Current Date

Search
Close this search box.
Search
Close this search box.

‘ഹിന്ദു പാകിസ്താനും’ കോണ്‍ഗ്രസും

ഒരു മീറ്റിംഗ് നടക്കുന്നതിനിടെയാണ് ഞാന്‍ അയാളെ പരിചയപ്പെട്ടത്, ഒരു പാകിസ്ഥാന്‍കാരന്‍. അദ്ദേഹം ഒരു കമ്പനിയെ പ്രതിനിധീകരിച്ചു വന്നതാണ്. ഞങ്ങളുടെ ചര്‍ച്ച പാകിസ്ഥാന്‍ രാഷ്ട്രീയത്തിലേക്ക് കടന്നു. ‘പാകിസ്ഥാനില്‍ ഇപ്പോഴും ജനാധിപത്യം നിലവില്‍ വന്നിട്ടില്ല, ഏതു സമയത്തു വേണമെങ്കിലും അവിടെ പട്ടാളത്തിന് അധികാരം പിടിച്ചെടുക്കാം’ എന്റെ വാക്കുകളെ അദ്ദേഹം എതിര്‍ത്തു. അപ്പോള്‍ സമയം പന്ത്രണ്ടു മണിയായി കാണും. കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ തേടി ഓഫീസില്‍ വന്നു ‘സമദ് നീ എങ്ങിനെയാണ് ആ വിവരം അറിഞ്ഞത്, പാകിസ്ഥാനില്‍ പട്ടാള അട്ടിമറി നടന്നിരിക്കുന്നു’. ആ വാര്‍ത്ത ഞാനും ആദ്യമായാണ് കേള്‍ക്കുന്നത് ‘ഒരു യഥാര്‍ത്ഥ സംഭവത്തെ ഞാന്‍ നേരത്തെ പറഞ്ഞു എന്ന് മാത്രം’ എന്നായിരുന്നു എന്റെ പ്രതികരണം.

പറയേണ്ടത് പറയേണ്ട സമയത്തു പറഞ്ഞില്ല എന്നതാണ് ഇന്ത്യന്‍ മണ്ണില്‍ നിന്നും കോണ്‍ഗ്രസ് പുറത്താകാന്‍ കാരണം. ആര്‍ക്കോ വേണ്ടി പലതും അവര്‍ മറച്ചു വെക്കുകയോ മാറ്റി പറയുകയോ ചെയ്തു. അതിന്റെ ഫലം അവര്‍ മാത്രമല്ല നാടും അനുഭവിച്ചു. പക്ഷെ അതില്‍ നിന്നും പാഠം പഠിക്കാന്‍ പാര്‍ട്ടി തയാറായിട്ടില്ല എന്നതാണ് വര്‍ത്തമാന ചരിത്രം. മണിശങ്കര്‍ അയ്യര്‍ ഇപ്പോള്‍ ശശി തരൂര്‍ ആ പട്ടിക നീണ്ടു പോകാനാണ് സാധ്യത. ഫാസിസ കാലത്തു ഉറക്കെ തന്നെയാണ് പറയേണ്ടത്.

അടുത്ത അഞ്ചു വര്‍ഷം കൂടി ഫാസിസം ഇന്ത്യ ഭരിച്ചാല്‍ അത് ജനാധിപത്യ മതേതര ഇന്ത്യയുടെ അവസാനമാകും എന്നത് ശശി തരൂരിന്റെ മാത്രമല്ല നാട്ടിലെ നല്ല മനുഷ്യരുടെ മൊത്തം ആവലാതിയാണ്. ശശി തരൂര്‍ പറഞ്ഞ രീതിയെ കുറിച്ച് അഭിപ്രായ വ്യത്യാസം ഉണ്ടാകാം പക്ഷെ ആ വാക്കുകളുടെ ആത്മാവിനെ നിരാകരിക്കാന്‍ അത് കാരണമല്ല. പാകിസ്ഥാന്‍ ഇന്നും ജനാധിപത്യം വേരുറക്കാത്ത ഒരു രാജ്യമാണ്. അവിടുത്തെ ജനാധിപത്യം പണാധിപത്യത്തെ കവച്ചു വെക്കാന്‍ സാധ്യമായിട്ടില്ല. സ്വാതത്ര ലബ്ധിക്കു ശേഷം രാജ്യത്തെ ഏതു രീതിയില്‍ മുന്നോട്ടു കൊണ്ടുപോകണം എന്ന് ചിന്തിക്കാന്‍ നേതാക്കള്‍ കാര്യമായി ശ്രമിച്ചില്ല. പട്ടാളവും ജനാധിപത്യവും കൂടി ചേര്‍ന്ന ഒരു അവിയല്‍ രൂപത്തില്‍ അത് മുന്നോട്ടു പോകുന്നു.

ഇന്ത്യ അങ്ങിനെയല്ല. കൃത്യമായ ഭരണഘടനയും ഭരണ രീതിയുമായി അത് മുന്നോട്ടു പോകുന്നു. ജനാധിപത്യം, മതേതരത്വം എന്നിവ നാളിതുവരെ ആ രീതിയില്‍ ചോദ്യം ചെയ്യപ്പെട്ടില്ല. അടിയന്തിരാവസ്ഥയുടെ കുറച്ചു ദിനങ്ങള്‍ ജനാധിപത്യ ഇന്ത്യയുടെ മുകളില്‍ കരിനിഴല്‍ വീഴ്ത്തി എങ്കിലും കാര്യമായ ഒരു ചലനം സമൂഹത്തില്‍ പ്രതിഫലിച്ചു കണ്ടില്ല. കഴിഞ്ഞ തവണ എന്‍ ഡി എ അധികാരത്തില്‍ വന്നപ്പോഴും ഇന്നത്തെ രീതിയിലുള്ള ഒരു വെല്ലുവിളി നേരിട്ടില്ല. മോദിയുടെ ഭരണത്തില്‍ ആദ്യമായി നഷ്ടമായത് ജനാധിപത്യം തന്നെയാണ്. അഞ്ചു വര്‍ഷം കൂടുമ്പോള്‍ നിരയായി നിന്ന് വോട്ടു ചെയ്യുക എന്നത് മാത്രമാണ് ജനാധിപത്യം എന്ന് നാം തെറ്റിദ്ധരിച്ചു. ജനാധിപത്യം ഒരു ജീവിത രീതിയാണ്. നിയമ നിര്‍മാണം നടത്തുമ്പോള്‍ അവിടെ അത് പ്രതിഫലിക്കണം. അതെസമയം രാജ്യത്തെ ബാധിക്കുന്ന യാതൊരു ചര്‍ച്ചയും നമ്മുടെ പാര്‍ലമെന്റില്‍ നടക്കുന്നില്ല. ഏകാധിപത്യ രീതിയില്‍ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നു. ഫലത്തില്‍ ഒരു രാജ ഭരണത്തിന്റെ അവസ്ഥയിലാണ് ഇന്ത്യന്‍ സമൂഹം.

മറ്റൊരു മേഖലയില്‍ മതേതരത്വം വെല്ലുവിളി നേരിടുന്നു. മതത്തിന്റെയും ജാതിയുടെയും പേരില്‍ കൊലകളും അക്രമങ്ങളും വര്‍ധിക്കുന്നു. നമ്മുടെ പ്രധാനമന്ത്രി പലപ്പോഴും ഇതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കാറില്ല. മുസ്ലിംകളും മറ്റു ന്യൂനപക്ഷങ്ങളും നാട്ടില്‍ നിന്നും പോകണം എന്ന് ഫാസിസം മുറവിളി കൂട്ടുന്നു. ഈ രീതി തുടര്‍ന്നാല്‍ അടുത്ത തവണ ഫാസിസം അധികാരത്തില്‍ വന്നാല്‍ അത് ഇന്ത്യയുടെ അവസാനമാകും എന്ന് ശശി തരൂര്‍ പറഞ്ഞാല്‍ അതിനെ പിന്തുണക്കുക എന്നതാണ് പാര്‍ട്ടി ചെയ്യേണ്ടത്. പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ പീഡനം അനുഭവിക്കുന്നുവെങ്കില്‍ അതും ചൂണ്ടി കാണിക്കണം. ഇസ്ലാമാണ് പാകിസ്ഥാനിലെ ഔദ്യോഗിക മതം. ഭരണ രംഗത്ത് ഇസ്ലാം എത്രത്തോളം എന്നത് ഒരു പഠന വിഷയമാണ്. മതം പീഡനത്തിന്റെ കാരണമാകാന്‍ പാടില്ല. അതെ സമയം ഹിന്ദുത്വം ഇന്ത്യയില്‍ ഫാസിസത്തിന്റെ റോളിലാണ്. അതിന്റെ രൂക്ഷത കാണിക്കാന്‍ പറ്റിയ വാചകം എന്നെ ശശി തരൂരിന്റെ വാക്കുകളെ കുറിച്ച് പറയാന്‍ കഴിയൂ.

ഫാസിസത്തെ ഫാസിസമായി കണ്ട് പ്രതിരോധിക്കാന്‍ തയ്യാറായാല്‍ മാത്രമാണ് ജനാധിപത്യവും മതേതരത്വവും ബാക്കിയാവുക. മതേതര ജനാധിപത്യ പാര്‍ട്ടി എന്നത് പേര് കൊണ്ടല്ല പ്രവര്‍ത്തി കൊണ്ട് തെളിയിക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ് അത് പൂര്‍ണമാകുന്നത്. അവിടെയാണ് കോണ്‍ഗ്രസ് ശക്തി തെളിയിക്കേണ്ടത്. ശശി തരൂരും മണി ശങ്കര്‍ അയ്യരും ഉയര്‍ത്തുന്ന ചോദ്യം അവിടെയാണ് പ്രസക്തമാകുന്നതും.

Related Articles