Current Date

Search
Close this search box.
Search
Close this search box.

തുടര്‍ചലനങ്ങളെ ഭയന്ന് കൊടുംതണുപ്പിലും സിറിയന്‍ കുടുംബം തെരുവില്‍ തന്നെ- ചിത്രങ്ങള്‍ കാണാം

ഈ മാസം തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വിനാശകരമായ ഭൂകമ്പങ്ങളില്‍ വീടുകള്‍ തകരുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്ത നൂറുകണക്കിന് സിറിയന്‍ കുടുംബങ്ങള്‍ ഇപ്പോള്‍ കനത്ത തണുപ്പിനെ അതിജീവിക്കാനാകാതെ വിവിധ ടെന്റുകളിലാണ് കഴിയുന്നത്.

വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറന്‍ സിറിയയിലാണ് ഭൂകമ്പം കനത്ത നാശം വിതച്ചത്. ലെ കഠിനമായ ശൈത്യകാലത്ത് ചെറിയ കൂടാരങ്ങളിലോ പൊതുസ്ഥലത്തോ ആണ് പിഞ്ചുകുരുന്നുകളടക്കമുള്ള കുടുംബം അന്തിയുറങ്ങുന്നത്.

ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തില്‍ മേഖലയിലെ നിരവധി കെട്ടിടങ്ങള്‍ അടക്കം മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നിരുന്നു. സിറിയന്‍ സിവില്‍ ഡിഫന്‍സിന്റെ കണക്ക് പ്രകാരം വിമതരുടെ നിയന്ത്രണത്തിലുള്ള സിറിയയില്‍ 4,500-ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

റിക്ടര്‍ സ്‌കെയിലില്‍ 6.3, 5.8 തീവ്രത രേഖപ്പെടുത്തി കവിഞ്ഞ തിങ്കളാഴ്ചയും തെക്കന്‍ തുര്‍ക്കിയിലും സിറിയയുടെ അതിര്‍ത്തി മേഖലയിലും തുടര്‍ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. തുര്‍ക്കിയില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തപ്പോള്‍ സിറിയയിലെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായി വൈറ്റ് ഹെല്‍മെറ്റ് സന്നദ്ധ സേന അറിയിച്ചു.

ഇതിനകം അടിസ്ഥാന മേഖല തകര്‍ന്നടിഞ്ഞ യുദ്ധബാധിത മേഖലയിലെ സിറിയന്‍ കുടുംബങ്ങള്‍ കഠിനമായ കാലാവസ്ഥയെ അവഗണിച്ചും തുടര്‍ ഭൂകമ്പങ്ങളെ ഭയന്നും ട്രക്കുകളിലും ടെന്റുകളിലും മറ്റു തുറസ്സായ സ്ഥലങ്ങളിലുമാണ് ഉറങ്ങുന്നത്. ‘ഇവിടെ ശക്തമായ തണുപ്പാണ്, പക്ഷേ ഞങ്ങള്‍ക്ക് പോകാന്‍ മറ്റൊരിടവുമില്ല, നമുക്ക് ഞങ്ങളുടെ വീട്ടിലേക്ക് മടങ്ങാന്‍ ഒരു വഴിയുമില്ല.അത് തകര്‍ന്നിരിക്കുന്നു.’ ഭൂകമ്പം ഉണ്ടായതു മുതല്‍ കുടുംബസമേതം ഒരു ടെന്റ് സൈറ്റില്‍ താമസിക്കുന്ന അബ്ദുല്ല അല്‍ തുവൈനി പറഞ്ഞു.

‘ഞങ്ങള്‍ ഇപ്പോള്‍ ഈ തെരുവിലാണ് താമസിക്കുന്നത്’ വഴിയരികില്‍ സ്ഥാപിച്ചിരിക്കുന്ന ടെന്റിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് അഹമ്മദ് ഗാഫിര്‍ പറഞ്ഞു. എനിക്ക് 17 വയസ്സുള്ള ഒരു ഭിന്നശേഷി കുട്ടിയുണ്ട്. രണ്ടാമത്തെ ഭൂചലനം ഉണ്ടായപ്പോള്‍ ഞങ്ങളെല്ലാം ഞങ്ങളുടെ വീട്ടിലായിരുന്നെങ്കില്‍, അവളെയും വഹിച്ച് വീടിന്റെ കോണിപ്പടികള്‍ ഇറങ്ങുമ്പോഴേക്കും ഞങ്ങള്‍ എല്ലാവരും അതിന്റെ കൂടെപോയിക്കഴിഞ്ഞിരിക്കും- ഗാഫിര്‍ പറഞ്ഞു.

ഞങ്ങള്‍ കുട്ടികളെ കാറുകളിലാണ് ഇരുത്തിയിരിക്കുന്നത്. ബാക്കിയുള്ളവര്‍ ബെഡ്ഷീറ്റുകളെടത്ത് നടപ്പാതകളില്‍ വിരിച്ച് അവിടെയാണ് രാത്രി ചെലവഴിക്കുന്നത്. ഞങ്ങള്‍ തണുപ്പ്‌കൊണ്ട് വിറയ്ക്കുകയാണ്. വീട് നഷ്ടപ്പെട്ട മറ്റ് 50-ലധികം കുടുംബങ്ങളുമായി ഒരു തുറസ്സായ സ്ഥലത്ത് കഴിയുന്ന ഏഴ് കുട്ടികളുടെ പിതാവായ അബ്ദുല്‍ മുനീം ആസാദ് പറയുന്നു.

മറ്റൊരാളായ അബ്ദുള്‍ മൊയ്തീന്‍ സഹ്റയുടെ വീടിന് ഭൂകമ്പത്തില്‍ ചെറിയ കേടുപാടുകള്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂ. അവിടെ താമസിക്കുന്നതിന് കുഴപ്പമില്ല. എങ്കിലും മറ്റൊരു ഭൂചലനം ഭയന്ന് വീട്ടിലേക്ക് മടങ്ങാന്‍ അദ്ദേഹം ഭയപ്പെടുന്നു.”ഞങ്ങളുടെ രാത്രികള്‍ ഇവിടെ ചെലവഴിക്കുന്നത് സുരക്ഷിതമാണ്,” അദ്ദേഹം പറഞ്ഞു.

‘ഇവിടെ തണുത്തുറഞ്ഞ തണുപ്പാണ്, മഴ നിര്‍ത്താതെ പെയ്യുന്നു, പക്ഷേ ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങാന്‍ ധൈര്യപ്പെടുന്നില്ല, ‘ഞങ്ങള്‍ ദിവസം മുഴുവന്‍ ഇവിടെ പാര്‍ക്കില്‍ ഉണ്ട്.’ പ്രായമായ മുത്തശ്ശി ഉമ്മു സലിം പറഞ്ഞു.

അവലംബം: അല്‍ജസീറ
വിവ: സഹീര്‍ വാഴക്കാട്

 

Related Articles