Current Date

Search
Close this search box.
Search
Close this search box.

ബാബരിയെക്കുറിച്ചും രാമക്ഷേത്രത്തെക്കുറിച്ചും കരുണാനിധി പറഞ്ഞത്

ഏറെ നാളായി കാത്തിരുന്ന ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്ക കേസിന്റെ വിധി അവസാനം വന്നെത്തി. രാമ ഭക്തര്‍ക്കും വിഷയത്തില്‍ രാഷ്ട്രീയം കളിച്ചവര്‍ക്കും ആശ്വാസത്തിന്റെ നെടുവീര്‍പ്പിടാവുന്ന വിധിയാണത്. റാം രക്ഷപ്പെടുകയും വീണ്ടെടുക്കുകയും ചെയ്തു. അദ്ദേഹം തന്റെ ജന്മസ്ഥലത്ത് തന്നെ ഇരിക്കും. എല്ലാ മഹത്വത്തോടെയും കൂടി.

മറ്റേ കൂട്ടരോ, സ്ഥലം അവരുടേതാണെന്ന് അവകാശപ്പെട്ടവരോട് അവിടെ നിന്നും ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു. വിശാലമായ മറ്റൊരു സ്ഥലത്ത് പുതിയ ഒരു പള്ളി നിര്‍മിക്കാനും 27 വര്‍ഷം മുന്‍പ് മതഭ്രാന്തന്മാര്‍ തകര്‍ത്ത 470 വര്‍ഷം പഴക്കമുള്ള പള്ളിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സില്‍ നിന്നും മായ്ച്ചു കളയാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ അധ്യായം അവസാനിച്ചു. തിരശ്ശീല വീണു. ഇല്ലേ ?

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സുപ്രീം കോടതിയുടെ വിധിയെ ബഹുമാനിക്കാനും ക്രിയാത്മകമായ പ്രതികരണങ്ങള്‍ നടത്താനും മതസൗഹാര്‍ദ്ദവും പരസ്പര ഐക്യം നിലനിര്‍ത്താനും ആഹ്വാനം ചെയ്തു. തമിഴ്‌നാട്ടിലെ നാം തമിഴര്‍ കക്ഷി (നാം തമിഴ് പാര്‍ട്ടി) നേതാവ് സീമാന്‍ ട്വീറ്റ് ചെയ്തു-ഇതൊരു വിധിന്യായമാണ്, നീതിയല്ല. 16ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ബാബരി മസ്ജിദ് തകര്‍ത്തത് നിയമവാഴ്ചയുടെ ലംഘനവും പൊതു ആരാധനാലയം തകര്‍ത്തതായുമാണ് കണക്കുകൂട്ടുന്നത്. എന്നാല്‍ ഇത് വളരെ നിരാശാജനകമാണ്. പള്ളി തകര്‍ത്തവരെ ഇതുവരെ ശിക്ഷിച്ചിട്ടില്ല. പള്ളി പൊളിച്ചത് കേവലം നിയമവാഴ്ചയുടെ ലംഘനമല്ല, മറിച്ച് മറ്റൊരു വിഭാഗത്തിന്റെ വിശ്വാസത്തിന്റെയും രാജ്യത്തിന്റെ പരമാധികാരത്തിനും നേരെയുമുള്ള ലംഘനമായിരുന്നു. സീമാന്‍ ട്വീറ്റ് ചെയ്തു.

ദ്രാവിഡ രാഷ്ട്രീയവും രാമനും

തെക്ക് നിന്നുള്ള സീമാന്റെ ട്വീറ്റ് ചിലപ്പോള്‍ അവഗണിക്കപ്പെട്ടേക്കാം. എന്നാല്‍ തമിഴ്‌നാട്ടിലെ തെരുവുകളിലുള്ളവര്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിക്കുന്നവരാകും. അയോധ്യ ക്ഷേത്ര വിഷയം തമിഴ്‌നാട്ടില്‍ ഒരിക്കലും വികാരനിര്‍ഭരമായ ഒന്നല്ല. സാംസ്‌കാരികപരമായി, തമിഴര്‍ ശിവ,വൈഷ്ണവ ദൈവസ്തുതികള്‍ ശീലിച്ചവരാണ്. അവര്‍ രാമന്റെ ഗൗരവത്തിലുള്ള ആരാധകരല്ല. യുക്തിവാദ ദ്രവീഡിയന്‍ പ്രസ്ഥാനത്തിന്റെ ഉത്ഭവത്തോടെ ദ്രാവിഡവാദികള്‍ രാമന്റെ ആശയത്തെ പൂര്‍ണ്ണമായും ഒഴിവാക്കി. വാല്‍മീകിയുടെ രാമായാണം സംസ്‌കൃതത്തില്‍ എഴുതിയ ഇതിഹാസം എന്നതില്‍ കവിഞ്ഞ് ഒന്നുമില്ല എന്നതായിരുന്നു അവരുടെ നിലപാട്. ഇതിന്റെ വിവര്‍ത്തനം കമ്പന്‍ മനോഹരമായി തമിഴിലേക്ക് മൊഴിമാറ്റിയത് ഒരു മികച്ച സാഹിത്യകൃതി എന്നതില്‍ കവിഞ്ഞ ഒന്നായി അവര്‍ കാണുന്നില്ല. ദ്രവീഡിയന്‍മാര്‍ വാല്‍മീകിയെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞവരാണ്. കാരണം രാവണനെ ദ്രാവിഡനായ ഒരു രാക്ഷസനായിട്ടാണ് വാല്‍മീകി ചിത്രീകരിച്ചിരുന്നത്.

അഞ്ച് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ ഘടകം (ഡി.എം.കെ) നേതാവുമായ അന്തരിച്ച എം കരുണാനിധി രാമന്‍ ഒരു ദിവ്യാവതാരമാണെന്ന ആശയത്തോട് എല്ലായിപ്പോഴും എതിര്‍പ്പ് അറിയിച്ചിരുന്നു. കരുണാനിധിയുടെ ഒരു സ്വപ്‌നപദ്ധതിക്ക് രാമവിശ്വാസം തടസ്സം നിന്നതോടെയാണ് ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടും എതിര്‍പ്പും അദ്ദേഹം ശക്തമാക്കിയത്.

അദ്ദേഹത്തിന്റെ ഒരു സ്വപ്‌നപദ്ധതിയായിരുന്നു സേതുസമുദ്രം ഷിപ്പിങ് കനാല്‍ പ്രൊജക്റ്റ്. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നേരിട്ട് സഞ്ചരിക്കാവുന്ന ഒരു കടല്‍പാതയായിരുന്നു ഈ പ്രൊജക്ട്. പാത യാഥാര്‍ത്ഥ്യമാവുന്നതോടെ തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകള്‍ക്ക് സാമ്പത്തികമായി അഭിവൃദ്ധി കൈവരിക്കാനാകുമെന്ന് അദ്ദേഹം വിശ്വസിച്ചു. എന്നാല്‍ ഹിന്ദു മുന്നണികളും തീവ്ര ഹിന്ദുമത വിഭാഗക്കാരും എതിര്‍പ്പുകളും നിലവിളികളുമായി രംഗത്തെത്തി. ഇന്ത്യക്കും ശ്രീലങ്കക്കും ഇടയില്‍ നിര്‍ദ്ദിഷ്ട കടല്‍പ്പാതക്ക് പകരം മറ്റൊരു പാത ആവശ്യപ്പെട്ടായിരുന്നു എതിര്‍പ്പുന്നയിച്ചത്. ലങ്കയിലേക്കുള്ള പാതയില്‍ നിര്‍മിച്ച പുരാണത്തിലടിസ്ഥാനമായ രാമ പാലം (റാം സേതു) തകര്‍ക്കപ്പെടും എന്നതായിരുന്നു എതിര്‍ക്കാനുള്ള കാരണം. അന്ന് കേന്ദ്രത്തിലുണ്ടായിരുന്ന യു.പി.എ മുന്നണി കരുണാനിധിയുടെ പദ്ധതിക്ക് പിന്തുണ നല്‍കി. ജനത പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും ഹിന്ദു മുന്നണി നേതാവ് രാമഗോപാലനും പദ്ധതിയെ എതിര്‍ത്ത് കോടതിയില്‍ ഹരജി നല്‍കി. എന്നാല്‍ പദ്ധതിക്കായി ഇതിനോടകം തന്നെ വലിയ തുക ചിലവഴിച്ചിരുന്നു.

ആദം ബ്രിഡ്ജ് എന്നറിയപ്പെടുന്ന ‘റാം സേതു’ തകര്‍ത്തുകൊണ്ടാണ് നിര്‍ദിഷ്ട കടല്‍പാത ഒരുക്കുന്നത് എന്നായിരുന്നു ഹിന്ദു മുന്നണിയുടെ വാദം. റാം സേതു എന്നാല്‍ ലങ്കയുമായുള്ള യുദ്ധത്തിനിടെ ഹിന്ദുക്കളുടെ ദൈവമായ രാമനെ സംരക്ഷിക്കാനും അദ്ദേഹത്തിന്റെ തട്ടിക്കൊണ്ടുപോകപ്പെട്ട ഭാര്യ സീതയെ രക്ഷിക്കാനും വേണ്ടി രാമന്റെ വാനരസൈന്യം കടലില്‍ നിര്‍മിച്ച പാലമായിട്ടാണ് ഹിന്ദുക്കള്‍ ഇതിനെ കാണുന്നത്. ഈ പദ്ധതി നടപ്പായാല്‍ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുമെന്നാണ് അവര്‍ വാദിച്ചത്.

അവരുടെ വാദം പരിഹാസ്യപരവും യുക്തിരഹിതവുമായിട്ടാണ് കരുണാനിധി കണ്ടിരുന്നത്. അതിനു ശേഷം അദ്ദേഹം ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിക്കുകയുണ്ടായി. ‘ആരാണ് രാമന്‍, റാം എന്നത് ഒരു കള്ളമാണ്’ രാവണനെ ദ്രാവിഡനായ ഒരു വില്ലനായി ചിത്രീകരിച്ച ഇതിഹാസത്തില്‍ ചരിത്രപരമായ ഒരു സത്യവുമില്ല’. അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാറില്‍ കരുണാനിധി സമ്മര്‍ദ്ദം ചെലുത്തി. പദ്ധതിക്കായി പൊരുതി. 2007 സെപ്റ്റംബറില്‍ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ബന്ദിന് ആഹ്വാനം ചെയ്തു. എന്നാല്‍ ബന്ദ് നിയമവിരുദ്ധമാണെന്ന് പറഞ്ഞ് സുപ്രീം കോടതി രംഗത്തെത്തി. സുപ്രീം കോടതിയെ ധിക്കരിക്കാന്‍ കഴിയാതെ അദ്ദേഹം പകരം നിരാഹാരം കിടക്കാന്‍ തീരുമാനിച്ചു.

കരുണാനിധിയും ബാബരി മസ്ജിദും

1992ല്‍ ബാബരി മസ്ജിദ് തകര്‍ത്തതിനെക്കുറിച്ച് കരുണാനിധി എഴുതിയത് ഇപ്പോള്‍ അനുസ്മരിക്കപ്പെടേണ്ടതാണ്. കര്‍സേവകര്‍ അയോധ്യയിലേക്ക് മാര്‍ച്ച് നടത്തുകയും പുരാതനമായ പള്ളി തകര്‍ക്കാനും ലക്ഷ്യമിട്ട സമയത്ത് തന്നെ അവരുടെ ഉദ്ദേശ്യത്തെ അപലപിച്ച് ഡി.എം.കെ പ്രതിഷേധങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചിരുന്നു. എന്നാല്‍,അന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനായിരുന്നു പിന്തുണ നല്‍കിയിരുന്നത്.

1992 ഡിസംബര്‍ അഞ്ചിന് പാര്‍ട്ടി മുഖപത്രമായ മുറസോളിയില്‍ കരുണാനിധി എഴുതി. ‘എന്താണ് കര്‍സേവയുടെ അര്‍ത്ഥം. ദൈവത്തെ സേവിക്കുകയോ അതോ അശാന്തിയുടെ വിത്തുകള്‍ വിതക്കുന്നതിനുള്ള സേവനമോ ? (ഈ പ്രവൃത്തിക്ക് പിന്തുണ നല്‍കാന്‍ ഇവിടെ ഒരു സ്ത്രീയും ഉണ്ട്.) അവര്‍ പറയുന്നു റാം ജനിച്ചത് ത്രേത യുഗത്തിലാണെന്ന്. ദ്വാപാര യുഗം വരികയും കടന്നുപോകുകയും ചെയ്തു. ഇത് കലിയുഗമാണെന്നാണ് ഒരാള്‍ പറയുന്നത്. ഇതിനര്‍ത്ഥം 20 വര്‍ഷങ്ങള്‍ കടന്നുപോയി എന്നാണ്. അവര്‍ പറയുന്നു റാം ജനിച്ചത് 20 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പാണെന്ന്. ഞാന്‍ അത്ഭുതപ്പെടുന്നു. ഇതിനെക്കുറിച്ച് ആരാണ് എഴുതിയത്. ഇപ്പോള്‍, ഇതാണ് കൃത്യമായ സ്ഥലമെന്ന് പറഞ്ഞ് ഇപ്പോള്‍ എങ്ങിനെയാണ് ഒരു ഇസ്ലാമിക ചരിത്രത്തെ തകര്‍ക്കാന്‍ കഴിയുക. അയോധ്യയില്‍ രാമനു വേണ്ടി ഒരു ക്ഷേത്രം വേണമെന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ അത് നമുക്ക് അംഗീകരിക്കാന്‍ കഴിയും. എന്നാല്‍ ബാബരി മസ്ജിദ് തകര്‍ത്തുകൊണ്ട് അവിടെ ഒരു ക്ഷേത്രം പണിയണമെന്നത് നമുക്ക് അംഗീകരിക്കാനാവില്ല.’

പിറ്റേ ദിവസം രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തു. കരുണാനിധി വീണ്ടും പ്രസ്താവനയുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ‘അവരുടെ നടപടിയെ ശക്തമായി അപലപിക്കുന്നു. ഇത് തടയുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടു. ഇത്തരമൊരു അപകടകരമായ പ്രവൃത്തി തടയാന്‍ കേന്ദ്രം നടപടിയെടുക്കാതിരുന്നത് എന്ത് കൊണ്ട്. സംഭവിക്കാന്‍ പോകുന്നതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതാണ്.’ അദ്ദേഹം പ്രസ്താവിച്ചു.

പള്ളി നിലനിന്നിരുന്നതിന്റെ കിലോമീറ്ററുകള്‍ അപ്പുറത്തുള്ള ഒരു സംസ്ഥാനത്തുനിന്ന് ഒരു പ്രാദേശിക നേതാവ് യാതൊരു വൈകാരിക ബന്ധമില്ലാതിരുന്നിട്ട് കൂടി ഇത്തരത്തില്‍ പ്രസ്താവന നടത്തിയെങ്കില്‍ അത് അദ്ദേഹത്തിന്റെ മനസ്സിലെ ഗാഢമായ മതേതര വിശ്വാസത്തിന്റെ പ്രകടനമായേ കാണാന്‍ കഴിയൂ. തീര്‍ച്ചയായും ഇത് രാജ്യത്തിന്റെ ആത്മാവില്‍ ആഴത്തിലുള്ള ഒരു മുറിവുണ്ടാക്കുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. കഴിഞ്ഞയാഴ്ച പുറത്തുവന്ന സുപ്രീം കോടതിയുടെ വിധിയെക്കുറിച്ച് അദ്ദേഹം എങ്ങിനെ പ്രതികരിക്കുമായിരുന്നു എന്ന് പറയാന്‍ വലിയ പ്രയാസമില്ല.

അവലംബം: thewire.in
വിവ: സഹീര്‍ അഹ്മദ്‌

Related Articles