Current Date

Search
Close this search box.
Search
Close this search box.

പ്രതീക്ഷ നല്‍കുന്ന ശരീഅ മൂച്വല്‍ ഫണ്ട്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ ഡിസംബറില്‍ ആരംഭിക്കാനിരിക്കുന്ന ശരീഅ മ്യൂച്വല്‍ ഫണ്ട് ഇസ്‌ലാമിക് ഫിനാന്‍സ് മേഖലയിലേക്കുള്ള ഇന്ത്യയുടെ സുപ്രധാന കാല്‍ വെപ്പായി വിലയിരുത്തപ്പെടുന്നു. 15 ശതമാനം വരുന്ന ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമികമായി അനുവദനീയമായ മാര്‍ഗ്ഗത്തില്‍ നിക്ഷേപം നടത്തുവാന്‍ ഇത് വഴിതുറക്കും. മാത്രമല്ല മുസ്‌ലിംകളുടെ സമ്പാദ്യം ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ സാധിച്ചാല്‍, ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥക്ക് കരുത്ത് പകരാനും ഇത് സഹായകമാകും. ഫിനാന്‍സ് മേഖലയെ നൂതനവല്‍കരിക്കാനും പരമാവധി ഉള്‍ക്കൊള്ളല്‍ ശേഷി വര്‍ധിപ്പിക്കാനും ഇസ്‌ലാമിക് ഫിനാന്‍സിന് ഇന്ത്യയില്‍ അനുമതി നല്‍കണമെന്ന് 2008 ല്‍ രഖുറാം രാജ് കമ്മിറ്റി നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്ന് രഖുറാം രാജ് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരിക്കെ നടക്കുന്നത്.

മറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ പോലെ തന്നെ ഹൈറിസ്‌ക് ഗണത്തിലാണ് ശരീഅ ഫണ്ടുകളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാസാമാസം കൃത്യമായി പലിശ പോലെ നഷ്ടങ്ങളേതുമില്ലാതെ പണം ലഭിക്കില്ല എന്നതാണതിന് കാരണം. ലാഭ നഷ്ട സാധ്യത ഉള്ള ഇത്തരം ഫണ്ടുകള്‍ വിദഗ്‌ദോപദേശത്തോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ നഷ്ട സാധ്യത കൂടുതലാണ്. എന്നാല്‍ സൂക്ഷിച്ച് കൈകാര്യം ചെയ്താല്‍ ഇതിലൂടെ നല്ല ലാഭം നേടുകയും ചെയ്യാമെന്ന് ചുരുക്കം.

80 രാഷ്ട്രങ്ങളിലായി, US $ 1.7 trillion ആസ്തി കൈവരിച്ച്, 17.6 ശതമാനം വാര്‍ഷിക വളര്‍ച്ച (World Islamic Banking Competitiveness Report 2013-14) നേടിക്കൊണ്ട് ലോകത്ത് വന്‍ കുതിപ്പ് നടത്തിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമിക് ഫിനാന്‍സ് രംഗത്തേക്ക് ഇന്ത്യ ശക്തമായി കടന്നു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്ലാനിങ് കമ്മീഷന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ 2017 വരെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് 30 ശതമാനം ഫണ്ടിന്റെ അപര്യാപ്തത കണക്കാക്കപ്പെടുന്നു. ഇന്തോനേഷ്യ, മലേഷ്യ, യു.കെ, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഇതിന് ഇസ്‌ലാമിക് സുകൂക് ഉപയോഗപ്പെടുത്തി വരുന്നതുപോലെ ഇന്ത്യയിലും ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്താം. മാത്രമല്ല ഇസ്‌ലാമിക് ഫൈനാന്‍സിന്റെ ആഗോള ആസ്തിയുടെ ഭൂരിഭാഗവും ഏഷ്യന്‍ രാജ്യങ്ങളിലാണ്. അവരില്‍ നിന്നും വിദേശ നിക്ഷേപം ഇന്ത്യയിലേക്കെത്തിക്കാനും ഇത്തരം ശ്രമങ്ങളിലൂടെ നമുക്ക് സാധ്യമാകും.

Related Articles