Current Date

Search
Close this search box.
Search
Close this search box.

സാമ്പത്തികശാസ്ത്രത്തിന്റെ ധാര്‍മിക വശം

islamic-finance.jpg

ധാര്‍മികതയെ സാമ്പത്തിക ശാസ്ത്രത്തില്‍ നിന്ന് വേറിട്ട ഒന്നായി കാണുന്ന ചില സാമ്പത്തിക വിദഗ്ദരുണ്ട്. ധാര്‍മിക വിശകലനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്നായിട്ടാണ് അവരതിനെ കാണുന്നത്. ഇസ്‌ലാം ആദര്‍ശത്തിന്റെ ഭാഗമായാണ് സാമ്പത്തിക ശാസ്ത്രത്തെ കൈകാര്യം ചെയ്യുന്നത്. സാമ്പത്തികവും കച്ചവടപരവുമായ ഇടപാടുകളെ ശരീഅത്തിന്റെ പരിധിയില്‍ നിന്ന് വേര്‍പെടുത്താന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ഒരു മുസ്‌ലിം തന്റെ ഓരോ ഇടപാടുകളും അല്ലാഹുവിന്റെ കല്‍പനകളും വിധികളും പാലിച്ചു കൊണ്ടായിരിക്കും നടത്തേണ്ടത്. സാമ്പത്തിക മേഖലയില്‍ പാലിക്കേണ്ട ചില ധാര്‍മിക നിര്‍ദേശങ്ങള്‍ ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. അവയില്‍ പ്രധാനമായവയാണ് ഇവിടെ പരമാര്‍ശിക്കുന്നത്.
വിശ്വാസവും ദൈവഭക്തിയുമാണ് അവയില്‍ ഒന്നാമത്തേത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും മുറുകെ പിടിക്കേണ്ട അടിസ്ഥാനമായ ദൈവഭക്തി സാമ്പത്തിക മേഖലയിലും പാലിക്കേണ്ടത് തന്നെയാണ്. നമ്മുടെ ജീവിതം അടിസ്ഥാനപരമായി അല്ലാഹുവിന്റെ ശാസനകള്‍ക്ക് വിധേയമായിട്ടാണ്. അവന്റെ തൃപ്തിക്ക് വേണ്ടിയും അവന്റെ ശിക്ഷയെ ഭയന്നുമാണ് നാം ജീവിക്കേണ്ടത്.

1. അമാനത് (വിശ്വസ്തത): ആളുകള്‍ പൊതുവെ ഒരാള്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച കാര്യത്തില്‍ മാത്രം പരിമിതപ്പെടുത്തുന്ന ഒന്നാണ് അമാനത്. എന്നാല്‍ പരിമിതമായ ആ അര്‍ത്ഥം മാത്രമല്ല അതിനുള്ളത്. ഒരാള്‍ താന്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനത്തിലും തന്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായി, ഭംഗിയായി നിര്‍വഹിക്കാന്‍ താല്‍പര്യം കാണിക്കലാണത്. അവന്റെ മുമ്പിലെത്തുന്ന ആളുകളുടെ അവകാശങ്ങള്‍ വകവെച്ച് നല്‍കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തണം. തന്റെ വ്യക്തിപരമായ നേട്ടത്തിനോ അല്ലെങ്കില്‍ ബന്ധുക്കളുടെ ഗുണത്തിനോ വേണ്ടി ഒരാള്‍ തന്റെ സ്ഥാനം ദുരുപയോഗപ്പെടുത്താതിരിക്കലാണ് ഇസ്‌ലാമിക സാമ്പത്തിക ക്രമത്തില്‍ അമാനത്തിന്റെ അര്‍ത്ഥം. പ്രസ്തുത ആശയം വ്യക്തമാക്കുന്ന ധാരാളം പ്രവാചക വചനങ്ങളുണ്ട്. ‘ഓരോ വഞ്ചകനും കൊടിയുണ്ടായിരിക്കും, അവന്റെ വഞ്ചനയുടെ തോതനുസരിച്ച് അത് ഉയര്‍ത്തപ്പെടും. പൊതു നേതാവിന്റെ വഞ്ചനയേക്കാള്‍ വലിയ വഞ്ചനയേതാണുള്ളത്.’ മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു: ‘ഒരാളെ ജോലിക്ക് വെക്കുകയും അയാള്‍ക്ക് നിങ്ങള്‍ ഭക്ഷണം നല്‍കുകയും പിന്നീട് നിങ്ങളതില്‍ നിന്ന് എന്തെങ്കിലും തിരിച്ചെടുക്കുകയും ചെയ്താല്‍ അത് വഞ്ചനയാണ്.’ നുബുവത്തിന് മുമ്പ് തന്നെ പ്രവാചകന്റെ സ്വഭാവത്തില്‍ സവിശേഷമായ ഒന്നായിരുന്നു അമാനത്്. അക്കാരണത്താലാണദ്ദേഹം അല്‍-അമീന്‍ എന്നറിയപ്പെട്ടത്.

2. കരാര്‍ പൂര്‍ത്തീകരണം: കരാറുകള്‍ക്കും ഉടമ്പടികള്‍ക്കും ഇസ്‌ലാമില്‍ വലിയ പരിഗണനയാണ് ഉള്ളത്. മനുഷ്യന് ഇഹലോകത്ത് അവന്റെ മാന്യതയുടെയും പരലോക വിജയത്തിന്റെയും അടിസ്ഥാനമാണ് കരാര്‍പൂര്‍ത്തീകരണമെന്നത്. സാമ്പത്തിക ഇടപാടുകളുടെ കരാറുകളെ ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം അങ്ങേയറ്റം ആദരിക്കുന്നു. ഖുര്‍ആനും പ്രവാചകചര്യയും നിഷ്‌കര്‍ശിക്കുന്ന പോലെയും ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാന തത്വങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നതുമായിരിക്കണം നമ്മുടെ കരാറുകള്‍. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ കരാര്‍ പാലിക്കുക. കരാറിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടും; തീര്‍ച്ച.’ (അല്‍ഇസ്രാഅ്: 34) ‘വിശ്വസിച്ചവരേ, കരാറുകള്‍ പാലിക്കുക’ (അല്‍മാഇദ: 1) കൂടുതല്‍ ആനന്ദം, അങ്ങേയറ്റത്തെ ആര്‍ത്തി, കൂടുതല്‍ ലാഭം തുടങ്ങിയവയാണ് പരമ്പരാഗത സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാനം. എന്നാല്‍ താല്‍ക്കാലിക നേട്ടത്തിനായി മൂല്യങ്ങളെ ചവിട്ടിയരക്കാന്‍ ഇസ്‌ലാമിക സാമ്പത്തിക ക്രമം ഒരിക്കലും അനുവദിക്കുന്നില്ല.
ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം നന്മയുടെ ഒരു ലോകത്തിലേക്കാണ് ക്ഷണിക്കുന്നതെന്നതാണ് അതിന്റെ രണ്ടാമത്തെ പ്രത്യേകത. അതുകൊണ്ടാണ് മനസും കൈകളും ഉദാരമാക്കാന്‍ മുസ്‌ലിംകളോട് ഇസ്‌ലാം ആവശ്യപ്പെടുന്നത്. കൂടുതല്‍ നന്മകള്‍ ചെയ്യാന്‍ ഇസ്‌ലാം അവരോട് കല്‍പിക്കുന്നു. അല്ലാഹു പറയുന്നു: ‘തങ്ങള്‍ ചെലവഴിക്കേണ്ടതെന്തെന്നും അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: ‘ആവശ്യംകഴിച്ച് മിച്ചമുള്ളത്.” (അല്‍ബഖറ: 219)

‘അവര്‍ ചോദിക്കുന്നു: അവരെന്താണ് ചെലവഴിക്കേണ്ടതെന്ന്? പറയുക: നിങ്ങള്‍ ചെലവഴിക്കുന്ന നല്ലതെന്തും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമാണ് നല്‍കേണ്ടത്. നിങ്ങള്‍ നല്ലതെന്തു ചെയ്താലും തീര്‍ച്ചയായും അല്ലാഹു അതെല്ലാമറിയും.’ (അല്‍ബഖറ: 215)
‘നിങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ മുഖംതിരിക്കുന്നതല്ല പുണ്യം. പിന്നെയോ, അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുക; സമ്പത്തിനോട് ഏറെ പ്രിയമുണ്ടായിരിക്കെ അത് അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കും ചോദിച്ചുവരുന്നവര്‍ക്കും അടിമ മോചനത്തിനും ചെലവഴിക്കുക; നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക; സകാത്ത് നല്‍കുക; കരാറുകളിലേര്‍പ്പെട്ടാലവ പാലിക്കുക; പ്രതിസന്ധികളിലും വിപദ്ഘട്ടങ്ങളിലും യുദ്ധരംഗത്തും ക്ഷമ പാലിക്കുക; ഇങ്ങനെ ചെയ്യുന്നവരാണ് പുണ്യവാന്മാര്‍. അവരാണ് സത്യം പാലിച്ചവര്‍. അവര്‍ തന്നെയാണ് യഥാര്‍ഥ ഭക്തന്മാര്‍.’ (അല്‍ബഖറ: 177) ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയില്‍ നന്മക്ക് വിശാലമായ അര്‍ത്ഥമാണുള്ളത്. സകല സൃഷ്ടികളെയും ഉള്‍ക്കൊള്ളുന്നതാണ് അത്.

ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ മിതത്വമാണ് ആവശ്യപ്പെടുന്നത്. ജനങ്ങളുടെ സാമൂഹ്യവും മാനസികവും സാമ്പത്തികവുമായ അവസ്ഥകളെ പരിഗണിച്ചു കൊണ്ടുള്ളതാണ് ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ. ഒരു മുസ്‌ലിം ആത്മീയതയില്‍ മാത്രമായി ഒതുങ്ങി പോവുകയോ ഭൗതികതയില്‍ അതിര് വിടുകയോ ചെയ്യില്ല. അവക്കിടയില്‍ മധ്യമമായ ഒരു രീതിയായിരിക്കും അവര്‍ സ്വീകരിക്കുക. അല്ലാഹു പറയുന്നു: ”അല്ലാഹു നിനക്കു തന്നതിലൂടെ നീ പരലോകവിജയം തേടുക. എന്നാല്‍ ഇവിടെ ഇഹലോക ജീവിതത്തില്‍ നിനക്കുള്ള വിഹിതം മറക്കാതിരിക്കുക. അല്ലാഹു നിനക്കു നന്മ ചെയ്തപോലെ നീയും നന്മ ചെയ്യുക. നാട്ടില്‍ നാശം വരുത്താന്‍ തുനിയരുത്. നാശകാരികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.’ (അല്‍ഖസസ്: 77) ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ മനുഷ്യനെ അതൊരിക്കലും  അവന്റെ വയറിന്റെ അടിമയാക്കി മാറ്റുകയില്ല. തന്റെ തീന്‍മേശയില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള ഭക്ഷണ വസ്തുക്കള്‍ നിരത്തി വെക്കുകയെന്നതായിരിക്കില്ല അവന്റെ ലക്ഷ്യം. അതുകൊണ്ടാണ് ധൂര്‍ത്തും ആഢംബരവും വിലക്കപ്പെട്ടിരിക്കുന്നതായി മാറിയത്. അല്ലാഹു പറയുന്നു: ‘ആദം സന്തതികളേ, എല്ലാ ആരാധനകളിലും നിങ്ങള്‍ നിങ്ങളുടെ അലങ്കാരങ്ങളണിയുക. തിന്നുകയും കുടിക്കുകയും ചെയ്യുക. എന്നാല്‍ അമിതമാവരുത്. അമിതവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.’ (അല്‍-അഅ്‌റാഫ്: 31) മറ്റൊരിടത്ത് പറയുന്നു: ‘നിശ്ചയം ധൂര്‍ത്തന്മാര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാചോ തന്റെ നാഥനോട് നന്ദികെട്ടവനും.’ (അല്‍ഇസ്‌റാഅ്:27) അല്ലാഹു ഒരു നാടിനെ നശിപ്പിക്കാന്‍ ഉദ്ദേശിച്ചാല്‍ ധൂര്‍ത്തന്മാരിലൂടെയായിരിക്കും അത് ചെയ്യുകയെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു: ‘ഒരു നാടിനെ നശിപ്പിക്കണമെന്ന് നാമുദ്ദേശിച്ചാല്‍ അവിടത്തെ സുഖലോലുപരോട് നാം കല്പിക്കും. അങ്ങനെ അവരവിടെ അധര്‍മം പ്രവര്‍ത്തിക്കും. അതോടെ അവിടം ശിക്ഷാര്‍ഹമായിത്തീരുന്നു. അങ്ങനെ, നാമതിനെ തകര്‍ത്ത് തരിപ്പണമാക്കുന്നു.’ (അല്‍ഇസ്‌റാഅ്: 16)

ധൂര്‍ത്ത് വിലക്കിയത് കൊണ്ട് പിശുക്ക് കാണിക്കുന്നതിനെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു എന്നൊരിക്കലും അര്‍ഥമില്ല. അതുപോലെ തന്നെ വിലക്കപ്പെട്ട കാര്യമാണ് പിശുക്ക് കാണിക്കല്‍. ഖുര്‍ആന്‍ പറയുന്നു: ‘നിന്റെ കൈ നീ പിരടിയില്‍ കെട്ടിവെക്കരുത്. അതിനെ മുഴുവനായി നിവര്‍ത്തിയിടുകയുമരുത്. അങ്ങനെ ചെയ്താല്‍ നീ നിന്ദിതനും ദുഃഖിതനുമായിത്തീരും.’ (അല്‍ഇസ്‌റാഅ്: 29) ഒരിക്കല്‍ നബി(സ) പറഞ്ഞു: ‘നിങ്ങള്‍ പിശുക്കിനെ സൂക്ഷിക്കുക.’ അല്ലാഹു പറയുന്നു: ‘ നിങ്ങളില്‍ പിശുക്കു കാണിക്കുന്ന ചിലരുണ്ട്. ആര്‍ പിശുക്കു കാണിക്കുന്നുവോ അവന്‍ തനിക്കെതിരെ തന്നെയാണ് പിശുക്കു കാട്ടുന്നത്. അല്ലാഹു അന്യാശ്രയമാവശ്യമില്ലാത്തവനാണ്. നിങ്ങളോ അവന്റെ ആശ്രിതരും.’ (മുഹമ്മദ്: 38) പിശുക്കും ധൂര്‍ത്തും ഉപേക്ഷിച്ച് അതിന് രണ്ടിനും ഇടയിലുള്ള മധ്യമ നിലപാട് സ്വീകരിക്കാനാണ് പ്രവാചകന്‍(സ) പഠിപ്പിക്കുന്നത്. വിശ്വാസികളുടെ ഗുണമായി ഖുര്‍ആന്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്: ‘ചെലവഴിക്കുമ്പോള്‍ അവര്‍ പരിധിവിടുകയില്ല. പിശുക്കുകാട്ടുകയുമില്ല. രണ്ടിനുമിടയ്ക്ക് മിതമാര്‍ഗം സ്വീകരിക്കുന്നവരാണവര്‍.’ (അല്‍ഫുര്‍ഖാന്‍: 67) സാമ്പത്തില്‍ പിശുക്ക് കാണിക്കുന്നത് ചെലവഴിക്കാനുള്ള ആളുകളുടെ താല്‍പര്യം കുറക്കുന്ന കാര്യമാണ്. അതേസമയം ധൂര്‍ത്ത് അനാവശ്യമായി വിഭവങ്ങള്‍ നശിപ്പിക്കലുമാണ്. രണ്ടും ഒരുപോലെ നിരുത്സാഹപ്പെടുത്തേണ്ടവ തന്നെയാണ്. രണ്ടിനുമിടിയിലുള്ള മധ്യമമായ രീതി സ്വീകരിക്കുന്നത് വ്യക്തിക്കും സമൂഹത്തിനും സാമൂഹികവും ധാര്‍മികവും സാമ്പത്തികവുമായ നേട്ടമാണുണ്ടാക്കുക.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles