Economy

പാശ്ചാത്യ സാമ്പത്തിക ശാസ്ത്രം ശരീഅത്തിനോട് കടപ്പെട്ടിരിക്കുന്നു

പാശ്ചാത്യ ലോകത്ത്, ആഡം സ്മിത്താണ് ‘സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്’ ആയി കണക്കാക്കപ്പെടുന്നത്. പാശ്ചാത്യ അക്കദമിക്കുകള്‍, പാശ്ചാത്യ ജനകീയ സംസ്‌കാരം, സര്‍ക്കാര്‍ എന്നിവയാല്‍ അദ്ദേഹം വളരെയധികം ആദരിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ച് ‘അന്താരാഷ്ട്ര വലതുപക്ഷത്തിന്റെ ദര്‍ബാറായ’ വാഷിംഗ്ടണ്‍ ഡി.സിയുടെ അകത്തളങ്ങളില്‍.

കാനഡയിലെ മുന്‍നിര ബുദ്ധിജീവികളില്‍ ഒരാളായ, ജോണ്‍ റാള്‍സ്റ്റണ്‍ സോള്‍ സൂചിപ്പിച്ചത് പോലെ, വാഷിംഗ്ടണന്റെ ‘നവ-യാഥാസ്ഥിക/നവ-ഉദാര’ പ്രത്യയശാസ്ത്രത്തിന്റെ അനുയായികള്‍ക്ക് ആഡം സ്മിത്ത് ദൈവമാണ്. ലോകത്തുടനീളം നടത്തി കൊണ്ടിരിക്കുന്ന സൈനിവല്‍ക്കരണത്തിലൂടെയും, ഭീകരതയിലൂടെയുമാണ് ആ ദൈവത്തെ അവര്‍ ആരാധിക്കുന്നതും, അവരുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതും. ഇക്കൂട്ടര്‍ പരിശീലനം നല്‍കി, വളര്‍ത്തി കൊണ്ട് വന്ന് വിന്യസിച്ച ഭീകരവാദസംഘങ്ങളും, തീവ്രവാദ ഭരണകൂടങ്ങളും, പാശ്ചാത്യ മൗലികവാദികളുമാണ് ലോകത്തുള്ള ഒട്ടുമിക്ക എഴുത്തുകാരെയും, നേതാക്കളെയും, തത്വചിന്തകരെയും വധിച്ചതെന്ന് റാള്‍സ്റ്റണ്‍ സോള്‍ ചൂണ്ടികാട്ടുന്നു.

‘ഭിന്നാഭിപ്രായങ്ങള്‍’ പറയുന്ന എഴുത്തുകാരെയും, ചിന്തകരെയും കൊന്ന് തള്ളുകയും, ജയിലില്‍ അടക്കുകയും ചെയ്യുന്നതിന്റെ കൂടെ, അന്തര്‍ദേശീയതലത്തിലും, അന്താരാഷ്ട്രീയ തലത്തിലും പുനഃവിദ്യാഭ്യാസ ക്യാമ്പുകള്‍ വാഷിംഗ്ടന്റെ മേല്‍ നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തങ്ങളുടെ നിയന്ത്രണത്തിലുള്ള എല്ലാവരുടെ മേലും സ്മിത്തിന്റെ തീവ്രസ്വഭാവമുള്ള വ്യഖ്യാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് അവ നിര്‍മിച്ചിരിക്കുന്നത്. യുവാക്കളാണ് പ്രധാനമായും അവരുടെ ലക്ഷ്യം.

യഥാര്‍ത്ഥത്തില്‍, സ്മിത്തിന്റെ രചനകള്‍ വായിക്കാന്‍ അധികമൊന്നുമില്ല. ആകെയുള്ളത് ഒരുപാട് ചെറുകുറിപ്പുകളും ശബ്ദശകലങ്ങളും മാത്രമാണ്. ഇവ പോലും സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത്, വളച്ചൊടിച്ച്, സ്മിത്ത് യഥാര്‍ത്ഥത്തില്‍ പറഞ്ഞതിന് വിപരീതം പ്രവര്‍ത്തിക്കുന്നതിന് വേണ്ടി ഉപയോഗിക്കപ്പെടുന്നുണ്ട്. മറ്റുള്ളവര്‍ ബൈബിളില്‍ അഭയം തേടിയ പോലെ, പാശ്ചാത്യ പ്രഭുക്കന്‍മാര്‍ സ്മിത്തിന്റെ രചനകളെയാണ് കൂട്ടുപിടിച്ചത്. അതേസമയം യഥാര്‍ത്ഥത്തില്‍, ഈ പ്രഭുക്കന്‍മാരെ ശക്തമായി വിമര്‍ശിച്ചിരുന്ന ആളായിരുന്നു സ്മിത്ത്. കമ്പോളത്തില്‍ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാന്‍ പ്രഭുക്കന്‍മാര്‍ ഗൂഢാലോചന നടത്തുമെന്നും, തങ്ങളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ മാത്രമായിരിക്കും അവരുടെ മുഖ്യശ്രദ്ധയെന്നും, മറ്റുള്ളവര്‍ക്കുണ്ടാവുന്ന നഷ്ടങ്ങള്‍ അവര്‍ പരിഗണിക്കുക പോലുമില്ലെന്നും സ്മിത്ത് സൂചിപ്പിച്ചിട്ടുണ്ട്. മൂലധനത്തിന്റെ സ്വതന്ത്രമായ ഒഴുക്കിനെയും സ്മിത്ത് കഠിനമായി വിമര്‍ശിച്ചിരുന്നു, അത് രാഷ്ട്രങ്ങളെ നശിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞുവെച്ചു. തൊഴില്‍ വിഭജനത്തെയും അദ്ദേഹം എതിര്‍ത്തിരുന്നു. അത് മനുഷ്യാവകാശ ലംഘനങ്ങളില്‍ പെട്ടതാണെന്നും, അതുകൊണ്ടു തന്നെ ഭരണകൂടങ്ങള്‍ അത് തടയുവാന്‍ ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്മിത്തിന്റെ രചനകളെ കൂട്ടുപിടിച്ച്, ദുര്‍വ്യാഖ്യാനിച്ച് പ്രഭുക്കന്‍മാര്‍ ചെയ്യുന്ന കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: വേട്ടയാടുക; അതെ, തങ്ങളേക്കാള്‍ ദുര്‍ബലരായ ജനവിഭാഗങ്ങളെ കൊള്ളയടിച്ച് കീഴടക്കാനാണ് അവര്‍ തങ്ങളുടെ എല്ലാ അധികാരങ്ങളും ശക്തിയും ഉപയോഗിക്കുന്നത്. ഇതിന് ഏറ്റവും വലിയ ഉദാഹരണങ്ങളില്‍ ഒന്നാണ് മിഡിലീസ്റ്റ്. ഒരു നൂറ്റാണ്ടു കാലത്തോളമായി, പാശ്ചാത്യ വേട്ടമൃഗങ്ങളുടെ മുഖ്യ താവളമാണ് നയതന്ത്രപരമായി വളരെ പ്രധാന്യമേറിയതും, പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നവുമായ ഈ പ്രദേശം.

ഒരു നിശ്ചിത പ്രദേശത്തെയോ അല്ലെങ്കില്‍ ഒരു സംഘം ആളുകളെയോ കൊള്ളയടിക്കാനായി പാശ്ചാത്യ ലോകം ലക്ഷ്യമിട്ടാല്‍, വമ്പിച്ച പ്രചാരണവേലകളുടെ അകമ്പടിയോടെയാണ് അവര്‍ ആക്രമണം അഴിച്ച് വിടുക. ഈ പ്രചാരണങ്ങളൊക്കെ തന്നെ പാശ്ചാത്യ വേട്ടമൃഗങ്ങളുടെ വേട്ടയാടലിനെ ന്യായീകരിക്കാന്‍ വേണ്ടിയുള്ളതായിരിക്കും. അതിന് വേണ്ടി അവര്‍ കപടന്യായങ്ങള്‍ ചമക്കും. കൂടാതെ, നിരപരാധികളായ മനുഷ്യരെ കൊള്ളയടിക്കുന്നതിലും, പീഢിപ്പിക്കുന്നതിലും, കൊന്ന് തള്ളുന്നതിലും പാശ്ചാത്യ ജനമനസ്സുകളില്‍ ഉണ്ടായേക്കാവുന്ന എതിര്‍പ്പുകളെയും, ബുദ്ധിമുട്ടുകളെയും മറികടക്കുക എന്നതും ഈ പ്രചാരണവേലകളുടെ ധര്‍മ്മമാണ്.

അമേരിക്കന്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങളും ഗവണ്‍മെന്റും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. ഈ രണ്ട് കൂട്ടരാണ് മിഡിലീസ്റ്റിലെ മനുഷ്യരെ അപരിഷ്‌കൃതരായി ചിത്രീകരിക്കുന്നത് എന്ന് പ്രമുഖ മീഡിയാ സ്റ്റഡീസ് പ്രൊഫസ്സര്‍ ജാക്ക് ശഹീന്‍ നിരീക്ഷിക്കുന്നുണ്ട്. നാസികളും തങ്ങളുടെ ഇരകളെ മനുഷ്യരായി കണക്കാക്കിയിരുന്നില്ല. അമേരിക്കക്കാരില്‍ നിന്നായിരിക്കാം നാസികള്‍ അത് പഠിച്ചത്.

ആഡം സ്മിത്തിന് ‘തന്റെ ഏറ്റവും മികച്ച ആശയങ്ങളും, മികച്ച വരികളും ലഭിച്ചത് മധ്യകാല ഇസ്‌ലാമില്‍ നിന്നായിരുന്നു’ എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. പ്രത്യേകിച്ച് ശരീഅത്ത് നിയമങ്ങളില്‍ നിന്നെന്ന് ഡേവിഡ് ഗ്രെയ്ബര്‍ ചൂണ്ടികാണിച്ചിട്ടുണ്ട്. പ്രിന്‍സ്ട്ടന്‍, ലണ്ടന്‍ സ്‌കൂള്‍ ഓഫ് എകണോമിക്‌സ് എന്നിവിടങ്ങളിലെ അധ്യാപകനായിരുന്നു ഡേവിഡ് ഗ്രെയ്ബര്‍.

ഉദാഹരണമായി, 1100 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇസ്‌ലാമിക ചിന്തകനായ അല്‍ഗസാലി ‘തൊഴില്‍ വിഭജനത്തിന്റെ പ്രാധാന്യം ഉയര്‍ത്തികാണിച്ചിരുന്നു’. തന്റെ വാദത്തെ ശക്തിപ്പെടുത്താന്‍ അദ്ദേഹം ‘ഒരു സൂചി നിര്‍മാണശാലയുടെ ഉദാഹരണമായിരുന്നു’ ഉപയോഗിച്ചത്. ഏഴ് നൂറ്റാണ്ടുകള്‍ക്ക് ശേഷം, തൊഴില്‍ വിഭജനം എന്ന ആശയത്തെ വരച്ച് കാണിക്കാന്‍ ഗസാലി ഉപയോഗിച്ച സൂചി നിര്‍മാണശാലയുടെ അതേ ഉദാഹരണം തന്നെയാണ് ആദം സ്മിത്തും ഉപയോഗിച്ചത്. പക്ഷെ അല്‍ഗസാലിയുടെ പേര്‍ ആദം സ്മിത്ത് എവിടെയും പരാമര്‍ശിച്ചു കണ്ടിട്ടില്ല.

ആദം സ്മിത്തിന്റെ മറ്റൊരു ഇസ്‌ലാമിക സ്രോതസ്സ്, ഒരുപക്ഷെ എറ്റവും പ്രധാനമായത്, ഇബ്‌നു ഖല്‍ദൂന്‍ ആയിരുന്നിരിക്കാമെന്ന് ജോര്‍ജ്ജ്ടൗണിലെ എകണോമിക്‌സ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഇബ്രാഹിം എം. ഉവൈസ് എഴുതുന്നുണ്ട്.

‘സാമ്പത്തിക ശാസ്ത്രത്തിന് ഇബ്‌നു ഖല്‍ദൂന്‍ നല്‍കിയ മഹത്തായ സംഭാവനകള്‍ നോക്കിയാല്‍, സാമ്പത്തിക ചിന്താ ചരിത്രത്തില്‍ ഏറ്റവും ഉന്നതമായ സ്ഥാനത്ത് (സ്മിത്തിനും മുന്നില്‍) തന്നെ ഇബ്‌നു ഖല്‍ദൂനെ പ്രതിഷ്ഠിക്കേണ്ടതുണ്ടെന്ന് ബോധ്യമാവും. ഉല്‍പ്പാദനം, വിതരണം, വില തുടങ്ങിയുമായി ബന്ധപ്പെട്ട ക്ലാസിക്കല്‍ എകണോമിക്‌സിന് മാത്രമല്ല ഇബ്‌നു ഖല്‍ദൂന്‍ വിത്ത് പാകിയത്, ആധുനിക സാമ്പത്തിക സിദ്ധാന്തത്തിന്റെ ആധാരശിലകളായ ഉപഭോഗം, ചോദനം, ഉപയുക്തത എന്നിവക്ക് അടിസ്ഥാനശില പാകിയത് അദ്ദേഹമായിരുന്നു.

ആഡം സ്മിത്തല്ല, മറിച്ച് ഇബ്‌നു ഖല്‍ദൂനാണ്, ‘തൊഴില്‍ ശക്തിയാണ് രാഷ്ട്രത്തിന്റെ മൂലധനമെന്നും, സ്വതന്ത്ര കമ്പോള സംവിധാനം വഴി വ്യക്തികളുടെ സംതൃപ്തിയും രാഷ്ട്രത്തിന്റെ നേട്ടങ്ങളും വര്‍ധിപ്പിക്കാമെന്നും, ഇതിന്റെയെല്ലാം അടിസ്ഥാനം തൊഴില്‍ ശക്തിയാണെന്നും’ ആദ്യമായി പറഞ്ഞുവെച്ചത്.
(ഖല്‍ദൂന്റെ ‘നികുതി സിദ്ധാന്തം ആധുനിക സാമ്പത്തികശാസ്ത്ര ചിന്തയെയും, അമേരിക്കയുടെയും മറ്റും സാമ്പത്തിക നയങ്ങളെയും വരെ സ്വാധീനിച്ചിട്ടുണ്ട്.)

ജനനം കൊണ്ട് ഓസ്ട്രിയക്കാരനായ അമേരിക്കന്‍ സാമ്പത്തികവിദഗ്ദനും, പൊളിറ്റിക്കല്‍ സയന്റിസ്റ്റുമായ പ്രൊഫസ്സര്‍ ജോസഫ് അലോയിസ് ഷംപീറ്റര്‍ എഴുതുന്നു, ‘യഥാര്‍ത്ഥത്തില്‍ മുന്‍കാല സാമ്പത്തിക ചിന്തകള്‍ കേവലം ശേഖരിക്കുക മാത്രമാണ് ആഡം സ്മിത്ത് ചെയ്തത്. ആ ആശയങ്ങള്‍ നല്ല വാക്ചാതുരിയോടെ വിശദമായി പുതിയ രൂപത്തിലും ഭാവത്തിലും അദ്ദേഹം അവതരിപ്പിച്ചു. ഇബ്‌നു ഖല്‍ദൂന്റെ ചിന്തകളാണ് ആദം സ്മിത്തിന്റേതിനേക്കാള്‍ ഒറിജിനല്‍ എന്ന് പറയാം. ഇബ്‌നു ഖല്‍ദൂനെ അദ്ദേഹത്തിന് മുമ്പ് ജീവിച്ച പ്ലാറ്റോവിന്റെയും, അരിസ്‌റ്റോട്ടിലിന്റെയും താഹിറുബ്‌നു ഹുസൈനിന്റെയും ചിന്തകള്‍ സ്വാധീനിച്ചിട്ടുണ്ട്. എന്നിരുന്നാലും, ആധുനിക സാമ്പത്തിക ശാസ്ത്ര ചിന്തകളുടെ പലമേഖലക്കും അസ്ഥിവാരമിട്ടത് ഇബ്‌നു ഖല്‍ദൂനാണെന്ന് പറയാം.’

ശരീഅത്ത് നിയമങ്ങള്‍ക്ക് പകരം, ഈ ആശയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രമായി സ്മിത്തിനെയും മറ്റു യൂറോപ്യന്‍ വംശജരെയും പാശ്ചാത്യര്‍ പ്രതിഷ്ഠിക്കാനുള്ള കാരണങ്ങളില്‍ ഒന്ന്, പാശ്ചാത്യ വേട്ടക്കാരുടെ ഇരകളെ മനുഷ്യ ഗുണങ്ങള്‍ ഇല്ലാത്തവരായി ചിത്രീകരിക്കുക എന്ന ഉദ്ദേശത്തോടെയുള്ള നേരത്തെ സൂചിപ്പിച്ച പ്രചാരവേലകള്‍ക്ക് ശക്തിപകരാന്‍ വേണ്ടിയായിരുന്നു.

ഉവൈസി എഴുതുന്നു, അതായത് ‘പതിനൊന്നാം നൂറ്റാണ്ട് മുതല്‍ക്ക് പതിമൂന്നാം നൂറ്റാണ്ട് വരെ നീണ്ടു നിന്ന കുരിശുയുദ്ധകാലത്ത്, മുസ്‌ലിം പണ്ഡിതന്‍മാരുടെ സ്വാധീനത്തെ മറച്ചുവെക്കാനും കുറച്ച് കാണിക്കാനും ഒരുപാട് വഴികളിലൂടെ പാശ്ചാത്യ പണ്ഡിതന്‍മാര്‍ ശ്രമിച്ചിരുന്നു. മുസ്‌ലിം പണ്ഡിതന്‍മാരുടെ പേരുകള്‍ പരാമര്‍ശിക്കാതെ അവരുടെ ആശയങ്ങള്‍ ഉപയോഗിക്കുക എന്നത് ഒരു രീതിയായിരുന്നു. മുസ്‌ലിംകളില്‍ നിന്നും വിശുദ്ധഭൂമി പിടിച്ചെടുക്കാന്‍ കുരിശുയുദ്ധക്കാര്‍ നടത്തിയ യുദ്ധം, പാശ്ചാത്യമനസ്സില്‍ വളരെ ശക്തമായ ശത്രുതാമനോഭാവം വളര്‍ത്തിയിരുന്നു. അതില്‍ നിന്ന് പാശ്ചാത്യ പണ്ഡിതന്‍മാര്‍ മുക്തരായിരുന്നില്ല. അത് നൂറ്റാണ്ടുകളോളം നീണ്ടുനിന്നു. ഒരുപക്ഷെ ഈ ആധുനിക യുഗം വരേക്കും.’ മറ്റൊരു ഉദാരഹണം നോക്കാം. ആധുനിക അമേരിക്കയുടെ സ്ഥാപകന്‍മാര്‍, ഭരണകൂടവും മറ്റുമായി ബന്ധപ്പെട്ട ആശയങ്ങള്‍ സ്വീകരിക്കുന്നത് തദ്ദേശിയരായ തത്വചിന്തകന്‍മാരില്‍ നിന്നാണ്, എന്നിട്ട് ഈ തദ്ദേശീയരുടെ മനുഷ്യത്വത്തെ അടിച്ചമര്‍ത്താനുള്ള പ്രചാരവേലകള്‍ ഇറക്കുകയും, ആ ജനതയെ മൊത്തത്തില്‍ ഉന്മൂലനം ചെയ്യുകയും ചെയ്തു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ആ പദ്ധതി ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

ശരീഅത്ത് നിയമങ്ങളില്‍ നിന്നും തനിക്ക് ലഭിച്ച ആശയങ്ങളുടെ പേരില്‍ ആ സ്രോതസ്സിനെ സ്മിത്ത് തന്റെ രചനകളില്‍ പ്രതിപാദിക്കുന്നില്ലെങ്കിലും ശരി, ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയെ സ്മിത്ത് തുറന്ന് പ്രകീര്‍ത്തിക്കുന്നുണ്ട്. History of Astronomy-യില്‍ അദ്ദേഹം എഴുതുന്നുണ്ട് ‘ശാസ്ത്രം അഭിവൃദ്ധിപ്രാപിക്കാന്‍ ആവശ്യമായ എല്ലാവിധ സുഖസൗകര്യങ്ങളും ലോകത്തിന് ആദ്യമായി ആസ്വദിക്കാന്‍ കഴിഞ്ഞത് ഖലീഫമാരുടെ ഭരണത്തിന് കീഴിലാണ്. ഉദാരവാന്‍മാരും മഹത്തുക്കളുമായ രാജകുമാരന്‍മാരുടെ സംരക്ഷണത്തിലായിരുന്നു അവ. പൗരാണിക തത്വചിന്തയും, ഗ്രീക്കുകാരുടെ ജ്യോതിശാസ്ത്രവും പൗരസ്ത്യ ദേശത്ത് പുനഃസ്ഥാപിക്കപ്പെട്ടു. നീതിയിലധിഷ്ടിതമായ ആ മതാത്മക ഭരണകൂടം തങ്ങളുടെ വിശാല സാമ്രാജ്യത്തിലുടനീളം ശാന്തി പരത്തി. പ്രകൃതിയെ പരസ്പരം ബന്ധിപ്പിക്കുന്ന അടിസ്ഥാനതത്വങ്ങളിലേക്ക് ആഴത്തില്‍ കടന്ന് ചെല്ലാനുള്ള മനുഷ്യമനസ്സിന്റെ ജിജ്ഞാസക്ക് അത് വെള്ളവും വളവും നല്‍കി.’

മുസ്‌ലിം പണ്ഡിതന്‍മാരെ പ്രകീര്‍ത്തിക്കാന്‍ വിസ്സമതിക്കുന്ന പ്രവണതയില്‍ നിന്നും മാറിനടന്ന പ്രമുഖ യൂറോപ്യന്‍ ചരിത്രകാരന്‍മാരില്‍ ഒരാളാണ് അര്‍ണോള്‍ഡ് ജെ. ടോയന്‍ബി. ഇബ്‌നു ഖല്‍ദൂനെ കുറിച്ച് അദ്ദേഹം എഴുതുന്നു, ‘താന്‍ തെരഞ്ഞെടുത്ത ബൗദ്ധിക പ്രവര്‍ത്തനത്തിന്റെ മണ്ഡലത്തില്‍, ഖല്‍ദൂനെ പൂര്‍വികര്‍ ആരും തന്നെ സ്വാധീനിച്ചതായി കാണുന്നില്ല. മുഖദ്ദിമയുടെ കാര്യത്തിലാണെങ്കിലും ശരി. പ്രാപഞ്ചിക ചരിത്രത്തില്‍ അദ്ദേഹം ഒരു ചരിത്രതത്വശാസ്ത്രം തന്നെ വികസിപ്പിച്ചു. ഈ മേഖലയില്‍ മനുഷ്യന്‍ ഇന്നേ വരെ രൂപപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും മഹത്തരമായൊരു സൃഷ്ടിയാണ് അതെന്ന് നിസ്സംശയം പറയാന്‍ കഴിയും. ‘

‘സാമ്പത്തിക ശാസ്ത്രത്തിന് മൊത്തത്തില്‍ നല്‍കിയ അതുല്ല്യമായ സംഭാവനകള്‍ വെച്ച് നോക്കുമ്പോള്‍, ആഡം സ്മിത്തല്ല, മറിച്ച് ഇബ്‌നു ഖല്‍ദൂനാണ് ‘സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവായി’ കണക്കാക്കപ്പെടേണ്ടത്’ എന്ന് പറഞ്ഞ് കൊണ്ടാണ് ഉവൈസി ഉപസംഹരിക്കുന്നത്.

അന്താരാഷ്ട്രാ തലത്തില്‍ സര്‍വായുധങ്ങളുമായി നടത്തുന്ന കൊള്ളയെ ന്യായീകരിക്കുന്ന പ്രചാരണവേലകളെ ഉപയോഗപ്പെടുത്തി കൊണ്ട്, എതിരഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന ലോകത്തുടനീളമുള്ള എഴുത്തുകാരെയും ചിന്തകന്‍മാരെയും കൊന്ന് തള്ളാന്‍ പാശ്ചാത്യ മൗലികവാദികള്‍ക്ക് കഴിയുന്ന തരത്തില്‍ അവരുടെ കൈവശം അക്രമാസക്തമായ സൈനികശക്തിയുള്ള കാലത്തോളം, ആഡം സ്മിത്തിനെ മാറ്റി തല്‍സ്ഥാനത്ത് ഇബ്‌നു ഖല്‍ദൂനെ പ്രതിഷ്ഠിക്കാന്‍ നമുക്ക് സാധിക്കുകയില്ല.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Facebook Comments
Related Articles
Close
Close