മെയ് 14 ന് നടക്കുന്ന പ്രസിഡന്റ്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാന്‍ തയ്യാറെടുക്കുകയാണ് തുര്‍ക്കി ജനത. കഴിഞ്ഞ രണ്ട് ദശകങ്ങളിലെ ഏറ്റവും നിര്‍ണായകവും മത്സരസ്വഭാവമുള്ളതുമായ തെരെഞ്ഞെടുപ്പാണ് ഇനി നടക്കാനിരിക്കുന്നത്. റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി (സിഎച്ച്പി) നയിക്കുന്ന നാഷന്‍ അലയന്‍സിന് ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി (എകെപി) നേതൃത്വം നല്‍കുന്ന പീപ്പിള്‍സ് അലയന്‍സിനെ തകിടം മറിക്കാന്‍ സാധിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
രണ്ട് റൗണ്ടുകളായി നടക്കുന്ന തെരെഞ്ഞെടുപ്പില്‍ നാല് സ്ഥാനാര്‍ത്ഥികളില്‍ നിന്ന് വോട്ടര്‍മാര്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. പാര്‍ലമെന്റിനെ തെരെഞ്ഞെടുക്കാനും ഇത്തവണ അവര്‍ക്ക് അവസരമുണ്ട്. സമീപകാല വോട്ടെടുപ്പുകളില്‍ CHP നേതാവ് കമാല്‍ കിലിക്ദറോഗ്ലു പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനേക്കാള്‍ ഒരുപാട് മുന്നിലാണെങ്കിലും, പല വോട്ടര്‍മാര്‍ക്കിടയിലും അസ്ഥിരത നിലനില്‍ക്കുന്നതിനാല്‍ കണക്കുകളെ മാത്രം ആശ്രയിച്ച് നിഗമനങ്ങളിലെത്താനാവില്ല. എങ്കിലും, 21 വര്‍ഷമായി ഭരണത്തിലിരിക്കുന്ന എകെപിക്ക് ഒരു തെരെഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നതിന്റെ അടുത്തെത്തി നില്‍ക്കുന്ന തരത്തില്‍ ഇത്രമേല്‍ അപകടകരമായ സാഹചര്യം മുമ്പൊന്നുമുണ്ടായിട്ടില്ല.
2018-ലെ സൂപ്പര്‍ പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്കുള്ള തുര്‍ക്കിയുടെ മാറ്റമാണ് നിലവിലുള്ളവര്‍ക്ക് അധികാരം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതല്‍ സജീവമാക്കുന്നത്. ഈ മാറ്റം തുര്‍ക്കി രാഷ്ട്രീയത്തില്‍ കാര്യമായ രണ്ട് പരിവര്‍ത്തനങ്ങളാണ് സൃഷ്ടിച്ചത്.
ആദ്യത്തെ മാറ്റം തികച്ചും സ്ഥാപനപരമാണ്. പാര്‍ട്ടികള്‍ക്കിടയില്‍ സഖ്യം കെട്ടിപ്പടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഭൂരിപക്ഷ യുക്തിയാണ് കക്ഷിരാഷ്ട്രീയത്തിനും തെരെഞ്ഞെടുപ്പ് സമ്പ്രദായത്തിനും അത് നല്‍കിയത്. കൂടാതെ, ഔപചാരികമായിത്തന്നെ സഖ്യങ്ങള്‍ സ്ഥാപിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ തുര്‍ക്കിഷ് തെരെഞ്ഞെടുപ്പ് നിയമം പരിഷ്‌കരിക്കപ്പെടുകയും ചെയ്തു. ഇത്തരത്തിലുള്ള സഖ്യങ്ങളുണ്ടായത് തുര്‍ക്കിയുടെ ഉയര്‍ന്ന ഇലക്ടറല്‍ പരിധി മറികടക്കാന്‍ ചെറിയ രാഷ്ട്രീയ പാര്‍ട്ടികളെയും സഹായിക്കുകയുണ്ടായി.
ഉര്‍ദുഗാന്റെ ഭരണത്തെയും എക്സിക്യൂട്ടീവ് ബ്രാഞ്ചിനെയും ശക്തിപ്പെടുത്തുന്നതിനായാണ് ഈ മാറ്റങ്ങള്‍ രൂപകല്‍പ്പന ചെയ്തതെങ്കിലും, അപ്രതീക്ഷിത പ്രത്യാഘാതങ്ങളാണ് അതുകൊണ്ടുണ്ടായത്. ഭൂരിപക്ഷ രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റം തിരഞ്ഞെടുപ്പ് സമ്പ്രദായത്തിലെ പരിഷ്‌കാരങ്ങള്‍ക്കൊപ്പം രാഷ്ട്രീയ മേഖലയിലുടനീളമുള്ള എതിരാളികളെ മുഴുവന്‍ ഒന്നിക്കാന്‍ പ്രേരിപ്പിച്ചു. ചെറിയ പാര്‍ട്ടികള്‍ക്ക് ഫലങ്ങളെ സ്വാധീനിക്കാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിലൂടെ, സമൂഹത്തിലെ വ്യത്യസ്ത ശക്തികളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളുടെ ആവിര്‍ഭാവത്തെയും നിലനില്‍പ്പിനെയും പുതിയ സംവിധാനം പ്രോത്സാഹിപ്പിക്കുകയായിരുന്നു. തുര്‍ക്കി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നു എന്ന വാദത്തിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കാനെന്നവണ്ണം പ്രതിപക്ഷ സഖ്യത്തിന് ഈ പാര്‍ട്ടികളെയെല്ലാം ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞു.
വിപരീത ജനകീയത
സ്ഥാപനപരമായ ഈ ചലനാത്മകതയാണ് 2018-ലെ പൊതു തെരെഞ്ഞെടുപ്പുകളിലും 2019-ലെ പ്രാദേശിക തെരഞ്ഞെടുപ്പുകളിലും മത്സര മണ്ഡലത്തെ രൂപപ്പെടുത്തിയത്. രണ്ട് തെരെഞ്ഞെടുപ്പുകളിലും പ്രത്യയശാസ്ത്രപരമായി ഭിന്നതയുള്ള രാഷ്ട്രീയ ഗ്രൂപ്പുകളെ ഒറ്റ കുടക്കീഴില്‍ കൊണ്ടുവരാനുള്ള ഏകീകരണ ടൂളായി സ്വേച്ഛാധിപത്യത്തെ ജനാധിപത്യം നേരിടുന്നു എന്ന പിളര്‍പ്പിനെ പ്രതിപക്ഷം ഉപയോഗിക്കുകയുണ്ടായി. അതുവഴി, എകെപിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തുര്‍ക്കിയില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന യാഥാസ്ഥിതിക-സെക്കുലര്‍ വിഭാഗത്തിന്റെ പരിമിതികളെ വലിയതോതില്‍ മറികടക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞു.
2019-ലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ വിപരീത ജനകീയത(Inverted Populism) എന്നറിയപ്പെടുന്ന തന്ത്രമാണ് നാഷന്‍ അലയന്‍സ് പ്രയോഗിച്ചത്. 2023-ലെ തെരെഞ്ഞെടുപ്പ് പ്രചാരണ വേളയിലും തുടരുന്ന ഈ തന്ത്രം മൂന്ന് കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയതാണ്: ഉര്‍ദുഗാനോടും അദ്ദേഹം പ്രതിനിധീകരിക്കുന്ന ജനകീയ മൂല്യങ്ങളോടുമുള്ള നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുക; തുര്‍ക്കി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ‘ജനം’ എന്നതിനെ പുനര്‍നിര്‍വചിക്കുക; പിന്നാക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക പുനര്‍വിതരണം വാഗ്ദാനം ചെയ്യുക എന്നിവയാണത്. അധികാരത്തിലിരിക്കുന്നവര്‍ക്ക് വ്യക്തമായും തന്ത്രപരമായ മുന്‍തൂക്കമുള്ള വിദേശനയം പോലെയുള്ള വിഷയങ്ങള്‍ അവര്‍ അപ്രധാനമാക്കി നിര്‍ത്തി.
ഈ തന്ത്രത്തിലൂടെ, നാഷന്‍ അലയന്‍സ് തുര്‍ക്കിയിലെ മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ വലിയ വിജയങ്ങള്‍ നേടുകയും 2019-ലെ മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ നിലവിലെ രാഷ്ട്രീയ അധികാരകേന്ദ്രത്തെ ശക്തമായി വെല്ലുവിളിക്കുകയും ചെയ്തു. തുര്‍ക്കിയുടെ സാമ്പത്തിക സാംസ്‌കാരിക തലസ്ഥാനമായ ഇസ്താംബൂളില്‍ എകെപിയുടെ ആധിപത്യം അവസാനിപ്പിച്ച് എക്രം ഇമാമോഗ്ലു മേയറായി തിരഞ്ഞെടുക്കപ്പെട്ടത് ഇവയില്‍ പ്രത്യേകിച്ചും ശ്രദ്ധേയമാണ്. പ്രതിപക്ഷത്തിന് ഭരിക്കാനുള്ള കഴിവുണ്ടെന്ന പൊതുസമൂഹത്തിന്റെ വിശ്വാസവും അതുപോലെ പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസവും ഈ മുനിസിപ്പല്‍ വിജയങ്ങളിലൂടെ ഗണ്യമായി വര്‍ധിച്ചു. ഏറ്റവും പ്രധാനമായി, എകെപിയെ അജയ്യമായ ശക്തിയായി ചിത്രീകരിക്കുന്ന മനഃശാസ്ത്രപരമായ തടസ്സത്തെ ഭേദിക്കാന്‍ ജനങ്ങള്‍ പ്രതിപക്ഷത്തിന് തുണയായി.
സൂപ്പര്‍ പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്കുള്ള ചുവടുമാറ്റം കൊണ്ടുവന്ന രണ്ടാമത്തെ മാറ്റം തുര്‍ക്കി രാഷ്ട്രീയത്തിന്റെ അപസ്ഥാപനവല്‍ക്കരണവും (De-institutionalization)അപജനാധിപത്യവല്‍ക്കരണവുമായി (De-democratization) ബന്ധപ്പെട്ടതാണ്. എക്സിക്യൂട്ടീവിന് നല്‍കിയ അധികാരങ്ങളും യാതൊരു തരത്തിലുള്ള പരിശോധനകളും ബാലന്‍സുകളും ഇല്ലാതിരുന്നതും മൂലമായി പുതിയ സംവിധാനം തുര്‍ക്കിയുടെ അധികാരനിര്‍വഹണ സ്ഥാപനങ്ങളെ പെട്ടെന്ന് തന്നെ തകര്‍ത്തു. ഈ സംവിധാനം തുര്‍ക്കിയുടെ അപജനാധിപത്യവല്‍ക്കരണത്തിലേക്ക് വഴിയൊരുക്കിയതിനു പുറമേ, വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള തടസ്സവുമായി മാറി.
മുന്‍കാലങ്ങളില്‍, എകെപിയുടെ സാമ്പത്തികരംഗത്തെ ശക്തമായ പ്രകടനം അതിന്റെ തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങളിലും ഔപചാരികവും അനൗപചാരികവുമായ പുനര്‍വിതരണ സംവിധാനങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിലും പ്രധാന ഘടകമായിരുന്നു. ക്രോസ്-ക്ലാസ് തിരഞ്ഞെടുപ്പ് സഖ്യം രൂപപ്പെടുത്താറുള്ള എകെപിക്ക് ഇത് നിര്‍ണായകമായിരുന്നു. ഇന്ന്, സാമ്പത്തിക വളര്‍ച്ചാനിരക്കിലെ ഇടിവും, കുത്തനെ ഉയരുന്ന പണപ്പെരുപ്പവുമെല്ലാം സാമ്പത്തികവും ജനാധിപത്യപരവുമായ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ എകെപി അനുഭാവികള്‍ പതുക്കെയാണെങ്കിലും കൂറുമാറാനുള്ള സാധ്യത കൂടുതലാണ്.
മാറുന്ന പിന്തുണ
എകെപി തുര്‍ക്കിയിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയാണെങ്കിലും, അതിന്റെ അടിത്തറയുടെ തുടര്‍ച്ചയായി ശിഥിലീകരിക്കപ്പെട്ടത് പ്രസിഡന്റ് സ്ഥാനത്തേക്ക് ആവശ്യമായ വോട്ടിന്റെ 50 ശതമാനം + 1 നേടുന്നതിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. 2018 ലെ പൊതു തിരഞ്ഞെടുപ്പില്‍ AKP യുടെ മൊത്തം വോട്ടിന്റെ ശതമാനം 43 ശതമാനമായിരുന്നെങ്കില്‍, അതിന്റെ പ്രധാന സഖ്യകക്ഷിയായ നാഷണല്‍ മൂവ്മെന്റ് പാര്‍ട്ടിയുടേത് (MHP) 11 ശതമാനമായിരുന്നു. നിലവില്‍, അനവധി സര്‍വേകള്‍ പ്രകാരം എംഎച്ച്പിയുടെ പിന്തുണ ഏകദേശം 7 ശതമാനവും എകെപിയുടേത് 35 ശതമാനവുമാണ്.
എന്നാലും, വോട്ടര്‍മാര്‍ക്കിടയിലെ എര്‍ദോഗന്‍ വിരുദ്ധ വികാരം നാഷന്‍ അലയന്‍സിന് നേരിട്ടുള്ള പിന്തുണയായി കാണാനാവില്ല. കാരണം, പാര്‍ലമെന്റില്‍ ഭൂരിപക്ഷമുറപ്പിക്കാന്‍ അവര്‍ക്ക് കുര്‍ദിഷ് അനുകൂല പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എച്ച്ഡിപി) പിന്തുണ ആവശ്യമാണ്. എച്ച്ഡിപിയുടെ നേതൃത്വത്തിലുള്ള ലേബര്‍ ആന്‍ഡ് ഫ്രീഡം അലയന്‍സ് അടുത്തിടെ കിലിക്ദരോഗ്ലുവിന് പിന്തുണ പ്രഖ്യാപിച്ചത് അദ്ദേഹത്തെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥികളില്‍ മുന്‍നിരക്കാരനാക്കി മാറ്റി.
എന്നാല്‍ ഈ സഹകരണം ദേശീയവാദികളായ വോട്ടര്‍മാരെ അകറ്റാന്‍ സാധ്യതയുള്ളതിനാല്‍ സുപ്രധാനമായ പിന്തുണ നേടിയെടുക്കാന്‍ നാഷന്‍ അലയന്‍സിന് ശക്തമായ സന്തുലിതാവസ്ഥ പാലിക്കേണ്ടതുണ്ട്. ദേശീയതാ ചായ്വുള്ള ഗുഡ് പാര്‍ട്ടി ഈ സഖ്യത്തിലുണ്ടെന്നതൊന്നും കുടിയേറ്റവും കുര്‍ദിഷ് പ്രശ്നവും പോലുള്ള വിഷയങ്ങളില്‍ കൂടുതല്‍ പരുഷമായ നയങ്ങള്‍ ആഗ്രഹിക്കുന്ന വോട്ടര്‍മാരെ തൃപ്തിപ്പെടുത്താന്‍ പര്യാപ്തമല്ല.
ഇതറിഞ്ഞുകൊണ്ട്, നിക്ഷ്പക്ഷരായ വോട്ടര്‍മാരെ പ്രതിപക്ഷത്തില്‍ നിന്ന് അകറ്റാനും ‘ദേശ സുരക്ഷ’ ആവശ്യപ്പെടുന്നവര്‍ക്കിടയില്‍ പിന്തുണ വര്‍ദ്ധിപ്പിക്കാനുമായി ദേശീയവാദ കാര്‍ഡും എച്ച്ഡിപി വിരുദ്ധ വികാരവും എടുത്തുപയോഗിക്കുകയാണ് അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍. കുര്‍ദിഷ് അനുകൂല എച്ച്ഡിപിക്ക് സ്ഥാനം നല്‍കുന്ന പ്രതിപക്ഷത്തെ ‘രാജ്യദ്രോഹികളുടെയും തീവ്രവാദികളുടെയും’ സഖ്യമായി ഫ്രെയിം ചെയ്യാനാണ് സര്‍ക്കാരിന്റെ ആഖ്യാന കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. പൊതുവെ ടേബിള്‍ ഓഫ് സിക്‌സ് എന്ന് വിളിക്കപ്പെടാറുള്ള നാഷന്‍ സഖ്യത്തെ ഉര്‍ദുഗാന്‍ ഈയിടെ വിശേഷിപ്പിച്ചത് ടേബിള്‍ ഓഫ് സെവന്‍ എന്നാണ്.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികളായ മുഹറം ഇന്‍സെയുടെയും സിനാന്‍ ഓഗന്റെയും സാന്നിധ്യം പ്രധാന സ്ഥാനാര്‍ത്ഥികളായ ഉര്‍ദുഗാനും കിലിക്ദറോഗുവിനും ആദ്യ റൗണ്ട് വോട്ടിംഗില്‍ തന്നെ ഭൂരിപക്ഷം തെളിയിക്കാനുള്ള ഭൂരിപക്ഷം നേടാനുള്ള സാധ്യത ഇല്ലാതാക്കുന്നു.
അതേസമയം, 55,000-ത്തിലധികം ആളുകളുടെ മരണത്തിനിടയാക്കിയ സമീപകാല ഭൂകമ്പം പോലെ വിനാശകരമായ ഒരു സംഭവത്തിന്റെ കാര്യത്തില്‍ പോലും തുര്‍ക്കി സമൂഹം ആഴത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നുവെന്ന് കാണാം. അടുത്തിടെ നടത്തിയ ഒരു സര്‍വേ പ്രകാരം, പ്രതികരിച്ചവരില്‍ 40 ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് സര്‍ക്കാര്‍ ഭൂകമ്പം കൈകാര്യം ചെയ്തതില്‍ തൃപ്തരാണെന്ന് അഭിപ്രായപ്പെട്ടത്. 90 ശതമാനത്തിലധികം എകെപി വോട്ടര്‍മാര്‍ അനുകൂലമായ റേറ്റിംഗും 95 ശതമാനത്തിലധികം സിഎച്ച്പി വോട്ടര്‍മാര്‍ നെഗറ്റീവ് റേറ്റിംഗും നല്‍കിയതിനാല്‍ പാര്‍ട്ടി പക്ഷപാതം പുലര്‍ത്തുന്നവര്‍ക്കിടയിലെ വ്യത്യാസമാകാം അതെന്ന വാദവുമുണ്ട്.
തുര്‍ക്കിയുടെ അടുത്ത തിരഞ്ഞെടുപ്പ് എന്തുകൊണ്ട് ഒരു യുദ്ധരംഗമായി മാറുന്നുവെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു. വോട്ട് ചെയ്യാനിരിക്കുന്നവര്‍ തങ്ങളുടെ അഭിപ്രായങ്ങളില്‍ മാറ്റം വരുത്തണമെന്നില്ല. പക്ഷേ, ഭരണപക്ഷത്തോടും പ്രതിപക്ഷത്തോടും അതൃപ്തിയുള്ളവര്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്നതില്‍ സംശയമില്ല.
വിവ. മുഹമ്മദ് അഫ്സൽ പി. ടി
🪀 കൂടുതല്‍ വായനക്ക് 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE