Current Date

Search
Close this search box.
Search
Close this search box.

അമവിഭരണ കാലത്തെ സാമ്പത്തികാസൂത്രണം

വരുമാന സ്രോതസുകള്‍ വ്യത്യസ്തമായതിനനുസരിച്ച് അമവീകാലത്തെ സാമ്പത്തികാസൂത്രണങ്ങളും വ്യതിരിക്തമായിരുന്നു. അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്റെ കാലം മുതല്‍ അമവി രാഷ്ട്രത്തിന് സ്വന്തമായി ഒരു നാണയമുണ്ടായി എന്നത് ശ്രദ്ധേയമാണ്. ഔദ്യോഗിക ഭാഷ അറബിയാക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സാമ്പത്തിക-ധനകാര്യനയം ഏകീകരിക്കുന്നതില്‍ വളരെയധികം സ്വാധീനിച്ച തീരുമാനമായിരുന്നുവത്.

അമവീകാലത്തെ ഓഫീസുകള്‍
അമവികാലത്ത് ഓഫീസുകള്‍ നിര്‍ണ്ണയിക്കപ്പെട്ടു. അക്കാലത്തെ ഓഫീസുകളില്‍ പ്രധാനപ്പെട്ടവയായിരുന്നു നികുതി വകുപ്പ് കാര്യാലയം, സൈനിക കാര്യാലയം, തപാല്‍ വകുപ്പ്, നിര്‍മ്മാണ വകുപ്പ് കാര്യാലയം, ഉദ്യോഗസ്ഥരുടെ ഓഫീസുകള്‍.

നികുതി വകുപ്പ് കാര്യാലയം: –ഇസ്‌ലാമിന് മുമ്പ് നികുതി വകുപ്പ് ഓഫീസുകള്‍ ശാമിലേത് റോമന്‍ ഭാഷയിലും ഇറാഖില്‍ പേര്‍ഷ്യനിലും ഇജിപ്തില്‍ ഖിബ്ത്വി ഭാഷയിലുമായിരുന്നു ഉണ്ടായിരുന്നത്. മര്‍വാന്‍ ബിന്‍ അബ്ദുല്‍ മലികിന്റെ കാലം വരെ അത് അങ്ങനെ തുടരുകയും ചെയ്തു. ഹിജ്‌റ 81-ല്‍ ഇസ്‌ലാമിക രാഷ്ട്രത്തിന് കീഴിലെ മുഴുവന്‍ പട്ടണങ്ങളിലെയും നികുതി വകുപ്പ് ഓഫീസുകള്‍ അറബിവല്‍കരിക്കാന്‍ അദ്ദേഹം കല്‍പ്പിച്ചു. ഇറാഖിലെയും ശാമിലെയും ഇജിപ്തിലെയും ഓഫീസ് കാര്യങ്ങളെല്ലാം ഹിജ്‌റ 86-ല്‍ തന്നെ അറബിയിലേക്ക് മാറ്റുകയും അറബി അറിയാത്ത ആളുകളെ മാറ്റി അതിന് പ്രാപ്തരായ ആളുകളെ നിയമിക്കുകയും ചെയ്തു.

അറബിവല്‍കരണത്തിന് കാരണം
ഓഫീസ് കാര്യങ്ങളെല്ലാം അറബിയിലേക്ക് മാറ്റിയതിന് പിന്നില്‍ അബ്ദുല്‍ മലികിന് വളരെ ഉന്നതമായ ലക്ഷ്യമാണുണ്ടായിരുന്നത്. ഇസ്‌ലാമിക രാഷ്ട്രത്തിലെ സാമ്പത്തിക വകുപ്പിന് ഒരു അറബ്-ഇസ്‌ലാമിക വര്‍ണ്ണം നല്‍കി. സാമ്പത്തിക കാര്യങ്ങള്‍ക്ക് പൂര്‍ണ്ണമായ മേല്‍നോട്ടം വഹിക്കുന്നതിന് മുസ്‌ലിങ്ങളെ പ്രാപ്തമാക്കുന്നതായിരുന്നു അത്. മാത്രമല്ല, ഓഫീസുകളുടെ അറബിവല്‍കരണം അബ്ദുല്‍ മലികിന്റെ ഭാഗത്തു നിന്നുണ്ടായ വളരെ യുക്തിപൂര്‍വ്വമായ രാഷ്ട്രീയ തീരുമാനമായിരുന്നു. രാജ്യത്തെ ഓഫീസുകളുടെ മേല്‍നോട്ടം തങ്ങളുടെ പ്രാദേശിക ഭാഷകളില്‍ തന്നെ എഴുതുന്ന ആളുകളില്‍ തന്നെ നിലനിര്‍ത്തുക എന്നത് യുക്തിക്ക് നിരക്കുന്നതല്ല. നാടുകള്‍ കീഴടക്കി അവിടെ കാര്യങ്ങള്‍ വ്യവസ്ഥപ്പെടുത്തുന്നതിനേക്കാള്‍ പ്രാധാന്യം ഇസ്‌ലാമിന്റെ വ്യാപനമായിരുന്നു. ഭരണകാര്യങ്ങളും അറബിവല്‍കരണവും രണ്ടാമതായി പരിഗണിക്കപ്പെടേണ്ടകാര്യങ്ങളായിരുന്നതിനാലാണ് മുമ്പുണ്ടായിരുന്നവരെ കുറച്ചുകാലം കൂടി നിലനിര്‍ത്തേണ്ടതുണ്ടായിരുന്നു.
ഓഫീസ് കാര്യങ്ങളും സാങ്കേതിക പദങ്ങളും അറബിയിലേക്ക് മാറ്റി അവക്കെല്ലാം ശുദ്ധമായ അറബ്-ഇസ്‌ലാമിക വര്‍ണ്ണം നല്‍കിയവര്‍ക്ക് വലിയ സമ്മാനങ്ങളും ധനവും അബ്ദുല്‍ മലിക് നല്‍കിയിരുന്നു. ഓഫീസുകളുടെ അറബി വല്‍കരണത്തെ തുടര്‍ന്ന് സാമ്പത്തിക മേഖലയുടെ അറബിവല്‍കരണവും നടന്നു. വിദേശനാണയങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം സ്വന്തമായ ഒരു ഇസ്‌ലാമിക നാണയം അടിച്ചിറക്കി. ബൈസന്റിയന്‍ ദീനാറും പേര്‍ഷ്യന്‍ ദിര്‍ഹമുമായിരുന്നു മുമ്പ് ഉപയോഗിച്ചിരുന്നത്. വൈദേശിക നാണയങ്ങളില്‍ നിന്ന് ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയെ മോചിപ്പിക്കുന്ന ഒരു തീരുമാനമായിരുന്നു അത്.
ഓഫീസുകളുടെ അറബി വല്‍കരണത്തിന് രാഷ്ട്രീയവും സാഹിത്യപരവുമായ ഫലങ്ങള്‍ ഉണ്ടായിരുന്നു. രാഷ്ട്രത്തിന് അറബ്-ഇസ്‌ലാമിക വര്‍ണ്ണം നല്‍കിയെന്നതായിരുന്നു അതിന്റെ രാഷ്ട്രീയവശം. ഔദ്യോഗിക കാര്യങ്ങളെല്ലാം അറബി ഭാഷയിലേക്ക് മാറ്റപ്പെട്ടു. ഒരു അറബ് രാഷ്ട്രത്തിലെ രേഖകള്‍ മറ്റു ഭാഷകളില്‍ എഴുതുന്നത് യുക്തിക്ക് നിരക്കുന്നതല്ല. ഉദ്യോഗസ്ഥ പദവികളെല്ലാം അറബികളായ ആളുകളിലേക്ക് മാറ്റിയപ്പോള്‍ അറബികളല്ലാത്ത മുസ്‌ലിംങ്ങളുടെയും അമുസ്‌ലിംങ്ങളുടെയും സ്വാധീനം കുറക്കാന്‍ സാധിച്ചു. രേഖകളെല്ലാം ഖലീഫക്ക് ഏതു സമയത്തും പരിശോധിക്കാനും സാധിച്ചു. അതിനെല്ലാം പുറമെ രാഷ്ട്രത്തിന്റെ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതിനും അത് സഹായകമായിരുന്നു. വളരെയധികം പേര്‍ഷ്യന്‍ റോമന്‍ സാങ്കേതിക പദങ്ങള്‍ അറബിയിലേക്ക് തര്‍ജ്ജമ ചെയ്യപ്പെടുകയും അത് എഴുതുന്ന ആളുകള്‍ ഉണ്ടായി എന്നതുമാണ് അതിന്റെ സാഹിത്യവശം.

നാണയങ്ങള്‍
ഇസ്‌ലാമിന് മുമ്പ് അറബികള്‍ സ്വര്‍ണ്ണ ദീനാറുകളും വെള്ളി ദിര്‍ഹമുകളുമായിരുന്നു ഉപയോഗിച്ചിരുന്നത്. ബൈസന്റിയയില്‍ നിന്നായിരുന്നു ദീനാറുകള്‍ അവര്‍ക്ക് കിട്ടിയിരുന്നത്. അക്കാരണത്താല്‍ തന്നെ ഹിര്‍ക്കലിലേക്കും റോമിലേക്കും ഖൈസറിലേക്കും ചേര്‍ത്തായിരുന്നു ദീനാറുകളും അറിയപ്പെട്ടിരുന്നത്. ദിര്‍ഹം പേര്‍ഷ്യയില്‍ നിന്നായിരുന്നു അവര്‍ക്ക് കിട്ടിയിരുന്നത്. പേര്‍ഷ്യന്‍ ദിര്‍ഹം എന്നാണ് അതറിയപ്പെട്ടത്. വളരെ കുറഞ്ഞതോതില്‍ യമനിലെ ഹിംയര്‍ ദിര്‍ഹമും അവര്‍ ഉപയോഗിച്ചിരുന്നു. ഈ ദീനാറുകളും ദിര്‍ഹമുകളും നിര്‍ണ്ണിതമായ തൂക്കത്തിലുള്ളതായിരുന്നില്ല. തൂക്കവ്യത്യാസമുണ്ടായിരുന്നതിനാല്‍ ആളുകള്‍ക്കവ തൂക്കിയ ശേഷമേ ഉപയോഗിക്കാനാവുമായിരുന്നുള്ളു. എല്ലാം നിര്‍ണ്ണിത തൂക്കമുള്ളതാണെങ്കില്‍ എണ്ണത്തെ അടിസ്ഥാനപ്പെടുത്തി ഉപയോഗിക്കാമായിരുന്നു.
മുഹമ്മദ് നബി(സ) നിയോഗിതനായപ്പോള്‍ അന്ന് നിലവിലുണ്ടായിരുന്ന നാണയങ്ങളെ തന്നെ നിലനിര്‍ത്തി. സകാത്ത്, വിവാഹം, ശിക്ഷാവിധികള്‍ തുടങ്ങിയവയിലെ ശരീഅത്ത് വിധികള്‍ നാണയവുമായി ബന്ധപ്പെട്ടതായിരുന്നു. അതിനുദാഹരണമായി സകാത്തിനെ നമുക്ക് കാണാം. 200 ദിര്‍ഹം ഉണ്ടെങ്കില്‍ 5 ദിര്‍ഹമും ഇരുപത് ദീനാറിന് അര ദീനാറുമാണ് സകാത്ത് നല്‍കേണ്ടത്.

ബൈത്തുല്‍മാല്‍
എല്ലാ രാഷ്ട്രങ്ങള്‍ക്കും അതിനെ ചലിപ്പിക്കുന്ന ഒരു സാമ്പത്തിക വ്യവസ്ഥയുണ്ടായിരിക്കുക എന്നത് രാഷ്ട്രനന്മക്ക് അനിവാര്യമാണ്. അത് പരിഗണിച്ചാണ് ഇസ്‌ലാമിക രാഷ്ട്രം അതിന്റെ ബൈത്തുല്‍മാല്‍ (പൊതു ഖജനാവ്) രൂപീകരിച്ചിട്ടുള്ളത്. ഇന്നത്തെ ധനകാര്യമന്ത്രാലയും ധനകാര്യ മന്ത്രിക്കും സമാനമായ ഒന്നായിരുന്നുവത്. ബൈത്തുല്‍ മാലിന് അവകാശങ്ങളും ബാധ്യതകളുമുണ്ടായിരുന്നു. മുസ്‌ലിംങ്ങള്‍ക്ക് അവകാശപ്പെട്ട എന്നാല്‍ ഉടമ ആരെന്ന് വ്യക്തമല്ലാത്ത എല്ലാ സമ്പത്തും ബൈത്തുല്‍ മാലിന്റെ അവകാശമാണ്. മുസ്‌ലിംങ്ങളുടെ നന്മക്കായി ചെയ്യേണ്ട കാര്യങ്ങളെല്ലാം ബൈത്തുല്‍ മാലിന്റെ ബാധ്യതയുമാണ്. സകാത്ത്, ഗനീമത്ത്, യുദ്ധനാന്തര ഭൂസ്വത്ത് തുടങ്ങിയവയായിരുന്നു അതിലേക്കുള്ള വരുമാന മാര്‍ഗങ്ങള്‍. രണ്ടതരത്തിലുള്ളതായിരുന്നു ഈ വരുമാനമാര്‍ഗങ്ങള്‍. എല്ലാവര്‍ഷവും നിര്‍ണ്ണിതമായ സമയങ്ങളില്‍ ലഭ്യമായിരുന്ന സകാത്ത്, ജിസ്‌യ പോലുളളവ അതില്‍പ്പെട്ടതാണ്. ഗനീമത്ത് പോലുള്ളവ നിര്‍ണ്ണിതമായ സമയത്ത് ലഭിക്കുന്നവയല്ലല്ലോ.

അധികാര വികേന്ദ്രീകരണം
അമവി ഖലീഫമാര്‍ കേന്ദ്രീകരണ ഭരണവ്യവസ്ഥയല്ല സ്വീകരിച്ചിരുന്നത്. ഓരോ പ്രദേശങ്ങളില്‍ നിന്നുള്ള വരുമാനവും അതത് ദേശങ്ങളില്‍ തന്നെയായിരുന്നു ചെലവഴിച്ചിരുന്നത്. ശേഷിക്കുന്നത് ദമാസ്‌കസിലെയോ മദീനയിലെയോ പൊതുഖജനാവിലേക്കും അയക്കുകയായിരുന്നു പതിവ്.

ബൈത്തുല്‍മാലിന്റെ സൂക്ഷിപ്പുകാരന്‍
എല്ലാ ബൈത്തുല്‍മാലിനും സൂക്ഷിപ്പുകാരായി ഓരോ വ്യക്തികളുണ്ടായിരുന്നു. അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്റെ കീഴില്‍ ബൈത്തുല്‍മാല്‍ കൈകാര്യം ചെയ്തിരുന്നത് ഉമര്‍ ബിന്‍ മുഹാജിറായിരുന്നു. സുലൈമാന്‍ ബിന്‍ അബ്ദുല്‍ മലികിന്റെ കാലത്ത് ഇജിപ്തിലെ ബൈത്തുല്‍മാല്‍ കൈകാര്യം ചെയ്തിരുന്നത് അബ്ദുല്ലാഹ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ഹുജൈറ ആയിരുന്നു.
അമവി ഖലീഫമാര്‍ സാമ്പത്തികാസൂത്രണങ്ങള്‍ക്ക് വളരെ ഉയര്‍ന്ന പരിഗണന നല്‍കിയിരുന്നു. വിശാലമായ അമവി രാഷ്ട്രത്തില്‍ സാമ്പത്തിക ചലനങ്ങള്‍ വ്യവസ്ഥപ്പെടുത്തുന്നതില്‍ അത് വളരെ പ്രധാനമായ പങ്കാണ് വഹിച്ചിട്ടുള്ളത്. എല്ലാതരത്തിലും സമ്പൂര്‍ണ്ണമായ ഒരു സാമ്പത്തിക വ്യവസ്ഥയെയാണ് ബൈത്തുല്‍മാല്‍ പ്രതിനിധീകരിക്കുന്നത്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതില്‍ സുപ്രധാനമായ പങ്കാണ് അതിനുള്ളത്.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

 

 

 

 

 

 

Related Articles