Current Date

Search
Close this search box.
Search
Close this search box.

ഇബ്‌നു ഖല്‍ദൂന്റെ സാമ്പത്തിക വീക്ഷണം

ഇബ്‌നു ഖല്‍ദൂന്റെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക വീക്ഷണങ്ങളെ സവിശേഷമാക്കുന്ന ഘടകം എല്ലാ കാലത്തോടും പ്രദേശങ്ങളോടും അവ സംവദിക്കുന്നു എന്നതാണ്. രാഷ്ട്രീയത്തില്‍ സമ്പദ് വ്യവസ്ഥക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ ആദ്യ ചിന്തകനായിട്ടാണ് അദ്ദേഹം പരിഗണിക്കപ്പെടുന്നത്.

‘ഭരണാധിപന്‍ നല്‍കുന്ന അലവന്‍സില്‍ വരുത്തുന്ന കുറവ് വരുമാന കമ്മിയിലേക്ക് നയിക്കുന്നു’ എന്ന തലക്കെട്ടിന് കീഴില്‍ അദ്ദേഹം പറയുന്നു : ‘കാരണം ലോകത്തെ ഏറ്റവും വലിയ കമ്പോളം രാഷ്ട്രവും ഭരണാധികാരിയുമാണ്. ഭരണാധികാരി ചരക്കുകകളും സമ്പത്തും വരുമാനവും തടഞ്ഞു വെച്ചാല്‍, അല്ലെങ്കില്‍ അത് നഷ്ടപ്പെടുത്തുകയോ ശരിയായി വിനിയോഗിക്കുകയോ ചെയ്യാതിരുന്നാല്‍, അയാളുടെ പരിവാരങ്ങളുടെ കൈവശത്തിലുള്ള ധനം കുറയും. അങ്ങനെ അവര്‍ അവരുടെ സ്ഥാനത്ത് അവരുടെ അന്തേവാസികള്‍ക്കും ആളുകള്‍ക്കും നല്‍കുന്ന സംഭാവനകള്‍ നിലക്കും. അവരുടെ ചെലവുകള്‍ എല്ലാം വെട്ടിച്ചുരുക്കും. അങ്ങനെ അവര്‍ ചെലവഴിക്കുന്നത് നിര്‍ത്തുമ്പോള്‍ വ്യാപാരം മന്ദീഭവിക്കുകയും സാമ്പത്തിക നേട്ടം കുറയുകയും ചെയ്യും. മൂലധനം കുറയുന്നതാണ് കാരണം. ഭൂനികുതി വരുമാനങ്ങള്‍ കുറയും. കാരണം ഉല്‍പാദന പ്രവൃത്തികള്‍, വ്യാപാരയിടപാടുകള്‍, തൊഴില്‍ അഭിവൃദ്ധി, ലാഭത്തിനും നേട്ടത്തിനും വേണ്ടിയുള്ള ജനങ്ങളുടെ വിളി എന്നിവ ആശ്രയിച്ചാണ് ഭൂനികുതിയും മറ്റ് ചുങ്കങ്ങളും നിലനില്‍ക്കുന്നത്. അതിന്റെ കെടുതി ഭരണകൂടത്തിലേക്ക് മടങ്ങും. ഭരണകൂടത്തിന്റെ ഇടപാടുകള്‍ മന്ദീഭവിക്കുകയും വ്യാപാരത്തിന്റെ വ്യാപ്തി ചുരുങ്ങുകയും ചെയ്യുമ്പോള്‍ അതിനെ ആശ്രയിച്ചു നിലകൊള്ളുന്ന കമ്പോളങ്ങള്‍ അതിന്റെ ദോഷഫലങ്ങള്‍ കൂടുതലായി വെളിപ്പെടുത്തും. എന്നാല്‍ പണം ഭരണാധികാരിക്കും പ്രജകള്‍ക്കും ഇടയില്‍ ചുറ്റിത്തിരിയേണ്ട ഒന്നാണ്. അത് ഭരണാധിപന്‍ പിടിച്ചു വെക്കുമ്പോള്‍ പ്രജകള്‍ക്ക് നഷ്ടപ്പെടും.’

ഇവിടെ ഭരണകൂടത്തെ ഏറ്റവും വലിയ കമ്പോളമായിട്ടാണ്, അല്ലെങ്കില്‍ ഉല്‍പാദക ശക്തിയായിട്ടാണ് ഇബ്‌നു ഖല്‍ദൂന്‍ കാണുന്നത്. അതിനുണ്ടാകുന്ന നഷ്ടവും ചെലവഴിക്കുന്നതില്‍ വരുത്തുന്ന കുറവും അവശേഷിക്കുന്ന മറ്റ് കമ്പോളങ്ങളെയും ബാധിക്കും. ഇന്ന് സാമ്പത്തിക ശാസ്ത്രത്തിന്റെ വലിയ നേട്ടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് ഇബ്‌നു ഖല്‍ദൂന്റെ ഈ കണ്ടെത്തല്‍.

ഉല്‍പാന സ്രോതസ്സുകളെ സംരക്ഷിക്കുന്നതിലൂടെ രാഷ്ട്രത്തെ ഉല്‍പാദകനായി പരിഗണിക്കാം. ഈ സമ്പത്തിന്റെ സംരക്ഷണത്തിന് പകരമായി അത് നികുതികള്‍ ഈടാക്കുന്നു. കുറഞ്ഞ നികുതി ഉല്‍പാദനത്തെ അധികരിപ്പിക്കുന്നതായി കാണാം. അപ്രകാരം അമിത നികുതി ഉല്‍പാദനം കുറയുന്നതിനും കാരണമാകുന്നു.

വിവ : നസീഫ്

Related Articles