Economy

ശരീഅ ഇക്വിറ്റി ഫണ്ട് ; പ്രതീക്ഷ നല്‍കുന്ന കാല്‍വെപ്പ്

പൊതുമേഖലാ സ്ഥാപനമായ എസ്.ബി.ഐ ഫണ്ട് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ശരീഅ ഇക്വിറ്റി ഫണ്ട് വിപണിയിലിറക്കുകയാണ്. ഏതാനും സ്വകാര്യ കമ്പനികള്‍ ശരീഅ മ്യൂച്ചല്‍ ഫണ്ടുകള്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ടെങ്കിലും ഒരു പൊതുമേഖലാ സ്ഥാപനം ശരീഅ നിക്ഷേപ ഉപല്‍പന്നം വിപണിയിലിറക്കുന്നത് പ്രതീക്ഷക്ക് വക നല്‍കുന്ന കാര്യമാണ്. ഇസ്‌ലാമിക് ബാങ്കിംഗ്, ഇന്‍ഷുറന്‍സ് ഉല്‍പന്നങ്ങളും ആദ്യ ചുവടുവെപ്പാവാന്‍ സാധ്യതയുണ്ട്. ഡിസംബര്‍ ഒന്നു മുതല്‍ 15 വരെയാണ് ഫണ്ടിന്റെ ആദ്യ ഓപണിംഗ്. അടുത്ത ഓപണിംഗ് ഡിസംബര്‍ 26-നും ആരംഭിക്കും.

1990 കളിലാണ് ശരീഅ ഫണ്ടുകള്‍ ലോകതലത്തില്‍ നിക്ഷേപകരെ ആകര്‍ഷിച്ചു തുടങ്ങിയത്. മുസ്‌ലിം നിക്ഷേപകരെയാണ് പ്രതീക്ഷിച്ചതെങ്കിലും അതില്‍ നിന്നുള്ള വരുമാനവും മറ്റും കാരണം സ്ഥിരനിക്ഷേപം ആഗ്രഹിക്കുന്ന നല്ലൊരു വിഭാഗം ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ഇത്തരം ഫണ്ടുകളുടെ ത്വരിത വളര്‍ച്ചയായിരുന്നു ഫലം. 1996-ല്‍ 13 ഫണ്ടുകളുണ്ടായിരുന്നത് 2007-ല്‍ 576ഉം 2014-ല്‍ 1065 ഉം ഫണ്ടുകള്‍ വിപണിയില്‍ ലഭ്യമാണ്. 56 ബില്ല്യണ്‍ ഡോളറാണ് ഈ ഫണ്ടുകളിലുള്ള മൊത്തം നിക്ഷേപം. നമ്മുടെ രാജ്യത്ത് ശരീഅഫണ്ടുകള്‍ നിക്ഷേപകരെ ഇതേവരെ അത്ര ആകര്‍ഷിക്കാത്ത ഒന്നാണ്.

ഇക്വിറ്റി ഫണ്ടുകളിലൂടെ സ്വരൂപിക്കുന്ന പണം ശരീഅ ബോര്‍ഡ് അംഗീകാരം നല്‍കുന്ന കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുകയും ലാഭവിഹിതം നിക്ഷേപകര്‍ക്ക് ലഭ്യമാക്കുകയുമാണ് പ്രവര്‍ത്തന രീതി. ലോകത്തെ പ്രമുഖ ശരീഅ സ്‌ക്രീനിംഗ് ഇന്‍ഡക്‌സായ എന്‍ ആന്റ് പി BSE 500 ശരീഅ ഇന്‍ഡക്‌സ് ലിസ്റ്റ് ചെയ്യുന്ന ഓഹരികളില്‍ നിന്ന് തെരെഞ്ഞെടുക്കുന്ന കമ്പനികളിലാണ് നിക്ഷേപം നടത്തുക. ഇതിന് ഇന്ത്യയിലെ പ്രമുഖ ശരീഅ റേറ്റിംഗ് ഏജന്‍സിയായ Rating Intelligence മേല്‍നോട്ടം വഹിക്കും. പ്രമുഖ പണ്ഡിതനും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അംഗവുമായ മൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി, ബംഗഌരുവിലെ ജാമിഅ ഇസ്‌ലാമിയ മസീഹുല്‍ ഉലൂം റെക്ടര്‍ മുഫ്തി മുഹമ്മദ് ശുഐബുല്ലാ ഖാന്‍ എന്നിവരാണ് ഫണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ഓഡിറ്റു ചെയ്യുന്നതിനും നിക്ഷേപ കമ്പനികള്‍ നിര്‍ണയിക്കുന്നതിനും മേല്‍നോട്ടം വഹിക്കുക. ശരീഅ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ തെരെഞ്ഞെടുക്കല്‍, അര്‍ധവാര്‍ഷിക ഓഡിറ്റിംഗ്, ലാഭവിഹിതത്തില്‍ അനുവദനീയമല്ലാത്ത വരുമാനം കലര്‍ന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കല്‍ എന്നിവ ശരീഅ ബോര്‍ഡ് നിര്‍വഹിക്കും.

ഇസ്‌ലാമില്‍ അനുവദനീയമല്ലാത്ത മദ്യം, ചൂതാട്ടം, പന്നിമാംസം, ലൈംഗികത, പുകയില, മാധ്യമരംഗം, പരസ്യം എന്നിവ ഉല്‍പാദിപ്പിക്കുന്ന കമ്പനികളെ സ്‌ക്രീനിംഗില്‍ ഉള്‍പ്പെടുത്തുന്നില്ല. കമ്പനിയുടെ ആസ്തിയുടെ 33% (മൂന്നില്‍ ഒന്ന്) കടമാണെങ്കിലും 49 ശതമാനത്തിലധികം (പകുതി) പണമായി കൈവശമുണ്ടെങ്കിലും അനുവദനീയമല്ലാത്ത വരുമാനം 5 ശതമാനമോ അതിലധികമോ വരുമെങ്കിലും കമ്പനികളെ ഒഴിവാക്കുന്നു. ഇങ്ങനെ ലിസ്റ്റ് ചെയ്യപ്പെട്ട 600 ഓളം കമ്പനികളുടെ ഓഹരികള്‍ ഇന്ത്യയില്‍ ലഭ്യമാണ്. ഇതില്‍ നിന്ന് വളര്‍ച്ച, സ്ഥിരത എന്നിവയില്‍ മുന്നില്‍ നില്‍ക്കുന്ന കമ്പനികളെയാണ് SBI മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിനായി തെരെഞ്ഞെടുക്കുന്നത്.

ഫണ്ടിലെ മിനിമം നിക്ഷേപം 5000 രൂപയാണ്. Direct Plan, Regular Plan എന്നിവ ലഭ്യമാണ്. വളര്‍ച്ച, ഡിവിഡന്റ് ഓപ്ഷനുകളും രണ്ടു പ്ലാനുകളിലും ലഭ്യമാണ്. SEBI അഥവാ സെക്യൂരിറ്റീസ് ആന്റ് എക്‌സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ഏറ്റവും റിസ്‌ക് കൂടിയ ഫണ്ടുകളിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരി വിപണിയിലെ ഊഹക്കച്ചവടങ്ങള്‍ക്ക് കാരണമായ ഡെറിവേറ്റിവ്, ഷോര്‍ട്ട് സെല്ലിംഗ് തുടങ്ങിയ ഇടപാടുകള്‍ ഇവ നടത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്.

25 വര്‍ഷമായി വിപണിയിലുള്ള SBI ക്ക് ഇതുകൂടാതെ 20 ഫണ്ടുകള്‍ വിപണിയിലുണ്ട്. രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ SBIയുടെ കീഴിലുള്ള സ്ഥാപനമായതിനാല്‍ ഇസ്‌ലാമിക് ബാങ്കിംഗിന്റെ പാതയിലേക്കുള്ള ആദ്യചുവടുവെപ്പാവും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. 2012-ല്‍ ഡി. സുബ്ബറാവു ഗവര്‍ണറായിരിക്കെ ഇസ്‌ലാമിക് ബാങ്കിംഗിന് അനുകൂലമായി റിസര്‍വ്ബാങ്ക് കേന്ദ്രഗവണ്‍മെന്റിന് റിപോര്‍ട്ട് നല്‍കിയിരുന്നു.

Facebook Comments
Show More

Related Articles

Close
Close