Current Date

Search
Close this search box.
Search
Close this search box.

സമര്‍പ്പണത്തിന്റെ തത്വശാസ്ത്രം

ഒരു മുസ്‌ലിംവ്യക്തിത്വത്തിന്റെ സ്വഛന്ദമായ ഭാവമത്രെ സമര്‍പ്പണം. മുസ്‌ലിമെന്ന നാമംതന്നെ നോക്കൂ. എത്ര അര്‍ഥസമ്പുഷ്ടമാണ് ആ പദം. പൂര്‍ണമായും സമര്‍പ്പിച്ചവനെന്നാണ് അതിന്റെ അര്‍ഥം. ദൈവത്തിനു മുമ്പാകെയാണ് സമര്‍പ്പണം. ചെറുതും വലുതുമായ ഓരോ കാര്യവും ദൈവത്തിന് സമര്‍പ്പിച്ചിരിക്കുന്നു മുസ്‌ലിം. സ്വത്വത്തില്‍നിന്നാണ് സമര്‍പ്പണത്തിന്റെ തുടക്കം. തുടര്‍ന്ന് ആത്മാവിനെയും ബുദ്ധിയെയും സമര്‍പ്പിച്ചിരിക്കുന്നു. ശരീരത്തെയും ശരീരത്തിലെ മുഴുവന്‍ അവയവങ്ങളെയും സൂക്ഷമകോശങ്ങളെവരെയും സമര്‍പ്പിച്ചിരിക്കുന്നു. ധനം, കര്‍മം, ശേഷികള്‍, സാധ്യകള്‍ തുടങ്ങി സര്‍വവും സമര്‍പ്പണവിധേയമാണ്. പ്രാര്‍ഥനയും ആരാധനയും ജീവിതവും മരണവും സര്‍വലോകരക്ഷിതാവായ ദൈവത്തിനുമാത്രമാണെന്ന് ദിനേന ചുരുങ്ങിയത് അഞ്ചുതവണയെങ്കിലും മുസ്‌ലിം ഉരുവിട്ടുകൊണ്ടിരിക്കുന്നു.

സമര്‍പ്പണത്തിന്റെ തത്വരത്‌നങ്ങളാല്‍ അലംകൃതമാണ് വിശുദ്ധവേദവും തിരുചര്യയും. സമര്‍പ്പണത്തിന്റെ വിശുദ്ധമായ ഒരു ജാലകം അവ നെയ്തിരിക്കുന്നു. ഉപദേശങ്ങളിലൂടെയും കഥകളിലൂടെയും ഉപമകളിലൂടെയും മറ്റും സമര്‍പ്പണത്തെ സ്വത്വത്തിനുള്ളില്‍ സന്നിവിശേഷിപ്പിക്കുന്നുണ്ട് വിശുദ്ധവേദവും തിരുചര്യയും. വിശുദ്ധവേദം പറയുന്നത് ശ്രദ്ധിക്കൂ: ”ശിക്ഷ വന്നെത്തുംമുമ്പ് നിങ്ങള്‍ നിങ്ങളുടെ നാഥനോട് പശ്ചാത്തപിച്ചുകൊള്ളുക. അവന് സമര്‍പ്പിക്കുകയും ചെയ്യുക”(അസ്സുമര്‍: 54). മറ്റൊരു സൂക്തമിങ്ങനെ: ”വിശ്വസിച്ചവരേ, നിങ്ങള്‍ ദൈവത്തെ യഥാവിധി സൂക്ഷിക്കുക. സമര്‍പ്പിക്കുന്നവരായിട്ടല്ലാതെ നിങ്ങള്‍ മരിക്കാവതല്ല”(ആലുഇംറാന്‍: 102). ദൈവമേ, നിനക്കിതാ ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നുവെന്ന് പ്രാര്‍ഥനാപൂര്‍വം പ്രവാചകന്‍ ചൊല്ലാറുണ്ടായിരുന്നു. വിശുദ്ധവേദവും തിരുചര്യയും മാത്രമല്ല, ഇതരമതങ്ങളുടെ വേദഗ്രന്ഥങ്ങളും സമര്‍പ്പണത്തെപ്പറ്റി വാചാലമാവുന്നുണ്ട്. ഉദാഹരണത്തിന് ഭഗവദ്ഗീതയില്‍നിന്ന് ഒരു സൂക്തംമുദ്ധരിക്കാം: ‘സ്വത്വംകൊണ് മുഴുവന്‍ കര്‍മങ്ങളും എന്നില്‍ സമര്‍പ്പിച്ചിട്ട് എന്നെ പരമലക്ഷ്യമാക്കി ബുദ്ധിയോഗത്തെ ആശ്രയിച്ച് എപ്പോഴും എന്നില്‍ത്തന്നെ ഉറപ്പിക്കുക’.

അറബിഭാഷയിലെ സമര്‍പ്പണത്തിന്റെ പ്രയോഗം ഇസ്‌ലാമെന്നാണ്. സലാമെന്ന ഉറവിടപദത്തില്‍ നിന്നാണ് ഇസ്‌ലാമെന്ന സംജ്ഞ പിറവികൊള്ളുന്നത്. മുഴുവന്‍ വിപത്തില്‍നിന്നും മുക്തിനേടി ആത്മാവ് ശാന്തിനിര്‍ഭരമാകുന്ന അവസ്ഥയാണ് സലാം. സലാമിന്റെ അധികരിച്ച രൂപമാണ് ഇസ്‌ലാം. അനുസരണം, കീഴ്‌വണക്കം, സമര്‍പ്പണം എന്നൊക്കെയാണ് അതിന്റെ അര്‍ഥങ്ങള്‍. ദൈവമെന്ന അസ്തിത്വത്തിനുമുമ്പില്‍ സര്‍വവും സമര്‍പ്പിക്കുന്നതിന്റെ വ്യാകരണമാണ് ഇസ്‌ലാം. സമര്‍പ്പണം ദൈവത്തിനുമാത്രം സവിശേഷമാക്കുമ്പോള്‍ സ്വത്വം ശാന്തിനിര്‍ഭരമാവുകയും സമാധാനം പ്രാപിക്കുകയും ചെയ്യുന്നു.

മുസ്‌ലിമിന്റെ സ്വഛന്ദമായ ഭാവമാണ് സമര്‍പ്പണമെന്ന് പറഞ്ഞുവല്ലോ. അതോടൊപ്പം സമര്‍പ്പണം ഒരു വീക്ഷണം കൂടിയാണ്. ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലേക്കും വെളിച്ചം വീശുന്ന വീക്ഷണം. ജീവിതത്തിന് അഴകും ചിട്ടയും ഉറപ്പുവരുത്തുന്ന വീക്ഷണം. ജീവിതത്തിന് അധ്യാത്മികമായ മേലാപ്പൊരുക്കുന്ന വീക്ഷണം. ദൈവവും ദൂതനും വെളിപ്പെടുത്തിയ വിജ്ഞാനങ്ങള്‍ അനുധാവനംചെയ്യുമ്പോഴാണ് സമര്‍പ്പണം ജീവിതവീക്ഷണമായി മാറുന്നത്. വ്യക്തി, കുടുംബം, സമൂഹം, സമ്പത്ത്, രാഷ്ട്രീയം, സംസ്‌കാരം, നാഗരികത എന്നിങ്ങനെ ജീവിതത്തെ വിഭജിക്കാറുണ്ട്. ഈ സപ്തമേഖലകള്‍ വെടിപ്പോടെ ആവിഷ്‌കരിക്കന്‍ സഹായകമാവുന്ന തത്വജ്ഞാനങ്ങള്‍ വിശുദ്ധവേദവും തിരുചര്യയും നല്‍കുന്നുണ്ട്. പ്രസ്തുത തത്വജ്ഞാനങ്ങള്‍ യഥാവിധി പ്രയോഗവല്‍ക്കരിക്കുമ്പോള്‍ സമര്‍പ്പണം ജീവിതവീക്ഷണമായി ഉയരുന്നു.

‘അല്ലാഹുവല്ലാതെ മറ്റൊരു ദൈവമേയില്ല, മുഹമ്മദ്(സ) ദൈവത്തിന്റെ ദൂതനാകുന്നു’ എന്ന കൊച്ചുവാചകമാണ് ഇസ്‌ലാമിന്റെ ആദര്‍ശം. ആദര്‍ശത്തിന് ഉന്മുഖമായാണ് സമര്‍പ്പണം നാമ്പെടുക്കുകയും വളരുകയും വികസിക്കുകയും ചെയ്യുന്നത്. ആശയങ്ങളുടെ വിശാലമായ പ്രപഞ്ചമാണ് ആദര്‍ശം. ദൈവത്തിന്റെ ദൈവികത്വവും ദൂതന്റെ പ്രവാചകത്വവുമാണ് അതിന്റെ പ്രമേയം. ദൈവത്തിന്റെയും ദൂതന്റെയും പവിത്രതക്ക് നിരക്കാത്ത മുഴുവന്‍ വേണ്ടാതീനങ്ങളെയും ആദര്‍ശം പുറംതള്ളുന്നു. ദൈവത്തിന്റെയും ദൂതന്റെയും പ്രഭക്ക് വര്‍ണംനല്‍കുന്ന മുഴുവന്‍ ചേരുവകളെയും സ്വാംശീകരിക്കുകയും ചെയ്യുന്നു. ആദര്‍ശത്തോട് ഇഴചേര്‍ത്തുകൊണ്ട് മനോഹരമായാണ് സമര്‍പ്പണത്തെ വിശുദ്ധവേദം അവതരിപ്പിക്കുന്നത്. യഅ്ഖൂബ് നബിയുടെ സന്തതികളുമായുള്ള സംവാദം അതിനുദാഹരാണമാണ്. തനിക്കുശേഷം ആരെയാണ് നിങ്ങള്‍ ആരാധിക്കുകയെന്ന് യഅ്ഖൂബ് നബി ചോദിക്കുന്നു. സന്തതികളുടെ മറുപടിയില്‍ ആദര്‍ശവും സമര്‍പ്പണവും ഇഴയടുപ്പത്തോടെ കടന്നുവരുന്നു: ”ഞങ്ങള്‍ അങ്ങയുടെ ദൈവത്തെയാണ് ആരാധിക്കുക. അങ്ങയുടെ പിതാക്കളായ ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെയും ഇസ്ഹാഖിന്റെയും നാഥനായ ആ ഏകദൈവത്തെ. ഞങ്ങള്‍ അവന് സമര്‍പ്പിച്ച് കഴിയുന്നവരാകും”(അല്‍ബഖറ: 133). മറ്റൊരിടത്ത് സമര്‍പ്പണവും ആദര്‍ശവും തമ്മിലുള്ള പാരസ്പര്യം ഇതള്‍വിരിയുന്നത് ഇപ്രകാരമാണ്: ”പറയുക: നിങ്ങളുടെ ദൈവം ഏകനായ ദൈവം മാത്രമാണെന്ന് എനിക്ക് ബോധനമായി ലഭിച്ചിരിക്കുന്നു. എന്നിട്ടും നിങ്ങള്‍ സമര്‍പ്പിക്കുന്നവരാവുന്നില്ലേ?”(അല്‍അമ്പിയാഅ്: 108).

സ്വത്വത്തിലാണ് സമര്‍പ്പണം പതിയെപതിയെ മൊട്ടിടുന്നത്. ദൈവത്തിന്റെ ഉതവിയും കാരുണ്യവും അതിന് മേമ്പൊടിയായി വര്‍ത്തിക്കുന്നു. സമര്‍പ്പണം വിലമതിക്കാനാവാത്ത മഹത്തായ സൗഭാഗ്യമാണ്. അത് ഒരു വ്യക്തിക്ക് ലഭിച്ചുകഴിഞ്ഞാല്‍ ദൈവികമായ മാര്‍ഗദര്‍ശനവും പ്രകാശവുമാണ് ലഭിച്ചിരിക്കുന്നത്. അവ ലഭിച്ച വ്യക്തിയും ലഭിക്കാത്ത വ്യക്തിയും തമ്മില്‍ വലിയ തോതിലുള്ള വ്യത്യാസമുണ്ടായിരിക്കും: ”ദൈവം ആരെയെങ്കിലും നേര്‍വഴിയിലാക്കാന്‍ ഉദേശിക്കുന്നുവെങ്കില്‍ അയാളുടെ സ്വത്വത്തെ അവന്‍ സമര്‍പ്പണത്തിനായി(ഇസ്‌ലാം) തുറന്നുകൊടുക്കുന്നു. ആരെയെങ്കിലും ദുര്‍മാര്‍ഗത്തിലാക്കാനാണ് ഉദേശിക്കുന്നതെങ്കില്‍ അയാളുടെ സ്വത്വത്തെ ഇടുങ്ങിയതും സങ്കുചിതവുമാക്കുന്നു. അപ്പോള്‍ താന്‍ ആകാശത്തേക്ക് കയറിപോകുംപോലെ അവന് അനുഭവപ്പെടും. വിശ്വസിക്കാത്തവര്‍ക്ക് ദൈവം ഇവ്വിധം നീചമായ ശിക്ഷ നല്‍കും”(അല്‍അന്‍ആം: 125), ”ദൈവം ഒരാള്‍ക്ക് ഇസ്‌ലാം സ്വീകരിക്കാന്‍ ഹൃദയവിശാലത നല്‍കി. അങ്ങനെ അവന്‍ തന്റെ നാഥനില്‍നിന്നുള്ള വെളിച്ചത്തിലൂടെ ചരിക്കാന്‍ തുടങ്ങി. അയാളും അങ്ങനെയല്ലാത്തവനും ഒരുപോലെയാകുമോ? അതിനാല്‍ ദൈവസ്മരണയില്‍ നിന്നകന്ന് ഹൃദയം കടുത്തുപോയവര്‍ക്കാണ് കൊടിയ നാശം! അവര്‍ വ്യക്തമായ വഴികേടിലാണ്”(അസ്സുമര്‍: 22).

ഇസ്‌ലാം പകരുന്ന ഓരോ പാഠത്തിലും സമര്‍പ്പണമെന്ന തത്വം ഉള്‍ചേര്‍ന്നിട്ടുണ്ട്. ഉദാഹരണത്തിന് നമസ്‌കാരത്തെ പരിശോധിക്കാം. സമര്‍പ്പണത്തിന്റെ ലളിതവും പൂര്‍ണവുമായ രൂപം നമസ്‌കാരത്തില്‍ അനുഭവിക്കാം. നമസ്‌കാരത്തില്‍ സ്വത്വവും ശരീരവും പരമമായ സമര്‍പ്പണത്തിന് വിധേയമാവുന്നു. ബോധം, ബുദ്ധി, വിചാരം, വികാരം, കൈകാലുകള്‍, കണ്ണ്, മൂക്ക്, ചെവി, മൊത്തം ശരീരം സമര്‍പ്പണത്തിന്റെ ഭാഗമാവുന്നു. അഥവാ അവ ബോധപൂര്‍വം മൗനത്തിന്റെ ഭാഷയില്‍ മുസ്‌ലിമാണെന്ന് ഉരുവിടുന്നു. സ്വത്വം മാത്രമല്ല, ശരീരത്തിലെ ഓരോ സൂക്ഷമകോശവും ധ്യാനപൂര്‍വം ദൈവത്തിനുമുമ്പില്‍ നമ്രശിരസ്‌കമാവുന്നു. സാഷ്ടാംഗ(സുജൂദ്) ത്തിലെത്തുമ്പോള്‍ സമര്‍പ്പണം അതിന്റെ പരമമായ അവസ്ഥയിലേക്ക് ചേക്കേറുന്നു. വിശ്വാസം, ദൈവസ്മരണ, ദൈവത്തില്‍ ഭരമേല്‍പിക്കല്‍, പശ്ചാത്താപം, പ്രാര്‍ഥന തുടങ്ങി എല്ലാറ്റിലും സമര്‍പ്പണത്തിന്റെ കണങ്ങള്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു.

സമര്‍പ്പണം തികവുറ്റതാവണമെങ്കില്‍ രണ്ടു കാര്യങ്ങള്‍ അതിനെ വലയം ചെയ്തുകൊണ്ടേയിരിക്കണം. ആരാധന(ഇബാദത്ത്), അനുസരണം(ഇത്വാഅത്ത്) എന്നിവയാണവ. ദൈവവും ദൂതനും പഠിപ്പിച്ച മര്‍മപ്രധാനമായ ആശയങ്ങണ് അവ രണ്ടും. നമസ്‌കാരം, നോമ്പ്, ഹജ്ജ്, ഉംറ, ദൈനംദിനപ്രാര്‍ഥനകള്‍, മന്ത്രങ്ങള്‍ പോലുള്ളവയാണ് ആരാധനയുടെ ഇനത്തില്‍ പ്രധാനമായയും കടന്നുവരുന്നത്. ആദര്‍ശത്തിന്റെ വഴിത്താരയില്‍ സ്വത്വത്തിന്റെ വിശുദ്ധി നിലനിര്‍ത്താന്‍ ദൈവവുമായി നേര്‍ക്കുനേരേ നടത്തുന്ന ഇടപാടുകളാണ് ആരാധന. ദൈവവും ദൂതനും കല്‍പിച്ച വിധികളും വിലക്കിയ വിലക്കുകളുമാണ് അനുസരണത്തിന്റെ ഗണത്തില്‍ വരുന്നത്. ജീവിതത്തിന്റെ വിശുദ്ധി നിത്യവും നിലനിര്‍ത്താന്‍ ദൈവികവിധികള്‍ അനുധാവനംചെയ്യുകയും ദൈവികവിലക്കുകള്‍ വര്‍ജിക്കുകയും വേണം. ആരാധനക്കും അനുസരണത്തിനും പ്രത്യക്ഷവും പരോക്ഷവുമായ രൂപമുണ്ട്. കണ്ണുകള്‍കൊണ്ട് കാണാവുന്ന പ്രകടമായ രൂപങ്ങളാണ് അവയുടെ പ്രത്യക്ഷരൂപം. ആരാധനയിലും അനുസരണത്തിലും ഉള്‍ചേര്‍ന്ന വിധേയത്വമനോഭാവമാണ് പരോക്ഷരൂപം. ആരാധനയും അനുസരണവും മനംകുളിര്‍ക്കുന്ന ആത്മീയതയാണ് പ്രധാനംചെയ്യുന്നത്.

രണ്ട് കാരണങ്ങളാലാണ് മുസ്‌ലിം തന്റെ ജീവിതത്തെ ദൈവത്തിന് സമര്‍പ്പിച്ചിക്കുന്നത്. ഒന്ന്, ദൈവം സൃഷ്ടാവായതിനാല്‍. പ്രപഞ്ചവും അതിലെ മുഴുവന്‍ ചരാചരങ്ങളും സ്വയം ഉണ്ടായതല്ല. എല്ലാം ദൈവം സൃഷ്ടിച്ച അവന്റെ സൃഷ്ടികളാണ്. മനുഷ്യനും അങ്ങനെ തന്നെ. അതിനാല്‍ സൃഷ്ടികള്‍ക്ക് പരമമായ ഉടമസ്ഥത എന്നൊന്നില്ല. പരമമായ ഉടമസ്ഥത ദൈവത്തിനു മാത്രമേയുള്ളൂ. ദൈവമൊഴികെയുള്ളവ അവന്റെ വിനീത ദാസന്മാരണ്. വിനീതദാസന്മാര്‍ ദൈവത്തിന്റെ അഭീഷ്ടത്തിനൊത്ത് ജീവിതത്തെ സമര്‍പ്പിക്കുകയാണ് വേണ്ടത്. രണ്ട്, സൃഷ്ടികളുടെ ക്ഷേമത്തിന്. മനുഷ്യന്റെ ക്ഷേമമാണ് സമര്‍പ്പണത്തിലൂടെ സാധ്യമാവുന്നത്. ക്ഷേമമെന്നാല്‍ ഐഹികവും പാരത്രികവുമായ ക്ഷേമം. മനുഷ്യന്‍ ദൈവത്തിന് സമര്‍പ്പിച്ചാലും ഇല്ലെങ്കിലും ദൈവത്തിന് നേട്ടമോ കോട്ടമോ സംഭവിക്കുന്നില്ല. സമര്‍പ്പണത്തിന്റെ ഫലം മനുഷ്യനുതന്നെയാണ് ലഭിക്കുക.

പ്രവാചകന്മാരാണ് സമര്‍പ്പണത്തിന്റെ കാര്യത്തില്‍ മികച്ച മാതൃകകള്‍. ഓരോ പ്രവാചകനും സമര്‍പ്പണത്തിന്റെ കാര്യത്തില്‍ ഒന്നിനൊന്ന് മികവ് പുലര്‍ത്തുന്നു. മുഴുവന്‍ പ്രവാചകന്മാരും ദൈവത്തിനുമാത്രം തങ്ങളെ സമര്‍പ്പിച്ചവരായിരുന്നു(അല്‍മാഇദ: 44). ദൈവത്തിന് സമര്‍പ്പിക്കുന്നവരാക്കേണമേയെന്ന് ഇബ്‌റാഹീമും ഇസ്മാഈലും പ്രാര്‍ഥിക്കുന്നുണ്ട്(അല്‍ബഖറ: 128). സമര്‍പ്പിക്കുക നീ എന്ന വെളിപാടുണ്ടായപ്പോഴേക്കും ഞാനിതാ സമര്‍പ്പിച്ചിരിക്കുന്നുവെന്ന് ഇബ്‌റാഹീം പ്രഖ്യാപിക്കുന്നു(അല്‍ബഖറ: 131). സര്‍വലോകരക്ഷിതാവിന് സമര്‍പ്പിക്കാനും സമര്‍പ്പിക്കുന്നവരില്‍ ഒന്നാമന്‍ താനാണെന്നും അങ്ങനെയാവാന്‍ ദൈവം തന്നോട് കല്‍പിച്ചിരിക്കുന്നുവെന്നും മുഹമ്മദ് നബി പറയുന്നു(അല്‍അന്‍ആം: 14, 163, അസ്സുമര്‍:12, ഗാഫിര്‍: 66). സമര്‍പ്പണമനോഭാവത്തോടെ മരിപ്പിക്കാനും സുകൃതവാന്മാര്‍ക്കൊപ്പം ചേര്‍ക്കാനും യൂസുഫ് പ്രാര്‍ഥിക്കുന്നു(യൂസുഫ്:101). ധിക്കാരം കാണിക്കരുതെന്നും സമര്‍പ്പിതരായി എനിക്കരികില്‍ വരണമെന്നും സുലൈമാന്‍ തന്റെ ജനതയോട് പറയുന്നു(അന്നംല്: 31).

Related Articles