Current Date

Search
Close this search box.
Search
Close this search box.

കാരുണ്യം വിശ്വാസിയുടെ സാമ്പത്തിക ബന്ധങ്ങളില്‍

rahma.jpg

ഒരു മുസ്‌ലിമിന്റെ സാമ്പത്തിക സ്വഭാവത്തില്‍ കാരുണ്യമെന്ന ഗുണത്തിന് വലിയ സ്വാധീനമാണുള്ളത്. ഒരു വിശ്വാസിക്ക് മറ്റു വിശ്വാസികളോടുണ്ടായിരിക്കേണ്ട പെരുമാറ്റങ്ങളെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നു : ‘മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ സത്യത്തെ നിഷേധിക്കുന്നവരോട് കര്‍ക്കശരും തങ്ങള്‍ക്കിടയില്‍ ദയാലുക്കളുമാകുന്നു. അവരെ കുനിയുന്നതിലും സാഷ്ടാംഗം പ്രണമിക്കുന്നതിലും അല്ലാഹുവിന്റെ അനുഗ്രഹവും പ്രീതിയും തേടുന്നതിലും ഏര്‍പ്പെട്ടവരായി കാണാം. അവരുടെ മുഖങ്ങളില്‍ സുജൂദിന്റെ അടയാളങ്ങളുണ്ട്. അതുവഴി അവരെ തിരിച്ചറിയുന്നു. തൗറാത്തില്‍ ഇതാകുന്നു അവരുടെ ലക്ഷണം. ഇഞ്ചീലിലാവട്ടെ അവരെ ഉദാഹരിച്ചിട്ടുള്ളതിപ്രകാരമാകുന്നു: ഒരു വിള. അത് ആദ്യം അതിന്റെ കൂമ്പു വെളിപ്പെടുത്തി. എന്നിട്ടതിനെ ശക്തിപ്പെടുത്തി. പിന്നെ അത് തടിച്ചുകൊഴുത്തു. എന്നിട്ട് കര്‍ഷകര്‍ക്ക് കൗതുകം പകര്‍ന്നുകൊണ്ട് തണ്ടിന്‍മേല്‍ നിലകൊണ്ടു; അവരുടെ സമൃദ്ധിയില്‍ നിഷേധികള്‍ രോഷംകൊള്ളുന്നതിന്. ഈ ജനവിഭാഗത്തില്‍, വിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മമാചരിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദത്തം ചെയ്തിരിക്കുന്നു.’ (്അല്‍-ഫത്ഹ : 29) വിശ്വാസി സമൂഹത്തിന്റെ സവിശേഷ ഗുണമായിരിക്കും കാരുണ്യമെന്ന് ഈ ഖുര്‍ആന്‍ സൂക്തത്തില്‍ നിന്നും വ്യക്തമാക്കുന്നുണ്ട്.

ഒരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞു : പരസ്പരം സ്‌നേഹത്തിലും കാരുണ്യത്തിലും അനുകമ്പയിലും വിശ്വാസികള്‍ ഒരു ശരീരം പോലെയാണ്. ഏതെങ്കിലും ഒരവയവത്തിന് പ്രയാസമുണ്ടായാല്‍ മുഴുവന്‍ ശരീരവും ഉറക്കമിളച്ചും പനിച്ചും അതിനോട് താദാത്മ്യം പ്രകടിപ്പിക്കുന്നു.’ (മുസ്‌ലിം)

ഒരു വിശ്വാസി മറ്റു വിശ്വാസികളോട് സ്വീകരിക്കേണ്ട സാമ്പത്തിക സ്വഭാവത്തിന്റെ പ്രായോഗിക വശം എങ്ങനെയായിരിക്കണെന്ന് മുകളില്‍ പരാമര്‍ശിച്ച് ആയത്തും ഹദീസും വിശദമാക്കുന്നുണ്ട്. അപ്രകാരം തന്നെ മുസ്‌ലിംകളല്ലാത്ത ആളുകളുമായി ഇടപാടുകള്‍ നടത്തുമ്പോഴും ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനങ്ങള്‍ മുറുകെ പിടിക്കേണ്ടതുണ്ട്. എല്ലാവര്‍ക്കും നന്മയും ഗുണവും ഉറപ്പു നല്‍കുന്ന പ്രത്യയശാസ്ത്രത്തിന്റെ പ്രായോഗിക മാതൃകകളായി അവര്‍ മാറണം. ആദ്യകാലത്ത് മുസ്‌ലിംകള്‍ക്ക് ഒരു ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ സാധിച്ചു. സാമ്പത്തികമടക്കമുള്ള ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇസ്‌ലാമിക ശരീഅത്ത് അവര്‍ നടപ്പാക്കുകയും ചെയ്തു. സാമ്പത്തിക സഹവര്‍ത്തിത്വം ഉറപ്പാക്കുന്ന കാര്യങ്ങള്‍ അവിടെ നടപ്പാക്കി. സകാത്ത്, ദാനധര്‍മങ്ങള്‍, കടം, ദാനം, സമ്മാനം, വസിയ്യത്, വഖ്ഫ് പോലുള്ള രീതികളായിരുന്നു അതിന് സ്വീകരിച്ചിരുന്നത്. ഇസ്‌ലാമിക ശരീഅത്ത് വിലക്കിയ കാര്യങ്ങള്‍ അവര്‍ വെടിയുകയും ചെയ്തു. പ്രവാചകന്‍(സ) പറയുന്നത് കാണുക : ‘നിങ്ങള്‍ പരസ്പരം അസൂയ കാണിക്കരുത്, ചരക്കിനെ പ്രശംസിച്ച് വിലകൂട്ടി പറയരുത്, പരസ്പരം കോപിക്കരുത്, പരസ്പരം പിണങ്ങി മാറിനില്‍ക്കരുത്; ഒരാളുടെ കച്ചവടത്തിനുമേല്‍ കച്ചവടം നടത്തരുത്.’

ജനങ്ങളോടുള്ള ഒരു വിശ്വാസിയുടെ സാമ്പത്തിക ഇടപെടലുകളില്‍ വലിയ സ്വാധീനമാണ് കാരുണ്യമെന്ന ഗുണത്തിനുള്ളത്. ആളുകളുടെ മതമോ ജാതിയോ നോക്കാതെ ജനങ്ങളോടുള്ള എല്ലാ ഇപഴകലുകളിലും മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുക എന്നത് അവന്റെ സ്വഭാമായിരിക്കണം. അതിന്റെ പ്രായോഗിക മാതൃകയാവണം അവര്‍. സാമ്പത്തിക ധനകാര്യ ഇടപാടുകളിലും അത് പ്രകടമാവണം. പ്രസ്തുത മൂല്യങ്ങളുടെ യഥാര്‍ത്ഥ പരീക്ഷണ ശാലയാണ് കൊടുക്കല്‍ വാങ്ങലുകളും മറ്റ് ഇടപാടുകളും. പ്രവാചകന്‍(സ) പറയുന്നു : ‘നിങ്ങള്‍ക്ക് മുമ്പുള്ള ഒരാള്‍ക്ക് അല്ലാഹു പൊറുത്തു കൊടുത്തിരിക്കുന്നു. അവന്‍ വില്‍പന നടത്തിയാലും വാങ്ങിയാലും കടം വീട്ടിയാലും  വിട്ടുവീഴ്ച്ച കാണിക്കുന്നവനായിരുന്നു.’ (തിര്‍മിദി)

പ്രവാചകന്‍(സ) വിട്ടുവീഴ്ച്ചയെ കാരുണ്യത്തിന്റെ ഗുണത്തോടാണ് ബന്ധിപ്പിച്ചിട്ടുള്ളത്. കാരുണ്യമെന്ന ഗുണത്തിന്റെ ഭാഗമായി ജനങ്ങളോടുള്ള ഇടപാടുകളില്‍ ഒരു വിശ്വാസി പിന്തുടരേണ്ട ചില കാര്യങ്ങളുണ്ട്. അവയാണ് തുടര്‍ന്ന് വിവരിക്കുന്നത്. കരാറുകളും വാഗ്ദാനങ്ങളും പാലിക്കാനും അളവിലും തൂക്കത്തിലും സൂക്ഷ്മത കാണിക്കാനും ഇസ്‌ലാം കല്‍പിക്കുന്നു. വിശ്വാസികളുടെ ഗുണമായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് കാണുക : ‘അമാനത്തുകളും (ഉത്തരവാദിത്വങ്ങളും) കരാറുകളും പാലിക്കുന്നവര്‍.’ (അല്‍-മുഅ്മിനൂന്‍ : 8) കരാറുകളുടെയും ഉത്തരവാദിത്വങ്ങളുടെയും പൂര്‍ത്തീകരണം കാരുണ്യത്തിന്റെ ഭാഗമാണെന്ന് സൂക്തം വ്യക്തമാക്കുന്നു.

വിട്ടുവീഴ്ച്ച സ്‌നേഹബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനു സഹായിക്കുന്ന കാരുണ്യത്തിന്റെ ഗുണമാണ്. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഗുണകാംക്ഷ നടത്തുന്നത് ഇടപാടുകളിലെ വിശ്വാസ്യത കൂട്ടുന്നു. ദീന്‍ ഗുണകാംക്ഷയാണെന്ന പ്രവാചകന്‍(സ)യുടെ വാക്കുകളാണ് അതിന് ആധാരം. പ്രയാസപ്പെടുന്നവരോട് വിട്ടുവീഴ്ച്ച കാണിക്കുന്നതും കാരുണ്യം തന്നെയാണ്. ഞെരുക്കം അനുഭവിക്കുന്നവര്‍ക്ക് വിടുതല്‍ നല്‍കുന്നത് മഹത്തായ ഗുണമായിട്ടാണ് ഹദീസുകള്‍ പഠിപ്പിക്കുന്നത്. അപ്രകാരം സാമ്പത്തിക ഇടപാടുകളില്‍ ഉണ്ടായിരിക്കേണ്ട അനിവാര്യമായ ഗുണമാണ് സത്യസന്ധതയും വിശ്വസ്തതയും. സത്യസന്ധനും വിശ്വസ്തനുമായ കച്ചവടക്കാരന്‍ അന്ത്യദിനത്തില്‍ രക്തസാക്ഷികളോടും പ്രവാചകന്‍മാരോടും ഒപ്പമായിരിക്കുമെന്നാണ് പ്രവാചകന്‍(സ) പഠിപ്പിച്ചത്. വ്യക്തതയും സുതാര്യതയും വിഭവങ്ങളിലെ അനുഗ്രഹത്തിന്റെ അടിസ്ഥാനമായിട്ടാണ് കണക്കാക്കുന്നത്. പ്രവാചകന്‍(സ)യുടെ വാക്കുകള്‍ ഇത് വ്യക്തമാക്കുന്നുണ്ട്.

ഒരു വിശ്വാസിക്ക് നാടിനോടുള്ള സാമ്പത്തിക ബന്ധത്തിലും കാരുണ്യത്തിന് സ്വാധീനമുണ്ട്. അല്ലാഹു നിര്‍ബന്ധമാക്കിയ സമൂഹത്തോടുള്ള എല്ലാ ബാധ്യതകളും ഒരു മുസ്‌ലിം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. എല്ലാ സൃഷ്ടികളോടും അവന്‍ കാരുണ്യമുള്ളവനായിരിക്കണം. അവയെ സംരക്ഷിക്കലും അവക്ക് ദ്രോഹം വരുത്താതിരിക്കലും അതിന്റെ ഭാഗമാണ്. നന്മയിലും ഗുണത്തിലും അവന് ചുറ്റും ജീവിക്കുന്നവരോട് സഹകരിക്കലും അവന്റെ ബാധ്യതയാണ്. അല്ലാഹു പറയുന്നത് കാണുക: ‘വിശ്വസിച്ചവരേ, അല്ലാഹുവിന്റെ ചിഹ്നങ്ങളെ അനാദരിക്കരുത്. പവിത്രമായ മാസങ്ങളിലൊന്നിനെയും അനാദരിക്കാന്‍ പാടില്ലാത്തതാകുന്നു. ബലിമൃഗങ്ങളെ ദ്രോഹിക്കാതിരിക്കുക. അല്ലാഹുവിനുള്ള വഴിപാടിന്റെ അടയാളമായി കഴുത്തില്‍ പട്ടയിട്ട മൃഗങ്ങളെയും ഉപദ്രവിക്കാതിരിക്കുക. അല്ലാഹുവിന്റെ അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് പുണ്യഗേഹ(കഅ്ബ)ത്തിലേക്കു സഞ്ചരിക്കുന്നവരെ ശല്യപ്പെടുത്താതിരിക്കുക. എന്നാല്‍ ഇഹ്‌റാമിന്റെ നാളുകള്‍ അവസാനിച്ചാല്‍ നിങ്ങള്‍ക്കു വേട്ടയിലേര്‍പ്പെടാവുന്നതാകുന്നു. നിങ്ങളെ മസ്ജിദുല്‍ ഹറാമിലേക്കു വഴിമുടക്കിയ ജനത്തോടുള്ള രോഷം, അവര്‍ക്കെതിരെ അതിക്രമം പ്രവര്‍ത്തിക്കുവാന്‍ നിങ്ങളെ പ്രേരിപ്പിക്കാവതല്ല. നന്മയുടേതും ദൈവഭക്തിയുടേതുമായ കാര്യങ്ങളിലൊക്കെയും നിങ്ങള്‍ എല്ലാവരോടും സഹകരിക്കേണ്ടതാകുന്നു. പാപകരവും അതിക്രമപരവുമായ കാര്യങ്ങളില്‍ ആരോടും സഹകരിക്കാവതുമല്ല. അല്ലാഹുവിനെ ഭയപ്പെടുവിന്‍. അവന്റെ ശിക്ഷ കഠിനതരമാകുന്നു.’ (അല്‍-മാഇദ : 2)

വിവ : അഹ്മദ് നസീഫ്‌

Related Articles