Current Date

Search
Close this search box.
Search
Close this search box.

എന്തു തെറ്റാണ് ആ മാധ്യമപ്രവര്‍ത്തകര്‍ ചെയ്തത്?

കഴിഞ്ഞ ശനിയാഴ്ചയാണ് മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കനോജിയയെ ഡല്‍ഹിയില്‍ വെച്ച് ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റു ചെയ്തത്. എന്തായിരുന്നു അദ്ദേഹം ചെയ്ത കുറ്റം? ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധപ്പെട്ട ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹം പങ്കുവെച്ചിരുന്നു. ഒരു സ്ത്രീ, താന്‍ ഒരു വര്‍ഷത്തോളമായി ആദിത്യനാഥുമായി വീഡിയോ കോള്‍ സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടുവരികയാണെന്നും, സന്യാസി-രാഷ്ട്രീയക്കാരനായ അദ്ദേഹത്തിന് അവരുടെ ജീവിതപങ്കാളിയാവാന്‍ താല്‍പര്യമുണ്ടോയെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നുമാണ് പ്രസ്തുത വീഡിയോ ക്ലിപ്പിന്റെ ഉള്ളടക്കം.

ഏതാനും മണിക്കൂറുകള്‍ക്കു ശേഷം, പ്രസ്തുത സ്ത്രീയുടെ അഭിപ്രായങ്ങള്‍ പ്രക്ഷേപണം ചെയ്തതിന്റെ പേരില്‍ ‘നാഷണ്‍ ലൈവ്’ എന്ന വാര്‍ത്താ ചാനലിന്റെ തലവനെയും പത്രാധിപനെയും ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റു ചെയ്തു.

ഐ.പി.സി സെക്ഷന്‍ 500-ഉം (അപകീര്‍ത്തിപ്പെടുത്തല്‍), ഐ.ടി ആക്ട് സെക്ഷന്‍ 66-മാണ് ( കനോജിയക്കു മേല്‍ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍. ജീവിതകാലം മുഴുവന്‍ ബ്രഹ്മചാരിയായി കഴിയുമെന്ന് പ്രതിജ്ഞ ചെയ്തിരിക്കുന്ന ഒരു സന്യാസിവര്യന്‍ എന്ന യോഗി ആദിത്യനാഥിന്റെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള അധികൃതരുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ അറസ്റ്റുകളെന്ന് വ്യക്തം.

അഥവാ പ്രസ്തുത സ്ത്രീയുടെ വാദം തെറ്റാണെങ്കില്‍, ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ ആദിത്യനാഥിന് തീര്‍ച്ചയായും എല്ലാവിധ സ്വാതന്ത്ര്യവുമുണ്ട്. പക്ഷേ, തന്റെ വ്യക്തിപരമായ പ്രതിച്ഛായ സംരക്ഷിക്കാന്‍ ഉത്തര്‍പ്രദേശ് പോലീസിനെ ഉപയോഗിക്കുന്നത് തീര്‍ച്ചയായും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗത്തിന്റെ പരിധിയില്‍ വരുന്നതുതന്നെയാണ്. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ പബ്ലിക്ക് റിലേഷന്‍ സംഘമായി പ്രവര്‍ത്തിക്കാനുള്ളതല്ല സംസ്ഥാന ഭരണസംവിധാനങ്ങള്‍.

അധികാര ദുര്‍വിനിയോഗം ഇവിടംകൊണ്ടും അവസാനിക്കുന്നില്ല. പ്രസ്തുത സ്ത്രീയുടെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചു കൊടുക്കുകയാണെങ്കിലും, കനോജിയയെ ജയിലിലടക്കാന്‍ ഉപയോഗിച്ചിരിക്കുന്ന വകുപ്പുകള്‍ തികച്ചും നിയമവിരുദ്ധമായാണ് പ്രയോഗിച്ചിരിക്കുന്നത്. ഐ.പി.സി സെക്ഷന്‍ 500 പ്രകാരമുള്ള അപകീര്‍ത്തിപ്പെടുത്തല്‍ ഒരു നോണ്‍ കോഗ്നിസബ്ള്‍ ഒഫന്‍സ് (ഗുരുതരമല്ലാത്ത ജാമ്യംലഭിക്കാവുന്ന കുറ്റകൃത്യം) ആണ്, പോലീസിന് വാറണ്ടില്ലാതെ നേരിട്ട് അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് അര്‍ഥം. അതായത്, മജിസ്‌ട്രേറ്റ് സമക്ഷം ആദിത്യനാഥ് പരാതി സമര്‍പ്പിച്ചാല്‍ മാത്രമേ അറസ്റ്റ്ു ചെയ്യാന്‍ സാധിക്കുകയുള്ളു.

നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇത്തരത്തിലുള്ള അധികാരദുര്‍വിനിയോഗം ഇന്ത്യയില്‍ പുതിയൊരു കാര്യമല്ല. അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ രാജ്യങ്ങള്‍ എല്ലായ്‌പ്പോഴും ഉണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ 180 രാജ്യങ്ങളില്‍ 138-ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്, പാകിസ്ഥാനെക്കാള്‍ ഒരു റാങ്ക് മുകളില്‍.

മറ്റൊരു കാര്യം, കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലെ വിജയത്തോടു കൂടി ബി.ജെ.പിക്ക് വലിയ തോതിലുള്ള രാഷ്ട്രീയ അധികാരമാണ് കൈവന്നിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം അടക്കമുള്ള പൗരാവകാശങ്ങള്‍ക്കു നേരെ പുതിയ അപകടഭീഷണികള്‍ ഉയര്‍ന്നുവരാനും, അധികാരകസേരകളില്‍ ഇരിക്കുന്ന ഭരണപക്ഷ രാഷ്ട്രീയക്കാര്‍ക്ക് വലിയതോതില്‍ അധികാരദുര്‍വിനിയോഗം നടത്താനും അതു കാരണമാവും എന്ന കാര്യത്തില്‍ സംശയത്തിനിടയില്ല.

പൗരാവകാശങ്ങള്‍ അപകടത്തിലായപ്പോഴൊക്കെ തന്നെ ജനാധിപത്യ സംരക്ഷണത്തിനു വേണ്ടി മറ്റു അധികാരകേന്ദ്രങ്ങള്‍ മുന്നോട്ടുവന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, കഴിഞ്ഞ മെയ് മാസത്തില്‍, ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഫോട്ടോ മോര്‍ഫ് ചെയ്തപ്പോള്‍ സുപ്രീംകോടതിയുടെ ഭാഗത്തു നിന്നും വേഗത്തിലുള്ള ഇടപെടല്‍ ഉണ്ടായിരുന്നു. ഇന്നിതാ പ്രശാന്ത് കനോജിയയെ ജാമ്യത്തില്‍ ഉടന്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ട്വീറ്റുകളുടെ പേരില്‍ ഒരാളെ എങ്ങനെ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്നാണ് സുപ്രീംകോടതി ചോദിച്ചത്.

മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റോടെ കൂടുതല്‍ വ്യക്തമായിരിക്കുന്ന അധികാരദുര്‍വിനിയോഗം എന്ന പുഴുക്കുത്തിനെ തടയാന്‍ ജനാധിപത്യസ്ഥാപനങ്ങള്‍ സര്‍ക്കാറുകള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട ആവശ്യകത മുന്‍പത്തേക്കാള്‍ അധികം അനിവാര്യമായിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്.

മൊഴിമാറ്റം : ഇര്‍ഷാദ്
അവലംബം : scroll.in

Related Articles