Current Date

Search
Close this search box.
Search
Close this search box.

വിവാഹഘോഷം; ഒരു വീട്ടുകാരിയുടെ സങ്കടം

കഴിഞ്ഞ ആഴ്ച്ചയില്‍ കോഴിക്കോട്ടെ പ്രമുഖഹാളില്‍ വെച്ച് നടന്ന വിവാഹത്തിന് മോനും ഭര്‍ത്താവും കൂടി പോയി. അവര്‍ രാത്രിയും പകലുമായി നടക്കുന്ന കല്ല്യാണത്തിന് തലേന്ന് പോയതായിരുന്നു. രാത്രി പത്ത് മണി കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ കയ്യിലൊരു ബ്രെഡ്ഡും മുട്ടയുമായാണ് വന്നത്. ഇത് വേഗം പൊരിക്ക് എന്നുപറഞ്ഞാണത് കൈയ്യില്‍ തന്നത്. ഞാനൊരു പെണ്ണ് മാത്രമല്ലേ വീട്ടിലൂള്ളൂ അത് കൊണ്ടു പാവം ഒന്നും കഴിച്ചിട്ടുണ്ടാവില്ലെന്നു കരുതി എന്തെങ്കിലും  വേഗം കഴിച്ചോട്ടെ എന്നു കരുതി കൊണ്ടുതന്നതായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. ഞാനത് വാങ്ങി അടുക്കളയില്‍ വെച്ചു. അഞ്ചുമിനുട്ട് കഴിഞ്ഞില്ല മോാന്റെ പരാതി, എത്രസമയമായുമ്മാ എന്താ ഉണ്ടാക്കിത്തരാത്തേ. ചോദ്യം കേട്ട് ഭര്‍ത്താവ് മെല്ലെ ചിരിച്ചു കൊണ്ടു, അല്‍പം ജാള്യതയോടെ പറഞ്ഞു ‘പത്തുമണി വരെ ക്യു നിന്നും ഭക്ഷണം തീര്‍ന്നുപോയി. ഇനിയും നിന്ന് നാണം കെടാന്‍ വയ്യാത്തോണ്ട് ഇങ്ങോട്ട് പോന്നു. കേരളത്തിലെ അറിയപ്പെടുന്ന മത പണ്ഡിതന്‍ നിക്കാഹിന് കാര്‍മികത്വം വഹിച്ച കല്ല്യാണത്തിന് പങ്കെടുത്ത  അനുഭവമായിരുന്നു ഇത്.

വിവാഹം ആണിനും പെണ്ണിനും ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും ദിനമാണ്. ഇസ്‌ലാമിലെ വിവാഹം വളരെ ലളിതവും ഹസ്വമായ നേരം കൊണ്ട് കഴിയേണ്ട ഒരു കര്‍മം. രണ്ടേ രണ്ടു സാക്ഷികളും ആണിന്റെയും പെണ്ണിന്റെയും തമ്മിലിഷടവും മാത്രം മതി. പിന്നെ വരന്റെ വക ഒരു ചെറിയൊരുസല്‍ക്കാരം. വിവാഹനാളില്‍ ബന്ധുക്കളും സുഹൃത്തുക്കുളും അയല്‍വാസികളും സഹപ്രവര്‍ത്തകരുമായവരെ വീട്ടിലേക്ക് ക്ഷണിച്ച്  സന്തോഷം പങ്കിട്ട് അവര്‍ക്കൊരു ഭക്ഷണം കൊടുക്കുന്നത് വീട്ടുകാര്‍ക്കും ക്ഷണിക്കപ്പെട്ടവര്‍ക്കും സന്തോഷകരമായ കാര്യം തന്നെയാണ്. പ്രത്യേകിച്ചും അണുകുടുംബമായി താമസിക്കുന്നവര്‍ക്കും ഒരുപാട് കാലം തമ്മില്‍ കാണാത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ കാണാനും ബന്ധങ്ങള്‍ പുതുക്കാനും നല്ലൊരവസരമാണ്. ഇടക്കിടെ കാണുകയും കുശലാനലേഷണങ്ങള്‍ നടത്തുകയും ചെയ്യേണ്ട കുടുംബ സൗഹൃദങ്ങളൊക്കെ പല കാരണങ്ങളാല്‍ നഷ്ടപ്പെടുമ്പോള്‍ പ്രത്യകിച്ചും. ദൂരെ ദിക്കിലൊക്കെ കുടുംബമായി മാറിത്താമസിക്കേണ്ടി വരുമ്പോള്‍ പലരും നാട്ടിലേക്കും കുടുംബത്തിലേക്കും ഒന്ന് കയറിച്ചെല്ലുക ഇത്തരം അവസരങ്ങളിലായിരിക്കും. അതുകൊണ്ട് വേണ്ടപ്പെട്ടവരെ വിളിച്ചൊരു സന്തോഷം പങ്കിടുന്നതില്‍ ആര്‍ക്കും പരാതിയുണ്ടാവുകയില്ല.

എന്നാല്‍ ഇന്ന് വിവാഹ വേളകളില്‍ നടക്കുന്നത് ഇത്തരമൊരു കുടുംബ സൗഹൃദ പങ്കുവെക്കലുകളല്ല. ആര്‍ഭാടത്തിന്റെയും പൊങ്ങച്ച പരതയുടെയും ഏറ്റവും ഉന്നതിയാണ്. പണക്കാര്‍ തങ്ങളുണ്ടാക്കിയ പണം നാലാളെ കാണിക്കാനും പാവപ്പെട്ടവന്‍ എല്ലാവരും ഇങ്ങനെയാവുമ്പോള്‍ ഞാന്‍ മാത്രം മോശക്കാരനാവരുതല്ലോ എന്ന മിഥ്യാഭിമാനവും. ഇത് രണ്ടും കൂടിയാണ് വിവാഹ വീടുകളിലും ഹാളുകളിലും വേവുന്നത്.

മിക്ക കല്ല്യാണങ്ങളും ഇന്ന് ഹാളുകള്‍ കേന്ദിരീകരിച്ചാണ്. നാലുസെന്റും ആറു സെന്റിലും വീടുള്ളവന് ആശ്വാസം ഹാള്‍ തന്നെയാണ്. പക്ഷേ ഈ ഹാളുകള്‍  പൂരത്തിന്  ഒരുക്കിയ ചന്തപോലയാണ് കല്ല്യാണ ദിവസം. ഉച്ച ഭക്ഷണത്തിന് ക്ഷണിച്ചവര്‍ക്ക്  ബിരിയാണിയും അതുവേണ്ടാത്തവര്‍ക്ക് ഊണും കൊടുത്താല്‍ മാത്രം മതി. പക്ഷേ ഇന്ന്, ഹാളിനു ചുറ്റും ചെറിയ ചെറിയ ഔട്ട് ലെറ്റുകള്‍ പോലെ ചപ്പാത്തിയും പുട്ടും വെള്ളാപ്പവും നൂല്‍പ്പുട്ടും പത്തിരിയും പത്തിരി ഒന്നുകൂടെ മടക്കി മടക്കിപ്പത്തിരിയും തരാതരം ഫ്രൂട്ട്‌സും കാവയും ചായയും കാപ്പിയും  ചൂടോടെ ഉണ്ടാക്കി ഉണ്ടാക്കിക്കൊടുക്കുന്ന ഔട്ട്‌ലെറ്റുകള്‍. തണുപ്പിക്കാന്‍ ബ്രാന്‍ഡഡ് ഐസ്‌ക്രീമുകള്‍ വേറെയും. പാവപ്പെട്ടവന്റെ ഭക്ഷണമെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തിയ  മത്തിയും പൂളയും ഏറ്റവും വലിയ ട്രെന്റാണിപ്പോള്‍.  ഒന്നിനും പൈസ കൊടുക്കേണ്ടാത്തതുകൊണ്ട് ആണും പെണ്ണും അത് കിട്ടാനുള്ള പരക്കം പാച്ചില്‍. സോമാലിയ അഭയാര്‍ഥിക്യാമ്പ് ഓര്‍മിപ്പിക്കുന്നതരത്തില്‍   ഭക്ഷണത്തളികയുമായി ക്യൂ നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ സമൂഹത്തില്‍ നിലയും വിലയുമുളള പണ്ഡിതന്മാരും രാഷ്ട്രീയ നേതാക്കന്മാരും പൗര പ്രമുഖരും ഉണ്ട്.

ഉല്‍സവത്തിന് നേര്‍ച്ചക്കാളയെ ഒരുക്കിയപോലെ യാണ് വധുവിന്റെ  ശരീരത്തിലെ സ്വര്‍ണാഭരണങ്ങള്‍. ആയിരങ്ങള്‍ വിലമതിക്കുന്ന ഡ്രസ്സുകള്‍ വേറെയും. അന്നൊരു നേരമല്ലാതെ ജീവിതത്തില്‍ പിന്നീടൊരിക്കലും അണിയാന്‍ പറ്റാത്തവയായിരിക്കും അത്. ബാന്റ് വാദ്യങ്ങളും നല്ലപോലെ ‘പുരോഗ’മിച്ചുണ്ടെങ്കില്‍ സുഹൃത്തുക്കള്‍ക്കിടയില്‍ നുണയാന്‍തലേന്നൊരു ലഹരി  വേറെയും. ആളും വാഹനവും നിയന്ത്രിക്കാന്‍ സെക്യൂരിറ്റിയും വളണ്ടിയേഴ്‌സും  പോലീസും ഇടപെടേണ്ട അവസ്ഥ.  പ്രാദേശികമായി ചടങ്ങുകളില്‍ വ്യത്യസ്തത പുലര്‍ത്തുമെങ്കിലും ആര്‍ഭാടത്തിന്റെ  കാര്യത്തില്‍ യാതൊരു വ്യത്യാസവുമില്ല.

നന്നേ ചുരുങ്ങിയ സമ്പന്നര്‍ ഉണ്ടെങ്കിലും വളരെ കൂടുതലാളുകളും ഈയൊരു ദിവസത്തിന് മാത്രമായി ലക്ഷങ്ങള്‍ പൊടിച്ചുകളയുന്നത് മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കിയ പണമാണ്. മക്കളുടെയും പെങ്ങന്‍മാരുടെയും പൊടിപൊടിച്ചാഘോഷിക്കുമ്പോഴും സമൂഹത്തിന് ബാക്കിയാവുന്നത്  എല്ലാ അര്‍ഥത്തിലും പട്ടിക ജാതിക്കാരനെക്കാള്‍ പിന്നോക്കമായ അവസ്ഥകളാണ്. വിദ്യാഭ്യാസത്തിന് തല ചായ്ക്കാന്‍ ഒരു തുണ്ട് ഭൂമിക്ക്, രോഗീ പരിചരണത്തിന്, ആവശ്യക്കാര്‍ സമുദായത്തിന്റെയും അല്ലാത്തതുമായി സമൂഹത്തില്‍ നിറയുകയാണ്. കല്ല്യാണം കഴിപ്പിച്ച് മാത്രം ദരിദ്രരായവും കിടപ്പാടം നഷ്ടപ്പെട്ടവരും ഏറെയാണ്. പലരും കൊടുത്താല്‍ തീരാത്രത്ര പലിശക്ക് കടം വാങ്ങിയവരാണ്. നാട്ടിലെ കല്ല്യാണ ട്രെന്ററിഞ്ഞാണ് പലരും പലിശക്ക് പണം വായ്പ കൊടുത്ത് കുബേരന്മാരായതും. ഈ അവസ്ഥയില്‍ പൂച്ചക്കാര് മണികെട്ടും എന്ന് കെങ്കേമന്‍ വിവാഹഘോഷങ്ങള്‍ കണ്ട് അന്ധാളിച്ചുപറഞ്ഞുപോയവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് വിവാഹ ധൂര്‍ത്തിനെതിരെ സമുദായ സംഘടനകളെ സഹകരിപ്പിച്ച് രംഗത്തിറങ്ങാനുള്ള ലീഗ് തീരുമാനം.  സമുദായത്തിന്റെ സാമ്പത്തിക ക്രയശേഷിയെ ഒറ്റ ദിവസം കൊണ്ട്  ഊതിപ്പറത്തിക്കളയാതെ ക്രിയാത്മകമായി ഉപയോഗിക്കാനുള്ള ശ്രമം വിജയിപ്പിക്കാന്‍ ഏറ്റവും ചെയ്#ാനാവുക പണ്ഡിതന്മാര്‍ക്കാണ്. വിവാഹം സാധുവാകാന്‍  പുരോഹിത്മാരെയും പണ്ഡിതന്മാരെയൊന്നും ആവശ്യമില്ലെങ്കിലും പണ്ഡിത സമൂഹത്തിന്റെ വാക്കുകളെ വിലക്കെടുക്കുന്നവരാണ്. സമുദായം. ഇവരുടെയൊക്കെ സാന്നിധ്യത്തിലാണ് എല്ലാ വിവാഹങ്ങളും. സംഘടനാപക്ഷപാതങ്ങള്‍ക്കതീതമായി ഇത്തരം     കൂട്ടായ്മ രൂപപ്പെടുത്തിയെടുക്കുന്നതാണ് കര്‍മശാസ്ത്ര ഭിന്നതകളെ പൊലിപ്പിച്ചുകാട്ടി സമുദായത്തില്‍ ഭിന്നത ഉണ്ടാക്കുന്നതിനെക്കാള്‍ അഭികാമ്യം.

Related Articles