Current Date

Search
Close this search box.
Search
Close this search box.

സവിശേഷമായ ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ

ജീവിതത്തിന്റെ ഇന്നലെകളിലെയും ഇന്നിന്റെയും നാളെയുടെയും തുടിക്കുന്ന ഞരമ്പുകളിലൊന്നാണ് സാമ്പത്തിക വ്യവസ്ഥ. മനുഷ്യ ജീവിതത്തിന്റെ എല്ലാ അവസ്ഥകളെയും നേരിട്ട് സ്വാധീനിക്കുന്ന ഒന്നാണ് അത് എന്നതു തന്നെയാണ് കാരണം. സമൂഹത്തിന്റെ എല്ലാ മേഖലകളിലെയും അത് നേരിട്ട് സ്വാധീനിക്കുന്നു. ശക്തമായ സാമ്പത്തിക വ്യവസ്ഥ പ്രതാപത്തിന്റെയും ശക്തിയുടെയും പ്രതീകമാണ്. ദുര്‍ബലമായ സാമ്പത്തിക വ്യവസ്ഥ പിന്നോക്കാവസ്ഥയുടെയും അധപതനത്തിന്റെയും പ്രതീകവും. രാഷ്ട്രങ്ങള്‍ക്കും ഗോത്രങ്ങള്‍ക്കും ഇടയിലുണ്ടായ സംഘട്ടനങ്ങളുടെയും യുദ്ധങ്ങളുടെയും കാരണങ്ങള്‍ ചികഞ്ഞാല്‍ അത് സമ്പത്തിലേക്കാണ് മടങ്ങുന്നതെന്ന് കാണാം. ചരിത്രത്തിന്റെ തുടക്കം മുതല്‍ തന്നെ വ്യക്തികളും സമൂഹങ്ങളും ജീവിതോപാദികള്‍ക്കും വിഭവങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരുന്നതായി കാണാം. രാഷ്ട്രങ്ങളുടെ നിലപാടുകളിലും സാമ്പത്തികാവസ്ഥയുടെ സ്വാധീനം വളരെ പ്രകടമായിരിക്കും.

ലോകത്തെ പൊതുവെ സമ്പദ് വ്യവസ്ഥ എങ്ങനെ സ്വാധീനിക്കുന്നു എന്നത് വളരെ പ്രകടമാണ്. സാമ്പത്തിക വിഷയങ്ങളില്‍ ഇസ്‌ലാമിന് വ്യക്തമായ പദ്ധതിയുണ്ടായിരിക്കല്‍ വളരെ അനിവാര്യമാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്വാധീനിക്കുന്ന സാമ്പത്തിക വ്യവസ്ഥക്ക് അതില്‍ സ്ഥാനം ഇല്ലാതിരിക്കുന്നത് അതിന്റെ പൂര്‍ണത് ചേരുന്നതല്ല. സകാത്ത് വാങ്ങാന്‍ അവകാശികളില്ലാത്ത ശോഭനമായ അവസ്ഥയിലേക്ക് രാഷ്ട്രത്തെ എത്തിക്കാന്‍ ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥക്ക് സാധിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

ലോകത്ത് നിലനില്‍ക്കുന്ന മറ്റ് രണ്ട് സാമ്പത്തിക വ്യവസ്ഥകളാണ് മുതലാളിത്തവും സോഷ്യലിസവും. മുതലാളിത്വം വ്യക്തികള്‍ക്ക് പൂര്‍ണ ഉടമാവകാശം അനുവദിക്കുമ്പോള്‍ സോഷ്യലിസം ഉടമാവകാശം രാഷ്ട്രത്തിന്റേതാക്കുന്നു. സമ്പത്ത് ഏതാനും മുതലാളിമാരുടെ കൈകളില്‍ കേന്ദ്രീകരിക്കപ്പെടുന്നു എന്നതാണ് മുതലാളിത്തത്തിന്റെ പ്രധാന ദോഷഫലം. ഇസ്‌ലാമിക ചിന്തയിലും മാര്‍കിസിയന്‍ ചിന്തയിലും അടിസ്ഥാനപരമായ ധാരാളം വ്യത്യാസങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയാണ് തുടര്‍ന്ന് വിവരിക്കുന്നത്.

അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍
1) നിരീശ്വരതയില്‍ നിലകൊള്ളുന്ന തികച്ചും ഭൗതികമായ ചിന്തയാണ് മാര്‍ക്‌സിയന്‍ ചിന്ത. ഭൗതികമായ ഘടകങ്ങളും ഉല്‍പാദന ശേഷിയുമാണ് അതില്‍ സമൂഹത്തിന്റെ പുരോഗതി നിര്‍ണയിക്കുന്നത്. എന്നാല്‍ അല്ലാഹുവിലും പരലോകത്തെ വിചാരണയിലുമുള്ള വിശ്വാസമാണ് ഇസ്‌ലാമിക ചിന്തയുടെ അടിസ്ഥാനം. അതുകൊണ്ടു തന്നെ ഒരു വിശ്വാസി എപ്പോഴും അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ച് ഇസ്‌ലാമിന്റെ അധ്യാപനങ്ങളെ മുറുകെ പിടിച്ചായിരിക്കും ജീവിക്കുക. വ്യക്തികള്‍ക്കിടയിലെ ബന്ധങ്ങളുടെയും സമൂഹത്തിന്റെ ഗതിയും നിര്‍ണയിക്കുന്നത് അതായിരിക്കും.

2) വ്യക്തികള്‍ക്ക് യാതൊരു തരത്തിലുള്ള ഉടമാവകാശവും മാര്‍ക്‌സിയന്‍ ചിന്ത അനുവദിക്കുന്നില്ല. പൊതു ഉടമസ്ഥാവകാശമാണ് അതിന് പകരം വെക്കുന്നത്. എന്നാല്‍ ഇസ്‌ലാമില്‍ പൊതു ഉടമസ്ഥാവകാശം ഉള്ളപോലെ തന്നെ വ്യക്തികള്‍ക്കും ഉടമസ്ഥാവകാശമുണ്ട്. വ്യക്തികളുടെ ഉടമസ്ഥാവകാശത്തിന് ഇസ്‌ലാം നിബന്ധനകളും പരിധികളും നിര്‍ണയിച്ചിട്ടുണ്ട്. പതിനാല് നൂറ്റാണ്ട് മുമ്പ് രൂപം കൊണ്ട ഈ സാമ്പത്തിക വ്യവസ്ഥ നിലവിലെ സമൂഹത്തിന്റെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. കാലികളെ മേയ്ക്കുന്ന ഇടം, വഖഫ് മുതലുകല്‍, മസ്ജിദുകള്‍ തുടങ്ങിയവ വ്യക്തികള്‍ക്ക് ഉടമാവകാശം നല്‍കാത്തവയുടെ ഉദാഹരണങ്ങളാണ്. യുദ്ധത്തിലൂടെ ജയിച്ചടക്കിയ പ്രദേശങ്ങളുടെ ഉടമസ്ഥാവകാശം വ്യക്തികള്‍ക്കല്ല ഉമര്‍(റ) നല്‍കിയത്. അത് പൊതുമുതലായി കണക്കാക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

3) വര്‍ഗങ്ങള്‍ക്കിടയിലെ സംഘട്ടനത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ക്‌സിയന്‍ ചിന്ത നിലകൊള്ളുന്നത്. ബൂര്‍ഷ്വകള്‍ക്കെതിരെ തൊഴിലാളി വര്‍ഗത്തിന്റെ പോരാട്ടമാണത്. എന്നാല്‍ സമൂഹത്തിലെ മുഴുവന്‍ വ്യക്തികളും പരസ്പര സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ നിലകൊള്ളണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

വിവ : നസീഫ്‌

Related Articles