Current Date

Search
Close this search box.
Search
Close this search box.

കോവിഡ് കാലത്തെ വിദ്യാഭ്യാസം, ആശങ്കയുയർത്തുന്നില്ലേ?

സമൂഹം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ് 19. മനുഷ്യ ജീവിതത്തിൻറെ സകല മേഖലകളെയും അപ്പാടെ മാറ്റിമറിച്ച കോവിഡ് ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിത്തുടങ്ങിയിരിക്കുന്നു. വിദ്യാഭ്യാസ രംഗത്തും സാരമായ മാറ്റങ്ങൾക്ക് കോവിഡ് നിമിത്തമായിട്ടുണ്ട്‌ . സാങ്കേതിക വിദ്യയുടെ കുതിച്ചുച്ചാട്ടം കോവിഡാനന്തര വിദ്യാഭ്യാസ മേഖലയിൽ പ്രയോഗികവൽ ക്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും സ്ഥാപനങ്ങളുമെല്ലാം ഏറെ പ്രതിസന്ധികൾ നേരിടുന്നുവെന്നതാണ് വസ്തുത . ഈയിടെ കോളേജ് വിദ്യാഭ്യാസ വകുപ്പിന് വേണ്ടി തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലെ സൈക്കോളജിക്കൽ റിസോഴ്‌സ് സെൻന്റർ നടത്തിയ പഠനം ഏറെ ശ്രദ്ധയർഹിക്കുന്നതാണ്. 22.34 ശതമാനം കുട്ടികൾ ആത്മഹത്യയെ കുറിച്ച് ആലോചിച്ചുവെന്നും നല്ലൊരു ശതമാനം കുട്ടികളും വിഷാദരോഗത്തിന്  അടിപെട്ടവരുമാണന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ.

ഓൺലൈൻ പഠനം വ്യാപകമായതോടെ വിദ്യാഭ്യാസത്തിൻ്റെ കാര്യക്ഷമതയെ കാര്യമായി ബാധിച്ചിട്ടുണ്ട്. കേരളത്തിൽ നടത്തിയ ചില പഠനങ്ങളിൽ 30 ശതമാനം കുട്ടികൾക്ക് മാത്രമാണ് ഓൺലൈൻ പഠനം കാര്യമായി ഉപകാരപ്പെടുന്നത് എന്നും പറയുന്നു. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ പഠനത്തിൽ 60 ശാതമാനത്തോളം കുട്ടികളും വിഷാദരോഗത്തിൻ്റെ പിടിയിലാണെന്നതും ഇതിനോട് ചേർത്തുവായിക്കണം. കേരളത്തിൽ സാങ്കേതിക വിദ്യകളുടെ കുറവ് വലിയ അളവിൽ  പഠനത്തിന് തടസ്സമായിട്ടില്ല . എന്നാൽ ധ്രുതഗതിയിൽ വർധിച്ചുവരുന്ന വിഷാദരോഗത്തിൻ്റെയും ആത്മഹത്യാ പ്രവണതകളുടെയും കണക്കുകൾ  വിദ്യാർത്ഥികളുടെ മാനസികാരോഗ്യ തകർച്ചയാണ് സൂചിപ്പിക്കുന്നത്.

കോവിഡ് മൂലം വരുമാനം നിലച്ച കുടുംബങ്ങളിൽ തികഞ്ഞ സാമൂഹിക അരക്ഷിതത്വം നിലനിൽക്കുന്നുമുണ്ട്. 23.85 ശതമാനം  രക്ഷിതാക്കൾക്ക് കോവിഡ് മൂലം ജോലി നഷ്ടമായിട്ടുണ്ട്. 32.1 ശതമാനം കുട്ടികളുടെയും കുടുംബത്തിെൻറ മാസവരുമാനം പകുതിയായും 12.8 ശതമാനത്തിേൻറത് നാലിലൊന്നായും കുറഞ്ഞിട്ടുണ്ട്. രക്ഷിതാക്കളിൽ 6.10 ശതമാനം പേർ തൊഴിൽരഹിതരും 41.84 ശതമാനം ദിവസ വേതനാക്കാരുമാണ്. തൊഴിൽ മേഖലയിൽ കോവിഡ് ഏൽപിച്ച ആഘാതം 25.5 ശതമാനം വിദ്യാർത്ഥികളെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. വീടുകളിൽ 53.3 ശതമാനം കുട്ടികളും ഏകാന്തത അനുഭവിക്കുന്നവരാണ്. 10.66 ശതമാനം കുട്ടികൾ സുഹൃത്തുക്കളുമായുള്ള ബന്ധം പാടെ ഇല്ലാതായവരും.

വിദ്യാഭ്യാസ സ്ഥപനങ്ങളിലൂടെ കിട്ടിക്കൊണ്ടിരുന്ന പരിഗണന (we feeling) ഓൺലൈൻ വിദ്യാഭ്യാസം ആരംഭിച്ചതുമുതൽ വിദ്യാർത്ഥികൾക്കു നഷ്ടമായിരിക്കുന്നു. അറിവുകൾക്കു പുറമെ വിദ്യാലയങ്ങൾ നൽകിയിരുന്ന മറ്റു പലതും കുട്ടികൾക്ക് നഷ്ടമാകുന്നതാണ് വിദ്യാർത്ഥികളെ വിഷാദരോഗങ്ങളിലേക്കും മാനസിക പിരിമുറുക്കങ്ങളിലേക്കും എത്തിക്കുന്നത്. ഓൺലൈൻ ക്ലാസും അമിത മൊബൈൽ ഉപയോഗവും കുട്ടികളുടെ  ആരോഗ്യത്തെയും വലിയതോതിൽ ബാധിച്ചിട്ടുണ്ട്. പ്രധാനമായും തല, പിരടി, കണ്ണ്, പുറം തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് കൂടുതലും പ്രയാസങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്. കുട്ടികളിൽ 77.9 ശതമാനം പേർക്കും തലവേദന അനുഭവപ്പെടുന്നു. 59.2 ശതമാനം പേർക്ക് കഴുത്ത് വേദനയും 48.19 ശതമാനത്തിന് പുറംവേദനയും അനുഭവപ്പെടുന്നു. 27.66 ശതമാനം പേർ കാഴ്ച മങ്ങൽ പ്രശ്നവും 27 ശതമാനം വിദ്യാർഥികൾ മറ്റ് ബുദ്ധിമുട്ടുകളും നേരിടുന്നുവെന്നും കണക്കുകൾ പറയുന്നുണ്ട്.

കോവിഡ് കാലത്തു വിദ്യാർത്ഥികളിൽ ക്രമാധീതമായി വർദ്ധിച്ച സ്ക്രീൻ ടൈം കുട്ടികളുടെ ശ്രദ്ധ ( Attention Span ) കുറയുന്നതിന് കാരണമായിട്ടുണ്ട്. പുതു തലമുറയിലെ കുട്ടികളിൽ Technical Intelligence കൂടുതലാണ്. ഇത്തരം കുട്ടികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പുറമെ മറ്റു പല ഓൺലൈൻ സാദ്ധ്യതകൾ തേടിപോകുന്നതായും കണ്ടുവരുന്നു. മുതിർന്ന വിദ്യാർത്ഥികൾക്കിടയിൽ അപകടം നിറഞ്ഞ സെറ്റുകളിലും പോർട്ടലുകളിലുമുള്ള ഇടപെടലുകൾ സ്വാഭാവിക കാഴ്ച്ചയായി മാറിക്കൊണ്ടിരിക്കുന്നു . ബോധപൂർവമോ അല്ലാതെയോ പലരും ഇതിൻ്റെ ഇരയായി മാറുന്നുമുണ്ട്.  മാനസികോല്ലാസം തേടി കുട്ടികൾ ചെന്നെത്തുന്നത്  അപകടകരമായ വഴികളിലാണ്. മാത്രമല്ല, മാനസികാരോഗ്യം വീണ്ടെടുക്കാനാവശ്യമായ പ്രതിവിധികൾ സംബന്ധിച്ച മതിയായ ധാരണയും ഇല്ലാത്തവരാണ് വിദ്യാർത്ഥികളിൽ അധികവും. പ്രശ്നങ്ങൾ നേരിട്ടവരിൽ 10 ശതമാനം കുട്ടികൾ മാത്രമാണ് കൗൺസിലറുടെ സഹായം തേടുന്നതിനെക്കുറിച്ചു ചിന്തിച്ചതെന്നും സഹായം തേടിയത് 2.5 ശതമാനം മാത്രമാണെന്നും അധ്യാപകരുടെ സഹായമുൾപ്പെടെ 20 ശതമാനത്തിൽ താഴെ കുട്ടികൾ മാത്രമേ സഹായം തേടുകയോ പങ്കുവെക്കുകയോ ചെയ്തിട്ടൊള്ളുവെന്നാണ് ഈ പഠനത്തിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തൽ.

കോവിഡാനന്തര പഠനസംവിധാനങ്ങൾ വിദ്യാർഥികളിലെന്നപോലെ അധ്യാപകരിലും സ്വാധീനം ചെലുത്തുന്നുണ്ട്. ക്ലാസ്സ്മുറികളിലെ സർഗാത്മക വികാസം ലക്ഷ്യമിട്ട് രൂപപ്പെടുത്തിയിരുന്ന പാഠ്യ- പഠ്യേതര പദ്ധതികൾക്കപ്പുറം പഠനം കേവല വിജ്ഞാനീയങ്ങളുടെ കൈമാറ്റങ്ങളിലേക്ക് വഴിമാറി. ക്ലാസ്സ്മുറികളുടെയും കലാലയങ്ങളുടെയും സ്വാഭാവികത നഷ്ടമായതിലൂടെ വിദ്യാർത്ഥിയുടെ ക്വാളിറ്റിയിലും കാര്യമായ ഇടിവുവന്നു. വിദ്യാലയങ്ങളിൽ നിന്ന് ലഭിച്ചിരുന്ന ഭാഷ മികവ് നഷ്ടമായിത്തുടങ്ങി. writing skill കളിൽ സ്വാഭാവികമായ കുറവ് സംഭവിക്കുന്നു. ക്ലാസ്സുകളിൽ ഏറെ ശ്രദ്ധ നൽകികൊണ്ടിരുന്ന weak student , gifted child , special student തുടങ്ങിയവരെ പരിഗണിക്കാൻ സാധിക്കാതെ വരുന്നു. ഇവക്കു പുറമെ വിദ്യാർത്ഥികളിൽ അച്ചടക്കം , ദിനചര്യകൾ( Good Habits ) തുടങ്ങിയവയിൽ അധ്യാപകർ വഹിച്ചിരുന്ന പങ്കും നഷ്ടപ്പെട്ടു.

അദ്ധ്യാപക വിദ്യാർത്ഥി ബന്ധത്തിൽ ഉണ്ടാവുന്ന അകൽച്ച സ്വാഭാവികമായി അധ്യാപനത്തിന്റെ ക്വാളിറ്റി കുറയാൻ ഇടയാക്കും. കലാകായിക മേഖലകൾ ഓൺലൈനിൽ പരമാവധി നടത്താൻ പരിശ്രമിക്കുന്നുണ്ടെങ്കിലും അവയ്ക്ക് എത്രത്തോളം ജീവനുണ്ടെന്ന് ചിന്തിക്കേണ്ടതുണ്ട്. ക്യാമ്പസുകളിൽ ഏറെ ആവേശത്തോടെ വരവേൽക്കപ്പെട്ടിരുന്ന inter college competition, sports matches, food festivals, വിവിധ ആഘോഷവേളകൾ ഇവയെല്ലാം വിദ്യാർഥികൾക്കെന്ന പോലെ അധ്യാപകർക്കും ഏറെ മാനസിക ഉല്ലാസം നൽകുന്നവയായിരുന്നു. ഇവയ്ക്കെല്ലാം പുറമേ സ്വകാര്യ സ്ഥാപനങ്ങളിലെ സാമ്പത്തിക വരവു കുറഞ്ഞതും അധ്യാപകരുടെ വരുമാനത്തിൽ വന്ന വെട്ടിച്ചുരുക്കലുകളും അവരെ കൂടുതൽ സമ്മർദ്ധത്തിലാക്കുകയും job satisfaction നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്യുമല്ലോ.

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുറമേ ഏറെ പ്രതിസന്ധികളിൽ അകപ്പെട്ട മേഖലയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും  അവയുടെ സംവിധാനങ്ങളുടെ പരിപാലനവും. ശംമ്പള വിതരണത്തിൽ പ്രതിസന്ധി നേരിട്ടുകൊണ്ടിരുന്ന സ്ഥാപനങ്ങൾ കോവിഡിനോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് ഫീസിൽ ഇളവ് അനുവദിച്ചു കൊടുത്തതിലൂടെ കടുത്ത സാമ്പത്തിക ആഘാതമാണ് നേരിടുന്നത്.  ശൂന്യമായ ക്ലാസ് മുറികളും ആളൊഴിഞ്ഞ ലാബുകളും നിലനിർത്താൻ സ്ഥാപനങ്ങളും ഏറെ പണിപ്പെടുന്നു.

വിജ്ഞാന വിനിമയത്തിനു പുറമേ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കേണ്ട സുപ്രധാന ദൗത്യങ്ങളാണ് സാമൂഹിക വൽക്കരണവും നിപുണത പരിശീലനവും. ഓൺലൈൻ വിദ്യാഭ്യാസം വഴി വിജ്ഞാന കൈമാറ്റം നടക്കുന്നുണ്ടെങ്കിലും മറ്റ് രണ്ട് ദൗത്യങ്ങളും നടക്കുന്നില്ല. മറ്റുള്ളവരുമായി ഇടപെടുന്ന സാമൂഹിക ജീവി എന്ന നിലയിൽ തന്റെ അവസ്ഥയും സ്ഥാനവും മനസ്സിലാക്കി പെരുമാറാനുള്ള കഴിവാണ് സാമൂഹികവൽക്കരണം. ഓൺലൈൻ പഠനം അതിനുള്ള അവസരം പൂർണ്ണമായി നിഷേധിച്ചിരിക്കുന്നു. ജീവിതത്തിലെ പുതുമയുള്ളതും പ്രയാസമുള്ളതുമായ സന്ദർഭങ്ങളെ തരണം ചെയ്യാൻ ഒരു വ്യക്തി ആർജ്ജിക്കേണ്ട കഴിവുകളാണ് ജീവിത നിപുണത. വർഷങ്ങൾക്ക് മുമ്പ് യൂണിസെഫ് മുന്നോട്ടുവെച്ച, എല്ലാ വിദ്യാലയങ്ങളിലും ജീവിത നിപുണത പാഠ്യപദ്ധതിയുടെ ഭാഗമാക്കണം, എന്ന നിർദ്ദേശം ലോകാരോഗ്യ സംഘടന അംഗീകരിച്ചതാണ്. പ്രശ്നങ്ങളെ മറികടക്കാൻ ആവശ്യമായ ഒന്നാമത്തെ ഘടകമാണ് പ്രശ്നങ്ങളെ തിരിച്ചറിയാനുള്ള കഴിവും സ്വയം പരിഹരിക്കാൻ ശ്രമിച്ചതിനു ശേഷം ആവശ്യമെങ്കിൽ പുറമേനിന്ന് സഹായം തേടണമെന്ന അവബോധവും. സ്കൂൾ കോളേജ് തലങ്ങളിൽ തുടക്കം കുറിക്കപ്പെട്ട ജീവിത നിപുണത വിദ്യാഭ്യാസം ഈ ലക്ഷ്യം നേടാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കും. ഒരാൾക്ക് മാനസിക പ്രശ്നങ്ങൾ വരുമ്പോൾ അതിനു നൽകുന്ന പ്രഥമശുശ്രൂഷ ആണ് ‘മെന്റൽ ഹെൽത്ത് ഫസ്റ്റ് എയ്ഡ്’ എന്നറിയപ്പെടുന്നത്. വിദ്യാർത്ഥികളുമായി നിരന്തരം ഇടപെടുന്നതിനാൽ അധ്യാപകർ ഇതിൽ നിർബന്ധമായും പരിശീലനം നേടിയിരിക്കണം എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഓൺലൈൻ പഠന സമയത്തു അധ്യാപകർക്ക് പുറമേ രക്ഷിതാക്കളും മെന്റൽ ഹെൽത്തിനെ കുറിച്ച് ബോധവാന്മാരായിരിക്കണം.

സൗത്ത് ആഫ്രിക്കയിലെ ഏറ്റവും വലിയ മാനസികാരോഗ്യ സംഘമായ സൗത്ത് ആഫ്രിക്കൻ ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത് (SA Federation for Mental Health) നടത്തിയ പഠനമനുസരിച്ച് മെന്റൽ ഹെൽത്ത് ഫസ്റ്റ് എയ്ഡിന് അഞ്ച് ഘട്ടങ്ങളുണ്ട്:

1. പ്രശ്നം അനുഭവിക്കുന്ന വ്യക്തിയെ സമീപിച്ചുകൊണ്ട് താൻ അയാളെസഹായിക്കാൻ സന്നദ്ധമാണെന്ന് ബോധ്യപ്പെടുത്തുക. അയാൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചോദിച്ചറിയുക, ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ ശ്രമിക്കുക.

2. പ്രശ്നം അനുഭവിക്കുന്നയാളെ മുൻവിധികളില്ലാതെ വിശദമായി കേൾക്കുക.  അയാളെ എങ്ങനെ സഹായിക്കാം എന്നതിൽ കേന്ദ്രീകരിച്ചിരിക്കണം നിങ്ങളുടെ ശ്രദ്ധ.

3. പ്രയാസമനുഭവിക്കുന്ന വ്യക്തിക്ക് ആവശ്യമായ പിന്തുണയും വിവരങ്ങളും നൽകുക.

4. വിദഗ്ധ സഹായം ആവശ്യമെങ്കിൽ അതിനു വഴിയൊരുക്കുകയും മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ വേണ്ടവരാണെങ്കിൽ സൈക്യാട്രിസ്റ്റിന്റെ സഹായം തേടാനും പ്രോത്സാഹിപ്പിക്കണം.

5. പ്രശ്നം നേരിട്ട വ്യക്തിക്ക് സ്വയം സഹായിക്കുവാനുള്ള പ്രോത്സാഹനവും അതിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങളും നൽകുക.

വിദ്യാർത്ഥികൾക്ക് നൽകുന്ന മാനസിക പിന്തുണക്കൊപ്പം തന്നെ അധ്യാപകർ സ്വയം മുന്നോട്ടു നടക്കാൻ ശ്രമിക്കുന്നവരുമായിരിക്കണം. അധ്യാപകർ അവരുടെ comfort zone ന് പുറത്തുകടക്കുകയും അമിതമായ ആത്മവിശ്വാസത്തെയും ആശങ്കകളെയും മറികടന്നുകൊണ്ട് മുന്നിൽ നടക്കാനും ശ്രമിക്കണം. ആധുനിക ടെക്നോളജിയെ പരമാവധി അടുത്തറിയാൻ ഉതകുന്ന add-on കോഴ്സുകളുടെ ഭാഗമാവാൻ ശ്രമിക്കുകയും പുതിയ കാലത്ത് ഏറെ വ്യാപകമായി കൊണ്ടിരിക്കുന്ന പോർട്ട്ഫോളിയോ കരിയർ (Multiple income സോർസ്) സ്വീകരിച്ച് സാമ്പത്തികഭദ്രത ഉറപ്പുവരുത്താനും ശ്രദ്ധിക്കേണ്ടതുണ്ട്. ഇനി ഓൺ ലൈൻ ഓഫ് ലൈൻ സാധ്യതകളുടെ blend learning മാർഗ്ഗങ്ങളാണ് വിദ്യാലയങ്ങളിൽ കൂടുതൽ അനുയോജ്യമായിരിക്കുന്നത്. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂട്ടായ പരിശ്രമം രക്ഷിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ഉണ്ടാകുന്നതോടൊപ്പം തന്നെ സൈബർസെല്ലിന്റെയും പോലീസിന്റെയും നിയമാവലികളെ കുറിച്ച് എല്ലാവരും ബോധവാന്മാരാവേണ്ടതു കൂടിയുണ്ട്. കുറ്റപ്പെടുത്തലുകൾക്ക്‌ പകരം ചേർത്തുപിടിക്കാൻ രക്ഷിതാക്കൾ തയ്യാറാവണം. വീടിന്റെ പൊതുവായ ഇടങ്ങൾ കുട്ടികളുടെ പഠനത്തിനായി തിരഞ്ഞെടുക്കുകയും കുട്ടികൾ പഠന സമയം സ്വയം ക്രമീകരിക്കുകയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായവും പിന്തുണയും തേടുകയുമാണ് ചെയ്യേണ്ടത്.

(വണ്ടൂർ വനിത ഇസ്‌ലാമിയ ആർട്‌സ് ആന്റ് സയൻസ് കോളേജ് വിദ്യാർത്ഥിനികളാണ് ലേഖകർ)

Related Articles