Current Date

Search
Close this search box.
Search
Close this search box.

മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയുടെ മുരടന്‍ കാഴ്ചപ്പാട് തിരുത്തപ്പെടണം

മലപ്പുറം ഉള്‍പ്പെടെയുള്ള മലബാറിലെ കുറേ സവിശേഷതകള്‍ ഒരമുസ്‌ലിം സുഹൃത്ത് വളരെ കാലം അവിടെ പലനിലക്കും ബന്ധപ്പെട്ടതിനുശേഷം പറഞ്ഞതിന്റെ സാരാംശം ഇങ്ങിനെ: ”കള്ള്ഷാപ്പ് നടത്തുന്നവരായോ ചിട്ടിഫണ്ട് നടത്തുന്നവരായോ മുസ്‌ലിംകളെ കാണില്ല. എന്നല്ല ലക്ഷക്കണക്കില്‍ മുസ്‌ലിംകള്‍ കോടിക്കണക്കിന് രൂപയുടെ ബാങ്ക് പലിശ ഉപേക്ഷിക്കുന്നു. അപ്പോലെ ആത്മഹത്യ തീരെ ഇല്ലെന്നുതന്നെ പറയാം. ദാനശീലം ധാരാളമുണ്ട് …” മലപ്പുറം കത്തിയുടെ മൂര്‍ച്ചയെപ്പറ്റി മാത്രം വല്ലാതെ പറയുന്നവര്‍ ഈ ദൃശ നന്മകള്‍ കാണാറില്ല. വലിയ വലിയ ഭവനങ്ങള്‍ നിര്‍മിച്ച് സമ്പത്ത് തുലയ്ക്കുന്നുവെന്നത് ശരിയാണ്. പക്ഷേ, ഈ പ്രവണത മറ്റുള്ളവരിലും ഉണ്ട്. ആഡംബരവും ആര്‍ഭാടവും എതിര്‍ക്കപ്പെടേണ്ടതുതന്നെ.

ഇന്ത്യയില്‍ ഏതോ രീതിയില്‍ അധികാരം കൈയാളാന്‍ ഇടയുള്ള പാര്‍ട്ടികളിലേക്കും സംഘടനകളിലേക്കും ആര്‍.എസ്.എസ്. ഏജന്റുമാര്‍ (ചാരന്മാര്‍) നുഴഞ്ഞുകയറാറുണ്ട്. അല്ലെങ്കില്‍ ചിലരെ അതിലേക്ക് കടത്തിവീടാറുണ്ട്. പാര്‍ട്ടികളെയും നയപരിപാടികളെയും
ആവുംവിധം സ്വാധീനിക്കുക/അട്ടിമറിക്കുക എന്നതാണ് ഈ നുഴഞ്ഞുകയറ്റത്തിന്റെ ബഹുമുഖലക്ഷ്യങ്ങളിലൊന്ന്. പിന്നെ പ്രസ്തുത പാര്‍ട്ടിയെ ശിഥിലമാക്കുക, തുരങ്കംവെക്കുക എന്നതും ലക്ഷ്യമാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സില്‍ ആര്‍.എസ്.എസ്. നടത്തിയ നുഴഞ്ഞുകയറ്റത്തിന്റേയും കുത്തിത്തിരിപ്പിന്റെയും പലവിധ വിനകള്‍ ഇന്ന് ആ  പാര്‍ട്ടി ധാരാളമായി അനുഭവിക്കുന്നുണ്ട്. സോഷ്യലിസ്റ്റ് പാര്‍ട്ടികളില്‍ ആര്‍.എസ്.എസ്. നടത്തിയ കുതന്ത്രങ്ങള്‍ വഴി ആ പാര്‍ട്ടി പലപ്പോഴായി ശൈഥില്യം അനുഭവിച്ചിട്ടുണ്ട്, അനുഭവിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. (ഭീകരവും മാരകവുമായ ബി.ജെ.പി. ആര്‍.എസ്.എസ്. ഫാസിസത്തെ ചെറുക്കാന്‍ കോണ്‍ഗ്രസ്സിനെ  ഒരളവോളമെങ്കിലും ഉള്‍ക്കൊള്ളാനും കൂട്ടുപിടിക്കാനുമുള്ള യെച്ചൂരിലൈനിനെ തോല്‍പ്പിക്കുന്നതില്‍ പാര്‍ട്ടിക്കകത്തുള്ള ഒരു വിഭാഗത്തെ പ്രോത്സാഹിപ്പിക്കാന്‍ ആര്‍.എസ്.എസ്. ചാരന്മാരുടെ കുതന്ത്രം വിജയിച്ചുവെന്നതുകൂടി ഓര്‍ക്കുക.)

ഏറ്റവും ഒടുവിലത്തെ ഉദാഹരണം ബീഹാറിലെ നിതീഷ്‌കുമാര്‍. (നേരത്തെ ജോര്‍ജ് ഫെര്‍ണാണ്ടസിനെപ്പോലുള്ളവരെ വഴിതെറ്റിച്ചത് മറക്കാതിരിക്കുക) കോണ്‍ഗ്രസ്സിലേക്കുള്ളത്ര ഇല്ലെങ്കിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലും ഈ പ്രശ്‌നമുണ്ട്. ബംഗാളില്‍ പാര്‍ട്ടിയെ തകര്‍ക്കുന്നതില്‍ ഈ ഘടകത്തിന് (ആര്‍.എസ്.എസ്. നുഴഞ്ഞുകയറ്റം) പങ്കുണ്ട്. ഇത് തിരിച്ചറിയാന്‍ കുറേ പാര്‍ട്ടികോണ്‍ഗ്രസ്സ് കഴിയേണ്ടിവരുമായിരിക്കാം…
ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിന് മാന്യമായ പരിഗണന നല്‍കിയത് ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള സപ്തമുന്നണിയായിരുന്നു. മത്സരിച്ച 15 സീറ്റില്‍ 14 ഉം ജയിച്ചു. 2 മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും ലീഗുകാരില്‍നിന്നുണ്ടായി. ഇത് ആര്‍.എസ്.എസ്സിന് ഏറെ അസഹനീയമായിരുന്നു. മലപ്പുറം ജില്ലാ രൂപീകരണം, കോഴിക്കോട് സര്‍വ്വകലാശാല സ്ഥാപിക്കല്‍ ഉള്‍പ്പെടെ പലതും നടന്നതില്‍ ആര്‍.എസ്.എസ് വൃത്തങ്ങളും അവരോട് ചേര്‍ന്നുനിന്നുകൊണ്ട് കെ.കേളപ്പനും, കോണ്‍ഗ്രസ്സ്‌കാരുമൊക്കെ വളരെ അസ്വസ്ഥരായിരുന്നു. കോണ്‍ഗ്രസ്സുകാരില്‍ നല്ലൊരുവിഭാഗം പകല്‍ കോണ്‍ഗ്രസ്സും രാത്രി ആര്‍.എസ്.എസ്സുമാണെന്ന് എ.കെ. ആന്റണി ഇപ്പോള്‍ പറഞ്ഞതിനേക്കാള്‍ ഏറെ ശരിയായിരുന്നു അന്നാളുകളില്‍.  (ഈ കാപട്യം വളരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നതിനാലാണ് ശുദ്ധ മതേതരനും കോണ്‍ഗ്രസ്സുകാരനുമായിരുന്ന എം.എ.ജിന്ന കോണ്‍ഗ്രസ്സ് വിട്ടത്.)

1972-74 കാലത്തെ ഭാരതരത്‌നം എന്ന ഉപപാഠപുസ്തകത്തെച്ചൊല്ലി നടന്ന കോലാഹലത്തില്‍ അന്നത്തെ യൂത്ത്‌കോണ്‍ഗ്രസ്സ് നിലപാടിനെ ആര്‍.എസ്.എസ് നന്നായി പിന്തുണച്ചിരുന്നു.
1967-ലെ മുന്നണിയില്‍ മുസ്‌ലിം ലീഗ് നന്ദികെട്ട നിലപാട് സ്വീകരിച്ചുവെന്നാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ ഒരു വിഭാഗം ഉറച്ചുവിശ്വസിച്ചത്. (എന്നാല്‍ എം.വി.രാഘവനെപോലുള്ളവരും മറ്റും അല്‍പം വ്യത്യസ്ഥ നിലപാടുള്ളവരായിരുന്നു.) 1969-ല്‍ ലീഗ് മുന്നണിവിടുകയും കുറുമുന്നണിയുടെ ഭാഗമാവുകയും കോണ്‍ഗ്രസ്സിന്റെയും കെ.കരുണാകരന്റെയും വക്കാലത്ത് ഏറ്റെടുത്തു സി.എച്ച്. മുഹമ്മദ്‌കോയ ഉള്‍പ്പെടെയുള്ളവര്‍ അതിതീവ്രതയോടെ നാടുനീളെ പ്രസംഗിച്ചുനടക്കുകയും ചെയ്തപ്പോള്‍ ചില പ്രതിലോമ ഫലങ്ങള്‍ ഉണ്ടായി എന്നത് വസ്തുതയാണ്. മാര്‍ക്‌സിസ്റ്റുകള്‍ക്ക് അക്കാലത്ത് സി.എച്ച്.മുഹമ്മദ്‌കോയയോടായിരുന്നു കടുത്ത വെറുപ്പും വിരോധവും. ഈയൊരു ചുറ്റുപാടിലാണ് സി.എച്ചിനെതിരെ തലശ്ശേരിയില്‍ ഗംഗാധരമാരാര്‍ ആസിഡ് ബള്‍ബ് എറിഞ്ഞത്. തങ്ങള്‍ക്കുവേണ്ടി കടുത്ത മാര്‍ക്‌സിസ്റ്റ് വിരോധം ധാരാളമായി പ്രസംഗിക്കുന്ന സി.എച്ചി.നെ തല്‍ക്കാലം കോണ്‍ഗ്രസ് നേതൃത്വം നന്നായി പിന്തുണക്കുകയും സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. അന്നത്തെ ആര്‍.എസ്.എസ്. – ജനസംഘം ലോബി ഇതില്‍നിന്നൊക്കെ മുതലെടുത്തു എന്നത് സ്വാഭാവികം മാത്രം.

മാര്‍ക്‌സിസ്റ്റുകള്‍ കടുത്ത ലീഗ് വിരോധം വ്യാപകമായി പ്രചരിപ്പിച്ചു. ഇത് നല്ലൊരു വിഭാഗം മാര്‍ക്‌സിസ്റ്റ് ഹിന്ദുക്കളില്‍ മുസ്‌ലിംവിരോധമായി സന്നിവേശിച്ചു. ഇതിനെ നന്നായി ഉപയോഗപ്പെടുത്താനും മുതലെടുക്കാനും ആര്‍.എസ്.എസ്സ് ലോബി സമര്‍ഥമായും സജീവമായും പലമാര്‍ഗേണ യത്‌നിച്ചു.  ഇതിന്റെ കൂടി ഫലമായിരുന്നു 1971- ഒടുവില്‍ തലശ്ശേരിയില്‍ നടന്ന വര്‍ഗീയ ലഹള. (”മാപ്പിളലഹളയുടെ” അമ്പതാം വാര്‍ഷികമെന്ന് ഈ കലാപത്തെ ആര്‍.എസ്.എസ്സുകാര്‍ വിശേഷിപ്പിച്ചിരുന്നു.) മലപ്പുറം ജില്ല നിലവില്‍ വന്നതില്‍ തങ്ങള്‍ക്കുള്ള കടുത്ത രോഷം ഈ കലാപത്തിലൂടെ ആര്‍.എസ്.എസ്സുകാര്‍ നടപ്പാക്കിയിട്ടുണ്ട്. ഇതിന്ന് ചില മാര്‍ക്‌സിസ്റ്റുകളെ അവര്‍ ചട്ടുകമായി ഉപയോഗിക്കുകയും ചെയ്തു.
പര്‍വതീകരണ-വക്രീകരണ പ്രക്രിയകളിലൂടെയുള്ള മുസ്‌ലിംലീഗ് വിരോധം കടുത്ത മുസ്‌ലിംവിരോധമായി രൂപാന്തരം പ്രാപിച്ചതിന്റെ ദുരന്തഫലംകൂടിയാണ് തലശ്ശേരി കലാപമെന്ന് പലരും അക്കാലത്ത് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വിതയത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും ഉള്ളടങ്ങിയിട്ടുണ്ട്. തലശ്ശേരി മട്ടാമ്പ്രം പള്ളിയില്‍വച്ച് പത്രക്കാരോട് സംസാരിക്കുമ്പോള്‍ ”ഞങ്ങളുടെ ആളുകളും ഈ കലാപത്തില്‍ പങ്കാളിയായിരിക്കാം” എന്ന അര്‍ഥത്തില്‍ ഇ.എം.എസ്സ് പറഞ്ഞത്  മേല്‍പറഞ്ഞ വസ്തുത ബുദ്ധിമാനായ ഇ.എം,എസ്സ് മനസ്സിലാക്കിയത് കൊണ്ടായിരിക്കാം.

എന്നാല്‍ ഒരു പാര്‍ട്ടി എന്ന നിലക്ക് ആര്‍.എസ്.എസ്സ് വര്‍ഗീയവാദികളുടെ അഴിഞ്ഞാട്ടത്തിനും കൊള്ളക്കുമെതിരെ ഉറച്ചനിലപാടാണ് മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി അന്ന് സ്വീകരിച്ചത് എന്ന് മൊത്തത്തില്‍ പറയാം. അതുകൊണ്ടാണ് തലശ്ശേരിയിലും പരിസരങ്ങളിലും ഇടതുപക്ഷ അനുകൂല അന്തരീക്ഷം ഇന്നും സജീവമായി നിലനില്‍ക്കുന്നത്. നേരത്തെ അഖിലേന്ത്യാ മുസ്‌ലിംലീഗും പിന്നീട് ഐ.എന്‍.എല്ലും മറ്റുചില മുസ്‌ലിം ഗ്രൂപ്പുകളും മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയെ പിന്തുണച്ചതും/പിന്തുണക്കുന്നതുംഅതുകൊണ്ട്തന്നെ. എന്നാല്‍ പല പ്രദേശങ്ങളിലും സംഭവങ്ങളിലും മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി മുസ്‌ലിംലീഗിനെതിരെയോ മുസ്‌ലിം സ്ഥാപനങ്ങള്‍ക്കെതിരെയോ സ്വീകരിക്കുന്ന നിലപാടുകള്‍ അവരറിയാതെ കടുത്ത മുസ്‌ലിം/ഇസ്‌ലാം വിരോധമായി സംക്രമിക്കുന്നുണ്ട് എന്നത് അവര്‍ പലപ്പോഴും വേണ്ടുംവിധം ഗ്രഹിച്ചിട്ടില്ല. മുസ്‌ലിം വ്യക്തിനിയമത്തില്‍ ഉണ്ടെന്ന് അവര്‍ ധരിക്കുന്ന പോരായ്മകളെ എതിര്‍ക്കുമ്പോഴും സംഗതി തദ്‌വിഷയത്തില്‍ മാത്രം ഒതുങ്ങാതെ ഇസ്‌ലാം/മുസ്‌ലിം വിരോധമായി വഴിതെറ്റുന്നുണ്ട്. ശരീഅത്ത് വിവാദകാലത്ത് ഇത് അങ്ങിനെതന്നെ സംഭവിച്ചു. അതിന്‍ഫലമായി ഹൈന്ദവ പിന്തുണ കൂടുതല്‍ കേന്ദ്രീകരിക്കാനും മുസ്‌ലിംലീഗിന്റ ഒരു ചീന്തുപോലുമില്ലാത്ത മന്ത്രിസഭ രൂപീകരിക്കാനും സാധിച്ചു. (നാദാപുരത്തും പരിസരങ്ങളിലും മുസ്‌ലിംലീഗിനെതിരെയോ അല്ലെങ്കില്‍ മുസ്‌ലിം പ്രമാണി/ജന്മി വിഭാഗത്തിനെതിരെയോ പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന സ്ഥാനത്തും അസ്ഥാനത്തുമുള്ള വിമര്‍ശനങ്ങള്‍ താഴേത്തട്ടില്‍ മുസ്‌ലിം വിരോധമായിട്ടാണ് എത്തുന്നതെന്ന് അല്ലെങ്കില്‍ അതില്‍നിന്ന് ആര്‍.എസ്.എസ്സ്. നന്നായി മുതലെടുപ്പ് നടത്തുന്നുണ്ടെന്ന് സഖാക്കള്‍ തിരിച്ചറിയാതെ പോകുന്നു.

ആര്‍.എസ്.എസ്സിനെ എതിര്‍ക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടികള്‍ ഒരുതരം അധൈര്യമോ അപകര്‍ഷതാബോധമോ അനുഭവിക്കുന്നതായി മനസ്സിലാകുന്നു. തൂക്കമൊപ്പിക്കാന്‍ ഏതെങ്കിലും മുസ്‌ലിം സംഘടനയെക്കൂടി ചേര്‍ത്തുകൊണ്ടേ ആര്‍.എസ്.എസ്സിനെതിരെ ശബ്ദിക്കാറുള്ളൂ. ഇങ്ങിനെ തെറ്റായ സമീകരണം നടത്തി ചേര്‍ത്തുപറയുമ്പോള്‍ ഫലത്തില്‍ ആര്‍.എസ്.എസ്സ് എന്ന ആഴത്തില്‍ വേരുള്ള മഹാഭീകര വിധ്വംസക സംഘടനയെ ലളിതവല്‍ക്കരിക്കുകയും ലഘൂകരിക്കുകയും ചെയ്യുന്ന വേലയാണ് ചെയ്യുന്നത്. അടിക്കടി കണ്ടമാനം ചായ കുടിക്കുക എന്നത് ഒരു ദുഃശ്ശീലമാണ്. ഈദൃശ ദുഃശ്ശീലങ്ങളെ എതിര്‍ക്കുമ്പോള്‍ മദ്യപാനം ചായകുടി എന്നിങ്ങനെ സമീകരിച്ചു പറഞ്ഞാല്‍ സത്യത്തില്‍ മദ്യപാനം ചായകുടിപോലുള്ള ഒരു ദുഃശ്ശീലമായി ചുരുങ്ങുന്നു. ചില മുസ്‌ലിംലീഗുകാര്‍ മോദിയേയും പിണറായിയേയും  സമീകരിച്ച് സംസാരിക്കാറുണ്ട്. ഇത് ഫലത്തില്‍ മോദിയെ നന്നാക്കലാണ്. മാര്‍ക്‌സിസ്റ്റുകളുടെ അസഹിഷ്ണുതയെയും അക്രമങ്ങളെയും എതിര്‍ക്കണം,

എന്നാല്‍ അത് ആര്‍.എസ്.എസ്സ്. ഫാസിസത്തോട് സമീകരിച്ചുകൂടാത്തതാണ്. ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും ഒരുപോലെ കാണുമ്പോഴും ഇങ്ങിനെ ഒരപകടമുണ്ട്. വര്‍ഗീയത ആരുടേതായാലും തെറ്റാണ് മോശവുമാണ്, തികച്ചും എതിര്‍ക്കപ്പെടേണ്ടതുമാണ്. എന്നാല്‍ ഭൂരിപക്ഷ വര്‍ഗീയത കൂടുതല്‍ അപകടകാരിയാണെന്ന വസ്തുത മറക്കരുത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അതുകൊണ്ടാണ് Hindu communalism is more dangerous and deep rooted എന്ന് പറഞ്ഞത്. ന്യൂനപക്ഷ വര്‍ഗീയത അധികവും പ്രതികരണ സ്വഭാവത്തിലുള്ളതാണ്. ഇത് ഉണ്ടായിത്തീരുന്നത് തീക്ഷ്ണവും തീവ്രവും അഗാധവുമായ ഭൂരിപക്ഷവര്‍ഗീയതയോടുള്ള പ്രതികരണം എന്ന നിലയ്ക്കാണ്. അസഹനീയമാം വിധമുള്ള അതിരൂക്ഷമായ തിക്താനുഭവങ്ങളോട് ചെറുതായെങ്കിലും പ്രതികരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ന്യൂനാല്‍ന്യൂനമായ ഒരു വിഭാഗം. ഇത് അവരുടെ ഭാഗത്തുനിന്നുണ്ടാവുന്ന തികഞ്ഞ അവിവേകമാണ്. അന്തിമ വിശകലനത്തില്‍ അത് ന്യൂനപങ്ങള്‍ക്ക് വളരെ ദോഷകരവുമാണ്. ഇവ്വിധം തീവ്രമായി ചിന്തിക്കാനും അവിവേകം പ്രവൃത്തിക്കാനും  ന്യൂനപങ്ങള്‍ തുനിയണമെന്നുതന്നെയാണ് ഫാസിസ്റ്റുകള്‍ ഉള്ളാലെ ആഗ്രഹിക്കുന്നതും. അതിനായി അവര്‍ കുതന്ത്രങ്ങള്‍ മെനയുകയും ചെയ്യുന്നു.

മൂലകാരണത്തെയും തല്‍ഫലമായുള്ള പ്രതികരണത്തെയും ഒരുപോലെ കാണുന്നതില്‍ അനീതിയും അസന്തുലിതത്വവുമുണ്ട്. ഈവക ബിന്ദുക്കള്‍ വേണ്ടുംവിധം പരിഗണിക്കാതെ ഭൂരിപക്ഷവര്‍ഗീയതയേയും ന്യൂനപക്ഷവര്‍ഗീയതയെയും ഒരുപോലെ വീക്ഷിക്കുന്ന മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയുടെ സമീപനം ഫലത്തില്‍ ആര്‍.എസ്.എസ്സിന് അനുകൂലമായിട്ടാണ് ഭവിക്കുന്നത്. ഇങ്ങിനെ മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി ചിന്തിക്കുന്നതിന് പിന്നില്‍ പാര്‍ട്ടിയിലേക്ക് നുഴഞ്ഞുകയറിയിരിക്കാനിടയുള്ള ഫാസിസ്റ്റ് (ആര്‍.എസ്.എസ്സ്) ലോബിയുടെ ദുസ്വാധീനങ്ങളുണ്ടോ എന്ന് അവര്‍ പരിശോധിക്കേണ്ടതുണ്ട്. തങ്ങളുടെ പാര്‍ട്ടിയിലേക്കുള്ള ആര്‍.എസ്.എസ്സ് നുഴഞ്ഞുകയറ്റവും കുത്തിത്തിരിപ്പും ചിലപ്പോഴൊക്കെ മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. തലശ്ശേരി കലാപത്തിന്‌ശേഷം ആര്‍.എസ്.എസ്സിന്നെതിരെ 1970 കളില്‍ കണ്ണൂര്‍ ജില്ലയിലെ (ഇന്നത്തെ കാസര്‍ഗോഡും ഉള്‍പ്പെടെ) മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി നേതൃത്വം അതീവജാഗ്രതയോടെ നിലപാട് സ്വീകരിച്ചിട്ടുണ്ട്. തലശ്ശേരി കലാപത്തിനുശേഷം തുടങ്ങി നാലു പതിറ്റാണ്ടിലേറെക്കാലമായി മാര്‍ക്‌സിസ്റ്റ് ആര്‍.എസ്.എസ്സ്. സംഘട്ടനങ്ങള്‍ ഇന്നും തുടരുകയാണ്.

സംഭവങ്ങളേയും സംഗതികളേയും വിലയിരുത്തുന്നതില്‍ മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി പുലര്‍ത്തുന്ന ഒരു തരം മുരടന്‍ കാഴ്ചപ്പാട് (Dogmatic approach) തിരുത്തപ്പെടേണ്ടതുണ്ട്. പഠിച്ചതൊന്നും മറക്കാതെയും പുതുതായൊന്നും പഠിക്കാതെയും മാര്‍ക്‌സിസ്റ്റ് നേതൃത്വം ഇനിയും സിദ്ധാന്തവാശിയില്‍തന്നെ തുടര്‍ന്നാല്‍ അത് ഫാസിസ്റ്റ് ദുഃശ്ശക്തികള്‍ക്ക് പരോക്ഷമായി രംഗം പാകപ്പെടുത്തിക്കാടുക്കലായിരിക്കും. ബംഗാളിലെ ദുര്‍ഗതിയില്‍നിന്ന് പാഠം പഠിക്കേണ്ടതുണ്ട്.

Related Articles