Current Date

Search
Close this search box.
Search
Close this search box.

നമ്മുടെ സമ്പത്തിനെ ഹറാമില്‍ നിന്നെങ്ങനെ ശുദ്ധീകരിക്കാം?

money2000.jpg

ആധുനിക കാലത്തെ മിക്ക ഇടപാടുകളിലും ഹലാലും ഹറാമും കൂടിക്കലര്‍ന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇടപാടുകളുടെ ഇനവും പ്രകൃതവുമനുസരിച്ച് ഈ കൂടിക്കലരലില്‍ വ്യത്യാസമുണ്ട്. അതിനാല്‍ തന്നെ ഇത്തരം വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ച് നിരവധി സംശയങ്ങള്‍ ഉയര്‍ന്നതായി കാണാം.

-ഹലാലും ഹറാമും കൂടിക്കലര്‍ന്ന ഇടപാടുകളിലെ ഇസ്‌ലാമിക വിധി എന്താണ്?
-അനിവാര്യ ഘടത്തില്‍ കൂടിച്ചേരുന്നതും എന്നാല്‍ അനുവദനീയവുമായ ചെറിയ രീതിയിലുള്ള ഹറാമിന്റെ അളവ് എത്രയാണ്?
-ഹലാലും ഹറാമും കൂടിക്കലര്‍ന്ന ഇടപാടുകളിലെ മൂലധനവും ലാഭവും എങ്ങനെ ഹറാമില്‍ നിന്നും ശുദ്ധീകരിക്കാം?
– ഹറാമും ഹലാലും കൂടിക്കലര്‍ന്ന ധനത്തിലെ സകാത്ത് നല്‍കേണ്ടത് എങ്ങനെ?
-ഹറാമിലൂടെ സമ്പാദിച്ച ധനത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം?

ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്ര പണ്ഡിതന്മാരും കര്‍മശാസ്ത്ര വിശാരദന്മാരും ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിയതായി കാണാം. ശുദ്ധവും ഹലാലുമായ ധനത്തെ മ്ലേഛവും നിഷിദ്ധവുമായ ധനത്തില്‍ നിന്ന് ശുദ്ധീകരിക്കാന്‍ ചില ശറഇയ്യായ മാനദണ്ഡങ്ങളും സാമ്പത്തികമായ അടിസ്ഥാനങ്ങളും അവര്‍ വെച്ചിട്ടുണ്ട്. ധനത്തിലും ലാഭത്തിലും കൂടിക്കലര്‍ന്ന ഹറാമിന്റെ തോത് എത്ര എന്ന് നിര്‍ണയിക്കുകയും എപ്രകാരം അതില്‍ നിന്ന് രക്ഷ പ്രാപിക്കാം എന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തതായി കാണാം.

ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമികളുടെ ഫതവകളും ഈ വിഷയത്തില്‍ പഠനം നടത്തിയിട്ടുള്ള പണ്ഡിതന്മാരുടെ വീക്ഷണങ്ങളെയും മുന്‍നിര്‍ത്തിയാണ് ഈ പഠനം തയ്യാറാക്കിയിട്ടുള്ളത്.

ആധുനിക സാമ്പത്തിക ഇടപാടുകളിലെ ഹറാമിന്റെ രൂപങ്ങള്‍: –
1. കടം വാങ്ങല്‍: ബാങ്കുകളില്‍ നിന്നും വ്യത്യസ്ത ഫണ്ടിംഗ് സ്ഥാപനങ്ങളില്‍ നിന്നും പലിശ വ്യവസ്ഥയില്‍ കടം വാങ്ങല്‍.
2. ബാങ്കുകള്‍ പോലെയുള്ള സഥാപനങ്ങളില്‍ പലിശ സ്വീകരിച്ചുകൊണ്ട് നിക്ഷേപം നടത്തല്‍.
3. പലിശ കൊടുത്തുകൊണ്ടും സ്വീകരിച്ചുകൊണ്ടും മറ്റുള്ളവരുമായി നടത്തപ്പെടുന്ന ഇടപാടുകള്‍.
4. അനുവദനീയമല്ലാത്ത മാര്‍ഗങ്ങളിലൂടെയുള്ള സമ്പാദനം. കൈക്കൂലി, പൂഴത്തിവെപ്പ്, അന്യായമായ കമ്മീഷന്‍, ഹറാമായ സാധനങ്ങള്‍ വില്‍പന നടത്തുക എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു,
5. സംശയമുളവാക്കുന്നതും അനുവദനീയവുമല്ലാത്ത കച്ചവടങ്ങളിലൂടെ ലഭിക്കുന്ന ലാഭങ്ങള്‍.

നിര്‍ബന്ധ സാഹചര്യത്തില്‍ ഇടപാടുകളില്‍ കലരുന്ന ലഘുവായ ഹറാമുകളുടെ വിധികള്‍:
ഹറാമും ഹലാലും ഇടകലര്‍ന്ന സാമ്പത്തിക ഇടപാടുകളില്‍ ഹറാമിനെ പൂര്‍ണമായും വേര്‍തിരിച്ച് ഒഴിവാക്കുക എന്നത് വളരെ പ്രയാസമുള്ളതാണ്. ഇസ്‌ലാമിക കര്‍മശാസ്ത്ര അടിസ്ഥാനങ്ങളുടെ പൊതു നിയമങ്ങളും പ്രത്യേകമായ നിയമങ്ങളും പരിഗണിച്ചുകൊണ്ട് പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ ചില ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

‘പ്രയാസങ്ങള്‍ എളുപ്പത്തെ അനിവാര്യമാക്കും”കൂടുതലുള്ളതിന് പൊതു നിയമം ബാധകമാകും’ ‘മിക്കവിധികളിലും ലഘുവായ ഹറാം വിട്ടുവീഴച ചെയ്യപ്പെടുന്നതാണ്’ എന്നീ തത്വങ്ങളും കര്‍മശാസ്ത്ര നിദാന ഗ്രന്ഥങ്ങളില്‍ വിവരിക്കുന്ന ‘ലഘുവായത് പരിഹരിക്കപ്പെടും’ എന്നീ ആശയത്തിലുള്ള പൊതു തത്വങ്ങളും അനുസരിച്ചാണ് ഇത്തരം വിഷയങ്ങളില്‍ വിധി രൂപപ്പെടുത്തുക. സാമ്പത്തിക ഇടപാടുകളില്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ കൂടിക്കലരുന്ന ഇത്തരം ഹറാമിന്റെ വശങ്ങള്‍ വേര്‍തിരിക്കാനാവാത്ത പക്ഷം കൂടുതലുള്ളതിന്റെ വിധി പ്രസ്തുത ഇടപാടുകളില്‍ സ്വീകരിക്കാം എന്നാണ് ഈ അടിസ്ഥാനങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്.
ലഘുവായ ഹറാം ധനത്തിന്റെ തോത് എത്രയാണ്? ധനത്തില്‍ അല്ലെങ്കില്‍ ലാഭത്തില്‍ കൂടുന്ന ലഘുവായ ഹറാം വിനിയോഗിക്കേണ്ടത് എപ്രകാരമാണ്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പ്രായോഗികവും ഇസ്‌ലാമികവുമായ വീക്ഷണത്തില്‍ നിന്നുകൊണ്ടുള്ള അന്വേഷണങ്ങള്‍ നടക്കേണ്ടതുണ്ട്.

ലഘുവായ ഹറാം കലര്‍ന്ന ധനഇടപാടുകളില്‍ സ്വീകരിക്കേണ്ട ശറഈ മാനദണ്ഡങ്ങള്‍

ഇത്തരം സാമ്പത്തിക ഇടപാടുകളിലും വിനിമയങ്ങളിലും കൂടുതല്‍ ഭാഗവും ഹലാല്‍ ആയിരിക്കണം. അവന്റെ ഉദ്ദേശം ഇത് പൂര്‍ണമായും ഹലാല്‍ ആയിരിക്കണം എന്നാകുകയും വേണം. എങ്കില്‍ കൂടുതലുള്ളതിന് പൊതുനിയമമാണെന്ന തത്വം ഇവിടെ സ്വീകരിക്കാവുന്നതാണ്. തന്റെ വിനിമയങ്ങളില്‍ ഭൂരിഭാഗം ഹലാലാണെങ്കില്‍ അതിന് ഹലാലിന്റെ വിധിയും ഭൂരിഭാഗം ഹറാമാണെങ്കില്‍ അതിന് ഹറാമിന്റെ വിധിയുമായിരിക്കും.

-രാഷ്ട്രത്തിന്റെയോ പ്രാദേശികമോ ആയ നിയമങ്ങളുടെ നൂലാമാലകള്‍ അനുസരിച്ച് ഹറാമായ വിഹിതം വേര്‍തിരിച്ചെടുക്കുക പ്രയാസമായകരമാവുകയും എല്ലാ രംഗത്തും അധാര്‍മികത വ്യാപിക്കുകയും ചെയത സന്ദര്‍ഭത്തിലും ഈ തത്വം പ്രായോഗികമാണ്.
– ഇടപാടുകള്‍ നടത്തുന്നവന്റെ ഉദ്ദേശ്യം ഹലാലായ മാര്‍ഗത്തില്‍ സമ്പാദിക്കുക എന്നതായിരിക്കണം. എല്ലാ പ്രവര്‍ത്തനങ്ങളും ഉദ്ദേശങ്ങള്‍ക്കനുസൃതമായിട്ടാണ് എന്ന ഹദീസാണ് ഇതിന് നിദാനം.
– ഇത്തരമൊരു ഇടപാടുകളില്‍ ഏര്‍പ്പെടേണ്ട നിര്‍ബന്ധ സാഹചര്യം ഉണ്ടാകുക. ‘അനിവാര്യതകള്‍ നിഷിദ്ധങ്ങളെ അനുവദനീയമാക്കും’ എന്ന തത്വം ഇവിടെ ബാധകമാകുന്നതാണ്.

ലഘുവായ ഹറാമിന്റെ തോത് എത്ര?
ലഘുവായ ഹറാമിന്റെ തോത് എത്രയാണ് എന്നത് സ്ഥല-കാല സാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് നിര്‍ണയിക്കുക. പൗരസ്ത്യ രാജ്യത്തെ സാഹചര്യമായിരിക്കുകയില്ല പശ്ചാത്യ രാജ്യത്തുണ്ടാകുക. ഇസ്‌ലാമിക നാഗരികത നിലനിന്നിരുന്ന കാലത്തെ സാഹചര്യമല്ല, ആഗോളവല്‍ക്കരണ കാലത്ത് നാം അഭിമുഖീകരിക്കുന്നത്. അപ്പോള്‍ ഓരോ രാഷ്ട്രത്തിലെയും സാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് അവിടെയുള്ള കര്‍മശാസത്ര പണ്ഡിത സഭകള്‍ നിര്‍ദ്ധാരണം ചെയ്‌തെടുത്ത വിധികള്‍ അനുസരിക്കുന്നതായിരിക്കും ആ നാട്ടുകാര്‍ക്ക് അഭികാമ്യം.
അറബ് ലോകത്തെ ചില പണ്ഡിതന്മാര്‍ ലഘുവായ ഹറാമിന്റെ തോത് 25% ആണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അപ്പോള്‍ 25%ത്തില്‍ താഴെയാണ് ഹറാമുള്ളതെങ്കില്‍ ഭൂരിഭാഗം ഹലാല്‍ എന്ന അടിസ്ഥാനത്തില്‍ അത്തരം ഇടപാടുകളിലേര്‍പ്പെടാം. 25%ത്തില്‍ കൂടുതല്‍ ഹറാം ഉണ്ടെങ്കില്‍ അത്തരം ഇടപാടുകള്‍ സാധുവാകുന്നതല്ല. ലഘുവായ ഹറാമിന്റെ തോത് 15% മാണെന്നും 30% മാണെന്നും അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്.

ലഘുവായ ഹറാം കലര്‍ന്ന ധനം വിനിയോഗിക്കുന്നതിലെ വിധികള്‍.
ഹറാമിന് രണ്ട് ഇനങ്ങളുണ്ടെന്ന് പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു. മദ്യം, പന്നിമാംസം പോലെ അടിസ്ഥാനപരമായി നിഷിദ്ധമായതാണ് ഇതില്‍ ഒന്നാമത്തെ ഇനം. നാണയം, ഫലവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങിയവ അനുവദനീയമല്ലാത്ത മാര്‍ഗങ്ങളിലൂടെ കരസ്ഥമാക്കുന്നതു മൂലം വന്നുചേരുന്ന ഹറാമാണ് രണ്ടാമത്തെ ഇനം. നമ്മുടെ പഠനത്തില്‍ ഈ രണ്ടാമത്തെ ഹറാം വന്നു ചേരുന്ന ഇനത്തെയാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
ഹറാമും ഹലാലും കൂടിക്കലര്‍ന്ന ധനത്തില്‍ നിന്ന് ഹറാമിന്റെ അളവ് പുറത്തെടുത്തു ഹലാല്‍ ഉപയോഗിക്കണം എന്നാണ് മുന്‍ഗാമികളിലും സമാലികരിലും പെട്ട മിക്ക പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്. ‘ നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കു തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം
ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്. ഇനി (കടം വാങ്ങിയവരില്‍) വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാല്‍ (അവന്ന്) ആശ്വാസമുണ്ടാകുന്നത് വരെ ഇടകൊടുക്കേണ്ടതാണ്. എന്നാല്‍ നിങ്ങള്‍ ദാനമായി (വിട്ടു) കൊടുക്കുന്നതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം; നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍. (അല്‍ബഖറ : 280) എന്ന സൂക്തമാണ് ഇതിന് തെളിവായി അവര്‍ സ്വീകരിച്ചത്.

ഇമാം ഇബ്‌നുല്‍ ഖയ്യിം അദ്ദഹത്തിന്റെ മദാരിജുസ്സാലികീന്‍ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നു: ‘ഹലാലും ഹറാമും ധനത്തില്‍ കൂടിക്കലരുകയും അവ വേര്‍തിരിക്കാന്‍ കഴിയാതെ വരുകയും ചെയ്യുന്ന പക്ഷം അവനുള്ള പ്രായശ്ചിത്ത്ം ഹറാമിന്റെ തോത് അനുസരിച്ച് ദാനധര്‍മം ചെയ്യലാണ്. ബാക്കിയുള്ളവ അവന് ഉപയോഗിക്കുകയും ചെയ്യാം’. ഇത്തരത്തില്‍ അനിവാര്യമായി കൂടിച്ചേര്‍ന്ന ഹറാമില്‍ നിന്നും രക്ഷപ്പെടാന്‍ അതിന്റെ തോത് അനുസരിച്ച് ധനം സല്‍സംരംഭങ്ങള്‍ക്കായി വിനിയോഗിക്കുകയാണ് വേണ്ടതെന്ന് നിരവധി ഫത്‌വാ കൗണ്‍സിലുകളുടെ പഠനം വ്യക്തമാക്കിയിട്ടുണ്ട്. സദഖ എന്ന നിയ്യത്തോടെ അത് നല്‍കരുത്. കാരണം അല്ലാഹു ഉത്തമനാണ്. ഉത്തമമായത് മാത്രമേ അവന്‍ സ്വീകരിക്കുകയുള്ളൂ എന്ന് പ്രബലമായ ഹദീസില്‍ കാണാം.

കുവൈത്തില്‍ സംഘടിപ്പിച്ച ഇസ്‌ലാമിക് ബാങ്കുകളുടെ രണ്ടാം സമ്മേളനം അംഗീകരിച്ച നിര്‍ദ്ദേശം ഇവിടെ പ്രസക്തമാണ്. ‘ഇസ്‌ലാമിക രാഷ്ട്രത്തിലെയും പുറത്തുമുള്ള ബാങ്കുകളിലും കമ്പനികളിലും സമ്പത്ത് നിക്ഷേപിച്ചിട്ടുള്ള മുസ്‌ലിംകള്‍ക്ക് ലഭിക്കുന്ന പലിശയില്‍ നിന്ന് രക്ഷപ്പെടാന്‍ ആ ധനം മുസ്‌ലിംകളുടെ സല്‍സംരംഭങ്ങള്‍ക്കും ഉത്തമതാല്‍പര്യങ്ങള്‍ക്കും വേണ്ടി വിനിയോഗിക്കണമെന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു. പലിശരഹിതമായ സംവിധാനങ്ങള്‍ ഉള്ളതോടൊപ്പം പലിശയിലധിഷ്ടിതമായ ബാങ്കുകളിലും സ്ഥാപനങ്ങളിലും സ്ഥിരമായി നിക്ഷേപം നടത്തുന്നത് ശറഇല്‍ നിരോധിക്കപ്പെട്ട ഹറാമായ പ്രവര്‍ത്തനമാണ്’.

പഠന ഗവേഷണങ്ങള്‍, നിര്‍ധനരായയവരെ സഹായിക്കല്‍, ഇസ്‌ലാമിക രാഷ്ട്രത്തിലെ സാമ്പത്തികവും കലാപരവുമായ മേഖലകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, ദീനി സ്ഥാപനങ്ങള്‍, അനാഥ അഗതി സംരക്ഷണം, അന്യായമായ തടവുകാരെ മോചിപ്പിക്കുക തുടങ്ങിയവക്ക് വേണ്ടിയെല്ലാമുള്ള സാമ്പത്തിക വിനിമയങ്ങളാണ് സല്‍സംരംഭങ്ങള്‍ക്കായി ധനം ഉപയോഗിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

എന്നാല്‍ പള്ളിനിര്‍മാണം, മുസ്ഹഫ് വാങ്ങല്‍, നേര്‍ച്ചകള്‍ നിര്‍വഹിക്കല്‍, ഉദ്ഹിയ്യത്ത് തുടങ്ങി അല്ലാഹുവിന് നേരിട്ടര്‍പ്പിക്കുന്ന ഇബാദത്തുകളില്‍ ഈ ഹറാമായ ധനം ചിലവഴിക്കാന്‍ പാടില്ല എന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അല്ലാഹു പരിശുദ്ധവാനാണ്; പരിശുദ്ധമായതേ അവന്‍ സ്വീകരിക്കൂ എന്ന പ്രവാചക വചനമാണ് ഇതിന്നാധാരം.

ഈ ചര്‍ച്ചയില്‍ നിന്നും നിര്‍ദ്ദാരണം ചെയ്‌തെടുത്തിട്ടുള്ള പ്രധാന വസ്തുതകള്‍:

1. ഹറാമായ സ്രോതസ്സില്‍ നിന്ന് സമ്പാദിച്ച ധനം വേര്‍തിരക്കലും അവയില്‍ നിന്ന് രക്ഷപ്പെടലും നിര്‍ബന്ധമാണ്. സത്യസന്ധമായ പശ്ചാത്താപത്തിന് ശേഷം അവ സല്‍സംരംഭങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയാണ് വേണ്ടത്.
2. ഹറമായ സമ്പാദ്യത്തില്‍ നിന്ന് സാധ്യമായ അളവിവില്‍ വളരെ പെട്ടെന്ന് രക്ഷ പ്രാപിക്കല്‍ നിര്‍ബന്ധമാണ്.
3.ഹറമായി സമ്പാദിച്ച ധനം നേരിട്ടോ അല്ലാതെയോ ഉപയോഗിക്കുന്നതും ഉപകാരമെടുക്കുന്നതും അനുവദനീയമല്ല.
4.ഹറാമില്‍ നിന്ന് രക്ഷപ്പെടാനായി ഹറാമിന്റെ അംശം വേര്‍തിരിച്ചു വിതരണം ചെയ്താല്‍ ബാക്കിയുള്ളവ ഹലാലാണ്.
5. ഹറാം ഉപേക്ഷിക്കലും ഹലാലായ മാര്‍ഗത്തില്‍ മാത്രം സമ്പാദിക്കുകയും ചെയ്യുക എന്നതായിരിക്കണം ഇടപാടുകാരന്റെ നിയ്യത്ത് അഥവാ ഉദ്ദേശ്യം.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles