Current Date

Search
Close this search box.
Search
Close this search box.

ബ്രസീല്‍: ലുലയുടെ വിജയം ഫലസ്തീന്റെയും വിജയമാണ്

ബ്രസീല്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന വേളയില്‍ ഒക്ടോബര്‍ 28ന് പ്രമുഖ കോളമിസ്റ്റായ ഇമാന്‍ അബൂസിദ മിഡിലീസ്റ്റ് മോണിറ്ററില്‍ എഴുതിയ ലേഖനത്തിന്റെ രത്‌നചുരുക്കം.

ശക്തമായ പോരാട്ടത്തിനു ശേഷമാണ് ആദ്യഘട്ട വോട്ടെടുപ്പില്‍ ബ്രസീലിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷക്കാരനായ ജെയ്ര്‍ ബോള്‍സോനാരോയെ പരാജയപ്പെടുത്തു ഇടതുപക്ഷക്കാരനായ ലൂയിസ് ഇനാഷ്യോ ലുല ഡ സില്‍വ മുന്നേറുന്നത്. 48.4 ശതമാനം വോട്ടുകള്‍ ലഭിച്ചാണ് ലുല രണ്ടാം റൗണ്ടിലേക്ക് കടന്നിരുന്നത്. 43.23 ശതമാനം വോട്ടാണ് നിലവിലെ പ്രസിഡന്റിന് ലഭിച്ചത്.

2003 മുതല്‍ 2010 വരെയുള്ള ലുലയുടെ ആദ്യ പ്രസിഡന്റ് വിജയത്തിന് ഇരുപത് വര്‍ഷം പിന്നിടുന്ന വേളയിലാണ് വീണ്ടും അദ്ദേഹത്തിന്റെ മത്സരം. ആ കാലഘട്ടം രാജ്യം കടുത്ത സാമ്പത്തിക വളര്‍ച്ചയുടെയും അസമത്വം വളരെ കുറഞ്ഞ കാലഘട്ടമായി രാജ്യത്ത് പലരും ഓര്‍ക്കുന്നത്. ‘ഭൂമിയിലെ ഏറ്റവും ജനപ്രിയ രാഷ്ട്രീയക്കാരന്‍’ എന്നാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ലുലയെ വിശേഷിപ്പിച്ചിരുന്നത്.

ഫലസ്തീന്‍ ലക്ഷ്യത്തിന്റെ അടിയുറച്ച പിന്തുണക്കാരന്‍ എന്നും ലുല അറിയപ്പെടുന്നു. 1967ലെ അതിര്‍ത്തിക്കുള്ളില്‍ ഫലസ്തീന്‍ എന്ന സ്വതന്ത്ര രാഷ്ട്രമായി ബ്രസീല്‍ അംഗീകരിച്ചത് അദ്ദേഹത്തിന്റെ പ്രസിഡന്റ് കാലഘട്ടത്തിലാണ്.

ആരാണ് ലുല?

2003നും 2010 നും ഇടയില്‍ രണ്ട് തവണ ബ്രസീല്‍ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ലുല, അഞ്ചാം ക്ലാസ് പൂര്‍ത്തിയാക്കിയ ശേഷം പഠനം നിര്‍ത്തി ജോലിയെടുത്തു. വഴിയോര കച്ചവടക്കാരനായും ഫാക്ടറി തൊഴിലാളിയായും ഷൂ പോളിഷ് ചെയ്യുന്ന കുട്ടിയായും കുടുംബത്തിന് അധിക വരുമാനം നല്‍കാനായി അദ്ദേഹം കഠിനമായി ജോലി ചെയ്തു. ഒരിക്കല്‍ ജോലിക്കിടെയുണ്ടായ അപകടത്തെത്തുടര്‍ന്ന് ഇടതുകൈയിലെ ചെറുവിരല്‍ നഷ്ടപ്പെട്ടു.

1980ല്‍ രാഷ്ട്രീയത്തില്‍ സജീവമായ അദ്ദേഹം വര്‍ക്കേഴ്‌സ് പാര്‍ട്ടി സ്ഥാപിച്ചു. 2002 ലെ നിര്‍ണായക തിരഞ്ഞെടുപ്പില്‍ 61.5 ശതമാനം വോട്ടുകള്‍ നേടിയ ലുല ആ സ്ഥാനം നേടുന്നതിന് മുമ്പ് നിരവധി തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു. പിന്നീട് ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ അദ്ദേഹത്തെ പ്രസിഡന്റ് പദവി സഹായിക്കുകയും രാജ്യത്തെ ഏറ്റവും ജനപ്രിയ നേതാക്കളില്‍ ഒരാളായി മാറുകയും ചെയ്തു ലുല.

2016ല്‍ സാവോ പോളോ സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍മാരുടെ നേതൃത്വത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തില്‍ ലുലക്കെതിരെ കുറ്റം ചുമത്തി, കടല്‍ത്തീരത്തെ ആഡംബര അപ്പാര്‍ട്ട്മെന്റിന്റെ ഉടമസ്ഥാവകാശം ഒ.എ.എസ് നിര്‍മ്മാണ സ്ഥാപനവുമായുള്ള ബന്ധത്തിന്റെ കാരണാന്നായിരുന്നു ആരോപണം. 580 ദിവസത്തോളം ലുലയെ തടവിലാക്കിയതിനാല്‍ 2018ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് മത്സരിക്കാനായില്ല.
താമസിയാതെ, ഫെഡറല്‍ സുപ്രീം കോടതി കേസിലെ എല്ലാ ആക്ഷേപങ്ങളും റദ്ദാക്കുകയും മുന്‍ ജഡ്ജി സെര്‍ജിയോ മോറോയുടെ നടപടികള്‍ പക്ഷപാതപരമാണെന്ന് വിധിക്കുകയും ചെയ്തു. അതിന്റെ ഫലമായാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ ലുലയ്ക്ക് മത്സരിക്കാന്‍ കഴിഞ്ഞത്.

ലുല വിജയിച്ചാല്‍ ഫലസ്തീനും വിജയിക്കും

അധിനിവേശ വെസ്റ്റ് ബാങ്കില്‍ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ബ്രസീലിയന്‍ പൗരന്മാര്‍ റാമല്ലയിലെ ബ്രസീലിയന്‍ കോണ്‍സുലേറ്റിനുള്ളിലെ പോളിംഗ് സ്റ്റേഷനില്‍ വെച്ച് രേഖപ്പെടുത്തിയ ഭൂരിപക്ഷം വോട്ടുകളും ലുലയ്ക്ക് ലഭിച്ചു, 52 വോട്ടുകള്‍ മാത്രമാണ് ബോള്‍സോനാരോയ്ക്ക് ഇവിടെ നിന്നും ലഭിച്ചത്.

ഫലസ്തീനികളുടെ അഭിപ്രായത്തില്‍, ലുലയുടെ വിജയം ബ്രസീലിലെയും അന്താരാഷ്ട്ര ഫോറങ്ങളിലെയും ഫലസ്തീന്‍ ലക്ഷ്യത്തിന്റെ പ്രാധാന്യത്തിന് കാര്യമായ മാറ്റമുണ്ടാക്കും, കാരണം ഫലസ്തീന്‍ ജനതയ്ക്ക് യു.എന്നില്‍ പിന്തുണയുള്ള ബ്രസീലിയന്‍ സുഹൃത്ത് ഒരിക്കല്‍ കൂടി ഉണ്ടാകും.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്ര പ്രാതിനിധ്യം ഉയര്‍ത്തുക, ബ്രസീലിയന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് സമീപം ഫലസ്തീന്‍ എംബസിക്ക് സ്ഥലം അനുവദിക്കുക തുടങ്ങി പലസ്തീന് അനുകൂലമായ നടപടികള്‍ ലുല നേരത്തെ സ്വീകരിച്ചിരുന്നു.

2010ല്‍ വെസ്റ്റ് ബാങ്ക് സന്ദര്‍ശന വേളയില്‍, ‘സ്വതന്ത്ര ഫലസ്തീന്‍’ കാണാനുള്ള തന്റെ സ്വപ്നത്തെക്കുറിച്ച് ലുല സംസാരിച്ചിരുന്നു. ആ വര്‍ഷം അവസാനം, 1967-ലെ അതിര്‍ത്തിക്കുള്ളില്‍ ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അദ്ദേഹം അംഗീകരിച്ചു, അര്‍ജന്റീന, ബൊളീവിയ, ഇക്വഡോര്‍ എന്നിവയും പിന്നാലെ സമാന പ്രഖ്യാപനം നടത്തി. 2011ലെ ആദ്യ മൂന്ന് മാസത്തിനുള്ളില്‍ ഭൂരിഭാഗം തെക്കേ അമേരിക്കന്‍ സംസ്ഥാനങ്ങളും ഇതേ നിലപാട് പിന്തുടര്‍ന്നു. 2003 മുതല്‍ 2016 വരെ ഇടതുപക്ഷ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍, ഫലസ്തീനിലെ നീതിക്കു വേണ്ടി ബ്രസീല്‍ ഉപാധികളില്ലാത്ത പിന്തുണ നല്‍കി.

ഈ വര്‍ഷമാദ്യം, ഒരു രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീനികളുടെ അവകാശത്തെ പിന്തുണയ്ക്കാന്‍ ലുല ആഹ്വാനം ചെയ്തു. ‘ഫലസ്തീന്‍ രാഷ്ട്രം’ പോലുള്ള പ്രധാന വിഷയങ്ങളില്‍ പുരോഗതി കൈവരിക്കാന്‍ യു.എന്‍ പുനഃസംഘടിപ്പിക്കണമെന്ന് അദ്ദേഹം തന്റെ നിലപാട് ആവര്‍ത്തിച്ചു.

ജൂണില്‍ അദ്ദേഹം ഫലസ്തീന്‍ സമൂഹത്തെ സ്വാഗതം ചെയ്യുകയും ബ്രസീലും ഫലസ്തീനും തമ്മിലുള്ള സുപ്രധാന ബന്ധങ്ങളെക്കുറിച്ചും അറബ് ലോകവുമായും അതിന്റെ സര്‍ക്കാരുകളുമായും ബ്രസീല്‍ കെട്ടിപ്പടുത്ത ബന്ധങ്ങളെക്കുറിച്ചും ഊന്നിപ്പറയുകയും ചെയ്തു. ഫലസ്തീനികള്‍ ഞങ്ങളുടെ പൂര്‍ണ്ണ ശ്രദ്ധയും ഐക്യദാര്‍ഢ്യവും അര്‍ഹിക്കുന്നു,’ ഫലസ്തീന്‍ കഫിയ്യ ധരിച്ചുകൊണ്ട് ലുല പറഞ്ഞു.
സ്വതന്ത്ര പരമാധികാര രാഷ്ട്രത്തില്‍’ ജീവിക്കാന്‍ ഫലസ്തീന്‍ ജനതയ്ക്ക് അവകാശമുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു, സംഘര്‍ഷങ്ങളുടെ മധ്യസ്ഥതയിലും ജനങ്ങളുടെ പ്രതിരോധത്തിനുള്ള അവകാശത്തിനും വേണ്ടി ബ്രസീലിയന്‍ വിദേശനയത്തിന്റെ പ്രധാന പങ്ക് പുനഃസ്ഥാപിക്കാന്‍ താന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

വിവ: സഹീര്‍ വാഴക്കാട്

Related Articles