Current Date

Search
Close this search box.
Search
Close this search box.

സൂക്ഷിച്ച് കളിക്കുന്നതാണ് സർക്കാറിനും നല്ലത്

കോവിഡ് മഹാമാരിയുടെ രണ്ടാം വരവിൻ്റെ ആരവവും ആഘാതവും തീർന്നിട്ടില്ല. അപ്പോഴേക്കും മൂന്നാം വരവിനെക്കുറിച്ചുള്ള മുന്നറിയിപ്പ് വന്നുകഴിഞ്ഞു.സർക്കാറും ജനങ്ങളും ഒരുമിച്ച് നിന്നാൽ മാത്രമേ മഹാമാരിയെ മറികടക്കാനാവൂ..

സമ്പുർണമായ അടച്ചിടലല്ല ഇനിയുള്ള പരിഹാരമെന്ന തീർപ്പിൽ ലോകംതന്നെ എത്തിക്കഴിഞ്ഞു.കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള സാമൂഹ്യ ജീവിതമാണ് നമുക്ക് മുന്നിലുള്ള വഴി.സർക്കാർ സൗജന്യ കിറ്റുകൾ കൊണ്ട് മാത്രം ഇനി നമുക്ക് പിടിച്ച് നിൽക്കാനാവില്ലയെന്നർഥം.

സമ്പൂർണ അടച്ചിടൽ കേരളത്തിൻ്റെ സാമൂഹ്യജീവിതത്തെ സാരമായി ബാധിച്ച് കഴിഞ്ഞിരിക്കുന്നു. ഉപജീവന മാർഗം മുഴുവൻ വഴിമുട്ടിയവർ, ഇനി ഒരിക്കലും തുറക്കാനാവാത്തവിധം തകർന്നുപോയ വ്യാപാര ബിസിനസ് സംരഭങ്ങൾ,ഇതെല്ലാം പിടിച്ചുനിർത്താനായി കെട്ടുതാലിയും താമസിക്കുന്ന വീടും പണയപ്പെടുത്തിയവർ,ബാങ്ക് വായ്പയും ഒ.ഡിയും തിരിച്ചടക്കാനാവാതെ ആത്മഹത്യ മുനമ്പിലെത്തി നിൽക്കുന്നവർ, തൊഴിൽ നഷ്ടപ്പെട്ട ലക്ഷക്കണക്കിന് യുവാക്കൾ ..

ഇവിടെ എന്തെല്ലാം തുറക്കണം,തുറക്കരുത് എന്ന് തീരുമാനിക്കുന്നത് സർക്കാറാണെന്നത് ശരിയാണ്. പക്ഷെ, അത് ജനങ്ങൾക്ക് മനസ്സിലാവുന്ന മാനദണ്ഡങ്ങൾ വെച്ചാവണം.

തങ്ങളിനിയും കട തുറന്നില്ലെങ്കിൽ ഇനിയൊരിക്കലും തുറക്കാനാവില്ലെന്ന ബോധ്യത്തിൽ വ്യാപാരികൾ സമരത്തിലാണ്.മതവിശ്വാസികൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആരാധനാ ചടങ്ങുകൾക്കനുമതി വേണമെന്നാവശ്യപ്പെട്ടിരിക്കുന്നു. വെളളിയാഴ്ച്ച ജുമുഅയും ബലിപെരുന്നാൾ നമസ്കാരവും കോവിഡ് നിയന്ത്രണങ്ങളോടെ നിർവഹിക്കാനാവുമെന്ന ഉറപ്പ് മതവിശ്വാസികൾക്കുണ്ട്. എന്നാൽ ഈ ആവശ്യങ്ങളെ മാന്യമായി അഭിമുഖീകരിച്ച് സാധ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിന് പകരം മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുന്ന രീതിയും ശൈലിയും സ്വീകരിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.

കോവിഡ് കാലത്തെ ഇലക്ഷൻ മേളകളിലും റോഡ് ഷോ സംഘടിപ്പിക്കലിലും ബിവറേജ് ഷോപ്പുകൾ മാനദണ്ഡങ്ങൾ പാലിക്കാതെ തുറന്നിട്ട് കൊടുത്തതിലും യാതൊരു കരുതലും കാണിക്കാത്ത മുഖ്യമന്ത്രി സാധാരണക്കാരൻ്റെ അടിസ്ഥാനാവശ്യങ്ങൾക്ക് നേരെ ഭീഷണിയുടെ സ്വരമുയർത്തുന്നത് ഫാഷിസമാണ്. ദുരിതക്കയത്തിലകപ്പെട്ട ജനങ്ങളോട് മുഖ്യമന്ത്രി സംസാരിക്കേണ്ടത് ഇത്തരം സ്റ്റാലിനിസത്തിൻ്റെ ശരീരഭാഷ വെച്ചാകരുത്. സൂക്ഷിച്ച് കളിക്കുന്നതാണ് നല്ലതെന്ന്‌ ആക്രോശിക്കുന്ന മുഖ്യമന്ത്രിയും പാർട്ടിയും ജനങ്ങളെയും അവരുടെ ദുരിതാവസ്ഥയെയും മനസ്സിലാക്കി കളിക്കുന്നതും നല്ലതാണ്.

Related Articles