Economy

വിവാഹവും സമ്പത്തും

റസൂല്‍ (സ.അ) പറഞ്ഞു: വധുവിനെ തെരഞ്ഞെടുക്കുമ്പോള്‍ നാലുകാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. സമ്പത്ത്,പാരമ്പര്യം,സൗന്ദര്യം,ദീന്‍. ഇതില്‍ നല്ല ദീനിനിഷ്ഠയുള്ളവളെയും സ്വഭാവശുദ്ധിയുള്ളവരെയും വിവാഹം ചെയ്താല്‍ മറ്റുള്ളവയില്‍ നിങ്ങള്‍ അഭിവൃദ്ധിപ്പെടും. (ബുഖാരി,മുസ്‌ലിം)

മറ്റൊരിക്കല്‍ നബിതിരുമേനി പറഞ്ഞു: ‘നിങ്ങളില്‍ യുവാക്കള്‍ വിവാഹം ചെയ്യുക. പെണ്‍കുട്ടിയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാന്‍ കഴിയും എന്നുള്ളവര്‍ മാത്രം’
വിവാഹം കഴിച്ച് സമ്പന്നനാവുകയല്ല വേണ്ടത്. ധനികനാവാന്‍ വേണ്ടി വിവാഹം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്.  ഇന്ന് പല യുവാക്കളും ചെയ്യുന്ന ഒന്നാണ് വധുവിന്റെ വീട്ടുകാരില്‍ നിന്നും പരമാവധി സ്വര്‍ണവും പണവും വാങ്ങി അതുകൊണ്ട് ധൂര്‍ത്തടിച്ചു നടക്കുക എന്ന സ്വഭാവം. ഇതിനെ ഇസ്‌ലാം ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വിവാഹത്തെ ഇത്തരക്കാര്‍ കച്ചവട-ലാഭക്കണ്ണോടെ മാത്രമാണ് കാണുന്നത്. ഇതുവഴി അവര്‍ ഒരു പെണ്‍കുട്ടിയോടും കുടുംബത്തോടും അനീതി കാണിക്കുകയാണ് ചെയ്യുന്നത്. ഇത്തരക്കാര്‍ പെണ്‍കുട്ടിക്കു പകരം പണത്തെയാണ് സ്‌നേഹിക്കുന്നത്. അതിനാല്‍ തന്നെ ഈ സ്‌നേഹ ബന്ധം ശ്വാശതമാവില്ല. പണമില്ലാതാകുന്നതോടെ ഈ ബന്ധത്തിനു വിള്ളല്‍ സംഭവിക്കുന്നു.

ഇസ്‌ലാമിലെ വിവാഹം എല്ലാ അര്‍ത്ഥത്തിലും വളരെ ലളിതമാണ്. പ്രവാചകന്‍ പഠിപ്പിച്ചു തന്ന ജീവിതമാതൃക അതാണ്. എന്നാല്‍ ഇന്നത്തെ തലമുറ അതിനു നേര്‍ വിപരീതമാണ് പ്രവര്‍ത്തിക്കുന്നത്. ധൂര്‍ത്തിന്റെയും ആര്‍ഭാടത്തിന്റെയും പൊങ്ങച്ചത്തിന്റെയും പ്രദര്‍ശന വേദികളായി മാറുന്ന ദയനീയ കാഴ്ചയാണ് മുസ്‌ലിം സമൂഹങ്ങളില്‍ വ്യാപകമായി കണ്ടുവരുന്നത്.

സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്ന ദാമ്പത്യ ജീവിതത്തോടെ ഒരു കുടുംബം പുതിയ ജീവിതത്തിന് തുടക്കമിട്ടാല്‍ അവര്‍ക്കിടയില്‍ തീര്‍ച്ചയായും അല്ലാഹുവിന്റെ സഹായമുണ്ടാകും.  സൗന്ദര്യം എന്നത് കാലാകാലവും ഉണ്ടാവുന്ന ഒന്നല്ല, അതുപോലെ സമ്പത്തും ഇന്നു വരും നാളെ പോകും എന്ന തലത്തില്‍ തന്നെയാണ്. എന്നാല്‍ ഒരാളുടെ ജീവിത വിശുദ്ധിയും മതവിശ്വാസവും ജീവിതാവസാനം വരെ സ്ഥായിയായി നിലനില്‍ക്കുന്ന ഒന്നാണ്. കീശയില്‍ സമ്പത്ത് നിറക്കുക എന്നതിനേക്കാള്‍ ഹൃദയം സമ്പന്നമാക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

അല്ലാഹു നമുക്ക് നല്‍കിയതില്‍ നമ്മള്‍ സംതൃപ്തരാവണം. മാത്രമല്ല, അവന്‍ നമുക്ക് ചെയ്തു തന്ന അനുഗ്രഹങ്ങളില്‍ അവനോട് നിരന്തരം നന്ദി കാണിക്കുകയും വേണം. മറ്റുള്ളവരുടെ സമ്പത്തുമായി നമ്മുടെ സമ്പത്തിനെ നാം താരതമ്യം ചെയ്യരുത്.
മികച്ച ജീവിതത്തിനായി അല്ലാഹുവോട് പ്രാര്‍ത്ഥിക്കുകയും അതിനു വേണ്ടി കഠിന പ്രയത്‌നം നടത്തുകയും ചെയ്താല്‍ യാതൊരു സംശയവുമില്ല, അല്ലാഹു നമ്മുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കും. മറ്റുള്ളവരെപോലെ ആകാതെ നാം നാം ആയി തന്നെ ജീവിക്കാന്‍ പഠിക്കുകയാണ് വേണ്ടത്. ഖുര്‍ആന്‍ പറയുന്നു:
ആകാശത്തില്‍ നിങ്ങള്‍ക്ക് ഉപജീവനമുണ്ട്. നിങ്ങളെ താക്കീത് ചെയ്തുകൊണ്ടിരിക്കുന്ന ശിക്ഷയും.(51:22).

 

 

 

 

Facebook Comments
Related Articles
Close
Close