Current Date

Search
Close this search box.
Search
Close this search box.

മാലിക് ദീനാറും മംലൂക് ദീനാറും

mamlook-dinar.jpg

ഉപര്യുക്ത ശീര്‍ഷത്തിന് 1970 ലോ മറ്റോ ‘ചന്ദ്രിക’ വാരാന്തപ്പതിപ്പില്‍ വന്ന ഒരു ലേഖന ശീര്‍ഷകത്തോടുള്ള കടപ്പാട് ആദ്യമേ രേഖപ്പെടുത്തുകയാണ്. വളരെ ഉദാത്തമായ ഒരു പ്രചോദനം പ്രസ്തുത ലേഖനം ഈയുള്ളവന് പ്രദാനം ചെയ്തിട്ടുണ്ടെന്നതും ഒരനിഷേധ്യ വസ്തുതയാണ്.

മാലിക് ദീനാറെന്നത് കേരളക്കരയില്‍ വളരെ സുപരിതമായ ചരിത്ര പുരുഷന്റെ നാമമാണ്. പരിശുദ്ധ ഇസ്‌ലാം ഇവിടെ എത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച മഹാനാണദ്ദേഹം. ഇതദ്ദേഹത്തിന്റെ യഥാര്‍ഥ പേരാണോ വിളിപ്പേരാണോ എന്ന് അറിയില്ല. ഏതായാലും മനുഷ്യരുപയോഗിക്കുന്ന നാമങ്ങള്‍ക്ക് ഒരു സന്ദേശമുണ്ടാകുമെന്നതാണ് വസ്തുത. അങ്ങിനെ ഒരു സന്ദേശമുണ്ടാവുകയെന്നത് നാമകരണത്തില്‍ ദീക്ഷിക്കേണ്ട കാഴ്ച്ചപ്പാടുമാണ്.

മനുഷ്യന്‍ രണ്ട് തരമുണ്ട്, ഒന്ന് മാലികു ദീനാറും മറ്റൊന്ന് മംലൂകു ദീനാറും. ധനോടമസ്ഥനെന്നും ധനദാസനമെന്ന് ലളിതമായി പരിഭാഷപ്പെടുത്താം. പ്രത്യക്ഷത്തില്‍ ഇരുവിഭാഗവും സമ്പന്നര്‍ തന്നെ. രണ്ട് വിഭാഗത്തിനും ധാരാളം സമ്പത്തുണ്ട്. മാലികു ദീനാര്‍ (ധനോടമസ്ഥന്‍) താനിഛിക്കും വിധം സമ്പത്ത് സല്‍ക്കാര്യങ്ങള്‍ക്ക് വ്യയം ചെയ്യാന്‍ കഴിയുന്നവനായിരിക്കും. തന്റെ സമ്പത്തിന്റെ മേല്‍ അവന് നിയന്ത്രണമുണ്ട്, സ്വാതന്ത്ര്യമുണ്ട്, താനിഛിക്കും വിധം തിരിച്ചുവിടാനാവുന്നുമുണ്ട്. സമ്പത്ത് അവന്റെ കയ്യിലാണ്, ഖല്‍ബിലല്ല. ഇത്തരത്തിലുള്ള മാലികു ദീനാറുമാരുടെ ഉത്തമോദാഹരണങ്ങളാണ് അബൂബക്കര്‍ സിദ്ദീഖ്(റ), ഉസ്മാന്‍(റ), അബ്ദുറഹ്മാനുബ്‌നു ഔഫ്(റ), സുഹൈബ് റൂമി(റ) തുടങ്ങിയുള്ള പരശ്ശതം സ്വഹാബിമാര്‍.

രണ്ടാമത്തെ വിഭാഗം, മംലൂക് ദീനാര്‍, ആണ് ഇക്കാലത്ത് ഏറെയുള്ളത്. ആധുനിക മുതലാളിത്തത്തിന്റെ ആളുകളെല്ലാം ഈ ഗണത്തില്‍ പെടുന്നു. ധനത്തിന്റെ ഉപാസകരാണവര്‍. കമ്പോളമാണവരുടെ ക്ഷേത്രം, ധനമാണവരുടെ ദേവന്‍. സമ്പത്ത് ഒരു പൂജാ വിഗ്രഹം കണക്കെ ഇവരുടെ അകതാരില്‍ കുടിയിരിക്കുന്നു. ഇവര്‍ ലക്ഷ്മീ ദേവിയുടെ ഭക്തരും ഉപാസകരുമാണ് – ലാ ഇലാഹ ഇല്ലല്ലാഹ് എന്ന സത്യശുദ്ധ ഏകദൈവ വിശ്വാസത്തിന്റെ മഹല്‍ മുദ്രവാക്യം ഉരുവിട്ടുകൊണ്ടിരിക്കുന്ന ദിക്ര്‍ ഹല്‍ഖയില്‍ പങ്കെടുത്ത് പതിവായി പ്രാര്‍ഥിക്കുന്നത് പോലും ഇനിയുമിനിയും കൂടുതല്‍ കൂടുതല്‍ സമ്പത്ത് വര്‍ധിക്കാനായിരിക്കും. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ ചുണ്ടില്‍ തത്തിക്കളിക്കുമ്പോഴും വിത്ത പ്രേമമാണ് നിറഞ്ഞു നില്‍ക്കുന്നത്. ദൈവപ്രേമ (ഹുബ്ബുല്ലാഹ്)വും വിത്ത പ്രേമവും ഏറ്റുമുട്ടുമ്പോള്‍ വിത്ത പ്രേമമാണ് പലപ്പോഴും ഇവരില്‍ സജീവ ആധിപത്യം പുലര്‍ത്തുക. അതെ ഇവര്‍ ധനപൂജാ സംസ്‌കാരത്തിന് (മുതലാളിത്തത്തിന്) അടിപ്പെട്ടവരായിരിക്കും. ധനപൂജ വ്യക്തമായും ഒരു ശിര്‍ക്കാണ്. ശിര്‍ക്കന്‍ നാഗരികതയിലെ ഭാഷയും ആചാര സമ്പ്രദായങ്ങളുമെല്ലാം ധനപൂജയെന്ന ഗുരതര ശിര്‍ക്കിന്റെ ലാഞ്ചനയുള്ളതാണ്. കോടീശ്വരന്‍ എന്ന പ്രയോഗം മുതല്‍ ദ്വീപാവലി, ആയുധപൂജ തുടങ്ങിയവയെല്ലാം ഉദാഹരണം മാത്രമാണ്.

വിഗ്രഹ പൂജമാത്രമല്ല ശിര്‍ക്ക് അഥവാ ബഹുദൈവ വിശ്വാസം. വിഗ്രഹമെന്നത് പ്രത്യക്ഷ വിഗ്രഹമാവണമെന്നില്ല. പലപ്പോഴും അകതാരില്‍ സ്ഥിരപ്രതിഷ്ഠ നേടുന്നത് പരോക്ഷ വിഗ്രഹങ്ങളാണ്. കാമുകി-കാമുകന്മാര്‍, നേതാക്കള്‍, ആള്‍ദൈവങ്ങള്‍, ആത്മീയാചര്യന്‍മാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുരോഹിതന്മാര്‍ വരെ ഹൃദയമെന്ന ശ്രീകോവിലിലെ പൂജാ വിഗ്രഹങ്ങളാവാറുണ്ട്. അക്കൂട്ടത്തില്‍ വളരെ വലിയ വിഗ്രഹമാണ് ധനം. സമ്പത്ത് മൂകമായ ഭാഷയില്‍ തന്നോടാവശ്യപ്പെടുന്നത് അപ്പടി സ്വീകരിക്കുന്നവനായിരിക്കും മംലൂക് ദീനാര്‍ ആയ മുതലാളി. ധനം തന്നെ സേവിക്കുകയല്ല, മറിച്ച് താന്‍ ധനത്തെ സേവിക്കുകയാണെന്നത് ഒരു അധഃപതനമാണെന്നിവന്‍ തിരിച്ചറിയുന്നില്ല.

മകള്‍ക്ക് വരനെ തേടുമ്പോള്‍ അല്ലെങ്കില്‍ മകന് ജോലി തേടുമ്പോള്‍ അതുമല്ലെങ്കില്‍ മക്കള്‍ക്ക് പഠനം തീരുമാനിക്കുമ്പോള്‍ സാമ്പത്തിക മാനദണ്ഡമായിരിക്കും മംലൂകു ദീനാര്‍ അഥവാ ധനപൂജകന്‍ നിഷ്ഠാപൂര്‍വം ഉപയോഗിക്കുക. അധികം സമ്പത്ത് സമാഹരിക്കാനാവുന്നതെല്ലാം അധികം നല്ലത് എന്നതാണയാളുടെ വിലയിരുത്തല്‍. ഒരാളെ ആദരിക്കുന്നത് അയാളുടെ സാമ്പത്തിക സ്ഥിതി നോക്കിയായിരിക്കും – മുന്തിയ കാറില്‍ വരുന്ന, മുന്തിയ ഉടയാടകളണിഞ്ഞ, വിലയേറിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന, ആഢംബരപൂര്‍ണ്ണമായ രമ്യഹര്‍മ്മങ്ങളില്‍ വസിക്കുന്നവരോടാണയാള്‍ക്ക് അങ്ങേയറ്റത്തെ ആരാധനാഭാവം. ഇത്തരം ആളുകളെ പള്ളികളുടെയും മദ്രസകളുടെയും മുഖ്യ ഭാരവാഹിയാക്കാന്‍, നേതാവായി എഴുന്നള്ളിക്കാന്‍ സമുദായവും വ്യഗ്രത കാണിക്കുന്നു. അങ്ങിനെ ധനപൂജയെന്ന ശിര്‍ക്കില്‍ ആണ്ടുപൂണ്ടു കഴിയുന്നു.

വിത്തപ്രേമം സംക്രമിച്ചുണ്ടാകുന്ന ധനപൂജാസംസ്‌കാരം ഗുരുതരമായ ശിര്‍ക്കും കുഫ്‌റുമാണെന്ന് സൂറത്ത് അല്‍കഹ്ഫില്‍ ധനപൂജകനായ തോട്ടമുടമയെ പറ്റിയുള്ള പ്രസ്താവനകള്‍ വിശകലനം ചെയ്താല്‍ ഗ്രഹിക്കാവുന്നതാണ്. ‘അവന്റെ കൂട്ടുകാരന്‍ ഇതിനെ എതിര്‍ത്തുകൊണ്ട് പറഞ്ഞു: ”നിന്നെ മണ്ണില്‍നിന്നും പിന്നെ ബീജകണത്തില്‍നിന്നും സൃഷ്ടിക്കുകയും അങ്ങനെ ഒരു പൂര്‍ണമനുഷ്യനാക്കി രൂപപ്പെടുത്തുകയും ചെയ്ത നാഥനെയാണോ നീ തള്ളിപ്പറയുന്നത്? എന്നാല്‍ അവനാണ്; അഥവാ അല്ലാഹുവാണ് എന്റെ നാഥന്‍. ഞാന്‍ ആരെയും എന്റെ നാഥന്റെ പങ്കാളിയാക്കുകയില്ല. നീ നിന്റെ തോട്ടത്തില്‍ പ്രവേശിച്ചപ്പോള്‍ നിനക്കിങ്ങനെ പറഞ്ഞുകൂടായിരുന്നോ: ‘ഇത് അല്ലാഹു ഇച്ഛിച്ചതാണ്. അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും സ്വാധീനവും ഇല്ല.’ നിന്നെക്കാള്‍ സമ്പത്തും സന്താനങ്ങളും കുറഞ്ഞവനായി നീ എന്നെ കാണുന്നുവെങ്കില്‍; എന്റെ നാഥന്‍ എനിക്ക് നിന്റെ തോട്ടത്തെക്കാള്‍ നല്ലത് നല്‍കിയേക്കാം. നിന്റെ തോട്ടത്തിന്റെ നേരെ അവന്‍ മാനത്തുനിന്നു വല്ല വിപത്തുമയച്ചേക്കാം. അങ്ങനെ അത് തരിശായ ചതുപ്പുനിലമായേക്കാം. അല്ലെങ്കില്‍ അതിലെ വെള്ളം പിന്നീടൊരിക്കലും നിനക്കു തിരിച്ചുകൊണ്ടുവരാനാവാത്ത വിധം വററിവരണ്ടെന്നും വരാം.” അവസാനം അവന്റെ കായ്കനികള്‍ നാശത്തിനിരയായി. തോട്ടം പന്തലോടുകൂടി നിലംപൊത്തി. അതുകണ്ട് അയാള്‍ താനതില്‍ ചെലവഴിച്ചതിന്റെ പേരില്‍ ഖേദത്താല്‍ കൈമലര്‍ത്തി. അയാളിങ്ങനെ വിലപിച്ചു: ”ഞാനെന്റെ നാഥനില്‍ ആരെയും പങ്ക് ചേര്‍ത്തില്ലായിരുന്നെങ്കില്‍ എത്ര നന്നായേനേ.” (അല്‍ കഹ്ഫ് 37-42) . സൂറത്ത് ഫുസ്സ്വിലത്തില്‍ 6,7 സൂക്തങ്ങളില്‍ ‘സകാത്ത് കൊടുക്കാത്ത മുശ്‌രിക്ക്’ എന്ന് പ്രയോഗിച്ചതും ധനപൂജ ശിര്‍ക്കാണെന്ന് വ്യക്തമാക്കുന്നു. സൂറത്ത് അല്‍ ബഖറയിലെ 177 ാം സൂക്തത്തില്‍ ‘ബിര്‍റ്’  (പുണ്യം, നന്മ) വിശദീകരിച്ചപ്പോള്‍ സത്യവിശ്വാസത്തിന്റെ അടിത്തറ വിശദീകരിച്ച ഉടന്‍ നമസ്‌കാരത്തിന് മുമ്പായി ഉദാരമായ ധനവ്യയം വിശദമായി പറഞ്ഞതും ചിന്തനീയമാണ്. ദൃഢരൂഢവും സത്യശുദ്ധവുമായ ഈമാനിനെ ഗ്രസിച്ചേക്കാവുന്ന മാരകാര്‍ബുദത്തെ തടയാന്‍ (ധനപൂജയിലകപ്പെടാതിരിക്കാന്‍) ഉദാരമായി ദാനധര്‍മ്മങ്ങള്‍ ചെയ്യണമെന്നാണിവിടെ തെര്യപ്പെടുത്തുന്നത്. തുടര്‍ന്ന് അതേ സൂക്തത്തില്‍ തന്നെ സക്കാത്ത് വീണ്ടും പറയുന്നതില്‍ നിന്ന് ആദ്യം പറഞ്ഞ ഉദാര ദാനധര്‍മ്മങ്ങള്‍ സക്കാത്തല്ല എന്ന് ഗ്രഹിക്കാവുന്നതാണ്. ദാനശീലവും സല്‍ക്കാര്യങ്ങളിലുള്ള ഉദാരമായ ധനവ്യയവും സത്യവിശ്വാസിയുടെ നല്ല ശീലത്തിന്റെ സുപ്രധാനഭാഗമാണ്. എന്താണോ ഉടയോന്‍ നമുക്കേകിയത് അതില്‍ നിന്നെല്ലാം മറ്റുള്ളവര്‍ക്ക് വേണ്ടി വ്യയം ചെയ്യണം. ‘നാം നല്‍കിയതില്‍ നിന്ന് ചെലവഴിക്കുന്നവരുമാണ്’ (അല്‍ ബഖറ 3)

സദാ അല്ലാഹുവിന്റെ അടിമ എന്നതാണ് നമുക്ക് പ്രാപിക്കേണ്ട ഉന്നത നിലവാരം. പ്രവാചകന്‍മാരെ അല്ലാഹു ‘അടിമ’ (അബ്ദ് ) എന്നാണ് സ്‌നേഹപൂര്‍വം വിശേഷിപ്പിച്ചത്. സന്താനങ്ങള്‍ക്ക് അബ്ദുല്ല, അബ്ദുല്‍ ഹസീബ് എന്നിങ്ങനെ നാമകരണം ചെയ്യാന്‍ നബി (സ) ഉപദേശിച്ചതും അല്ലാഹുവിനുള്ള സമ്പൂര്‍ണ്ണ അടിമത്തത്തിന്റെ അന്തസ്സാണ് കുറിക്കുന്നത്. ഇങ്ങിനെയെല്ലാം അല്ലാഹുവിന് അടിമപ്പെടേണ്ട നാം ധനദാസന്‍ (മംലൂക് ദീനാര്‍) ആവാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ജഗന്നിയന്താവായ അല്ലാഹു നമ്മെ അതിന് തുണക്കട്ടെ! ആമീന്‍.

Related Articles