Current Date

Search
Close this search box.
Search
Close this search box.

ഡൽഹി കൂട്ടക്കൊലക്ക് വർഷം തികയുമ്പോള്‍

പൗരത്വ നിയമം സംഘ പരിവാറിന്റെ പഴയ അജണ്ടയാണ്. തക്ക സമയം വരാൻ അവർ കാത്തിരുന്നു എന്ന് മാത്രം. അമിത്ഷാ കേന്ദ്ര മന്ത്രി സഭയിലേക്ക് വന്നത് കേവലം ഒരു മന്ത്രി എന്ന നിലക്കല്ല. സംഘ പരിവാർ അവരുടെ പദ്ധതികൾ നടപ്പാക്കാൻ വേണ്ടി തന്നെ കൊണ്ട് വന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി. പണ്ട് ഗുജറാത്ത് കലാപ കാലത്തും മോഡിക്ക് പിന്തുണ നൽകാൻ അമിത്ഷാ ഉണ്ടായിരുന്നു. രണ്ടാം മോഡി സർക്കാർ ചുരുങ്ങിയ കാലം കൊണ്ട് പല മുസ്ലിം വിരുദ്ധ നിയമങ്ങളും ചുട്ടെടുത്തു. മുൻകൂട്ടി തീരുമാനിച്ച തിരക്കഥകൾ അവർ നടപ്പാക്കാൻ ശ്രമിക്കുന്നു.

ഇതുവരെ നടപ്പാക്കിയ നിയങ്ങൾ പോലെയല്ല പൗരത്വ നിയമം. അത് ചിലരെ മാത്രം കൂടുതൽ ബാധിക്കുന്നു. അത് കൊണ്ട് തന്നെ നിയമം പിടികൂടാൻ സാധ്യതയുള്ള സമൂഹം സമരവുമായി രംഗത്ത്‌ വരാൻ നിർബന്ധിതരായി. അതിന്റെ ഭാഗമായിരുന്നു ഷാഹിൻ ബാഗിൽ വീട്ടമ്മമാർ തുടങ്ങിവെച്ച ഐതിഹാസിക സമരം. പൗരത്വ നിയമത്തിനെതിരെ ഉയർന്നു വന്ന വലിയ സമരങ്ങളിൽ ഒന്നായി ലോകമതിനെ കണ്ടു. സമരം അവസാനിപ്പിക്കാൻ യു പി സർക്കാരിന്റെ കൂടി സഹായത്തോടെ സംഘ പരിവാർ പലവിധത്തിലും ശ്രമിച്ചു. ജനാധിപത്യ രാജ്യത്ത് സമരം ചെയ്യുന്നത് പൌരാവകാശമാണ്. ആ അവകാശത്തെ കോടതിയിൽ ചോദ്യം ചെയ്യാൻ പോലും സംഘ പരിവാർ രംഗത്ത് വന്നു. സമരം അവസാനിപ്പിക്കാൻ അവസാന ശ്രമം എന്നതായിരുന്നു 2020 ഫിബ്രുവരിയിലെ ദൽഹി കലാപം. കലാപം എന്നതിനേക്കാൾ അതിനു ചേരുന്ന നാമം വംശഹത്യ എന്നാകും. ഇതിനു മുമ്പ് ആ പേരിൽ വിശേഷിപ്പിക്കപ്പെട്ട കലാപങ്ങൾ 2002 ലെ ഗുജറാത്ത് കലാപം, 1984 ലിലെ സിക്ക് വിരുദ്ധ കലാപം , ആസാമിലെ നെല്ലി കലാപം എന്നിവയാണത്രേ.

തികച്ചും മുൻകൂട്ടി ആസൂത്രണം ചെയ്ത കലാപങ്ങൾ എന്നതാണ് ഇവയുടെ പ്രത്യേകത. ആക്രമിക്കേണ്ട വീടുകളും കടകളും ആദ്യം മാർക്ക് ചെയ്തു വെക്കുക. അങ്ങിനെയാണ് ഭൂരിപക്ഷ ഹിന്ദു സമുദായത്തിന്റെ കൂടെ ജീവിക്കുന്ന ഒറ്റപ്പെട്ട മുസ്ലിം വീടുകൾ ആക്രമികൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് . എന്ത് കൊണ്ട് മുസ്ലിം വീടുകൾ തീയിട്ടില്ല എന്ന അന്വേഷണം നൽകുന്ന ഉത്തരം “ ചുറ്റുഭാഗത്തുള്ള ഹിന്ദു വീടുകളെ തീ ബാധിക്കും” എന്നായിരുന്നു. വർഷങ്ങളോളമായി അയൽപക്കത്തു ഒരു കുടുബം പോലെ താമസിച്ചിരുന്നവർ ഒരു ദിവസം കൊണ്ട് തികച്ചും അന്യരായ കഥകൾ നാം വായിച്ചിട്ടുണ്ട്. നിഷാ മേവാത്തിയും മുഹമ്മദ്‌ ഹനീഫും അതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങൾ മാത്രം. പുറമേ നിന്നുള്ള ആക്രമികൾ തന്നെ ആക്രമിക്കുമ്പോൾ നിസ്സംഗത പുലർത്തുന്ന അയൽപക്കം ഒരു പുതിയ അനുഭവമായി അവർക്ക് ബോധ്യപ്പെട്ടു. വലിയ വിലക്ക് വിൽക്കാൻ കഴിയുന്ന തങ്ങളുടെ വീടുകൾ തുച്ചം വിലക്ക് നൽകിയാണ്‌ പലരും സ്ഥലം വിട്ടത്. ഇന്ത്യൻ തലസ്ഥാനം ഇത്രമാത്രം സാമുദായിക ധ്രുവീകരണത്തിനു പാത്രമായ ചരിത്രം നാം വായിച്ചിട്ടില്ല.

കലാപത്തിന്റെ വാർഷിക ദിനത്തിൽ കലാപത്തിന്റെ സൂത്രധാരകനായ കപിൽ മിശ്രയെ “വയർ” ലേഖിക ഇന്റർവ്യൂ ചെയ്യുന്നുണ്ട്. “ താങ്കളുടെ പ്രകോപനകരമായ സംസാരമാണ് കലാപത്തിലേക്ക് നയിച്ചത്. ഒരുവര്ഷം കഴിയുമ്പോൾ താങ്കൾക്ക് എന്തെങ്കിലും കുറ്റബോധം തോന്നുന്നുണ്ടോ?. എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി “ ഞാൻ ആ സംസാരത്തിൽ ഇപ്പോഴും അഭിമാനം കൊള്ളുന്നു” എന്നായിരുന്നു. കലാപം കൊണ്ട് ബി ജെ പി പലതും ഉദ്ദേശിക്കുന്നു. കലാപത്തിൽ കൊല്ലപ്പെട്ടവരിൽ അധികവും മുസ്ലിം സമുദായത്തിൽ നിന്നുള്ളവരാണ്. സമരം ചെയ്യുന്നവരെ സംഘ നേതാക്കൾ വിളിക്കാൻ ശ്രമിച്ചത് ദേശ ദ്രോഹികൾ എന്നായിരുന്നു. നാട്ടിലെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചാണ് കപിൽ മിശ്രയും മുന്നോട്ട് പോയത്.

കലാപ സമയത്ത് ജീവനും കൊണ്ടാണ് നിഷാ മേവാതിയും കുടുംബവും മറ്റൊരിടത്തേക്ക് താമസം മാറിയത്. കലാപത്തിന്റെ തീനാളങ്ങൾ കെട്ടടങ്ങിയപ്പോൾ അവർ പ്രതീക്ഷയോടെ സ്വന്തം വീട്ടിലേക്കു താമസം മാറ്റി. പക്ഷെ ജീവിതത്തിൽ ഒരിക്കൽ പോലും കാണാത്ത രീതിയിലായിരുന്നു പലരുടെയും പ്രതികരണം. “Unity in diversity” എന്നതാണ് ഇന്ത്യയുടെ മുഖമുദ്ര. വ്യത്യസ്തമായ മതങ്ങളും സംസ്കാരവും ഭാഷകളും കൊണ്ട് നിബിഡമാണ് ഇന്ത്യ. ഈ വൈവിധ്യങ്ങൾ നിലനിൽക്കുമ്പോൾ തന്നെ ഇന്ത്യ എന്ന ദേശീയ ബോധമാണ് നമ്മെ നയിക്കുന്നത്. ഹിന്ദുവും മുസ്ലിമും പാര്സിയും കൃസ്ത്യനും ഒന്നിച്ചു ജീവിക്കുന്നതാണ് ഇന്ത്യൻ സംസ്കാരം. ഇന്ത്യ എന്ന പൊതു വികാരത്തെ ഹിന്ദു എന്ന വിഭാഗീയതയിലേക്ക് ചുരുക്കുക എന്ന അടിസ്ഥാന പണിയാണ് സംഘ പരിവാർ എന്നും ഏറ്റെടുത്തത്. അവർ നടപ്പാക്കിയ വർഗീയ കലാപങ്ങളുടെ അടിസ്ഥാന ഉദ്ദേശവും അതു തന്നെ. ഇന്ത്യക്കാർക്കിടയിലെ ഐക്യം അവരെ വല്ലാതെ അലട്ടുന്നു. അതിനാൽ അവർ ശ്രമം തുടരുന്നു. അതിന്റെ അവസാന പതിപ്പായി ദൽഹി കലാപത്തെ കാണാൻ കഴിയില്ല. അവരിപ്പോഴും വിശ്രമിച്ചിട്ടില്ല. പുതിയ മേച്ചിൽ പുറങ്ങൾ തേടിക്കൊണ്ടിരിക്കുന്നു.

മറ്റു വർഗീയ കലാപങ്ങളുടെ പരിണിതി തന്നെയാകും ദൽഹി കലാപത്തിനും എന്നുറപ്പാണ്. പ്രതികളെ നേരത്തെ തന്നെ തയ്യാറാക്കി വെച്ചിട്ടുണ്ട് എന്നതാണ് ഇതിൽ അടിവരയിടേണ്ട കാര്യം. കലാപത്തെ കുറിച്ച് ദൽഹി ന്യൂനപക്ഷ കമ്മീഷൻ ഒരു “ വസ്തുതാ റിപ്പോർട്ട്” കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രസ്തുത റിപ്പോർട്ട് ബി ജെ പി ക്ക് നേരെയാണ് വിരൽ ചൂണ്ടുന്നത്. തങ്ങളുടെ അന്വേഷണ സമയത്ത് ദൽഹി പോലീസ് സഹകരിച്ചിരുന്നില്ല എന്ന് ഈ റിപ്പോർട്ട് പറയുന്നു. അത് കൊണ്ട് തന്നെ ഈ റിപ്പോർട്ട് തള്ളിക്കളയണം എന്ന ഹരജിയും കോടതിൽ വന്നിട്ടുണ്ട്. കേന്ദ്ര സർക്കാർ അതിനെ സാധൂകരിക്കുന്ന രീതിയിലാണ് കോടതിൽ മറുപടി നല്കിയിട്ടുള്ളതും. ഇത്തരം റിപ്പോർട്ടുകൾ കാര്യങ്ങളെ വളച്ചൊടിക്കാനേ സഹായിക്കൂ എന്നാണു ഹരജിക്കാരന്റെ വാദം. അത് തന്നെയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വാദവും.

ഭയപ്പെടുത്തുക, ഒറ്റപ്പെടുത്തുക, ദുർബലരാക്കുക എന്നതാണ് സംഘ പരിവാർ കലാപം കൊണ്ട് അർത്ഥമാക്കുന്നത്. കലാപകാരികൾ യാതൊരു തടസ്സവുമില്ലാതെ സമൂഹത്തിൽ വിലസി നടക്കുന്നു. അതെ സമയം ഉമർ ഖാലിദ് പോലുള്ളവരിലേക്ക് കലാപത്തിന്റെ കാരണമെത്തിക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടവും അനുബന്ധ ഘടകകങ്ങളും. ഒരു വർഷത്തിനു ശേഷവും ഡൽഹിയുടെ നഷ്ടമായ വിശ്വാസ്യത തിരിച്ചു വന്നിട്ടില്ല എന്നാണു കിട്ടുന്ന വിവരം. കലാപം മനുഷ്യരെ കൊല്ലുന്നു, സമ്പത്ത് നശിപ്പിക്കുന്നു എന്നത് കൂടാതെ മനസ്സുകൾ തമ്മിൽ അകറ്റുന്നു എന്നതാണ് കൂടുതൽ ദുരന്തം.

Related Articles