Current Date

Search
Close this search box.
Search
Close this search box.

ലോകത്തെ സാമ്പത്തിക വ്യവസ്ഥ അടിസ്ഥാനപരമായി തെറ്റാണ്: മുഹമ്മദ് യൂനുസ്

gj.jpg

കൊല്‍ക്കത്ത: ലോകത്ത് നിലനില്‍ക്കുന്ന സാമ്പത്തിക വ്യവസ്ഥ അടിസ്ഥാനപരമായി തെറ്റാണെന്ന് നൊബേല്‍ ജേതാവും മൈക്രോ ഫിനാന്‍സ് സ്ഥാപകനുമായ മുഹമ്മദ് യൂനുസ്. ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന സാമ്പത്തിക-ബാങ്കിങ് സംവിധാനങ്ങളില്‍ അടിസ്ഥാനപരമായി ചില കുറവുകളുണ്ട്. ഇവയെല്ലാം സ്വന്തം ലാഭത്തിനു വേണ്ടി മാത്രമാണ് നിലകൊള്ളുന്നത്. സമൂഹത്തിന്റെയും വ്യക്തികളുടെയും പുരോഗതിക്കുവേണ്ടിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘എനിക്ക് തോന്നുന്നു നിലവിലെ ബാങ്കിങ് സമ്പ്രദായം പൂര്‍ണമായും തെറ്റാണെന്ന്. കൂടുതല്‍ പണമുള്ളവര്‍ക്ക് കൂടുതല്‍ ലോണ്‍ നല്‍കുന്നതാണ് അവരുടെ നയം. എന്നാല്‍ ഇത് നേരെ തിരിച്ചാണ് വേണ്ടത്. കുറഞ്ഞ പണമുള്ളവനാണ് ഏറ്റവും കൂടുതല്‍ ലോണ്‍ നല്‍കേണ്ടത്. ‘സാമ്പത്തിക ശാസ്ത്രവും നീതിയും’ എന്ന വിഷയത്തില്‍  കൊല്‍ക്കത്തയില്‍ ടാറ്റ സ്റ്റീല്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നും തെറ്റായ സാമ്പത്തിക നയങ്ങളാണ് നാം പിന്തുടരുന്നത്. ഇതിന്റെ കാരണം ഞാന്‍ അന്വേഷിച്ചു. അപ്പോഴാണ് മനസ്സിലാക്കാന്‍ സാധിച്ചത്. ലോകത്തെ മുഴുവന്‍ സാമ്പത്തിക വ്യവസ്ഥകളും വ്യക്തികളുടെ സ്വാര്‍ത്ഥതക്കുവേണ്ടിയുള്ളതാണെന്ന്.

സ്വാര്‍ത്ഥതയുടെ വിത്ത് സാമ്പത്തിക വ്യവസ്ഥയില്‍ പാകിയാല്‍ അത് എപ്പോഴും ജനങ്ങളുടെയും സമൂഹത്തിന്റെയും കൈയില്‍ നിന്നും ലാഭം ഉണ്ടാക്കാനും സ്വന്തം നേട്ടങ്ങള്‍ക്കുമാണ് ഉപയോഗപ്പെടുത്തുക. ഇവ വ്യക്തികളെ സ്വന്തം താല്‍പര്യങ്ങള്‍ക്കും ലാഭങ്ങള്‍ക്കും ബിസിനസ് ചെയ്യാന്‍ മാത്രമേ പ്രേരിപ്പിക്കൂ. നമ്മുടെ ചിന്തകളില്‍ നിന്നും എപ്പോഴാണ് നാം സ്വാര്‍ത്ഥതയെ എടുത്തുകളയുകയും നിസ്വാര്‍ത്ഥമായി ജോലിയെടുക്കുകയും ചെയ്യുന്നത് അപ്പോള്‍ മാത്രമേ മുഴുവന്‍ കാഴ്ചപ്പാടുകളും മാറൂ.

സമൂഹത്തിന്റെ താല്‍പര്യം മുന്‍ നിര്‍ത്തി നിങ്ങള്‍ കച്ചവടം ചെയതാലും നിങ്ങള്‍ക്ക് ലാഭമുണ്ടാക്കാം. സാമൂഹ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട് 60 വ്യവസായങ്ങളാണ് ഞാന്‍ ബംഗ്ലാദേശില്‍ ആരംഭിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികലമായ വിദ്യാഭ്യാസ സമ്പ്രദായവും ഇത്തരം അവസ്ഥയിലെത്താന്‍ ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. പഠനത്തിന്റെ ലക്ഷ്യം ഒരിക്കലും നമ്മള്‍ ചര്‍ച്ച ചെയ്യാറില്ല.

ഇതു തന്നെയാണ് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പോരായ്മയും. താന്‍ പഠിച്ചത് എങ്ങനെ താന്‍ ഏറ്റെടുക്കുന്നതില്‍ ബന്ധിപ്പിക്കാം എന്നവര്‍ ആലോചിക്കുന്നില്ല. പഠിക്കുന്നത് നല്ലതാണ്, എന്നാല്‍ അതിന് വ്യക്തമായ ലക്ഷ്യം വേണം. ഇന്നത്തെ വിദ്യാഭ്യാസം മറ്റൊരാളെ നിര്‍ബന്ധിപ്പിച്ച് അവര്‍ക്കിഷ്ടമുള്ളത് പഠിപ്പിക്കുകയാണ്. ഇങ്ങനെ നിര്‍ബന്ധപൂര്‍വം പഠിച്ച അറിവ് എങ്ങനെ ജീവിതത്തില്‍ ഉപകാരപ്പെടും യൂനുസ് ചോദിച്ചു.

ബംഗ്ലാദേശില്‍ സാമൂഹ്യപങ്കാളിത്തത്തോടെ ചെറുകിട ബിസിനസ് മാതൃക കാണിച്ചാണ് മുഹമ്മദ് യൂനുസ് ലോകശ്രദ്ധയാകര്‍ഷിക്കുന്നത്. ബംഗ്ലാദേശില്‍ ഗ്രാമീണ്‍ ബാങ്കിന് തുടക്കമിട്ട അദ്ദേഹം നിരവധി പാവപ്പെട്ടവര്‍ക്കാണ് ഇതു മുഖേന വീടുകള്‍ നിര്‍മിക്കാനും ശൗചാലയം നിര്‍മിക്കാനും ലോണുകള്‍ നല്‍കിയത്.
സ്ത്രീകളുടെ ശാക്തീകരണവും അവര്‍ക്ക് പണം സമ്പാദിക്കാനും വേണ്ടി ‘ഗ്രാമീണ്‍ ഫോണ്‍’ പദ്ധതിയും അദ്ദേഹം നടപ്പിലാക്കി.

 

Related Articles