Economy

സമ്പത്ത് ഇസ്‌ലാമിക നാഗരികതയില്‍

വൈജ്ഞാനിക അഭിവൃദ്ധിയും സാങ്കേതിക മികവുമില്ലാത്ത കേവലം ആത്മീയ-ധാര്‍മിക വ്യവസ്ഥയായിരുന്നില്ല ഇസ്‌ലാമിക നാഗരികത. മനുഷ്യന്റെ ആദര്‍ശ വിശ്വാസങ്ങളെ ആദരിക്കുന്ന ആത്മീയവും ഭൗതികവുമായ തലങ്ങളെ പരിപോഷിപ്പിക്കുന്ന സമഗ്രവ്യവസ്ഥയായ ഇസ്‌ലാമാണല്ലോ അതിന്റെ പ്രചോദനം. സത്യവിശ്വാസി തന്റെ  കഠിനാധ്വാന പരിശ്രമങ്ങളാലും ജീവസ്സുറ്റ പ്രവര്‍ത്തനങ്ങള്‍ കാരണമായും അഭിവൃദ്ധിപ്രാപിച്ചുകൊണ്ടിരിക്കുമെന്നതിന് ഇസ്‌ലാമിക നാഗരികതയില്‍ നിരവധി ഉദാഹരണങ്ങള്‍ കാണാം. ലോകത്തിന്റെ പുരോഗതിക്കാവശ്യമായ നിരവധി ഉത്തമമായ നിര്‍ദ്ദേശങ്ങള്‍ അതിലുണ്ട്. അംറ് ബിന്‍ ആസ്(റ)വില്‍ നിന്ന് നിവേദനം: നല്ല മനുഷ്യന്റെ കയ്യിലെ നല്ല സമ്പത്ത് എത്രനല്ലത്’ (അദബുല്‍ മുഫ്‌റദ്). അനുവദനീയമായ മാര്‍ഗത്തില്‍ സമ്പാദിക്കുകയും ചിലവഴിക്കുകയും ചെയ്യുകയാണെങ്കില്‍ അത് വ്യക്തിയുടെയും സമൂഹത്തിന്റെയും സുഭിക്ഷതക്കും രാഷ്ട്രത്തിന്റെയും ജനതയുടെയും കരുത്തിനും അത് വഴിയൊരുക്കും. സാമ്പത്തിക അഭിവൃദ്ധിയുടെ പ്രേരകങ്ങളായ നിരവധി വചനങ്ങളും മാതൃകകളും ഇസ്‌ലാമിക നാഗരികതയില്‍ നമുക്ക് ദര്‍ശിക്കാം.

‘ ദൈവബോധമാണ് മഹത്വം, സമ്പത്താണ് തറവാടിത്തം’ (തിര്‍മുദി). യഹ്‌യ ബിന്‍ സഈദില്‍ നിന്ന് നിവേദനം; സഈദ് ബിന്‍ മുസയ്യബ് പറയുന്നതായി ഞാന്‍ കേട്ടു. ‘അനുവദനീയമായ രീതിയില്‍ സമ്പാദിക്കാന്‍ ആഗ്രഹിക്കാതിരിക്കുക എന്നത് ഒരു പുണ്യകരമായ കാര്യമല്ല. അതുമൂലം കുടുംബ ബന്ധം ചേര്‍ക്കുക, അതിന്റെ ബാധ്യത നിറവേറ്റുക തുടങ്ങിയ അവകാശങ്ങള്‍ നിര്‍വഹിക്കുകയാണ് വേണ്ടത്’ സമ്പത്ത് അനുവദനീയമായ മാര്‍ഗത്തില്‍ സംരക്ഷിക്കാന്‍ ബുദ്ധിമാന്‍ ഇഷ്ടപ്പെടും, കാരണം അത് മനുഷ്യത്വത്തില്‍ പെട്ടതാണ്. അതുമൂലം സ്വന്തത്തിന്റെ ആദരണീയത നിലനിര്‍ത്തുകയും കുടുംബ ബന്ധം ചേര്‍ക്കുകയും ചെയ്യാം’.

ഖാസിം ബിന്‍ മുഹമ്മദ് പറയുന്നു: ‘ഉമര്‍(റ)വിന്റെ കാലത്ത് സമ്പത്ത് ധാരാളമായി ലഭിക്കുകയുണ്ടായി, ജനങ്ങളെ ജീവിതായോധനം തേടുന്നതില്‍ നിന്ന് വിമുഖത കാണിക്കുന്ന തരത്തില്‍ അവ ദാനം ചെയ്യുന്നതിനെകുറിച്ച് അഭിപ്രായമുയരുകയുണ്ടായി. അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: ‘അല്ലയോ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ ജീവിതായോധനം മെച്ചപ്പെട്ട രീതിയില്‍ നിര്‍വഹിക്കുക, അതില്‍ നിങ്ങള്‍ക്ക് നന്മയുണ്ട്. മറ്റുള്ളവരുമായുളള ബന്ധത്തിനും അത് നല്ലതാണ്’. യഹ്‌യ ബിന്‍ സഈദ് ധാരാളം സമ്പത്ത് ഒരുക്കൂട്ടിയിരുന്നു, മരണവേളയില്‍ അദ്ദേഹം പ്രാര്‍ഥിച്ചു. അല്ലാഹുവേ, എന്റെ സമ്പത്ത് ഞാന്‍ ഒരുക്കൂട്ടിയത് എന്റെ ദീനിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ്, ദുനിയാവിനെ നേടാനല്ല എന്ന് നിനക്കറിയാം, അതുമൂലം ഞാന്‍ എന്റെ കുടുംബ ബന്ധം ചേര്‍ക്കുന്നു, എന്റെ അഭിമാനം സംരക്ഷിക്കുന്നു, എന്റെ കടം വീട്ടുന്നു.’ തന്റെ അഭിമാനം സംരക്ഷിക്കാനും കുടുംബ ബന്ധം ചേര്‍ക്കാനും കടം വീട്ടാനും ദീനിനെ സംരക്ഷിക്കാനുമായി ധനം ഒരുമിച്ചുകൂട്ടാന്‍ ആഗ്രഹിക്കാതിരിക്കലില്‍ പുണ്യമോ നന്മയോ ഇല്ല.

അബൂ അബ്ദുല്ലാഹ് ബിന്‍ ബാഹിലീ വിവരിക്കുന്നു. സുഫ്‌യാനുസ്സൗരി പറയുന്നതായി ഞാന്‍ കേട്ടു. സത്യവിശ്വാസിയുടെ കരങ്ങളിലെ സമ്പത്ത് ഒരുമിച്ചു കൂടുന്നത് ഞങ്ങള്‍ വെറുത്തിരുന്നു. എന്നാല്‍ ഇന്നതെത്ര നല്ല പരിചയാണ്’. സുബൈര്‍ (റ) പറഞ്ഞു. തീര്‍ച്ചയായും സാമ്പത്തികാഭിവൃദ്ധി കാരണം നന്മ ചെയ്യുക, കുടുംബ ബന്ധം ചേര്‍ക്കുക, ദൈവമാര്‍ഗത്തില്‍ ചിലവഴിക്കുക, സല്‍സംരംഭങ്ങള്‍ക്ക് നല്‍കുക എന്നിവയെല്ലാം സാധ്യമാകും.  അതില്‍ ഐഹിക ജീവിതത്തില്‍ ശ്രേഷ്ടതയുമുണ്ട്’.  ധനം പാഴാക്കുന്നത് പ്രവാചകന്‍ വിരോധിച്ചതിനെ പറ്റി സഈദ് ബിന്‍ ജുബൈറിനോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹു നിനക്ക് അനുവദനീയമായ വിഭവങ്ങള്‍ നല്‍കുകയും എന്നിട്ട് അവ നിഷിദ്ധമായ മാര്‍ഗത്തില്‍ ചിലവഴിക്കുകയും ചെയ്യലാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇസ്‌ലാമിക സമൂഹത്തില്‍ സമ്പത്ത് കൈകാര്യം ചെയ്യുന്നതില്‍ ഇത്തരത്തില്‍ കണിശത പുലര്‍ത്തിയതിനാല്‍ ധനസമ്പാദന മാര്‍ഗത്തില്‍ അവര്‍ ബഹുദൂരം മുന്നോട്ട് പോയതായി കാണാം. ജനോപകാരപ്രദമായ രീതിയില്‍ വിനിമയം ചെയ്യുന്നതിനും കച്ചവടം ചെയ്യുന്നതിനും അവര്‍ മുന്നോട്ട് വന്നു. സമൂഹത്തിന്റെ വളര്‍ച്ചക്കും രാഷ്ട്രപുരോഗതിക്കും അവ വഴിയൊരുക്കുകയുണ്ടായി. കച്ചവടത്തെയും തദനുസൃതമായ പ്രവര്‍ത്തനങ്ങളും പുണ്യകരമായിട്ട് ഖുര്‍ആന്‍ പ്രതിപാദിക്കുന്നത് കാണാം.  ‘വേറെ ചിലര്‍ അല്ലാഹുവിന്റെ അനുഗ്രഹമന്വേഷിച്ച് ഭൂമിയില്‍ സഞ്ചരിക്കുന്നവരാണ്. ഇനിയും ചിലര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുന്നവരും. ഇത് അവന് നന്നായറിയാം.'(അല്‍മുസമ്മില്‍ 20)

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്
 

Facebook Comments
Related Articles
Close
Close