പണമാണത്. ഇക്കാരണത്താൽ തന്നെ സകാത്ത് നേരത്തെ കൊടുക്കുന്നത് അനുവദനീയമാണ്.
4) അവധി തീരുന്നതിന് മുമ്പ് കടം വീട്ടൽ അനുവദനീയമായതും സത്യത്തിൽ നിന്ന് പിന്മാറുന്നതിന് മുമ്പ് തന്നെ നഷ്ടപരിഹാരം നൽകുന്നതും കൊല്ലുന്നതിന് മുമ്പ് മുറിവുണ്ടായാൽ കൊന്നതിന്റെ പ്രായശ്ചിത്യ ദ്രവം നൽകുന്നതും അനുവദനീയമാണ് എന്നതിനോട് താരതമ്യം ചെയ്ത് കൊണ്ട് സകാത്ത് നേരത്തെ നൽകലും അനുവദനീയമാണ്.
5) സകാത്ത് നേരത്തെ കൊടുക്കുന്നതിനെ വിലക്കിയ ഇമാം മാലിക് സത്യത്തിൽ നിന്ന് പിന്മാറുന്നതിന് മുമ്പ് പ്രായശ്ചിത്തമായി കണക്കാക്കപ്പെടുന്ന പണം കൊടുക്കന്നതിനെ ജാഇസാണെന്ന് വിധിച്ചിട്ടുണ്ട്. ഇതും ഒരു നിലക്ക് ആ ആരാധന കർമത്തിന്റെ ശർത്വ് മാനിക്കാതെയാണ്. ഇയ്യടിസ്ഥാനത്തിൽ സകാത്ത് നിശ്ചിത കാലയളവിന് മുമ്പേ കൊടുക്കാം.
6. സമയമാകുന്നതിനു മുൻപ് സകാത്ത് നല്കുന്നതിനെ മാലികി ഇമാം അനുവദിച്ചില്ലെങ്കിലും ഹനസ ന് മുൻപ് കഫാറത്ത്‌ നല്കണം എന്ന് സിരീകരിച്ചിട്ടുണ്ട് ഇതും ഒരു നിലക്ക് ശർത്വ് പൂർണ്ണമാകുന്നതിന്നു മുൻപെ ഒരു ആരാധന കർമ്മത്തെ അനുഷ്ഠിക്കലാകുന്നു.
7.സമയം നിബന്ധനയാക്കപ്പെട്ട കർമങ്ങൾ അല്ലാത്തവ മാത്രമേ നേരത്തെ അനുഷ്ഠിക്കൽ നിർബന്ധമാവുകയുള്ളൂ. നിസ്കാരവും നോമ്പുമൊക്കെ സമയനിഷ്ഠ നിർബന്ധമായ ആരാധന കർമങ്ങളാണ്. അതായത് ഒരു ആരാധന കർമ്മത്തിൽ സമയനിഷ്ഠത ഉണ്ടെങ്കിൽ ആ കർമ്മവും സമയവും മനുഷ്യന്റെ കൂടെത്തന്നെ ഉണ്ടാകും. അവന് വേണമെങ്കിൽ ആ കർമ്മത്തെ നേരത്തെ നിർവഹിച്ച് സമയവുമായുള്ള ചങ്ങാത്തത്തെ ഉപേക്ഷിക്കാം. അതവന്റെ ഇഷ്ടമാണ്.

Also read: ഏക ലോകവും ഏക രക്ഷകനും

രണ്ടാമത്തെ മസ്അല: സകാത്ത് നേരത്തെ കൊടുക്കുന്നതിന്റെ കാലയളവ്

സകാത്ത് നേരത്തെ കൊടുക്കൽ ജാഇസായ കാലയളവിനെ കുറിച്ച് പണ്ഡിതർ വ്യത്യസ്താഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നുണ്ട്

ഒന്നാം അഭിപ്രായം:- നിശ്ചിത കാലയളവിനേക്കാൾ വർഷങ്ങൾക്കു മുൻപ് സകാത്ത് നേരത്തെ കൊടുക്കൽ ജാഇസാണ്. സകാത്ത് നിർബന്ധമാകുന്ന കാരണം ഉണ്ടെന്നതാണ് ഇവിടെ ന്യായം.
രണ്ട് :- യഥാർത്ഥ കാലയളവിനേക്കാൾ വെറും രണ്ട് വർഷം മുൻപ് മാത്രമേ സകാത്ത് നേരത്തെ നൽകൽ ജാഇസാകൂ. രണ്ട് വർഷത്തെക്കാൾ കൂടരുത്. ഷാഫി ഇമാമിന്റെയും ഹനഫി ഇമാമിന്റെയും അഭിപ്രായമാണിത്. നേരത്തെ അബ്ബാസ്( റ ) രണ്ട് വർഷം മുൻപ് കൊടുത്തു എന്ന ഹദീസ് അടിസ്ഥാനമാക്കിയാണ് ഈ അഭിപ്രായം രൂപീകരിച്ചത്.
മൂന്നാമത്തെ അഭിപ്രായം: നിർണ്ണിതമായ സമയം ആകുന്നതിന് ഒരു വർഷം മുമ്പ് മാത്രമേ സകാത്ത് കൊടുത്തു വീട്ടാവൂ. അല്ലാത്ത പക്ഷം അത് ബാത്വിലാണ്.കാരണം, ആദ്യ വർഷത്തെ സകാത്ത് ഒന്നും അതിന്റെ കാലാവധി പൂർത്തിയാക്കില്ല.
സകാത്ത് നേരത്തെ നൽകുന്നുണ്ടെങ്കിൽ അത് ഒരു മാസം മുമ്പ് മാത്രമേ നൽകാവൂ എന്നാണ് മാലികി മദ്ഹബിലെ അഭിപ്രായം ഇതാണ് ഇവയിൽ നാലാമത്തേത്.

ഇവയിൽ പ്രബലവും അവലംബനീയവുമായ അഭിപ്രായം അബ്ബാസ്(റ) വിനോടുളള പ്രതികരണമായിരുന്നു. ഇവിടെ ചിലർ വാദിക്കുന്നത്, അബ്ബാസ് (റ) രണ്ടു വർഷത്തേക്ക് സകാത്ത് നൽകിയില്ല എന്നാണ്. എന്നാൽ രണ്ട് വർഷങ്ങൾക്ക് മുമ്പേ സകാത്ത് നൽകൽ തെറ്റായിരുന്നുവെങ്കിൻ നബി (സ) ഇതിനെ എതിർക്കുമായിരുന്നു. നിർണ്ണിത സമയം പൂർത്തിയാകുന്നതിന് പണത്തിലെ സകാത്ത് നിർബന്ധമാക്കില്ലെന്ന ഇബ്നു ഉമർ(റ) നിവേദനം ചെയ്തുവെന്ന് പറയുന്ന ഹദീസ് അടിസ്ഥാനപരമായി അസ്വീകാര്യമാണ്. ഈ ഹദീസിന്റെ പ്രാമാണികതയെ സംബന്ധിച്ച് ഇബ്നു അസീർ ‘ജാമിഉൽ ഉസൂലിൽ’ ചർച്ച ചെയ്യുന്നത് കാണാം: “പ്രവാചകനിലേക്ക് നേരിട്ടെത്തുന്നുവെന്ന് തുർമുദി ഇമാം വാദിക്കുന്ന ഈ ഹദീസ് സത്യത്തിൽ ഇബ്നു ഉമർ(റ)വിലേക്കാണെത്തിച്ചേരുന്നത്”

‘ തഖ്ലീസ്’ എന്ന ഗ്രന്ഥത്തിൽ അൽ ഹാഫിള് എന്നവർ പറയുന്നത് കാണുക ”ഇബ്നു ഉമർ (റ)വിലേക്ക് എത്തിച്ചേരുന്ന ഹദീസുകൾ പോലെ അബൂബക്കർ (റ), ആയിശ ബീവി എന്നിവരിലേക്കെത്തുന്ന ഹദീസുകളും ബൈഹഖി ഇമാം നിവേദനം ചെയ്തിട്ടുണ്ട്, എന്നാൽ ഇതിൽ അവലംബനീയം അബൂബക്കർ (റ) വിനെ തൊട്ട് നിവേദനം ചെയ്ത ഹദീസുകളാണ്”.
പ്രസ്തുത ഹദീസ് സ്വീകാര്യ യോഗ്യമായി പരിഗണിക്കപ്പെട്ടിരിന്നുവെങ്കിൽ സകാത്ത് നേരത്തെ കൊടുക്കുന്നത് ഹറാമാണെന്നതിൽ യാതൊരു അഭിപ്രായ ഭിന്നതയും നിലനിൽക്കില്ലായിരുന്നു. എന്നാൽ ഹദീസിന്റെ പൊരുൾ നിശ്ചിത സമയം പൂർത്തിയാക്കുന്നതിന് മുമ്പ് സകാത്ത് കൊടുക്കൽ നിർബന്ധമാകില്ല എന്നതാണ്.പക്ഷേ നിർബന്ധമാകില്ല എന്നതിലല്ല അനുവദനിയമാണോ അല്ലയോ എന്നതിലാണ് ഇവിടെ സംശയം. സമയം പൂർത്തിയാക്കുന്നതിന് മുമ്പ് സകാത്ത് നിർബന്ധമാകുമെന്ന് കർമ്മശാസ്ത്ര പണ്ഡിതരിൽ ഒരാളും പറഞ്ഞിട്ടില്ല.

ശരീഅത്തിനെ അക്ഷരംപ്രതി പിന്തുടരുന്ന ഒരാൾക്ക് കൊറോണ വൈറസ് പോലോത്ത ഒരു ആപത്കരമായ പ്രതിസന്ധി ഘട്ടങ്ങളിൽ പതിവിന് വിപരീതമായി സംഭവിക്കുന്നതായി കാണാം. ഇക്കാരണത്താൽ തന്നെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി സകാത്ത് നേരത്തെ കൊടുക്കുന്നത് ജാഇസാണെന്ന് വായിച്ചെടുക്കാം. സകാത്തിന്റെ സമയത്തേക്കാൾ നേരത്തെ കൊടുത്തു വീട്ടുന്നത് നന്മ വ്യാപിപ്പിക്കുകയെന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണെന്നിരിക്കെ, പെട്ടന്ന് നന്മ ചെയ്യുന്നവരെ ഖുർആൻ ഏറെ പ്രശംസിക്കുന്നുണ്ടെന്നതാണ് ഇവിടെ സന്തോഷകരമായ വസ്തുത. നന്മകൾ ഉളരിപ്പിക്കുന്നവർ എന്ന വിശേഷണത്തിൽ ആദ്യം ഖുർആൻ ഉൾപ്പെടുത്തിയതാകട്ടെ ആവശ്യക്കാർക്ക് പണം നൽകി സഹായിക്കുന്നവരെയും. ഇത് തന്നെയാണ് സകാത്ത് നേരത്തെ തന്നെ കൊടുക്കുകയെന്ന ചിന്തയുടെ അടിസ്ഥാന ലക്ഷ്യവും.

ഖുർആനിൽ പറയുന്നു: ഭയ ഭക്തിയുളളവർക്കായി അവൻ ഒരുക്കിയ ആകാശ ഭൂമികളുടെ അത്ര തന്നെ വീതിയുളള സ്വർഗത്തിലേക്കും അളളാഹുവിലേക്ക് പാപമോചനത്തിനായും നിങ്ങൾ വരിക.
സന്തോഷ വേളകളിലും ബുദ്ധിമുട്ടുന്ന സമയങ്ങളിലും ജനങ്ങൾക്ക് ഉപകാരം ചെയ്യുന്നവരും ദേഷ്യം അടക്കി പിടിക്കുന്നവരും അളളാഹുവിന്റെ ഇഷ്ട ദാസരിൽ പെട്ടവർ ആകുന്നു.
‘നിങ്ങളുടെ രക്ഷിതാവിന്റെ അടുത്തുളള പാപമോചനവും ആകാശ ഭൂമികളുടെയത്ര വീതിയുമുളള സ്വർഗവും നേടിയെടുക്കാൻ നിങ്ങൾ ധൃതിപ്പെടുക’എന്ന് അളളാഹു ആലു ഇംറാൻ സൂറത്തിൽ പറയുന്നുണ്ട്.
‘നിങ്ങൾ അളളാഹുവിങ്കലുളള പാപമോചനത്തിലേക്കും സ്വർഗത്തിലേക്കും മുൻ കടന്ന് വരിക. സ്വർഗത്തിൻ്റെ വിസ്താരം ആകാശ ഭൂമികളുടെ വിസ്താരമാണ്. അളളാഹുവിനെയും അവന്റെ പ്രവാചകനെയും വിശ്വസിക്കുന്നവർക്കാണ് അവ തയ്യാറാക്കപ്പെട്ടിരിക്കുന്നത്. അത് അവനുദ്ദേഷിക്കുന്നവർക്ക് മാത്രം നൽകുന്ന ഔദാര്യമാണ് അളളാഹു ഔദാര്യവാനത്രേ’ (ഹദീദ്-21)
അളളാഹു നന്മകളിലേക്കുളള ഉളരലൽ സന്മാർഗത്തിന്റെ അടയാളങ്ങളായി കണക്കാക്കുന്നുണ്ട്. ഇത് ഖുർആനിൽ വിവിധ ഇടങ്ങളിൽ പ്രസ്താവിച്ചിട്ടുമുണ്ട്.
അളളാഹു പറയുന്നു: “നന്മകളിലേക്ക് മുൻ കടക്കുന്ന വരത്രേ സന്മാർഗികൾ. (ആലു ഇംറാൻ).
അവർ നന്മകളിലേക്ക് ഉളരുന്നവരാകുന്നു അവർ തന്നെയാകുന്നു മുൻ കടക്കുന്നവരും.(മുഅമിനൂൻ: 61)
അവർ നന്മകളിലേക്ക് മുൻ കടക്കുന്നവരും നമ്മോട് ആഗ്രഹത്തോടെയും ഭയത്തോടെയും ദുആ ചെയ്യുന്നവരുമാകുന്നു, അവർ നമ്മോട് ഭയഭക്തിയുളളവരാകുന്നു (അൽ-അമ്പിയാ- 90
നന്മയിലേക്ക് ഉളരണമെന്ന് അളളാഹു കൽപനയുടെ രീതിയിലും പറഞ്ഞിട്ടുണ്ട് എന്നാൽ അടിസ്ഥാനമായി ഇത് സുന്നത്താണ്.
അളളാഹു ഖുർആനിൽ പറയുന്നു: ‘ഓരോ വിഭാഗക്കാർക്കും പ്രാർത്ഥന വേളയിൽ ഓരോ ഭാഗങ്ങളുണ്ട്. എന്നാൽ നിങ്ങൾ ചെയ്യേണ്ടത് നന്മയിലേക്ക് മുന്നിട്ട് വരലാണ് (അൽ ബഖറ-148)
സൂറത്തുൽ മാഇദയിൽ അളളാഹു പറയുന്നത് കാണുക:
‘നിങ്ങളിൽ ഓരോ വിഭാഗത്തിനും നാം കർമ്മമാർഗവും നിയമക്രമങ്ങളും നിശ്ചയിച്ചു തന്നു, അവൻ ഉദ്ദേശിച്ചിരുന്നെങ്കിൽ നിങ്ങളെ ഒറ്റ സമൂഹമാക്കാമായിരുന്നു. എന്നാൽ നിങ്ങൾക്ക് അത് നൽകിയത് നിങ്ങളെ പരീക്ഷിക്കാനാണ്, അളളാഹുവിലേക്കാണ് നിങ്ങളുടെ മടക്കം. നിങ്ങൾ ഭിന്നിച്ചിരുന്നതിനെ കുറിച്ച് അപ്പോളവൻ അറിയിച്ച് തരും”
നന്മകൾ വേഗത്തിൽ ചെയ്യുന്നതിനെ നബി (സ) പ്രേരിപ്പിക്കുന്നതായി ഹദീസിൽ കാണാം. അബൂ ഹുറൈറ (റ) ഇതു സംബന്ധിച്ച ഒരു ഹദീസ് നിവേദനം ചെയ്യുന്നതായി തുർമുദി ഇമാം രേഖപ്പെടുത്തിയിട്ടുണ്ട്. നബി (സ) പറയുന്നു; സർവ്വതും മറപ്പിക്കുന്ന ദാരിദ്ര്യം, അതിക്രമിയാക്കുന്ന സമ്പത്ത്, ശരീരം മോശമാക്കുന്ന വ്യാധികൾ, പിച്ചും പേയും പറയുന്ന വാർധക്യം, പെട്ടന്നുളള മരണം, ദജ്ജാൽ, അന്ത്യ നാൾ എന്നീ ഏഴു കാര്യങ്ങൾ നിങ്ങളിലെത്തും മുമ്പേ നിങ്ങൾ സൽകർമ്മങ്ങൾ ചെയ്യുക, ഇവയിൽ ദജ്ജാലാണ് ഏറ്റവും വലിയ മോശക്കാരൻ, അന്ത്യനാളാണ് ഏറ്റവും കയ്പേറിയതും. പിന്നീട് നബി തങ്ങൾ പറഞ്ഞു: നിങ്ങൾ മരണ സ്മരണയെ അധികമാക്കുക.
സന്തോഷ വേളകളിൽ പൊതുവേ മുസ്ലിം ജനത നന്മയെ ഉളരിപ്പിക്കുന്നവരാണ്, അതിനാൽ തന്നെ ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ സകാത്ത് വേഗം കൊടുക്കുന്നതിലും ആവശ്യക്കാർക്ക് സ്വദഖ നൽകുന്നതിലും അവർ യാതൊരു മടിയും കാണിക്കില്ല എന്ന വസ്തുത സംശയലേശമന്യേ വ്യക്തമാണ്. ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നത് വഴി മുസ്‌ലിം ജനതക്കിടെയിലെ ബന്ധം ദൃഢീകരിക്കുകയെന്ന ശരീഅത്തിൻ്റെ മർമ്മ പ്രധാനമായ ലക്ഷ്യങ്ങളിലൊന്നാണ് പൂർത്തീകരിക്കപ്പെടുന്നത്.’

വിവ. ആമിർ ശഫിൻ കതിരൂർ

Related Articles