Current Date

Search
Close this search box.
Search
Close this search box.

സമ്പത്ത് നമ്മുടെ സ്വര്‍ഗവും നരകവുമാണ്

money-cover.jpg

‘നാണംകെട്ടും പണം നേടുകില്‍ നാണക്കേടാ പണം മാറ്റിടും.’ ധന സമ്പാദനത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് ഏതാണ്ടിങ്ങനെയൊക്കെയാണ്. പണത്തിനുമേല്‍ പരുന്തും പറക്കായ്കയാല്‍ അതിനുമേലെ ഇനിയൊരാകാശമില്ലായെന്ന് പണ്ടേക്കും പണ്ടേ പറഞ്ഞുപടിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ കാഴ്ചപ്പാട് വികലമാണ് എന്ന് സ്ഥാപിക്കുക്കുന്നതിനേക്കാള്‍ പ്രധാനം ഉണ്ടായിത്തീരേണ്ട ബോധ്യത്തെ കുറിച്ചുള്ള ചിന്തയാണ്.

മനുഷ്യജീവിതം നിലനിര്‍ത്തുന്നതില്‍ സുപ്രധാന സ്ഥാനം സമ്പത്തിനുണ്ട്. അതുകൊണ്ട് തന്നെ അധ്വാനിക്കുന്നതിനും പണമുണ്ടാക്കുന്നതിനുമെല്ലാം ഇസ്‌ലാം വലിയ പ്രാധാന്യം കല്‍പ്പിക്കുന്നു. ദാരിദ്ര്യത്തെ അത് പ്രോത്സാഹിപ്പിക്കുന്നില്ല. ‘നിന്നെ ദരിദ്രനായി കണ്ടപ്പോള്‍ അല്ലാഹു നിനക്ക് ഐശ്വര്യം നല്‍കിയെന്ന്’ റസൂല്‍(സ)യോട് അല്ലാഹു പറയുന്ന ഖുര്‍ആനിക വചനം കാണാം. ഐശ്വര്യപൂര്‍ണമായ ജീവിതമാണ് ഒരു മനുഷ്യനെ സംബന്ധിച്ച് ഏറ്റവും വലിയ സൗഭാഗ്യം. കഴിക്കുന്നതില്‍ ഏറ്റവും ഉത്തമമായ ഭക്ഷണം അധ്വാനിച്ചുണ്ടാക്കിയതാണെന്ന് റസൂല്‍(സ) പഠിപ്പിച്ചിട്ടുണ്ടല്ലോ? കച്ചവടം അനുവദനീയമാക്കിയതും ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണത്. അധ്വാനിച്ചുതന്നെ ജീവിക്കണം. ഇരന്നോ ഭിക്ഷയെടുത്തോ കാലം കഴിച്ചുകൂട്ടുന്നതിനെ ഇസ്‌ലാം ശക്തമായി എതിര്‍ക്കുന്നു. പാറിപ്പറന്ന മുടിയും മെലിഞ്ഞൊട്ടിയ ദേഹവും കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമൊക്കെയാണ് ഇസ്‌ലാമിന്റെ പ്രതിനിധാനങ്ങളെന്ന് ആരെങ്കിലും ധരിച്ചുവശായിട്ടുണ്ടെങ്കില്‍ അവര്‍ക്കുതെറ്റി.

ധനസമ്പാദനത്തിന് ചില പരിധികളും നിയന്ത്രണങ്ങളും ദൈവിക ദീന്‍ മുന്നോട്ടുവെക്കുന്നുണ്ട്. വഞ്ചിച്ചോ കൊള്ളയടിച്ചോ തട്ടിപ്പറിച്ചോ മോഷ്ടിച്ചോ കൃതൃമത്വം കാണിച്ചോ പണമുണ്ടാക്കരുതെന്നാണത് പറയുന്നത്. എന്നാല്‍ വര്‍ത്തമാന കാലത്ത്, സാമ്പത്തിക ക്രമക്കേടുകളും കുറ്റകൃത്യങ്ങളും അതിന്റെ മൂര്‍ത്തഭാവത്തിലെത്തിയിരിക്കുന്നു. വ്യാപകമായ കൊള്ളും കൊള്ളിവെപ്പും! വിദ്യാസമ്പന്നര്‍ വരെ സാമ്പത്തികാതിക്രമങ്ങളിലെ പ്രതികളും ഇരകളുമായിക്കൊണ്ടിരിക്കുന്നു. പക്ഷേ, ആരും ഒരു ചെറുവിരല്‍പോലും അതിനെതിരെ അനക്കുന്നില്ല. കാലാകാലങ്ങളായി വന്ന പ്രവാചകന്‍മാരെല്ലാം അതതുകാലത്തെ സാമ്പത്തിക ചൂഷണങ്ങള്‍ക്കും ക്രമക്കേടുകള്‍ക്കുമെതിരെ ശബ്ദിച്ചിരുന്നുവെന്നിരിക്കെ മുഹമ്മദ് നബിയുടെ ഉമ്മത്ത് ഈ പ്രവര്‍ത്തനത്തെ ഇബാദത്തിന്റെ ചട്ടക്കൂടില്‍ നിന്നും ലാഘവബുദ്ധിയോടെ എടുത്തുകളഞ്ഞിരിക്കുന്നു. സാമ്പത്തിക ക്രയവിക്രയങ്ങളിലെ ശിര്‍ക്ക് തൗഹീദിനെതിരല്ലെന്ന മൂഢധാരണ ഇസ്‌ലാമിന്റെ യഥാര്‍ത്ഥ വക്താക്കളെന്ന് അവകാശപ്പെടുന്നവരില്‍ പോലും വ്യാപകമായി.

‘ശുഐബേ….ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചുവന്നതിനെ ഞങ്ങള്‍ ഉപേക്ഷിക്കണമെന്നും ഞങ്ങളുടെ സ്വത്തുക്കളില്‍ ഞങ്ങള്‍ക്കിഷ്ടമുള്ള പ്രകാരം പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും നിനക്ക് കല്‍പന നല്‍കുന്നത് നിന്റെയീ നമസ്‌കാരമാണോ(ഹൂദ്: 87) എന്ന് മദ്‌യന്‍ ജനതയുടെ ചോദ്യം, മുസ്‌ലിം  സമുദായത്തിനു നേരെ ഉയരാത്തിന്റെ കാരണം, ഉത്തരക്കാര്‍ക്കുനേരെ ചൂണ്ടുവിരലുയര്‍ത്താന്‍ തക്ക ശക്തമായ നമസ്‌കാരക്കാര്‍ വിശ്വാസി സമൂഹത്തിലില്ലെന്നതിനാലാണോ? ഫ്‌ളാറ്റുകളും ആഢംബര വസതികളും നാള്‍ക്കുനാള്‍ പൊങ്ങിക്കൊണ്ടിരിക്കുന്നു. അതിനെതിരെ ശബ്ദിക്കാന്‍ ഒരു സ്വാലിഹ് പ്രവാചകനോ ഹൂദ്(അ) നബിയോ നമ്മില്‍ നിന്നുണ്ടാകില്ലെന്നു മാത്രമല്ല അവയൊക്കെ ഡെവലപ്‌മെന്റിന്റെയും സ്റ്റാറ്റസിന്റെയും പ്രതീകങ്ങളായി കൊണ്ടാടപ്പെടുന്നു.

‘അവന്‍ നിങ്ങള്‍ക്ക് കൈകാര്യാധികാരം നല്‍കിയ സമ്പത്തില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുക.(57:7) സമ്പത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ അല്ലാഹുവാണ്. ഈ ഭൂമിയില്‍ എപ്രകാരമാണ് അത് വിനിയോഗിക്കപ്പെടേണ്ടത് എന്ന് തീരുമാനിക്കാനുള്ള അധികാരം അവനുമാത്രമേ ഉള്ളൂ. പക്ഷേ, ഇന്നെവിടേയും ദൈവകല്‍പ്പനകള്‍ മാനിക്കപ്പെടുന്നില്ല. സ്വാഭീഷ്ടപ്രകാരം ചെലവഴിക്കുക മാത്രമല്ല അവ സമ്പാദിക്കാന്‍ ഏത് മാര്‍ഗവും സ്വീകരിച്ചുകൊണ്ടിരിക്കുന്നു.

വ്യക്തികള്‍ക്കും ദേശത്തിനുമൊക്കെ ഉടമസ്ഥാവകാശം പതിച്ചുനല്‍കി, അവരെ ആരാധ്യരാക്കി, ധനത്തെ പൂജിച്ച്, ആധുനിക മനുഷ്യര്‍ കാട്ടിക്കൂട്ടുന്ന താന്തോന്നിത്തങ്ങള്‍ കാരണം ലോകത്ത് സാമ്പത്തിക അരാജകത്വം വര്‍ദ്ധിച്ചു. വിലക്കയറ്റവും അഴിമതിയും കൊടികുത്തി വാഴുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ ധനകാര്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടി വരുന്നു. കടക്കെണികളും ദാരിദ്രവും കാരണം പെരുകുന്ന കര്‍ഷക ആത്മഹത്യകളും.

എങ്കിലും ടാറ്റയും ബിര്‍ലയും അംബാനിമാരുമൊക്കെ വളരുകയാണ്. ഇന്ത്യ വളരുന്നുണ്ട്. പക്ഷേ, ഇന്ത്യക്കാര്‍ തളര്‍ന്നുവീഴുന്നു. കോടീശ്വരന്മാരുടെ പട്ടികയിലെ ആദ്യ ഇരുപത് സ്ഥാനക്കാരായ ഇന്ത്യന്‍ ധനികരുടെ വരുമാനം മുപ്പത് കോടി സാധാരണക്കാരുടേതിനേക്കാള്‍ കൂടുതലാണത്രെ! സാമ്പത്തിക രംഗത്തെ അസമത്വങ്ങളും ക്രിത്രിമത്വങ്ങളും തടയാനായില്ലെങ്കില്‍ വരുംനാളുകളിലെ മുന്നോട്ടുപോക്ക് ആപത്കരമായിരിക്കും. മദ്‌യന്‍  നിവാസികളേയും ആദ് സമൂഹത്തേയുമൊക്കെ നശിപ്പിച്ചതുപോലെയുള്ള ഒരു പിടുത്തത്തെ ഭയപ്പെടേണ്ടത് ദൈവത്തില്‍ നിന്നാണെങ്കില്‍, സ്വത്തിന് വേണ്ടി പോരടിച്ച്, ദാഹിച്ച് രക്തമൂറ്റിക്കുടിക്കുന്ന മനുഷ്യ രാക്ഷസന്മാരെ ഭൂമിയിലും ഭയപ്പെടേണ്ടിവരും. മുതലാളിമാര്‍ കൊഴുക്കുകയും പട്ടിണിപ്പാവങ്ങളെന്നും മുഴുപ്പട്ടിണിക്കാരായി തുടരുന്ന ഈ വികല വ്യവസ്ഥിതിക്ക് മാറ്റം വരണം. ദരിദ്ര ജനവിഭാഗങ്ങളെ പരിഗണിച്ചും സന്തുലിതമായ വിതരണ ക്രമത്തോടുംകൂടിയ, അധാര്‍മികതയെയും അതിക്രമങ്ങളേയും അനുവദിക്കാത്ത ഒരു സമ്പദ്ഘടന നിലവില്‍ വരേണ്ടതുണ്ട്. കൂടെ നമ്മുടെ സമ്പാദ്യശീലങ്ങളില്‍ മാറ്റവും.

Related Articles