Current Date

Search
Close this search box.
Search
Close this search box.

‘പപ്പു’വില്‍ നിന്ന് പോപ്പുലറിലേക്ക്; ഭാരത് ജോഡോ യാത്ര രാഹുലിന്റെ ചിത്രം മാറ്റിമറിക്കുമോ ?

ഭാരത് ജോഡോ യാത്രയ്ക്കിടെ ഒക്ടോബര്‍ ഒന്നിന് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ യൂട്യൂബ് വീഡിയോയിലെ പ്രധാന കമന്റുകളിലൊന്ന് കോണ്‍ഗ്രസ് നേതാവിന്റെ മൂര്‍ച്ചയുള്ള വിലയിരുത്തലാണ്. ‘രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി അതിവേഗം വളര്‍ന്നു,’ എന്നാണ് സത്യ സാര്‍ത്തക് മനോഹരി കമന്റ് ചെയ്തത്. ‘പപ്പുവില്‍’ നിന്ന് പോപുലാരിറ്റിയിലേക്കുള്ള(ജനപ്രീതി) കഠിനമായ യാത്രയാണിത് എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

രാഹുല്‍ ഗാന്ധിയ്ക്കെതിരെ ഭാരതീയ ജനതാ പാര്‍ട്ടി ആയുധമാക്കിയ ‘പപ്പു’ (എളുപ്പം വഞ്ചിക്കപ്പെടുന്നവന്‍) എന്ന ഹിന്ദി ഭാഷയിലെ ഈ പ്രയോഗത്തില്‍ നിന്ന് ഒരുപക്ഷേ കോണ്‍ഗ്രസ് വിജയിച്ചേക്കാം. മനോഹരിയുടെ അവലോകനത്തില്‍ കോണ്‍ഗ്രസ് ആകെ സന്തുഷ്ടിടിയിലാണ്.
ഭാരത് ജോഡോ യാത്ര ലക്ഷ്യമിടുന്നതും ഇതുതന്നെയാണ്. മാധ്യമങ്ങളെ മറികടന്ന് നേരിട്ട് തെരുവിലിറങ്ങുന്നതിലൂടെ, 2024-ലെ തിരഞ്ഞെടുപ്പിന് മുമ്പ് ഗാന്ധി തന്റെ പ്രതിച്ഛായ പുനര്‍നിര്‍മ്മിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. യാത്ര ഇപ്പോഴും ആദ്യ ഘട്ടത്തിലാണ് – മാര്‍ച്ചിന്റെ 80% അവശേഷിക്കുന്നുണ്ട്. അത് പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

ദുര്‍ബലമായ പി.ആര്‍ വര്‍ക്കുകള്‍

രാഹുല്‍ ഗാന്ധിക്ക് ചില കാര്യങ്ങളില്‍ ധാരണ പ്രശ്നമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ മോശം കഴിവുകള്‍ കണക്കിലെടുത്ത് അദ്ദേഹം തന്നെ ഉണ്ടാക്കിയതാണ് ഇതിന്റെ ഒരു ഭാഗം. ഉദാഹരണത്തിന്, മുന്‍ കോണ്‍ഗ്രസുകാരനായ സഞ്ജയ് ഝായുടെ വാക്കുകളില്‍ പറയുകയാണെങ്കില്‍ 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ്, അര്‍ണബ് ഗോസ്വാമിക്ക് രാഹുല്‍ നല്‍കിയ ടെലിവിഷന്‍ അഭിമുഖം ‘ദുരന്തമായി’ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇതാണ് ബി.ജെ.പിയുടെ ‘പപ്പു’ എന്ന വിളിക്ക്് തിരികൊളുത്തിയത്.

അതിന്റെ മറ്റൊരു ഭാഗം ഗാന്ധി കുടുംബം ഇപ്പോള്‍ നിയന്ത്രിക്കാന്‍ പാടുപെടുന്ന, ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനുള്ളിലെ അധികാര തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, സെപ്റ്റംബറില്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അദ്ദേഹത്തെ മാറ്റിസ്ഥാപിക്കാനുള്ള പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ നീക്കങ്ങള്‍ക്കെതിരെ ഞെട്ടിക്കുന്ന (വിജയകരമാണെന്ന് തോന്നുന്നു) ഒരു കലാപത്തിന് നേതൃത്വം നല്‍കി. നിലവില്‍, പാര്‍ട്ടിയുടെ ആദരവ് നേടാനും അദ്ദേഹത്തില്‍ നിന്ന് ദിശാബോധം നേടാനും കഴിയുന്ന വിജയിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയെ ഉറപ്പാക്കാന്‍ തന്റെ പാര്‍ട്ടിയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കാന്‍ രാഹുല്‍ ഗാന്ധി പാടുപെടുകയാണ്.

എന്നിരുന്നാലും, ഗാന്ധിയുടെ ധാരണ പ്രശ്നത്തിന്റെ ഒരു ഭാഗം ബിജെപിയുടെ വന്‍തോതിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഗാന്ധിയെ നിരന്തരം ആക്രമിക്കുന്നു. പലപ്പോഴും വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്ന സൗഹൃദ ടെലിവിഷന്‍ ചാനലുകളുടെ ഒരു വലിയ ആവാസവ്യവസ്ഥയും ബി.ജെ.പിക്കൊപ്പമുണ്ട്. ഉദാഹരണത്തിന്, ഉരുളക്കിഴങ്ങിനെ സ്വര്‍ണ്ണമാക്കി മാറ്റുന്ന ഒരു ഫാക്ടറിയെക്കുറിച്ച് രാഹുല്‍ ഒരിക്കല്‍ പറഞ്ഞുവെന്ന മിഥ്യാധാരണ വളരെ ശക്തമാണ്. ഭാരത് ജോഡോ യാത്രയുടെ ഒരു മുതിര്‍ന്ന സംഘാടകന്‍ ഇക്കാര്യം പത്രപ്രവര്‍ത്തകനോട് പറഞ്ഞത് തന്റെ കുടുംബം വരെ അത് വിശ്വസിച്ചിരുന്നു എന്നാണ്.

ഈ കൂട്ടായ ശ്രമത്തിന്റെ ലക്ഷ്യം നേരേചൊവ്വേ പറഞ്ഞാല്‍ രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ മാറ്റുക എന്നതാണ്. മാധ്യമങ്ങളെ മുഴുവനായും മറികടക്കാനുള്ള ശ്രമത്തില്‍ തെരുവിലിറങ്ങിയാണ് യാത്ര ഇത് ചെയ്യുന്നത്.

മഹാത്മാ ഗാന്ധി മുതല്‍ കാര്‍ഷിക നിയമങ്ങള്‍ വരെ

രാഹുല്‍ ഗാന്ധിയുടെ ആയുധപ്പുരയിലെ ഏറ്റവും വലിയ ആയുധം മഹാത്മാഗാന്ധിയുടെ വ്യക്തിപരമായ ത്യാഗത്തിന്റെ സൂത്രവാക്യമാണ്. ഇവിടെ അത് ബഹുജന സമ്പര്‍ക്കം കലര്‍ന്ന ഒരു വലിയ ദീര്‍ഘയാത്രയുടെ രൂപത്തിലാണത്.
‘ഞാന്‍ തപസ്യയില്‍ വിശ്വസിക്കുന്നു. അതിനാല്‍ ആളുകളുമായുള്ള ഈ ആശയവിനിമയത്തില്‍ എനിക്ക് കഷ്ടപ്പാടിന്റെ ഒരു ഘടകം വേണം’ എന്നാണ് ഒരു പത്രസമ്മേളനത്തിനിടെ രാഹുല്‍ പറഞ്ഞത്. ഗാന്ധിയുടെ ഈ മനോഭാവം ഒരു മികച്ച രാഷ്ട്രീയ ഉപകരണമാകാം. ‘ഇന്ത്യന്‍ സംസ്‌കാരം പദയാത്ര പോലുള്ള രാഷ്ട്രീയ ഉപകരണങ്ങളെ ആഴത്തില്‍ ബഹുമാനിക്കുന്നുണ്ട്’ യാത്രയില്‍ പങ്കെടുക്കുന്ന രാഷ്ട്രീയ നിരീക്ഷകനും സ്വരാജ് ഇന്ത്യയുടെ നേതാവുമായ യോഗേന്ദ്ര യാദവ് പറഞ്ഞു. ‘നിങ്ങള്‍ ഒരു പദയാത്രയിലാണെങ്കില്‍, നിങ്ങളെ എതിര്‍ക്കുന്നവരും, അവര്‍ നിങ്ങളെ അത്താഴത്തിനെങ്കിലും ക്ഷണിക്കും’.-അദ്ദേഹം പറഞ്ഞു.

മോദി സര്‍ക്കാരിനെ രൂക്ഷമായി ബാധിച്ച തെരുവ് പ്രക്ഷോഭങ്ങളുടെ നിരവധി സംഭവങ്ങള്‍ക്ക് ശേഷമാണ് ഗാന്ധിയുടെ ഈ യാത്ര. ഇന്ത്യന്‍ പൗരത്വത്തിന് മതപരമായ മാനദണ്ഡം അവതരിപ്പിച്ച പുതിയ നിയമമായ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് കൊണ്ടുള്ള പ്രക്ഷോഭത്തില്‍ ് 2019 ഡിസംബര്‍ മുതല്‍ 2020 മാര്‍ച്ച് വരെ ഇന്ത്യയിലുടനീളം ലക്ഷക്കണക്കിന് ആളുകളെ അണിനിരത്താന്‍ കഴിഞ്ഞു. ഇത് പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും പെട്ടെന്നുള്ള ആഘാതമായിരുന്നു. പൗരത്വ ഭേദഗതി നിയമം പാസാക്കി ഏകദേശം മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ നടപ്പാക്കിയിട്ടില്ല എന്നത് പ്രക്ഷോഭത്തിന്റെ ഫലം കൊണ്ടാണ്.

കാര്‍ഷിക മേഖലയുടെ മേലുള്ള ഭരണകൂട നിയന്ത്രണം കുറയ്ക്കാനും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് തുറന്നുകൊടുക്കാനും ലക്ഷ്യമിട്ടുള്ള മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധിച്ചതിലും വലിയ വിജയം നേടി. 2020 സെപ്റ്റംബര്‍ മുതല്‍ 2021 നവംബര്‍ വരെ കൂടുതലും ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ നടന്ന പ്രതിഷേധങ്ങള്‍, നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിക്കാന്‍ നരേന്ദ്ര മോദിയെ നിര്‍ബന്ധിതനാക്കി. കര്‍ഷകരോട് ടെലിവിഷന്‍ വഴി മാപ്പ് പറഞ്ഞതിന് ശേഷമാണ് അദ്ദേഹം അങ്ങനെ ചെയ്തത്.

പാര്‍ട്ടിയെ പുനര്‍നിര്‍മ്മിക്കുന്നു

യാത്ര ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍, നേരിട്ടുള്ള ബഹുജന സമ്പര്‍ക്കം എന്ന ആശയം ഫലം കണ്ടുവെന്നത് വ്യക്തമാണ്. ഒക്ടോബര്‍ രണ്ടിന് മൈസൂരില്‍ കനത്ത മഴ കൊണ്ട് ജനങ്ങളെ അഭിസംബോധന ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം വൈറലായിരുന്നു. പിന്നാലെ അമ്മയായ സോണിയ ഗാന്ധിയുടെ ഷൂവിന്റെ ലൈസ് കെട്ടിക്കൊടുക്കുന്ന ചിത്രവും വൈറലായിരുന്നു. ബി.ജെ.പിയിലേക്ക് ചായുന്ന പ്രമുഖ ഹിന്ദി വാര്‍ത്താ ചാനലുകളിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍ പോലും ഈ ഫോട്ടോകള്‍ ട്വീറ്റ് ചെയ്തു.

ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ പുനരുജ്ജീവിപ്പിക്കുന്നത് കോണ്‍ഗ്രസിന്റെ അണികളില്‍ കാര്യമായി സ്വാധീനിക്കുന്നുണ്ട്, വര്‍ഷങ്ങളായി തര്‍ക്കത്തില്‍ തകര്‍ന്നു കിടക്കുകയായിരുന്നു ആ പാര്‍ട്ടി. പാര്‍ട്ടിക്ക് നിലവില്‍ രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് അധികാരമുള്ളത്, അതിന്റെ എക്കാലത്തെയും ചെറിയ വ്യാപനമാണിത്.

ചാര്‍ജ് ചെയ്യാനുള്ള തപ്പിതടയല്‍

ഒരു ദശാബ്ദത്തിനിടെ ആദ്യമായി രാഹുല്‍ ഗാന്ധിയെ ആക്രമിക്കാന്‍ ബി.ജെ.പി പാടുപെടുന്നത് യാത്രയുടെ ജനകീയത കൊണ്ടാണെന്നത് വസ്തുതയാണ്. ഓരോ പ്രശ്നങ്ങള്‍ക്കായി കാത്തുനില്‍ക്കുന്ന ബി.ജെ.പി തങ്ങള്‍ക്ക് പരിചിതമായ തന്ത്രത്തിലേക്ക് തന്നെയാണ് തിരിഞ്ഞത്. കോണ്‍ഗ്രസിനെ ന്യൂനപക്ഷ പ്രീണനക്കാര്‍ എന്നാണ് അവര്‍ ഇപ്പോഴും വിളിക്കുന്നത്. സെപ്തംബര്‍ 11 ന് ഒരു തമിഴ് പാസ്റ്ററുമായി കൂടിക്കാഴ്ച നടത്തിയതിന് ബിജെപി രാഹുലിനെ ആക്രമിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഈ ‘ഹിന്ദു വിദ്വേഷം’ പൊതുവെയും രാഹുലിന്റേത് പ്രത്യേകിച്ചും രഹസ്യമായ കാര്യമല്ല,”എന്നാണ് ബിജെപി വക്താവ് സംബിത് പത്ര ട്വീറ്റ് ചെയ്തത്. സെപ്തംബര്‍ 20ന്, ഹിജാബണിഞ്ഞ ഒരു മുസ്ലീം പെണ്‍കുട്ടിയുടെ കൂടെ നടക്കുന്ന ഗാന്ധിയുടെ ഫോട്ടോയെയും പാത്ര വീണ്ടും വിമര്‍ശിച്ചു.

ഭാരത് ജോഡോ യാത്രയെ ആക്രമിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍, വിഭജനത്തിന് നെഹ്റുവിനെ കുറ്റപ്പെടുത്താന്‍ ഏഴ് പതിറ്റാണ്ടുകള്‍ പിന്നിട്ട പരസ്യങ്ങള്‍ ബി.ജെ.പി പുറത്തിറക്കിയിരുന്നു. എന്നാല്‍, ഈ ആക്രമണങ്ങളില്‍ ഭൂരിഭാഗവും വഴിയില്‍ വീണുടഞ്ഞു. ബി.ജെ.പി ചായ്വുള്ള മാധ്യമങ്ങള്‍ പോലും അവ പ്രതിഫലിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയെചൊല്ലി ഭരണകക്ഷിയായ ബി.ജെ.പിയോടുള്ള പൊതു രോഷമാണ് കോണ്‍ഗ്രസിനെ സഹായിക്കുന്നത്.

എന്നിരുന്നാലും, കര്‍ണാടകയുമായി താരതമ്യപ്പെടുത്തുമ്പോള്‍, കോണ്‍ഗ്രസ് സംഘടന സംവിധാനം ദുര്‍ബലവും ബി.ജെ.പി.ക്ക് കൂടുതല്‍ വേരോട്ടമുള്ളതുമായ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രാഹുലിന് സമാനമായ പ്രതികരണം നടത്താന്‍ കഴിയുമോ എന്നത് കണ്ടറിയണം.

നരേന്ദ്രമോദിയും ബിജെപിയും ചേര്‍ന്ന് ദശാബ്ദങ്ങളിലെ ഏറ്റവും ശക്തമായ സര്‍ക്കാര്‍ രൂപീകരിക്കുകയും കോണ്‍ഗ്രസ് അതിന്റെ എക്കാലത്തെയും ദുര്‍ബലമായ അവസ്ഥയിലൂടെയുമാണ് കടന്നുപോകുന്നത്. അതിനാല്‍ തന്നെ 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധിക്ക് വിശ്വസനീയമായ പ്രചാരണം നടത്താന്‍ ഈ യാത്ര മതിയായ ഊര്‍ജം നല്‍കുമെന്ന് പാരമ്പര്യവും പ്രതാപവുമുള്ള ഈ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.

അവലംബം: scroll.in
വിവ: സഹീര്‍ വാഴക്കാട്

 

???? കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … ????: https://chat.whatsapp.com/K0iYr4YpLSq7NIQXTF44rW

Related Articles