Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: പുതിയ പ്രതീക്ഷകള്‍

ഖത്തറിന്റെ ചരിത്രത്തിലാദ്യമായി നിയമനിര്‍മ്മാണ സഭയിലേക്ക് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. പൗരന്മാര്‍ക്ക് രാഷ്ട്രീയ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു ചുവടുവെപ്പ് എന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ധര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. 45 അംഗ ശൂറ കൗണ്‍സിലിലേക്കുള്ള മൂന്നില്‍ രണ്ട് പേരെ ഖത്തര്‍ പൗരന്മാര്‍ക്ക് തെരഞ്ഞെടുക്കാം. 1972 മുതലുള്ള ഈ നിയമനിര്‍മാണ സമിതി ഖത്തറിലെ ഉന്നതാധികാര സമിതിയാണ്. രാജ്യത്തെ ബജറ്റ് നിയന്ത്രിക്കുന്നതടക്കം പൊതുനയങ്ങളും നിയമ നിര്‍ദ്ദേശങ്ങളും നിരസിക്കുകയും പുറപ്പെടുവിക്കുകയും ചെയ്യുന്ന ബോഡിയാണിത്. 2004ലെ ഭരണഘടന പ്രകാരം അവശേഷിക്കുന്ന 15 പേരെ അമീര്‍ നേരിട്ടാണ് നിയോഗിക്കുന്നത്.

ഈ വോട്ടെടുപ്പ് രാജ്യത്തെ ‘ജനാധിപത്യത്തിലേക്ക്’ മാറ്റില്ല എന്നാണ് ഗള്‍ഫ് വിശകലന വിദഗ്ധനായ ജോര്‍ജിയോ കാഫിറോ പറയുന്നത്.
എന്നാല്‍ ഈ തിരഞ്ഞെടുപ്പുകളിലൂടെ ഖത്തറിനെ കൂടുതല്‍ പ്രാധിനിത്യം ചെയ്യുന്ന ഭരണ സംവിധാനത്തിലേക്ക് ആകര്‍ഷിക്കുന്നതിലൂടെ, ആ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പായി നമുക്ക് അതിനെ കാണാന്‍ കഴിയും.

ഖത്തറില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിരോധിച്ചിരിട്ടുണ്ട്. എന്നാല്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ പൗരന്മാര്‍ക്ക് വോട്ട് ചെയ്യാന്‍ അനുവാദമുണ്ട്.
എന്നാല്‍ പുതിയ തിരഞ്ഞെടുപ്പ് നിയമം, ഖത്തറില്‍ ജീവിക്കുന്ന പൗരന്മാരെ രണ്ടായി വേര്‍തിരിക്കുന്നതില്‍ മനുഷ്യാവകാശ സംഘടനകളുടെയും മറ്റും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുമുണ്ട്. ഈ നിയമപ്രകാരം ആയിരക്കണക്കിന് ഖത്തറികളെ വോട്ടെടുപ്പില്‍ നിന്നും മത്സരത്തില്‍ നിന്നും വിലക്കുകയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

കഴിഞ്ഞ ജൂലൈയില്‍ ഖത്തര്‍ അമീര്‍ അംഗീകരിച്ച നിയമപ്രകാരം 18 വയസ്സ് കഴിഞ്ഞ ഖത്തറിലെ യഥാര്‍ത്ഥ പൗരന്മാരും വംശജരുമായവരെയാണ് സ്വാഭാവിക പൗരന്മാരായി കണക്കാക്കുന്നത്. അതായത് തങ്ങളുടെ പിതാമഹന്മാര്‍ ഖത്തറില്‍ ജനിച്ചവരാണെന്ന് തെളിച്ചവര്‍. ഇവര്‍ക്ക് മാത്രമാണ് വോട്ട് ചെയ്യാന്‍ അവകാശമുണ്ടാവുക. ഈ പരിധിയില്‍ വരാത്ത ഖത്തര്‍ പൗരന്മാര്‍ക്കൊന്നും വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ല.

സര്‍ക്കാരില്‍ പൗരന്മാരുടെ പങ്കാളിത്തം സ്ഥാപിക്കാനുള്ള ഖത്തറിന്റെ ശ്രമം ആഘോഷിക്കപ്പെടേണ്ട നിമിഷമായിരുന്നു, എന്നാല്‍, പല ഖത്തറികളുടെയും പൂര്‍ണ്ണ പൗരത്വ അവകാശങ്ങള്‍ നിഷേധിക്കുകയും ഏകപക്ഷീയമായ വോട്ടിങ് രീതിയും വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്തുകയും ചെയ്തതുകൊണ്ട് ഇത് കളങ്കപ്പെട്ടു. പുതിയ നിയമങ്ങള്‍ ഖത്തരികളെ എല്ലാവരും തുല്യരല്ലെന്ന് ഓാര്‍മ്മിപ്പിക്കുക മാത്രമാണ് ചെയ്തത്-ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പശ്ചിമേഷ്യന്‍ ഡയറക്ടര്‍ ആദം കൂഗിള്‍ പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റില്‍ ഇതിനെതിരെ ചെറിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. പൗരത്വ -തിരഞ്ഞെടുപ്പ് നിയമം ബാധിച്ച അര്‍ദ്ധ നാടോടികളായ അല്‍-മുറാ ഗോത്രത്തിലെ അംഗങ്ങളില്‍ നിന്നായിരുന്നു പ്രതിഷേധം. ഇതിലെ 15 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഖത്തര്‍ നിയമം ലംഘിച്ചതിനും വിദ്വേഷ പ്രസംഗം നടത്തിയിനും ആക്രമത്തിന് പ്രേരിപ്പിച്ചതിനും കുറച്ച് പൗരന്മാരെ അറസ്റ്റ് ചെയ്തതായി സെപ്റ്റംബര്‍ ഒന്‍പതിന് ഖത്തര്‍ ഗവര്‍ണമെന്റ് കമ്യൂണിക്കേഷന്‍സ് ഓഫീസ് അറിയിച്ചിരുന്നു.

തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പൊതു സംവാദങ്ങളും ചര്‍ച്ചകളും സര്‍ക്കാര്‍ സജീവമായി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. യോഗ്യരായ സ്ഥാനാര്‍ത്ഥികള്‍ക്കിടയില്‍ ഒരു മത്സര പ്രചാരണം പ്രതീക്ഷിക്കുന്നതായും മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു. ഖത്തറിന്റെ ദേശീയ വിഷന്‍ 2030 അനുസരിച്ച്, ഭരണകൂടത്തിന്റെ നിയമനിര്‍മ്മാണ ശാഖയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനും രാഷ്ട്രീയ പ്രക്രിയയില്‍ പൗരന്മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് തിരഞ്ഞെടുപ്പ് ലക്ഷ്യമിടുന്നതെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളെ ഉള്‍പ്പെടുത്തല്‍

30 മണ്ഡലങ്ങളിലായി 294 സ്ഥാനാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 29 പേര്‍ സ്ത്രീകളാണ്. ഖത്തറിന്റെ രാഷ്ട്രീയ മേഖലയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത് അഭൂതപൂര്‍വമല്ല. ‘ഖത്തര്‍ സ്ത്രീകള്‍ക്ക് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നുണ്ട്. ശൂറാ കൗണ്‍സിലിലേക്ക് സ്ത്രീകളെ തിരഞ്ഞെടുക്കുന്നതിന്റെ ഉച്ചിയിലാണ് ഖത്തറിപ്പോള്‍, ശൂറാ കൗണ്‍സില്‍, മന്ത്രിമാരുടെ കൗണ്‍സില്‍, മറ്റ് നേതൃസ്ഥാനങ്ങള്‍ എന്നിവയില്‍ സ്ത്രീകള്‍ നേരത്തെ തന്നെ തങ്ങളുടെ പ്രാധിനിത്യം തെളിയിച്ചതാണെന്നും സ്ഥാനാര്‍ത്ഥിയായ അയിഷ അല്‍ ഖുവാരി പറഞ്ഞു.

2017 ജൂണില്‍ സൗദി അറേബ്യ, ബഹ്‌റൈന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തി ഏതാനും മാസങ്ങള്‍ക്ക് ശേഷം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം നാല് സ്ത്രീകളെ ശൂറ കൗണ്‍സിലിലേക്ക് നിയമിച്ചിരുന്നു. ജി.സി.സി പ്രതിസന്ധികള്‍ക്കിടയില്‍ സാമൂഹിക നയ മാറ്റങ്ങളുമായി മുന്നോട്ടുപോകാന്‍ ഖത്തര്‍ നേതൃത്വം നടത്തിയ നീക്കങ്ങളിലെ ഖത്തറിന്റെ ദൃഢനിശ്ചയത്തെ സൂചിപ്പിക്കുന്നതായിരുന്നു അത്.

വലിയ രീതിയിലുള്ള പൗര പങ്കാളിത്തം

ഖത്തറിനെതിരെ നാല് അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ മൂന്നര വര്‍ഷം നീണ്ടുനിന്ന സമ്പൂര്‍ണ ഉപരോധം അറബ് രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്ര വിള്ളല്‍ വരുകയും ഇത് ഖത്തരികളെ കൂടുതല്‍ രാഷ്ട്രീയമായി അണിനിരത്തുകയും അവരുടെ നിസ്സംഗത കുറയ്ക്കുകയും ചെയ്തുവെന്നുമാണ് വിശകലന വിദഗ്ധര്‍ പറയുന്നത്.

സര്‍ക്കാര്‍ ഇത് തിരിച്ചറിഞ്ഞ് അവരുടെ പൗരന്‍മാര്‍ക്ക് പൊതു കാര്യങ്ങളിലും സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലും കൂടുതല്‍ പങ്കാളിത്തത്തിന് അവസരം നല്‍കി. ആഗോള തലത്തില്‍, ശൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പുകള്‍ ഖത്തറിന്റെ പ്രതിച്ഛായ ‘പരിഷ്‌ക്കരണത്തിനും മുന്നോട്ടുപോക്കിനും സഹായിച്ചേക്കാം. പ്രത്യേകിച്ചും ലോകകപ്പിന് വേദിയാകാനൊരുങ്ങുന്നതിനിടെ.

തെരഞ്ഞെടുപ്പിലെ ആകെയുള്ള ആശങ്ക സ്ഥാനാര്‍ത്ഥികളെ ഗോത്ര മേല്‍ക്കോയ്മയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്, നയപരമായ ആശയങ്ങളുടെ അടിസ്ഥാനത്തിലല്ല എന്നതാണ്. അതിനാല്‍ തന്നെ ഭാവി തിരഞ്ഞെടുപ്പുകളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ പരിഗണിക്കേണ്ടതുണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ ആളുകള്‍ വോട്ടിന്റെ ഫലങ്ങള്‍ നിരീക്ഷിക്കാന്‍ സാധ്യതയുണ്ട്, പ്രത്യേകിച്ചും ഈ വര്‍ഷം ആദ്യം വോട്ടിങ് യോഗ്യത സംബന്ധിച്ച് എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍.

‘സമൂഹത്തിന്റെ ആനുപാതിക പ്രാധിനിത്യമാണ് ഈ തെരഞ്ഞെടുപ്പ് സംവിധാനം പ്രതിനിധീകരിക്കാന്‍ ശ്രമിക്കുന്നത്. രാഷ്ട്രകാര്യങ്ങളുടെ നടത്തിപ്പില്‍ ഫലപ്രദമായ യോഗ്യതയുള്ളവരും പരിചയസമ്പന്നരുമായ ആളുകളുടെ ജനകീയ പങ്കാളിത്തത്തിന്റെ പ്രകടനമാണ് ശൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്, സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കും അവരുടെ വികസനത്തിന്റെ ഓരോ ഘട്ടത്തിലും അവരുടെ ജീവിതത്തിന്റെ ആവശ്യകതകള്‍ക്ക് അനുസൃതമായി വിലയിരുത്തുകയും ചെയ്യുന്നതിന് ജനങ്ങള്‍ തെരഞ്ഞെടുക്കുന്നവരാണവര്‍.

ഓരോ സമൂഹത്തിനും അതിന്റേതായ ചരിത്രപരവും സാംസ്‌കാരികവുമായ പ്രത്യേകതകളുണ്ട്. അത് സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും ഘടകങ്ങളുടെയും ന്യായമായ പ്രാതിനിധ്യം ഉറപ്പുനല്‍കാന്‍ അനുയോജ്യമായ ഒരു തിരഞ്ഞെടുപ്പ് സംവിധാനം തിരഞ്ഞെടുക്കുകയാണെന്നും’ ശൂറ കൗണ്‍സില്‍ സ്ഥാനാര്‍ത്ഥി കൂടിയായ അയിശ അല്‍ കുവാരി പറഞ്ഞു.

അവലംബം: അല്‍ജസീറ
വിവ: സഹീര്‍ വാഴക്കാട്

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles