ഇസ്ലാം നിഷിദ്ധമാക്കിയ പലിശ, ഊഹക്കച്ചവടം, പൂഴ്ത്തിവെപ്പ്, ചുതാട്ടം, അധാര്‍മിക സാമ്പത്തിക ഇടപാടുകള്‍ എന്നിവയാണ് ഇന്നത്തെ മുതലാളിത്ത വ്യവസ്ഥ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യകാരണമെന്ന കണ്ടെത്തലാണ് ഇസ്‌ലാമിക ഫൈനാന്‍സിലേക്ക് ലോക ശ്രദ്ധ തിരിച്ചുവിട്ടത്.
ലോകത്തെ പ്രബലമതങ്ങളും, സാത്വികരായ ചിന്തകരും, പലിശക്കെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. യൂറോപ്പില്‍ എ.ഡി. 4-ാം നൂറ്റാണ്ടു മുതല്‍ 15-ാം നൂറ്റാണ്ടുവരെ പലിശ നിരോധിക്കപ്പെട്ടിരുന്നവത്രെ. പില്‍ക്കാലത്ത് അവര്‍ തന്നെ പലിശവ്യവസ്ഥയുടെ വക്താക്കളായി. ഇസ്‌ലാം പലിശയെ നിഷിദ്ധമാക്കി. പ്രവാചകന്റെ മുമ്പ് അറേബ്യയില്‍ പലിശ വ്യാപകമായിരുന്നു. ഇസ്‌ലാമിന് ആധിപത്യം ലഭിച്ചതോടെ പലിശ നിരോധിക്കപ്പെട്ടു. പകരം ധനദാതാക്കള്‍ക്കും സ്വീകര്‍ത്താക്കള്‍ക്കും ഇടയില്‍ ലാഭനഷ്ടങ്ങള്‍ പങ്കിടുന്ന ന്യായമായ ഒരു പുതിയ സാമ്പത്തിക സംവിധാനത്തിന് രൂപം നല്‍കി. ആധുനിക പലിശ രഹിത ബാങ്കുകളുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വമായി സ്വീകരിച്ചിരിക്കുന്നത് ഇസ്‌ലാമിന്റെ ക്ലാസിക്കല്‍ കാലഘട്ടത്തില്‍ നടപ്പാക്കിയ ഈ ലാഭ-നഷ്ട പങ്കിടല്‍ രീതിയാണ്. പലിശക്ക് വായിപ നല്‍കിയവനെ സംബന്ധിച്ചിടത്തോളം വരുമാനം സുനിശ്ചിതമാണ്. സംരംഭത്തിലെ ലാഭനഷ്ടങ്ങള്‍ അവന് പ്രശ്‌നമല്ല. കടം വാങ്ങി ബിസിനസ്സ് നടത്തുന്നവനെ സംബന്ധിച്ചിടത്തോളം ലാഭത്തിനും നഷ്ടത്തിനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ മുഴുവന്‍ നഷ്ടബാധ്യതയും സംരംഭകന്‍ സഹിക്കേണ്ടിവരുന്നതിന് നീതികരണമില്ല. പലിശാധിഷ്ഠിത ബാങ്കുകള്‍ ലാഭകരമായ ഏതാവശ്യത്തിനും വായ്പ നല്‍കുമ്പോള്‍ ഇസ്‌ലാമിക് ബാങ്കുകള്‍ സമൂഹത്തിന്റെ ധാര്‍മികതക്കും ആരോഗ്യത്തിനും ഹാനികരമായ ഒരാവശ്യത്തിനും പണം നല്‍കില്ല. ഈ രീതിയില്‍ നടന്നുവന്ന ധാരാളം ധനകാര്യ സ്ഥാപനങ്ങള്‍, പാശ്ചാത്യന്‍ അധിനിവേശത്തിന്റെ മുമ്പുവരെ പല മുസ്‌ലിം രാജ്യങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സാമ്പത്തിക ഘടനയുടെ പുനഃസംവിധാനത്തിനുള്ള ശ്രമങ്ങളുടെ ഭാഗമായി മുസ്‌ലിം രാഷ്ട്രങ്ങളില്‍ ഇസ്‌ലാമിക സമ്പദ്ശാസ്ത്രം സംബന്ധിച്ച പഠനങ്ങള്‍ ആരംഭിച്ചു. തല്‍ഫലമായി 1950-60 കാലങ്ങളില്‍ പലിശരഹിത ബാങ്കിങ്ങിന്റെ തത്വങ്ങള്‍ വിശദീകരിക്കുന്ന ഏതാനും പഠനങ്ങള്‍ പുറത്തിറങ്ങി. 1970-കള്‍ക്ക് മുന്‍പുതന്നെ പലിശരഹിത ബാങ്കിങ്ങിന്റെ മോഡലുകള്‍ പ്രത്യക്ഷപ്പെട്ടു. 1970-കളുടെ പിറവിക്കുശേഷം ചുരുക്കം ചില അറേബ്യന്‍ നാടുകളില്‍ പലിശരഹിതബാങ്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. പലിശ പൂര്‍ണമായി വര്‍ജിച്ചുകൊണ്ട് ബാങ്കുകള്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയുണ്ട്. ഫണ്ടുകള്‍ ആദായകരമായി വിന്യസിക്കുന്നതിനുള്ള വിവിധ രീതികള്‍ ഇസ്‌ലാമിക പണ്ഡിതര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സംരംഭങ്ങളെ മൊത്തം നാലായി വിഭജിച്ച ഈ രീതിക്ക് ‘മുദാറബ’ എന്നു പറയുന്നു. പങ്കാളിത്ത കരാര്‍, വില്‍പനാധിഷ്ഠിത കരാര്‍, നിര്‍മാണ കരാര്‍, വാടക കരാര്‍ എന്നിവയാണവ.
ആദ്യമായി പലിശരഹിതബാങ്ക് തുടങ്ങിയത് ഈജിപ്തില്‍ ഡോ. അല്‍നജ്ജാറിന്റെ നേതൃത്വത്തില്‍ മിത്ഗാമര്‍ എന്ന പ്രദേശത്താണ്. ഈ ഗ്രമീണ ബാങ്കിന്റെ ലക്ഷ്യം ജനങ്ങളില്‍ സമ്പാദ്യ ശീലവും നിക്ഷേപതാല്‍പര്യവും വളര്‍ത്തി ഗ്രാമവികസനം നേടുക എന്നതായിരുന്നു. ഇതിനെ തുടര്‍ന്ന് ഈജിപ്ഷ്യന്‍ സര്‍ക്കാറിന്റേയും ഔഖാഫ് വകുപ്പിന്റേയും സഹായത്തോടെ 1971-ല്‍ കൈറോ ആസ്ഥാനമായി നാസര്‍ സോഷ്യല്‍ ബാങ്ക് സ്ഥാപിതമായി. ചെറിയ സംരംഭകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇത് സഹായകരമായി. പിന്നീട് വന്ന ശ്രദ്ധേയമായ സ്ഥാപനം ദുബായ് ഇസ്‌ലാമിക് ബാങ്കാണ്. 50 ദശലക്ഷം ദിര്‍ഹം മൂലധനത്തോടെ കുവൈത്ത്-ദുബായ് സര്‍ക്കാറുകളാണ് ഇത് ആരംഭിച്ചത്. 1975-ല്‍ ജിദ്ദ ആസ്ഥാനമായി വന്ന ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്ക് പലിശരഹിത ബാങ്കുകളുടെ ചരിത്രത്തിലെ നാഴികക്കല്ലാണ്. ഇസ്‌ലാമിക് ബാങ്കുകളുടെ സാഥാപനത്തിനായി സാമ്പത്തിക, സാങ്കേതിക സഹായം നല്‍കുക എന്നതും ഇതിന്റെ മുഖ്യലക്ഷ്യത്തില്‍പെട്ടതാണ്. ആഗോള മാന്ദ്യത്തിനുശേഷം ഇസ്‌ലാമിക് ബാങ്കുകള്‍ ലോകം മുഴുക്കെ വളര്‍ന്നുതുടങ്ങി. ഏറ്റവും പുതിയ കണക്കനുസരിച്ച് 75 രാജ്യങ്ങളിലായി 500 ല്‍ പരം ഇസ്‌ലാമിക് ബാങ്കിങ്ങ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. ബ്രിട്ടന്‍ പാശ്ചാത്യ രാജ്യങ്ങളിലെ ഇസ്‌ലാമിക് ഫൈനാന്‍സിന്റെ കേന്ദ്രമാകാന്‍ പോകുന്നുവെന്നതാണ് പുതിയ വിവരം. ഇന്ത്യയിലെ ഇപ്പോഴത്തെ റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ പലിശരഹിത ബാങ്കിന് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും രാഷ്ട്രീയ കാരണത്താലാണ് അംഗീകാരം ലഭിക്കാത്തതെന്ന് പറയപ്പെടുന്നു.