Current Date

Search
Close this search box.
Search
Close this search box.

ബൈഡന്‍ ഫലസ്തീനെ സുഹൃത്തായി കാണുമെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്

ഫലസ്തീന്‍ രാഷ്ട്രം എന്ന ലക്ഷ്യത്തിന്റെ അടിത്തറ മാന്തിയ നാലു വര്‍ഷത്തെ ട്രംപ് ഭരണകൂടത്തിന് അന്ത്യമായി അമേരിക്കയിലെ പുതിയ ഭരണമാറ്റത്തെ ഫലസ്തീനികള്‍ ഏറെ ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്. ഇസ്രായേലിലെ തീവ്രവലതുപക്ഷ ഭരണകൂടത്തിന് ഇഷ്ടം പോലെ പ്രവര്‍ത്തിക്കാന്‍ ട്രംപ് അനുമതി നല്‍കി. അവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അത് സ്വീകാര്യത നല്‍കി. അതിനാല്‍ തന്നെ ബൈഡന്റെ തെരഞ്ഞെടുപ്പ് ജയത്തെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് സ്വാഗതം ചെയ്തു. ഫലസ്തീന്‍-ഇസ്രായേല്‍ വിഷയത്തിലുള്ള സമാധാനപരമായ പരിഹാരം കാണുന്നതിനുള്ള ആദ്യപടിയായാണ് അവര്‍ ഇതിനെ കണ്ടത്.

‘ഇസ്രായേല്‍ രാജ്യത്തിന് പൂര്‍ണ്ണവും നിരുപാധികവുമായ പിന്തുണ നല്‍കുക എന്ന ട്രംപിന്റെ നയങ്ങള്‍ ശരിക്കും ഫലസ്തീനെക്കുറിച്ചുള്ള അമേരിക്കയുടെ പരമ്പരാഗത നിലപാട് മാത്രമായിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആയാലും ഡെമോക്രാറ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലായാലും യു.എസിന്റെ വിദേശനയം എന്നത് സ്ഥിരമായി ഇസ്രയേലിനെ പിന്തുണക്കുക എന്നതായിരുന്നു.’- ഫലസ്തീന്‍ മുതിര്‍ന്ന രാഷ്ട്രീയ നിരീക്ഷക ഡോ. യാര ഹവാരി പറയുന്നു.

ട്രംപ് ഭരണകൂടം ഈ നയത്തില്‍ നിന്നും ഒഴിഞ്ഞുമാറിയിട്ടില്ല. ഇത് തീര്‍ച്ചയായും ഫലസ്തീന്റെ കോളനിവല്‍ക്കരണത്തെ ത്വരിതപ്പെടുത്തുന്നതിന് സഹായിച്ചു, അത് അമേരിക്കന്‍ വിദേശനയത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. ബൈഡനെ സ്വയം പ്രഖ്യാപിത സയണിസ്റ്റ് ആയി കരുതുകയാണെങ്കില്‍, അദ്ദേഹത്തിന്റെ മുന്‍ഗാമി വരുത്തിയ നാശനഷ്ടങ്ങള്‍ അദ്ദേഹം തിരുത്തും എന്ന അമിത ശുഭാപ്തി വിശ്വാസം വേണ്ട. ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ ആക്രമണത്തെ പിന്തുണച്ച ചരിത്രമാണ് പുതിയ അമേരിക്കന്‍ പ്രസിഡന്റിനുമുള്ളത്.

ബറാക് ഒബാമയുടെ ഭരണത്തില്‍ വൈസ് പ്രസിഡന്റായും യു.എസ് സെനറ്ററായും പ്രവര്‍ത്തിച്ച ബൈഡന്‍ ഇസ്രായേലിനുള്ള അമേരിക്കയുടെ അചഞ്ചലമായ പിന്തുണ നിലനിര്‍ത്തുന്നതിന് സഹായിയായി വര്‍ത്തിച്ചു. ഇസ്രായേലിന് അയണ്‍ ഡോം മിസൈല്‍, ആരോ 3 മിസൈല്‍ എന്നീ പ്രതിരോധ സംവിധിനാങ്ങള്‍ ലഭ്യമാക്കുന്നതിന് അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. വാഷിംഗ്ടണ്‍ നടത്തുന്ന ഏറ്റവും മികച്ച നിക്ഷേപമാണ് ഇസ്രായേലിനുള്ള അമേരിക്കന്‍ സൈനിക സഹായമെന്ന് ബൈഡന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. ഇസ്രായേല്‍ ഇല്ലായിരുന്നുവെങ്കില്‍, ഈ പ്രദേശത്തെ നമ്മുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അമേരിക്ക ഒരു ഇസ്രായേലിനെ കണ്ടുപിടിക്കേണ്ടതുണ്ടായേനെ എന്നാണ് അദ്ദേഹം സെനറ്റര്‍മാരോട് അന്ന് പറഞ്ഞത്.

ബൈഡന്‍ ഭരണത്തിലേറി 24 മണിക്കൂറിനിടെ ട്രംപ് നടപ്പിലാക്കിയ തീരുമാനങ്ങളെ അസാധുവാക്കുന്ന ഉത്തരവുകളില്‍ ഒപ്പുവെച്ചെങ്കിലും ഇസ്രായേലിന് അനുകൂലമായ തീരുമാനങ്ങളൊന്നും യു.എസ് പ്രസിഡന്റ് റദ്ദാക്കാന്‍ പോകുന്നില്ല. യു എസ് എംബസി ട്രംപ് ജറുസലേമിലേക്ക് മാറ്റിയതിനെ ബൈഡന്‍ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം അത് തെല്‍ അവീവിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ പോകുന്നില്ല. ട്രംപ് ഭരണകൂടം വെട്ടിക്കുറച്ച ഫലസ്തീനുള്ള സാമ്പത്തിക വികസനത്തിനുള്ള ധനസഹായം, മാനുഷിക സഹായം എന്നിങ്ങനെയുള്ള സഹായ പദ്ധതികള്‍ പുന:സ്ഥാപിക്കുമെന്ന് ബൈഡന്‍ പറഞ്ഞിട്ടുണ്ടെങ്കിലും, ഫലസ്തീന്‍ തടവുകാരുടെയും ഇസ്രായേല്‍ കൊന്ന ഫലസ്തീനികളുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന ക്ഷേമപദ്ധതികളും ഫലസ്തീന്‍ അതോറിറ്റി (പി.എ)ക്കുള്ള സഹായങ്ങളും വ്യവസ്ഥകളോടെയാകും എന്ന മുന്‍ഗാമിയുടെ സ്വരവും അദ്ദേഹം ആവര്‍ത്തിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യം, സമത്വം, സ്വയം നിര്‍ണ്ണയാവകാശം എന്നിവ തേടുന്ന ഫലസ്തീനികള്‍ക്ക് ഇതൊരു ശുഭവാര്‍ത്തയല്ല. മേഖലയില്‍ സമാധാനം വരുത്തുന്നതിന് യു.എസ്-ഫലസ്തീന്‍ ബന്ധങ്ങളുടെ പുന:പരിശോധന നടത്തേണ്ടതുണ്ട്. ബൈഡന്‍ ഭരണകൂടത്തിന് അത്തരം മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമോ എന്ന് പലരും സംശയിക്കുന്നുണ്ട്. പ്രത്യേകിച്ചും വൈസ് പ്രസിഡന്റ് കമല ഹാരിസും പുതിയ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിന്‍കെനും ഇസ്രായേല്‍ അനുകൂല നിലപാട് സ്വീകരിക്കുന്നവരായിരിക്കെ.

ഇസ്രയേലിന്റെ സുരക്ഷയോടുള്ള അമേരിക്കയുടെ പ്രതിബദ്ധത ‘പവിത്രമാണ്’ എന്നും ഇസ്രയേലിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി ട്രംപ് സ്വീകരിച്ച നടപടികള്‍ കെട്ടിപ്പടുക്കാന്‍ ബൈഡന്‍ ഭരണകൂടം ശ്രമിക്കുമെന്നും പ്രത്യേകിച്ചും യു.എസ് എംബസി മാറ്റം, അറബ് രാജ്യങ്ങളുമായി ബന്ധം ഊഷ്മളമാക്കുന്ന അബ്രഹാം ഉടമ്പടി എന്നിവ മുന്‍നിര്‍ത്തിയെന്നും കഴിഞ്ഞ മെയില്‍ ബ്ലിന്‍കന്‍ പറഞ്ഞിരുന്നു. ഇസ്രായേലുമായുള്ള തര്‍ക്കങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടാതെ ബൈഡന്‍ സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലിനെ ശക്തമായി പിന്തുണക്കുന്നയാളായാണ് കമല ഹാരിസിനെ വിശേഷിപ്പിക്കപ്പെടുന്നത്. ഇസ്രായേലിന് അമേരിക്ക 38 ബില്യണ്‍ ഡോളറിന്റെ സൈനികസഹായം നല്‍കിയതിന് 2017ല്‍ യു.എസിന് പിന്തുണ അര്‍പ്പിച്ച് അവര്‍ രംഗത്തെത്തിയിരുന്നു. 2019ല്‍ ന്യൂയോര്‍ക്ക് ടൈംസുമായുള്ള ഒരു അഭിമുഖത്തില്‍ ഇസ്രായേല്‍ അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്, എല്ലാ തലത്തിലും ഉണ്ടെന്നായിരുന്നു കമലയുടെ മറുപടി.

‘ട്രംപിന് മുന്‍പ് റിപ്പബ്ലിക്കന്‍മാരെയും അമേരിക്കന്‍ രാഷ്ട്രീയ സ്ഥാപനങ്ങളെയും അപേക്ഷിച്ച് ഡെമോക്രാറ്റ് ഭരണകൂടങ്ങള്‍ പൊതുവെ ഇസ്രായേല്‍ അനുകൂലമായിരുന്നു. ഇസ്രയേല്‍ അനുകൂല ലോബി യു.എസില്‍ വളരെ ശക്തമാണ്, രാഷ്ട്രീയത്തില്‍ നിലനില്‍ക്കാന്‍ നിങ്ങള്‍ ഇസ്രായേല്‍ അനുകൂലികളായിരിക്കണം എന്നതാണ് അമേരിക്കയിലെ പൊതുധാര’- ഫലസ്തീന്‍ രാഷ്ട്രീയ നിരീക്ഷ ഡോ. ഹവാരി പറയുന്നു.

‘മുഖ്യധാരാ മാധ്യമങ്ങള്‍ ബൈഡനെ ലിബറലിസത്തിന്റെയും സമാധാനത്തിന്റെയും വക്താവായാണ് അവതരിപ്പിക്കുന്നത്. ഫലസ്തീന്‍-ഇസ്രായേല്‍ ചര്‍ച്ചകളുടെ ചട്ടക്കൂടിലേക്ക് മടങ്ങിയെത്തിയ ഒരാളായി അദ്ദേഹത്തെ വളരെ നല്ല വെളിച്ചത്തില്‍ അവതരിപ്പിക്കുന്നു. ഇത് വളരെ അപകടകരമാണെന്ന് ഞാന്‍ കരുതുന്നു.’ ട്രംപ് ചരിത്രത്തിന്റെ സ്വയം പ്രഖ്യാപിത ഇസ്രായേല്‍ അനുകൂല അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്നുവെങ്കില്‍, ബൈഡന്‍ യാഥാര്‍ത്ഥ്യത്തേക്കാള്‍ കൂടുതലായി ഫലസ്തീനികളുടെ ഒരു സുഹൃത്തായാണ് ചിത്രീകരിക്കപ്പെടുന്നത്’

പ്രസിഡന്റ് ബൈഡന്‍ ട്രംപ് കാലത്തെ ആക്രമണത്തില്‍ നിന്ന് ഫലസ്തീനികള്‍ക്ക് ഒരു ചെറിയ അവധി നല്‍കിയേക്കാം, എന്നാല്‍ അദ്ദേഹം ഫലസ്തീന്റെ സുഹൃത്തായിരിക്കുമെന്ന് വിശ്വസിക്കുന്നത് തെറ്റാണ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെ സ്ഥിരീകരിച്ച പോലെ ബൈഡനും ഇസ്രായേലിന്റെ ഒരു സുഹൃത്താണ്, ഈ ഭരണത്തെ സംബന്ധിച്ചിടത്തോളം ഇസ്രായേലിന്റെ താല്‍പ്പര്യങ്ങള്‍ പരമപ്രധാനവുമാണ്.

അവലംബം: middleeastmonitor.com
വിവ: സഹീര്‍ വാഴക്കാട്

Related Articles