വെള്ളിയാഴ്ച ഉച്ചയോടെയാണ് ഉപരോധിക്കപ്പെട്ട ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ വ്യാപകമായ ആക്രമണങ്ങള്‍ക്ക് തുടക്കമിടുന്നത്. ഗസ്സ സിറ്റിയിലെ അര്റിമാല് മേഖലയില്‍ താമസിച്ചിരുന്ന ഇസ്ലാമിക് ജിഹാദിന്റെ മുതിര്‍ന്ന നേതാവ് തയ്സീര്‍ അല്ജഅ്ബരിയെ ലക്ഷ്യംവെച്ചാണ് തങ്ങളുടെ ആക്രമണമെന്നായിരുന്നു ഇസ്രായേലിന്റെ വിശദീകരണം. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് വയസ്സുള്ള ആലാഅ് അല്ഖദ്ദൂം ഉള്‍പ്പെടെ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. അല്ജഅ്ബരി ആസൂത്രണം ചെയ്ത ആക്രമണങ്ങളെ പരാജയപ്പെടുത്താന്‍ തങ്ങള്‍ മുന്‍കൂട്ടി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് അധിനിവേശ ഇസ്രായേല്‍ അധികൃതരുടെ വാദം. ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളോടുള്ള പ്രതികരണമായി ഇസ്ലാമിക് ജിഹാദ് ഇസ്രായേല്‍ സെറ്റില്‍മെന്റുകളിലേക്കും ഗസ്സ മുനമ്പിന് സമീപമുള്ള നഗരങ്ങളിലേക്കും റോക്കറ്റുകള്‍ വിക്ഷേപിച്ചു. മറ്റ് ഫലസ്തീന് വിഭാഗങ്ങളും അധിനിവേശ ഇസ്രായേലിനെ ലക്ഷ്യംവെച്ച് റോക്കറ്റുകള്‍ വിക്ഷേപിച്ചു. എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകരവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന് ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വീകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
ഇസ്ലാമിക് ജിഹാദ് ആക്രമണത്തിന് ആസൂത്രണം ചെയ്തുവെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ ആദ്യം അവകാശപ്പെട്ടപ്പോള്‍, തീരപ്രദേശത്ത് നിന്ന് റോക്കറ്റ് വിക്ഷേപിച്ചതിന്റെ പേരില്‍ ഗസ്സ മുനമ്പില്‍ ഭരണം നടത്തുന്ന ഹമാസിനെ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, ഹമാസിന് ഇതില്‍ ബന്ധമൊന്നുമില്ലെന്ന് ഇസ്രായേല്‍ പിന്നീട് നിലപാട് മാറ്റി. ഈ അതിശയകരമായ നിലപാട് മാറ്റം, ഇസ്രായേലിന്റെ ബോംബാക്രമണത്തിന് സുരക്ഷയുമായി കാര്യമായ ബന്ധമില്ലെന്നും വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പുമായാണ് കൂടുതല്‍ ബന്ധമെന്നുമാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച ഇസ്ലാമിക് ജിഹാദിന്റെ മുതിര്‍ന്ന നേതാവ് ബസ്സാം അസ്സഅദിയെ ജനീനില്‍ തടങ്കലില്‍ വെച്ചതിന്റെ പ്രതികാരമായി വിഭാഗം ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി യേര് ലാപിഡ് പറഞ്ഞിരുന്നു. മന്ത്രിമാരും ഉദ്യോഗസ്ഥരും ഈ വാദം ഏറ്റുപിടിച്ചിരുന്നു. എന്നാല്‍, ഇതെല്ലാം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ളതാണെന്നാണ് താന്‍ സംശയിക്കുന്നതെന്ന് പ്രശസ്ത ഇസ്രായേല്‍ മാധ്യമപ്രവര്ത്തകന് ഗിഡിയന്‍ ലെവി അല്‍ജസീറയോട് വ്യക്തമാക്കിയിരുന്നു.
ഓരോ പ്രധാനമന്ത്രിയും സ്വയം തെളിയിക്കേണ്ടതുണ്ട്. മധ്യ, ഇടതുപക്ഷത്ത് നിന്ന് വരുന്നവരാണെങ്കില്‍ പ്രത്യേകിച്ചും. നമുടെ പുതിയ പ്രധാനമന്ത്രിയാണ്. മുന്‍ പ്രധാനമന്ത്രിമാരെ പോലെ താനും ശക്തനാണെന്ന് അദ്ദേഹത്തിനും തെളിയേക്കേണ്ടതുണ്ട്. ഇതെല്ലാം ഗസ്സയില്‍ മറ്റൊരു ആക്രണമണം നടത്താനുള്ള വളരെ മോശമായ കാരണങ്ങളാണെന്ന് ഗിഡിയന്‍ ലെവി വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയെന്ന നിലയിലുള്ള ശക്തി കാണിക്കാന്‍ ലാപിഡ് ആഗ്രഹിക്കുന്നുവെന്നതാണ് ഒരു സാധ്യത. മൂന്ന് മാസത്തിനുള്ളില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതേസമയം, എതിര്‍കക്ഷിയായ ബിന്യമിന് നെതന്യാഹു ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയുമാണെന്ന് ഇസ്രായേല്‍ പത്രപ്രവര്‍ത്തകനായ മെറോണ്‍ റാപ്പോര്‍ട്ട് പറയുന്നു. അധികാരത്തില്‍ തടുരാന്‍, അഞ്ച് വയസ്സുള്ള കുട്ടിയെ കൊലപ്പെടുത്തുന്നതുള്പ്പെടെ എന്തും ചെയ്യാനുള്ള ലാപിഡിന്റെയും ഗാന്റ്സിന്റെയും സഖ്യത്തിന്റെയും താല്പര്യമാണ് ഗസ്സയിലെ ഇസ്രായേലിന്റെ പുതിയ ആക്രമണം ദൃശ്യമാക്കുന്നത്. ഏറ്റവും പുതിയ യുദ്ധക്കുറ്റം, ബിന്യമിന് നെതന്യാഹുവിനെ പോലെ ക്രിമിനലാകാന്‍ കഴിയുമെന്ന അധാര്‍മിക തെരഞ്ഞെടുപ്പ് പ്രചാരണമാണെന്ന് ഇസ്രായേല്‍ പാര്‍ലമെന്റിലെ ഫലസ്തീന് അംഗം സാമി അബൂ ശഹാദ ‘മിഡില്‍ ഈസ്റ്റ് ഐ’നോട് പറഞ്ഞു. ഇതാണ് ഹമാസ് ഈ ആക്രമണങ്ങളോട് പ്രതികരിക്കാതിരിക്കുന്നതിന്റെ ഒരു കാരണം.
ഇത് തെരഞ്ഞെടുപ്പിലെ ഘടകമാണെന്നും ഇടപെടുകയാണെങ്കില്‍ കൂടുതല്‍ ആക്രമണത്തിന് കാരണമാകുമെന്നും ഹമാസ് തിരിച്ചറിയുന്നു. ഫലസ്തീന് രക്തം നല്കി ലാപിഡിന് വിജയം സുനിശ്ചിതമാക്കാന്‍ ഹമാസ് തീരുമാനിച്ചിട്ടില്ലെന്നതാണ് ഇത് വ്യക്തമാക്കുന്നത്. തന്റെ പ്രതിച്ഛായക്ക് കോട്ടം സംഭവിക്കാതിരിക്കാന്‍, ശവശരീരങ്ങള്‍ ഇസ്രായേലിലേക്ക് തരികെ വരുന്നത് കാണാന്‍ ലാപിഡ് ആഗ്രഹിച്ചിരുന്നില്ല. അത് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദോഷം ചെയ്യും. അതുകൊണ്ടാണ്, ഇസ്ലാമിക് ജിഹാദുമായി മാത്രം ഏറ്റുമുട്ടാന്‍ ഇസ്രായേല്‍ പരമാവധി ശ്രമിച്ചത്. സൈന്യത്തിനും ജനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ വരുത്താന്‍ ഇസ്ലാമിക് ജിഹാദിന് പരിമിതമായ ശേഷിയാണുള്ളതെന്നാണ് ഇസ്രായേല്‍ മനസ്സിലാക്കുന്നത്. എന്നാല്‍, രാഷ്ട്രീയ-മതപരമായ വ്യത്യാസങ്ങള്‍ക്കിടയിലും ഫലസ്തീന് ഐക്യത്തിലാണെന്ന് യാഥാര്‍ഥ്യം ഇസ്രായേല്‍ വിസ്മരിച്ചിരിക്കുന്നു.
വിവ: അര്‍ശദ് കാരക്കാട്
അവലംബം: മിഡില്‍ ഈസ്റ്റ് മോണിറ്റര്‍
📲വാട്സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp